Begin typing your search above and press return to search.
proflie-avatar
Login

മ​ഹ്മൂ​ദ് ദ​ര്‍വീ​ശിന്റെ കവിതകൾ

മ​ഹ്മൂ​ദ് ദ​ര്‍വീ​ശിന്റെ കവിതകൾ
cancel

ലോകപ്രശസ്​ത ഫലസ്​തീൻ കവി മ​ഹ്മൂ​ദ് ദ​ര്‍വീ​ശിന്റെ എട്ട്​ നീണ്ട കവിതകൾ മൊഴിമാറ്റുകയാണ്​ കവി സച്ചിദാനന്ദൻ. അധിനിവേശത്തി​ന്റെയും അതിജീവനത്തി​ന്റെയും ഗാഥകൾ കൂടിയാണ്​ ഇൗ കവിതകൾ.മ​ഹ്മൂ​ദ് ദ​ര്‍വീ​ശി​നെ (1941-2008) ഫ​ല​സ്തീ​​ന്റെ ദേ​ശീ​യ​ക​വി എ​ന്ന് വി​ളി​ച്ചാ​ല്‍ തെ​റ്റി​ല്ല. ഫല​സ്തീ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്റെ ക​വി​ത​യി​ല്‍ ആ​ത്മാ​വി​ന്റെ ഭൂ​പ​ട​മാ​കു​ന്നു. ആ ​ക​വി​ത ശ​ബ്ദ​മി​ല്ലാ​ത്ത​വ​ര്‍ക്ക് ശ​ബ്ദം ​ന​ല്‍കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ 20 ക​വി​താ​സ​മാ​ഹാ​ര​ങ്ങ​ളും അ​നേ​കം ലേ​ഖ​ന​സ​മാ​ഹാ​ര​ങ്ങ​ളും ഫല​സ്തീ​ന്റെ ച​രി​ത്ര​വും സം​ഘ​ര്‍ഷ​ങ്ങ​ളും ര​ണ്ടു രീ​തി​യി​ല്‍...

Your Subscription Supports Independent Journalism

View Plans
ലോകപ്രശസ്​ത ഫലസ്​തീൻ കവി മ​ഹ്മൂ​ദ് ദ​ര്‍വീ​ശിന്റെ എട്ട്​ നീണ്ട കവിതകൾ മൊഴിമാറ്റുകയാണ്​ കവി സച്ചിദാനന്ദൻ. അധിനിവേശത്തി​ന്റെയും അതിജീവനത്തി​ന്റെയും ഗാഥകൾ കൂടിയാണ്​ ഇൗ കവിതകൾ.

മ​ഹ്മൂ​ദ് ദ​ര്‍വീ​ശി​നെ (1941-2008) ഫ​ല​സ്തീ​​ന്റെ ദേ​ശീ​യ​ക​വി എ​ന്ന് വി​ളി​ച്ചാ​ല്‍ തെ​റ്റി​ല്ല. ഫല​സ്തീ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്റെ ക​വി​ത​യി​ല്‍ ആ​ത്മാ​വി​ന്റെ ഭൂ​പ​ട​മാ​കു​ന്നു. ആ ​ക​വി​ത ശ​ബ്ദ​മി​ല്ലാ​ത്ത​വ​ര്‍ക്ക് ശ​ബ്ദം ​ന​ല്‍കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ 20 ക​വി​താ​സ​മാ​ഹാ​ര​ങ്ങ​ളും അ​നേ​കം ലേ​ഖ​ന​സ​മാ​ഹാ​ര​ങ്ങ​ളും ഫല​സ്തീ​ന്റെ ച​രി​ത്ര​വും സം​ഘ​ര്‍ഷ​ങ്ങ​ളും ര​ണ്ടു രീ​തി​യി​ല്‍ പ്ര​തി​പാ​ദി​ക്കു​ന്ന​വ​യാ​ണ്. ഗ​ലീ​ലി​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ല്‍ 1942ല്‍ ​ജ​നി​ച്ച ക​വി​ക്കു ആ​റാം വ​യ​സ്സി​ല്‍ സ​കു​ടും​ബം ല​ബ​നാനി​ലേക്ക് ഓ​ടി​പ്പോ​കേ​ണ്ടിവ​ന്നു.

ഒ​രു വ​ർഷം ക​ഴി​ഞ്ഞു പു​തു​താ​യി രൂ​പവത്​ക​രി​ച്ച ഇ​സ്രാ​യേ​ലി​ലേ​ക്ക് അ​വ​ര്‍ തി​രി​ച്ചുവ​ന്നു. പി​ന്നീ​ട് അ​ദ്ദേ​ഹം വേ​രു ന​ഷ്ട​മാ​യ ഫ​ല​സ്തീ​നി​യ​ന്‍ ജ​ന​ത​യു​ടെ ശ​ബ്ദ​മാ​യി വ​ള​ര്‍ന്നു. 2001ൽ ​അ​ദ്ദേ​ഹ​ത്തി​ന് സാം​സ്കാ​രി​ക സ്വാ​ത​ന്ത്ര്യ​ത്തിനുള്ള ലെ​ന്നാ​ന്‍ സ​മ്മാ​നം ന​ല്‍ക​പ്പെ​ട്ടു. ശി​ഷ്ട​കാ​ലം റാ​മല്ല​യി​ലാ​ണ് മ​ഹ്മൂ​ദ് ചെ​ല​വി​ട്ട​ത്. ന​ഷ്ട​ത്തി​ന്റെ ഭാ​വ​ഗീ​ത​ത്തെ അ​നി​ശ്ചി​ത​മാ​യി നീ​ട്ടിവെ​ക്ക​പ്പെ​ട്ട തി​രി​ച്ചു​പോ​ക്കി​ന്റെ നാ​ട​ക​മാ​യി പ​രി​വ​ര്‍ത്ത​നം ചെ​യ്യാ​നു​ള്ള ഒ​രു മ​ഹാ​ക​വി​യു​ടെ പ​രി​ശ്ര​മമാ​ണ് ദ​ര്‍വീശി​ന്റെ ക​വി​ത എ​ന്ന് എ​ഡ്വേ​ഡ് സൈ​ദ്‌ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ‘എ​ന്തി​നാ​ണ് എ​ന്റെ കു​തി​ര​യെ ഒ​റ്റ​ക്ക് വി​ട്ട​ത്’ എ​ന്ന സ​മാ​ഹാ​ര​ത്തി​ന്റെ ആ​ദ്യ​ ക​വി​ത​ക​ളാ​ണ് ഇ​വി​ടെ.

1.എ​ന്റെ പ്രേ​തം ദൂ​രെ നി​ന്നു വ​രു​ന്ന​തു ഞാ​ന്‍ കാ​ണു​ന്നു

ഞാ​ന്‍ എ​നി​ക്ക് വേ​ണ്ട​തി​ലേ​ക്ക്

ഒ​രു ബാ​ല്‍ക്ക​ണി​യെ​പ്പോ​ലെ നോ​ക്കിനി​ല്‍ക്കു​ന്നു

വൈ​കു​ന്നേ​ര​ത്തെ മെ​യി​ലും അ​പ്പ​വും വീ​ഞ്ഞും

നോ​വ​ലു​ക​ളും പാ​ട്ടു​ക​ളു​ടെ റെ​ക്കോ​ഡു​ക​ളു​മാ​യി

സു​ഹൃ​ത്തു​ക്ക​ള്‍ വ​രു​ന്ന​തു ഞാ​ന്‍ നോ​ക്കിനി​ല്‍ക്കു​ന്നു

ഞാ​ന്‍ ഒ​രു ക​ട​ല്‍ക്കാ​ക്ക​യെ നോ​ക്കിനി​ല്‍ക്കു​ന്നു

ഇ​വി​ട​ത്തെ മ​ര​ങ്ങ​ള്‍ മാ​റ്റിന​ടു​ന്ന

സൈ​നി​ക​രു​ടെ ട്ര​ക്കു​ക​ളെ​യും.

ഞാ​ന്‍ നോ​ക്കിനി​ല്‍ക്കു​ന്നു, കാ​ന​ഡ​യി​ല്‍നി​ന്ന്

ഒ​ന്ന​ര വ​ര്‍ഷം മു​മ്പ് തി​രി​ച്ചു​വ​ന്ന

എ​ന്റെ അ​യ​ല്‍ക്കാ​ര​ന്റെ നാ​യ​യെ.

ഒ​രു പാ​ട്ടി​ന്റെ കു​തി​ര​പ്പു​റ​ത്ത് ടൈ​ബീ​രി​യ​യി​ല്‍നി​ന്ന്

ഈ​ജി​പ്തി​ലേ​ക്ക് യാ​ത്ര ചെ​യ്ത

അ​ബു അ​ല്‍ -ത​യ്യി​ബ് അ​ല്‍- മു​ത​ന​ബ്ബി എ​ന്ന പേ​ര്

ഞാ​ന്‍ നോ​ക്കിനി​ല്‍ക്കു​ന്നു

ഇ​രു​മ്പു​വേ​ലി​ക്കു മു​ക​ളി​ല്‍ ഉ​യ​ര്‍ന്നുവ​രു​ന്ന

പേ​ഴ്സ്യ​ന്‍ പ​നി​നീ​ര്‍പ്പൂ ഞാ​ന്‍ നോ​ക്കിനി​ല്‍ക്കു​ന്നു

ഞാ​ന്‍ എ​നി​ക്ക് വേ​ണ്ട​തി​ലേ​ക്ക്

ഒ​രു ബാ​ല്‍ക്ക​ണി​യെ​പ്പോ​ലെ നോ​ക്കി​നി​ല്‍ക്കു​ന്നു

രാ​ത്രി​യെ രാ​ത്രി​യി​ല്‍നി​ന്നു കാ​ക്കു​ന്ന വൃ​ക്ഷ​ങ്ങ​ളെ

ഞാ​ന്‍ നോ​ക്കിനി​ല്‍ക്കു​ന്നു,

ഞാ​ന്‍ മ​രി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ഉ​റ​ക്ക​ത്തേ​യും

സ്വ​ന്തം വീ​ട് ത​ന്നി​ല്‍ത്ത​ന്നെ അ​ന്വേ​ഷി​ക്കു​ന്ന

കാ​റ്റി​നെ ഞാ​ന്‍ നോ​ക്കിനി​ല്‍ക്കു​ന്നു

ത​ന്റെ​യു​ള്ളി​ല്‍ ത​ന്നെ വെ​യി​ല്‍ കാ​യു​ന്ന ഒ​രു സ്ത്രീ​യെ

ഞാ​ന്‍ നോ​ക്കി​നി​ല്‍ക്കു​ന്നു

ജറൂസ​ലേ​മി​ലേക്ക് ന​ഗ്ന​പാ​ദ​രാ​യി ക​യ​റി​പ്പോ​കു​ന്ന

പ്രാ​ചീ​ന​ പ്ര​വാ​ച​ക​രു​ടെ ഒ​രു ഘോ​ഷ​യാ​ത്ര

ഞാ​ന്‍ നോ​ക്കിനി​ല്‍ക്കു​ന്നു, ഞാ​ന്‍ ചോ​ദി​ക്കു​ന്നു:

ഈ ​പു​തി​യ കാ​ല​ത്തി​ന് ഒ​രു

പു​തി​യ പ്ര​വാ​ച​ക​നു​ണ്ടോ?

എ​നി​ക്ക് വേ​ണ്ട​തി​ന്നാ​യി ഞാ​ന്‍

ഒ​രു ബാ​ല്‍ക്ക​ണിപോ​ലെ എ​ത്തി​നോ​ക്കു​ന്നു

കാ​റ്റി​ല്‍ ഇ​ള​കു​ന്ന എ​ന്റെ ഉ​മ്മ​യു​ടെ ത​ട്ട​വു​മാ​യി

എ​ന്നി​ല്‍ നി​ന്നു​ത​ന്നെ ഒ​ളി​ച്ചോ​ടു​ന്ന

എ​ന്റെ രൂ​പം ഞാ​ന്‍ നോ​ക്കി​നി​ല്‍ക്കു​ന്നു.

ഞാ​ന്‍ കു​ട്ടി​ക്കാ​ല​ത്തേ​ക്ക് തി​രി​ച്ചു പോ​യാ​ല്‍

എ​ന്തു​ സം​ഭ​വി​ക്കും? നി​ന്നി​ലേ​ക്കും...

നീ ​എ​ന്നി​ലേ​ക്കും?

സ​ക്ക​രി​യ്യാ​യെ ഒ​ളി​പ്പി​ച്ചുവെ​ച്ച ഒ​രു ഒ​ലീ​വു​മ​രം

ഞാ​ന്‍ നോ​ക്കിനി​ല്‍ക്കു​ന്നു, ലി​സാ​ന്‍ അ​ല്‍ ആ​ര​ബ്ബി​ല്‍

മ​രി​ച്ചു​പോ​യ വാ​ക്കു​ക​ളെ നോ​ക്കിനി​ല്‍ക്കു​ന്നു

ഞാ​ന്‍ പേ​ഴ്സ്യ​ക്കാ​രെ​യും ബൈ​സ​ന്റ്യ​ന്‍കാ​രെ​യും

സു​മേ​രി​യാ​ക്കാ​രെ​യും പു​തി​യ അ​ഭ​യാ​ർഥി​ക​ളെ​യും

നോ​ക്കിനി​ല്‍ക്കു​ന്നു...

സു​ന്ദ​ര​നാ​യ രാ​ജ​കു​മാ​ര​ന്റെ ര​ഥ​ച​ക്ര​ത്തി​ന്ന​ടി​യി​ല്‍

ഞെ​രി​ഞ്ഞുപോ​യ ടാ​ഗോ​റി​ന്റെ

ദ​രി​ദ്ര​സ്ത്രീ​ക​ളി​ലൊ​രാ​ളു​ടെ

നെ​ക്ക്ലേ​സി​ല്‍ ഞാ​ന്‍ നോ​ക്കിനി​ല്‍ക്കു​ന്നു

രാ​ജാ​വി​ന്റെ താ​ക്കീ​തി​ല്‍ ത​ള​ര്‍ന്നുപോ​യ

മ​ര​ങ്കൊ​ത്തി​യെ

ഞാ​ന്‍ നോ​ക്കിനി​ല്‍ക്കു​ന്നു,

ഞാ​ന്‍ ആ​ധ്യാ​ത്മി​ക​ത​യി​ലേ​ക്ക്

നോ​ക്കു​ന്നു: എ​ന്തു പ​റ്റും, ചാ​ര​മാ​യി​ക്ക​ഴി​ഞ്ഞാ​ല്‍

എ​ന്തുപ​റ്റും?

അ​ൽപം ദൂ​രെ നി​ന്ന് ഭ​യ​ത്തോ​ടെ

ഞാ​ന്‍ എ​ന്റെ ശ​രീ​ര​ത്തെ നോ​ക്കു​ന്നു...

ഞാ​ന്‍ ഒ​രു ബാ​ല്‍ക്ക​ണിപോ​ലെ

എ​നി​ക്കു വേ​ണ്ട​തി​ലേ​ക്ക് നോ​ക്കിനി​ല്‍ക്കു​ന്നു

ര​ണ്ടു നാ​ള്‍ ക​ഴി​ഞ്ഞ് ഞാ​ന്‍ എ​ന്റെ

ഭാ​ഷ​യി​ലേ​ക്ക് നോ​ക്കിനി​ല്‍ക്കു​ന്നു

ഒ​രു ചെ​റി​യ അ​സാ​ന്നി​ധ്യം മ​തി ഈ​സ്കില​സ്സി​നു

സ​മാ​ധാ​ന​ത്തി​ലേ​ക്കു​ള്ള വാ​തി​ല്‍ തു​റ​ക്കാ​ന്‍

ഒ​രു ചെ​റി​യ പ്ര​സം​ഗം മ​തി

മാ​ര്‍ക്ക് ആ​ന്റ​ണി​ക്ക് ഒ​രു യു​ദ്ധ​മു​ണ്ടാ​ക്കാ​ന്‍

എ​ന്റെ ക​യ്യി​ല്‍ ഒ​രു സ്ത്രീ​യു​ടെ കൈ ​മ​തി

എ​നി​ക്ക് സ്വാ​ത​ന്ത്ര്യ​ത്തെ ആ​ശ്ലേ​ഷി​ക്കാ​ന്‍,

എ​ന്റെ ഉ​ട​ലി​ല്‍ വേ​ലി​യേ​റ്റം വീ​ണ്ടും തു​ട​ങ്ങാ​ന്‍.

ഞാ​ന്‍ ഒ​രു ബാ​ല്‍ക്ക​ണിപോ​ലെ

എ​നി​ക്കു വേ​ണ്ട​തി​ലേ​ക്ക് നോ​ക്കിനി​ല്‍ക്കു​ന്നു

ഞാ​ന്‍ ദൂ​രെ നി​ന്നു വ​രു​ന്ന

എ​ന്റെ പ്രേ​ത​ത്തെ

നോ​ക്കിനി​ല്‍ക്കു​ന്നു...

2.എ​ന്റെ കൈയി​ല്‍ ഒ​രു മേ​ഘം

അ​വ​ര്‍ കു​തി​ര​ക​ള്‍ക്ക് ക​ടി​ഞ്ഞാ​ണി​ട്ടു

എ​ന്തി​ന് എ​ന്ന​വ​ര്‍ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു

എ​ന്നി​ട്ടും അ​വ​ര്‍ സ​മ​ത​ല​ത്തി​ലെ

കു​തി​ര​ക​ള്‍ക്ക് ക​ടി​ഞ്ഞാ​ണി​ട്ടു

സ്ഥ​ലം അ​വ​ന്റെ ജ​ന​ന​ത്തി​നു ത​യാ​റാ​യി​രു​ന്നു.

അ​വ​ന്റെ പി​താ​മ​ഹ​രു​ടെ തു​ള​സി​ച്ചെ​ടി​ക​ള്‍ നി​റ​ഞ്ഞ,

കി​ഴ​ക്കോ​ട്ടും പ​ടി​ഞ്ഞാ​റോ​ട്ടും നോ​ക്കു​ന്ന, ഒ​രു കു​ന്ന്.

വി​ശു​ദ്ധ​ഗ്ര​ന്ഥ​ത്തി​ല്‍ മ​റ്റൊ​രു

ഒ​ലി​വ് മ​ര​ത്തി​ന്ന​രി​കി​ല്‍ നി​ല്‍ക്കു​ന്ന

ഒ​രു ഒ​ലി​വ് മ​രം ഭാ​ഷ​യു​ടെ ഉ​പ​രി​ത​ല​ങ്ങ​ളെ

താ​ങ്ങിനി​ര്‍ത്തു​ന്നു...​ ഇ​ളം​നീ​ല​പ്പു​ക

ദൈ​വ​ത്തി​ന്റെ മാ​ത്ര​മാ​യ ഒ​രു കാ​ര്യ​ത്തി​ന്നാ​യി

ദി​വ​സ​ത്തെ ത​യാ​റാ​ക്കു​ന്നു. മാ​സ​ങ്ങ​ളു​ടെ

ലാ​ള​ന​യേ​റ്റു വ​ള​ര്‍ന്ന കു​ട്ടി​യാ​ണ് മാ​ര്‍ച്ച്. അ​ത്

ബ​ദാം മ​ര​ങ്ങ​ളു​ടെ മേ​ലു​ള്ള പ​രു​ത്തി​രോ​മ​ങ്ങ​ള്‍

ചീ​കി​ക്ക​ള​യു​ന്നു. അ​ത് പ​ള്ളി​മു​റ്റ​ങ്ങ​ള്‍ക്ക്

പ​ത്തു​മ​ണി​പ്പൂ​ക്ക​ളു​ടെ വി​രു​ന്നൊ​രു​ക്കു​ന്നു

മാ​ര്‍ച്ച്‌ കു​രു​വി​ക​ളു​ടെ രാ​ത്രി​യു​ടെ നാ​ടാ​ണ്,

വി​ജ​ന​ത​യി​ല്‍ നി​ല​വി​ളി​ക്കാ​നൊ​രു​ങ്ങു​ന്ന

സ്ത്രീ​യു​ടെ നാ​ടാ​ണ്,

ഒ​ാക്കു​മ​ര​ങ്ങ​ള്‍ക്കി​ട​യി​ല്‍ നി​വ​ര്‍ന്നു കി​ട​ക്കു​ന്ന നാ​ട്.

ഒ​രു കു​ഞ്ഞു പി​റ​ക്കു​ന്നു

അ​തി​ന്റെ നി​ല​വി​ളി

സ്ഥ​ല​ത്തെ വി​ള്ള​ലു​ക​ളി​ല്‍ മു​ഴു​വ​ന്‍ നി​റ​യു​ന്നു

വീ​ട്ടി​ലേ​ക്കു​ള്ള ന​ട​ക്ക​ല്ലു​ക​ളി​ല്‍ വെ​ച്ച്

ഞ​ങ്ങ​ള്‍ വേ​ര്‍പി​രി​ഞ്ഞു. അ​വ​ര്‍ പ​റ​ഞ്ഞു:

എ​ന്റെ നി​ല​വി​ളി​യി​ല്‍ ചെ​ടി​ക​ളു​ടെ

നി​സ്സം​ഗ​ത​ക്ക് ചേ​രാ​ത്ത ഒ​രു താ​ക്കീ​തു​ണ്ട്

എ​ന്റെ നി​ല​വി​ളി​യി​ല്‍ മ​ഴ​യു​ണ്ട്.

മു​റ്റ​ത്തു മാ​ലാ​ഖ​മാ​ര്‍ ചെ​ന്നാ​യ​യു​മാ​യി

ക​ളി​ക്കു​ന്ന​ത് ക​ണ്ടെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍

ഞാ​ന്‍ എ​ന്റെ സോ​ദ​ര​രോ​ടു

തെ​റ്റു ചെ​യ്യു​ക​യാ​യി​രു​ന്നോ?

എ​നി​ക്ക​വ​രു​ടെ പേ​രോ​ർമ​യി​ല്ല. അ​വ​രു​ടെ

സം​സാ​ര​രീ​തി​യും ഞാ​നോ​ര്‍ക്കു​ന്നി​ല്ല...

അ​വ​ര്‍ ലാ​ഘ​വ​ത്തോ​ടെ പ​റ​ന്നുപോ​യ വ​ഴി​യും.

എ​ന്റെ ച​ങ്ങാ​തി​മാ​ര്‍ ഒ​ര​ട​യാ​ള​വും ബാ​ക്കി​യി​ടാ​തെ

രാ​ത്രിപോ​ലെ മി​ന്നി​ത്തി​ള​ങ്ങു​ന്നു.

അ​മ്മ​യോ​ട് നേ​രു പ​റ​യ​ണ​മോ?

എ​നി​ക്ക് മ​റ്റു സ​ഹോ​ദ​ര​രു​ണ്ട്,

എ​ന്റെ മ​ട്ടു​പ്പാ​വി​ല്‍ ഒ​രു ച​ന്ദ്ര​നെ കൊ​ണ്ടു​വെ​ച്ച​വ​ര്‍

സൂ​ചി​കൊ​ണ്ട് ഡെ​യ്സി​പ്പൂ​ക്ക​ളു​ടെ കോ​ട്ട് തു​ന്നു​ന്ന​വ​ര്‍.

അ​വ​ര്‍ കു​തി​ര​ക​ള്‍ക്ക് ക​ടി​ഞ്ഞാ​ണി​ട്ടു,

എ​ന്തി​നെ​ന്ന് അ​വ​ര്‍ക്ക​റി​യി​ല്ലാ​യി​രു​ന്നു

എ​ന്നാ​ല്‍ രാ​ത്രി​യു​ടെ

അ​ന്ത്യ​യാ​മ​ത്തി​ലാ​ണ് അ​വ​ര​തു ചെ​യ്ത​ത്.

എ​ന്റെ വേ​ന​ല്‍മേ​ശ​ക്ക് ഏ​ഴു ധാ​ന്യ​ക്ക​തി​രു​ക​ള്‍ മ​തി

ഏ​ഴു ക​തി​രു​ക​ള്‍, എ​ന്റെ ക​യ്യി​ല്‍...

ഓ​രോ ധാ​ന്യ​മ​ണി​യി​ലും

ഓ​രോ ഗോ​ത​മ്പു​വ​യ​ല്‍.

അ​തി​ല്‍നി​ന്ന് മ​റ്റൊ​ന്ന്. ഈ ​കി​ണ​റ്റി​ല്‍

നി​ന്നാ​ണ് എ​ന്റെ അ​ച്ഛ​ന്‍ വെ​ള്ളം എ​ടു​ത്തി​രു​ന്ന​ത്.

വ​ര​ണ്ടു പോ​വ​ല്ലേ,

അ​ങ്ങേ​ര്‍ അ​തി​നോ​ടു പ​റ​ഞ്ഞു.

അ​ങ്ങേ​ര്‍ ​എന്റെ കൈ ​പി​ടി​ച്ചു,

ഞാ​ന്‍ പ​ത്തു​മ​ണി​പ്പൂപോ​ലെ വ​ള​രു​ന്ന​ത്‌ കാ​ണാ​ന്‍..,

ഞാ​ന്‍ കി​ണ​റ്റു​വ​ക്കി​ലൂ​ടെ ന​ട​ക്കു​ന്നു, എ​നി​ക്ക്

ര​ണ്ടു ച​ന്ദ്ര​ന്മാ​രു​ണ്ട്, ഒ​ന്ന് മു​ക​ളി​ല്‍, ഒ​ന്ന് വെ​ള്ള​ത്തി​ല്‍

നീ​ന്തു​ന്നു... എ​നി​ക്ക് ര​ണ്ടു ച​ന്ദ്ര​ന്മാ​രു​ണ്ട്, അ​വ​രു​ടെ

പി​താ​മ​ഹ​രെ​പ്പോ​ലെ ത​ന്നെ, വി​ശു​ദ്ധ​നി​യ​മ​ങ്ങ​ളി​ല്‍

സ​ത്യ​മാ​യ​ത് ഏ​തെ​ന്ന് തീ​ര്‍ച്ച​യു​ള്ള​വ​ര്‍.., അ​വ​ര്‍

വാ​ളു​ക​ള്‍ ഉ​രു​ക്കി ക​ല​പ്പ​ക​ളു​ണ്ടാ​ക്കി. വേ​ന​ലി​ല്‍

ഉ​ണ​ങ്ങു​ന്ന​തി​നെ വാ​ളി​നു ശ​രി​യാ​ക്കാ​നാ​വി​ല്ല,

അ​വ​ര്‍ പ​റ​ഞ്ഞു. അ​വ​ര്‍ ഏ​റെനേ​രം പ്രാ​ര്‍ഥി​ച്ചു,

അ​വ​ര്‍ പ്ര​കൃ​തി​യെ സ്തു​തി​ച്ചു പാ​ടി... പ​ക്ഷേ

അ​വ​ര്‍ കു​തി​ര​ക​ള്‍ക്ക് ക​ടി​ഞ്ഞാ​ണി​ട്ടു,

രാ​ത്രി​യു​ടെ വെ​ള്ളി​യി​ല്‍ നൃ​ത്തം ചെ​യ്യു​വാ​ന്‍...

ക​യ്യി​ലെ ഒ​രു മേ​ഘം എ​ന്നെ മു​റി​വേ​ല്‍പ്പി​ക്കു​ന്നു

എ​നി​ക്ക് ഭൂ​മി​യി​ല്‍നി​ന്ന് ഒ​ന്നും വേ​ണ്ടാ,

ഈ ​മ​ണ്ണൊ​ഴി​കെ:

എ​ന്റെ അ​ച്ഛ​ന്നും കു​തി​ര​ക്കുമി​ട​യി​ലെ ഏ​ല​ത്തി​ന്റെ​യും

വൈക്കോലി​ന്റെ​യും സു​ഗ​ന്ധ​മൊ​ഴി​കെ. എ​ന്റെ ക​യ്യി​ല്‍

എ​ന്നെ മു​റി​വേ​ല്‍പ്പി​ച്ച ഒ​രു മേ​ഘ​മു​ണ്ട്. പ​ക്ഷേ ഒ​രു

ഓ​റ​ഞ്ചു​കു​രു​വും, ബാ​ങ്കു​വി​ളി​യി​ല്‍നി​ന്ന്

ഒ​ഴു​കി​യെ​ത്തു​ന്ന സ്വ​ർണ​വു​മൊ​ഴി​കെ

സൂ​ര്യ​നി​ല്‍നി​ന്നും

എ​നി​ക്കൊ​ന്നും വേ​ണ്ടാ.

അ​വ​ര്‍ കു​തി​ര​ക​ള്‍ക്ക് ക​ടി​ഞ്ഞാ​ണി​ട്ടു,

എ​ന്തി​നെ​ന്ന് അ​വ​ര്‍ക്ക​റി​യി​ല്ല

പ​ക്ഷേ അ​വ​ര്‍ രാ​ത്രി​യു​ടെ അ​ന്ത്യ​ത്തി​ല്‍

കു​തി​ര​ക​ള്‍ക്ക് ക​ടി​ഞ്ഞാ​ണി​ട്ടു, എ​ന്നി​ട്ട് അ​വി​ട​ത്തെ

വി​ള്ള​ലു​ക​ളി​ല്‍നി​ന്ന് ഒ​രു പ്രേ​തം

പൊ​ങ്ങിവ​രാ​ന്‍ കാ​ത്തു​നി​ന്നു.

3.പാ​വം ഗ്രാ​മീ​ണ​ര്‍

ക​ട​ലി​ല്‍നി​ന്ന് ച​ര​ക്കു​മാ​യി ട്ര​ക്കു​ക​ള്‍ വ​ന്ന​പ്പോ​ള്‍

എ​ന്റെ അ​മ്മ​യു​ടെ​യോ കു​ടും​ബ​ത്തി​ന്റെ​യോ

ആ​ചാ​ര​ങ്ങ​ള്‍

എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു, പ​ക്ഷേ എ​ന്റെ മു​ത്ത​ച്ഛ​ന്റെ

ഉ​ടു​പ്പി​ലെ പു​ക​യി​ല​മ​ണം എ​നി​ക്ക് പ​രി​ചി​ത​മാ​യി​രു​ന്നു,

പി​ന്നെ കാ​പ്പി​യു​ടെ എ​ന്ന​ത്തെ​യും മ​ണ​വും,

ഇ​വി​ടെ വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ള്‍ ജ​നി​ക്കുംപോ​ലെ

ഒ​രൊ​റ്റ ത​ള്ള​ലി​ലാ​ണ് ഞാ​ന്‍ ജ​നി​ച്ച​തെ​ന്ന​തുകൊ​ണ്ട്.

ന​മ്മ​ളും ഭൂ​മി​യു​ടെ വ​ക്കി​ല്‍ വീ​ണു ക​ര​യു​ന്നു

പ​ക്ഷേ നാം ​ന​മ്മു​ടെ ശ​ബ്ദം ​ഭ​ര​ണി​ക​ളി​ല്‍

ഉ​പ്പി​ട്ട് വെ​ക്കാ​റി​ല്ല,

മ​ല​യാ​ടു​ക​ളെ ചു​വ​രി​ല്‍ തൂ​ക്കാ​റു​മി​ല്ല

പൊ​ടി​യു​ടെ സാ​മ്രാ​ജ്യം അ​വ​കാ​ശ​പ്പെ​ടാ​റി​ല്ല

ഞ​ങ്ങ​ളു​ടെ സ്വ​പ്‌​ന​ങ്ങ​ള്‍ മ​റ്റു​ള്ള​വ​രു​ടെ

മു​ന്തി​രി​വി​ള​ക​ളി​ലേ​ക്ക് നോ​ക്കിനി​ല്‍ക്കാ​റി​ല്ല

അ​വ നി​യ​മം തെ​റ്റി​ക്കാ​റു​മി​ല്ല.

എ​ന്റെ പേ​രി​നു തൂ​വ​ല്‍ മു​ള​ച്ചി​രു​ന്നി​ല്ല, അ​തുകൊ​ണ്ട്

വൈ​കു​ന്നേ​രം ഞാ​ന്‍ ക​ഴി​യു​ന്ന​ത്ര ദൂ​രേ​ക്ക് ചാ​ടി.

ഏ​പ്രി​ല്‍ചൂ​ട് ക​ട​ന്നുപോ​കു​ന്ന സ​ന്ദ​ര്‍ശ​ക​രു​ടെ

ഫി​ഡി​ല്‍ വാ​യ​നപോ​ലെ ആ​യി​രു​ന്നു, അ​ത്

ഞ​ങ്ങ​ളെ പ്രാ​വു​ക​ളെ​പ്പോ​ലെ പ​റ​ത്തി,

എ​ന്നെ താ​ക്കീ​ത് ചെ​യ്ത ആ​ദ്യ​ത്തെ മ​ണി​യ​ടി: ത​ന്റെ

മു​ട്ടു​ക​ളി​ലെ പാ​ല്‍ മ​ണ​ക്കാ​ന്‍ എ​ന്നെ

ക്ഷ​ണി​ച്ചു വ​ശീ​ക​രി​ച്ച ഒ​രു സ്ത്രീ. അ​തു​കൊ​ണ്ട് ഞാ​ന്‍

വി​രു​ന്നി​ന്റെ മു​ള്ളി​ല്‍നി​ന്ന് ഓ​ടിര​ക്ഷ​പ്പെ​ട്ടു.

വെ​യി​ല്‍ പോ​പ്ലാ​ര്‍ മ​ര​ങ്ങ​ള്‍ക്ക് കു​റു​കെ വീ​ഴു​മ്പോ​ള്‍

ഞ​ങ്ങ​ള്‍ക്കു​മു​ണ്ട്‌ ഞ​ങ്ങ​ളു​ടെ ര​ഹ​സ്യം: മ​രി​ച്ചു​പോ​യ

ആ​രെ​യെ​ങ്കി​ലും,

ഒ​ന്നി​നും വേ​ണ്ടി​യ​ല്ലാ​തെ മ​രി​ച്ച ഒ​രാ​ളെ,

ഓ​ര്‍ത്തു ക​ര​യാ​നു​ള്ള ആ​ഗ്ര​ഹം.

ഞ​ങ്ങ​ളെ പി​ടികൂ​ടു​ന്നു

ബാ​ബി​ലോ​ണ്‍ സ​ന്ദ​ര്‍ശി​ക്കാ​ന്‍, അ​ല്ലെ​ങ്കി​ല്‍

ഡ​മസ്ക​സി​ലെ ഒ​രു പ​ള്ളി സ​ന്ദ​ര്‍ശി​ക്കാ​നു​ള്ള ആ​ഗ്ര​ഹം

ഞ​ങ്ങ​ളെ ആ​വേ​ശി​ക്കു​ന്നു. അ​റ്റ​മെ​ഴാ​ത്ത വേ​ദ​ന​യു​ടെ

ക​ഥ​യി​ലെ ഒ​രു പ്രാ​വി​ന്റെ കു​റു​ക​ലി​ലെ

ക​ണ്ണീ​രി​ല്‍നി​ന്ന് ഞ​ങ്ങ​ള്‍ പൊ​ഴി​യു​ന്നു

പ​റ​ഞ്ഞ വാ​ക്കു​ക​ളി​ല്‍ പ​ശ്ചാ​ത്ത​പി​ക്കാ​ത്ത

നി​ഷ്ക​ള​ങ്ക​രാ​യ ഗ്രാ​മീ​ണ​രാ​ണ് ഞ​ങ്ങ​ള്‍. ഞ​ങ്ങ​ളു​ടെ

ദി​ന​ങ്ങ​ള്‍പോ​ലെ പേ​രു​ക​ളും ഒ​രേ പോ​ലെ​യാ​ണ്,

പേ​രുകൊ​ണ്ട് മാ​ത്രം

ഞ​ങ്ങ​ളെ തി​രി​ച്ച​റി​യു​ക എ​ളു​പ്പ​മ​ല്ല

വി​രു​ന്നു​കാ​രു​ടെ വാ​ക്കു​ക​ള്‍ക്കി​ട​യി​ല്‍ കൂ​ടി

ഞ​ങ്ങ​ള്‍ തെ​ന്നി​പ്പോ​കു​ന്നു. ഞ​ങ്ങ​ളു​ടെ തി​രി​ച്ചു​വ​രു​ന്ന

പ​ക്ഷി​ക​ളു​ടെ ഇ​ട​ങ്ങ​ളി​ല്‍നി​ന്ന്

തൂ​വ​ലു​ക​ള്‍ ഓ​രോ​ന്നാ​യെ​ടു​ത്ത്

തൂ​വാ​ല നെ​യ്യു​ന്ന അ​പ​രി​ചി​ത​രോ​ട്

ഞ​ങ്ങ​ളു​ടെ നാ​ടി​നെ​ക്കു​റി​ച്ച്

ഏ​റെ​പ്പ​റ​യാ​നു​ണ്ട് ഞ​ങ്ങ​ള്‍ക്ക്.

ക​ട​ലി​ല്‍നി​ന്നു ട്ര​ക്കു​ക​ള്‍ വ​ന്ന​പ്പോ​ള്‍

ഒ​രു കാ​ട്ടു​മു​ള്ളി​നേ​ക്കാ​ള്‍ ക​രു​ത്തു​ള്ള ആ​ണി​ക​ള്‍

സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു. ഞ​ങ്ങ​ള്‍ തൊ​ഴു​ത്തി​ല്‍

കാ​ലി​ക​ള്‍ക്കു​ള്ള തീ​റ്റി ഒ​രു​ക്കു​ക​യാ​യി​രു​ന്നു,

കൈ ​കൊ​ണ്ടു​ണ്ടാ​ക്കി​യ അ​ല​മാ​രി​ക​ളി​ല്‍ ഞ​ങ്ങ​ളു​ടെ

ദി​ന​ങ്ങ​ള്‍ അ​ടു​ക്കിവെ​ക്കു​ക​യാ​യി​രു​ന്നു, കു​തി​ര​യു​ടെ

വാ​ത്സ​ല്യം തേ​ടി, അ​ഭ​യാ​ർഥി​യാ​യ ന​ക്ഷ​ത്ര​ത്തെ

ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ണ്ട്.

ഞ​ങ്ങ​ളും ട്ര​ക്കു​ക​ളി​ല്‍ ക​യ​റി.

ഒ​ലീ​വ് മ​ര​ങ്ങ​ളു​ടെ രാ​ത്രി​യി​ലൂ​ടെ

മ​ര​ത​ക​ങ്ങ​ളു​ടെ തി​ള​ക്കം ഞ​ങ്ങ​ളോ​ട് സം​സാ​രി​ച്ചു.

പ​ള്ളി​ഗോ​പു​ര​ത്തി​ന്നു മു​ക​ളി​ല്‍ ഓ​ടി​പ്പോ​കു​ന്ന

ച​ന്ദ്ര​നെ നോ​ക്കി നാ​യ്ക്ക​ള്‍ കു​ര​ച്ചു,

പ​ക്ഷേ ഞ​ങ്ങ​ള്‍ ഭ​യ​പ്പെ​ട്ടി​ല്ല

കാ​ര​ണം, ഞ​ങ്ങ​ളു​ടെ ബാ​ല്യം

ഞ​ങ്ങ​ളു​ടെ കൂ​ടെ വ​ന്നി​ല്ല

ഞ​ങ്ങ​ള്‍ക്ക് ഒ​രു പാ​ട്ട് മ​തി​യാ​യി​രു​ന്നു: ഞ​ങ്ങ​ള്‍ വേ​ഗം

ത​ിരി​ച്ചു വ​ന്നെ​ത്തും വീ​ടു​ക​ളി​ല്‍... ട്ര​ക്കു​ക​ള്‍

അ​ധി​ക​ഭാ​ര​മി​റ​ക്കി കാ​ലി​യാ​കു​മ്പോ​ള്‍.

 

4.മൂ​ങ്ങ​യു​ടെ രാ​ത്രി

ഇ​ന്ന​ലെ​ക്കു സ്പ​ര്‍ശി​ക്കാ​നാ​കാ​ത്ത ഒ​രു ഇ​ന്നാ​ണ് ഇ​ത്

അ​വ​സാ​ന​ത്തെ വൃ​ക്ഷ​ത്തി​ന്ന​രി​കി​ല്‍ എ​ത്തി​യ​പ്പോ​ള്‍

ഞ​ങ്ങ​ള്‍ ശ്ര​ദ്ധി​ച്ചു, ഞ​ങ്ങ​ള്‍ക്ക് ഒ​ന്നും

ശ്ര​ദ്ധി​ക്കാ​ന്‍ ആ​വു​ന്നി​ല്ലെ​ന്ന്.

ട്ര​ക്കു​ക​ള്‍ ക​ണ്ട​പ്പോ​ള്‍ ഞ​ങ്ങ​ള്‍

ക​ണ്ട​ത് ശൂ​ന്യ​ത മാ​ത്ര​മാ​ണ്,

അ​തി​ലെ തെ​ര​ഞ്ഞെ​ടു​ത്ത

ചി​ല​തെ​ല്ലാം കു​ന്നുകൂ​ട്ടു​ന്ന​ത്,

ഞ​ങ്ങ​ള്‍ക്ക് ചു​റ്റും അ​തി​ന്റെ

അ​ന​ശ്വ​ര​മാ​യ കൂ​ടാ​രം നി​ർമി​ക്കു​ന്ന​ത്...

ഭൂ​ത​കാ​ലം തൊ​ടാ​ത്ത

ഒ​രു വ​ര്‍ത്ത​മാ​ന​കാ​ല​മാ​ണി​ത്

മ​ള്‍ബ​റി മ​ര​ങ്ങ​ള്‍ക്കി​ട​യി​ലൂ​ടെ ഒ​രു പ​ട്ടു​നൂ​ല്‍

തെ​ന്നി​പ്പോ​കു​ന്നു, രാ​ത്രി​യു​ടെ നോ​ട്ടു​പു​സ്ത​ക​ത്തി​ല്‍

നി​ന്ന് അ​ക്ഷ​ര​ങ്ങ​ളും. ചി​ത്ര​ശ​ല​ഭ​ങ്ങ​ള്‍ മാ​ത്രം

അ​പ​രി​ചി​ത​മാ​യ വാ​ക്കു​ക​ളു​ടെ പൊ​ത്തു​ക​ളി​ലേ​ക്ക്

ഇ​റ​ങ്ങി​വ​ന്ന് ഞ​ങ്ങ​ളു​ടെ ധീ​ര​ത​യെ തി​ള​ക്കു​ന്നു:

ഇ​ത് ബു​ദ്ധി​മു​ട്ടാ​യി​രു​ന്നോ,

എ​ന്റെ പി​താ​വാ​യ മ​നു​ഷ്യാ?

ഒ​രുപ​ക്ഷേ ഞാ​ന്‍ ത​ന്നെ

ഇ​വി​ടെ എ​ന്നെ പോ​റ്റി​യെ​ന്നു വ​രാം

ഒ​രുപ​ക്ഷേ ഇ​പ്പോ​ള്‍ ഞാ​ന്‍ ഒ​റ്റ​ക്ക്

എ​നി​ക്കു ത​ന്നെ പി​റ​വി ന​ല്‍കി​യേ​ക്കാം,

എ​ന്റെ പേ​രി​നു നീ​ള​ന്‍ അ​ക്ഷ​ര​ങ്ങ​ള്‍

തെ​ര​ഞ്ഞെ​ടു​ത്തേ​ക്കാം...

ഇ​താ കാ​ല​ത്തി​ന്റെ ശൂ​ന്യ​ത​യി​ലി​രി​ക്കു​ന്ന

ഒ​രു വ​ര്‍ത്ത​മാ​നം, പു​ഴ​ക്ക​ര​യി​ലെ മു​ള​ങ്കാ​ടു​ക​ള്‍

ക​ട​ന്നുപോ​കു​ന്ന​വ​രു​ടെ അ​ട​യാ​ള​ങ്ങ​ളി​ല്‍

തു​റി​ച്ചു​നോ​ക്കി​ക്കൊ​ണ്ട്‌, കാ​റ്റുകൊ​ണ്ട്

സ്വ​ന്തം ഓ​ട​ക്കു​ഴ​ലു​ക​ള്‍ മി​നു​ക്കി​ക്കൊ​ണ്ട്...

സം​സാ​രം ഇ​നി സു​താ​ര്യ​മാ​യെ​ന്നു വ​രാം,

അ​തി​ല്‍ നാ​മ​പ്പോ​ള്‍ തു​റ​ന്ന ജ​ന​ലു​ക​ള്‍ കാ​ണും

ചി​ല​പ്പോ​ള്‍ കാ​ലം അ​തി​ന്റെ ഭാ​ണ്ഡ​ത്തി​ല്‍

ന​മ്മു​ടെ നാ​ളെ​യും വ​ഹി​ച്ച്

തി​ര​ക്കി​ട്ട് ക​ട​ന്നുപോ​യേ​ക്കാം...

ഇ​താ ഇ​വി​ടെ, കാ​ല​മി​ല്ലാ​ത്ത ഒ​രു വ​ര്‍ത്ത​മാ​നം

നാം ​എ​ങ്ങനെ കാ​റ്റ് വീ​ശി​പ്പോ​കുംപോ​ലെ

ക​ത​കു ക​ട​ന്നുപോ​യെ​ന്നു ഓ​ർമി​ക്കു​ന്ന ആ​രെ​യും

ആ​രും ഇ​വി​ടെ ക​ണ്ടി​ല്ല,

അ​ഥ​വാ നാം ​ഇ​ന്ന​ലെ​യി​ല്‍നി​ന്ന്

എ​പ്പോ​ഴാ​ണ് വീ​ണു പോ​യ​തെ​ന്ന്

ഓ​ർമിക്കു​ന്ന ആ​രെ​യും.

ഇ​ന്ന​ലെ നി​ല​ത്തു വീ​ണു പൊ​ട്ടി​ച്ചി​ത​റി, കു​പ്പി​ച്ചി​ല്ലു​ക​ള്‍

മ​റ്റു​ള്ള​വ​ര്‍ വാ​രി​ക്കൂ​ട്ടി, ന​മു​ക്കു ശേ​ഷം ക​ണ്ണാ​ടി​ക​ള്‍

അ​വ​യു​ടെ പ്ര​തി​ബിം​ബ​ങ്ങ​ള്‍ക്കു വേ​ണ്ടി

എ​ന്നപോ​ലെ...

ഇ​താ ഇ​വി​ടെ, സ്ഥ​ല​മി​ല്ലാ​ത്ത ഒ​രു വ​ര്‍ത്ത​മാ​നം.

ഞാ​ന്‍ ഇ​വി​ടെ എ​ന്നെ​ത്ത​ന്നെ പോ​റ്റി​യെ​ന്നു വ​രാം,

മൂ​ങ്ങ​യു​ടെ രാ​ത്രി​ക്ക് നേ​രെ നി​ല​വി​ളി​ച്ചെ​ന്നു വ​രാം

ആ ​വി​ഷ​മം പി​ടി​ച്ച മ​നു​ഷ്യ​ന്‍, ച​രി​ത്ര​ത്തി​ന്റെ ഭാ​രം

എ​ന്റെ ശി​ര​സ്സി​ല്‍ ക​യ​റ്റിവെ​ച്ച​യാ​ള്‍,

എ​ന്റെ അ​ച്ഛ​ന്‍ ആ​യി​രു​ന്നോ?

ഒ​രുപ​ക്ഷേ ഞാ​ന്‍ എ​ന്റെ പേ​രി​ന്ന​ക​ത്തി​രു​ന്നു ത​ന്നെ

മാ​റി​യേ​ക്കാം, എ​ന്നി​ട്ട് എ​ന്റെ അ​മ്മ​യു​ടെ വാ​ക്കു​ക​ളും

ശീ​ല​ങ്ങ​ളും എ​ന്റേ​താ​ക്കാം, അ​താ​ണ്‌ ശ​രി.

ഉ​പ്പ് എ​ന്റെ ര​ക്തം സ്പ​ര്‍ശി​ക്കു​മ്പോ​ള്‍

അ​മ്മ എ​ന്നോ​ട് ത​മാ​ശ​ക​ള്‍ പ​റ​യും

രാ​പ്പാ​ടി എ​ന്റെ വാ​യി​ല്‍ ക​ടി​ക്കു​മ്പോ​ള്‍

അ​മ്മ എ​ന്നെ ആ​ശ്വ​സി​പ്പി​ക്കും

ഇ​താ ഓ​ടി​പ്പോ​കു​ന്ന

ഒ​രു വ​ര്‍ത്ത​മാ​നം

ഇ​വി​ടെ​യാ​ണ്‌ അ​പ​രി​ചി​ത​ര്‍ ഒ​രു ഒ​ലീ​വ് മ​ര​ത്തി​ന്റെ

കൊ​മ്പി​ല്‍ തോ​ക്കു​ക​ള്‍ തൂ​ക്കി​യി​ട്ട​ത്,

ടി​ന്നു​ക​ള്‍ തു​റ​ന്നു

പെ​ട്ടെ​ന്ന് അ​ത്താ​ഴം ത​യാ​റാ​ക്കി​യ​ത്,

പെ​ട്ടെ​ന്ന് സ്വ​ന്തം ട്ര​ക്കു​ക​ളി​ല്‍ ക​യ​റി സ്ഥ​ലംവി​ട്ട​ത്...

5.മു​ൾച്ചെടി​യു​ടെ അ​ന​ശ്വ​ര​ത

-എ​ന്നെ എ​ങ്ങോ​ട്ടാ​ണ് കൊ​ണ്ടുപോ​കു​ന്ന​ത്, അ​ച്ഛാ?

-കാ​റ്റ് ന​മ്മെ കൊ​ണ്ടുപോ​കു​ന്നി​ട​ത്തേ​ക്ക്, മോ​നേ.

...ബോ​ണ​പ്പാ​ര്‍ട്ടി​ന്റെ പ​ട്ടാ​ള​ക്കാ​ര്‍ ആ​ക്രെ​യു​ടെ

പ​ഴ​യ മ​തി​ലി​ലെ നി​ഴ​ലു​ക​ള്‍ നി​രീ​ക്ഷി​ച്ചി​രു​ന്ന

മൈ​താ​നം വി​ട്ടുപോ​കു​മ്പോ​ള്‍

ഒ​ര​ച്ഛ​ന്‍ മ​ക​നോ​ട്‌ പ​റ​ഞ്ഞു:

പേ​ടി​ക്ക​രു​ത്. വെ​ടി​യു​ണ്ട​ക​ളു​ടെ

മൂ​ള​ല്‍ കേ​ട്ടു പേ​ടി​ക്ക​രു​ത്

നി​ല​ത്തോ​ട്‌ പ​റ്റി​ച്ചേ​ര്‍ന്നു കി​ട​ക്കൂ, നി​ന​ക്ക് ഒ​ന്നും പ​റ്റി​ല്ല

നാം ​അ​തി​ജീ​വി​ക്കും, വ​ട​ക്കു​ള്ള മ​ല ക​യ​റും,

പ​ട്ടാ​ള​ക്കാ​ര്‍ ദൂ​രെ​യു​ള്ള വീ​ടു​ക​ളി​ലേ​ക്ക്

തി​രി​ച്ചു പോ​കു​മ്പോ​ള്‍ നാം ​മ​ല​യി​റ​ങ്ങും

-ന​മ്മ​ള്‍ പോ​യാ​ല്‍ ഈ ​വീ​ട്ടി​ല്‍

ആ​ര് താ​മ​സി​ക്കും, അ​ച്ഛാ?

- ഇ​ത് ഇ​തുപോ​ലെ ത​ന്നെ​യി​രി​ക്കും,

എ​ന്ന​ത്തെ​യുംപോ​ലെ

ത​ന്റെ കൈ​കാ​ലു​ക​ള്‍ സ്ഥാ​ന​ത്തു​ണ്ടോ

എ​ന്ന് ത​പ്പി നോ​ക്കും പോ​ലെ

അ​യാ​ള്‍ താ​ക്കോ​ല്‍ തി​ര​ക്കി, ഉ​റ​പ്പു വ​രു​ത്തി

ഒ​രു മു​ള്‍വേ​ലി ക​യ​റി മ​റി​യു​മ്പോ​ള്‍ അ​യാ​ള്‍ പ​റ​ഞ്ഞു:

ഓ​ര്‍ക്ക​ണം മോ​നേ,

ഇ​വി​ടെ ബ്രി​ട്ടീ​ഷു​കാ​ര്‍ നി​ന്റെ അ​ച്ഛ​നെ ര​ണ്ടു രാ​ത്രി

മു​ള്‍ചെ​ടി​ക​ളി​ല്‍ ക്രൂ​ശി​ച്ചു,

എ​ന്നി​ട്ടും അ​യാ​ള്‍ കു​റ്റ​മേ​റ്റി​ല്ല

നീ ​വ​ള​രും മോ​നേ, അ​വ​രു​ടെ തോ​ക്കു​ക​ള്‍

അ​വ​കാ​ശ​മാ​ക്കു​ന്ന​വ​രോ​ട്

ഇ​രു​മ്പി​ലെ ചോ​ര​യു​ടെ ക​ഥ പ​റ​യും...

-എ​ന്തുകൊ​ണ്ടാ​ണ് കു​തി​ര​യെ അ​ച്ഛ​ന്‍ ഒ​റ്റ​ക്ക് വി​ട്ട​ത്?

- വീ​ടി​നു ഒ​രു തു​ണ​യു​ണ്ടാ​വാ​ന്‍, മോ​നേ.

താ​മ​സ​ക്കാ​ര്‍ പോ​കു​മ്പോ​ള്‍ വീ​ടു​ക​ള്‍ മ​രി​ക്കും

അ​ന​ന്ത​ത ദൂ​രെനി​ന്ന് ഈ ​രാ​ത്രി ഗ​താ​ഗ​ത​ത്തി​ന്നാ​യി

ഗേ​റ്റ് തു​റ​ക്കു​ന്നു. പേ​ടി​ച്ച​ര​ണ്ട ച​ന്ദ്ര​നെ നോ​ക്കി

കാ​ട്ടു​ചെ​ന്നാ​യ​ക​ള്‍ നി​ല​വി​ളി​ക്കു​ന്നു.

ഒ​ര​ച്ഛ​ന്‍ മ​ക​നോ​ട്‌ പ​റ​യു​ന്നു:

നി​ന്റെ മു​ത്ത​ച്ഛ​നെ​പ്പോ​ലെ ക​രു​ത്ത​നാ​വു​ക

എ​ന്നോ​ടൊ​പ്പം ഓ​ക്കു​മ​ര​ങ്ങ​ളു​ടെ

അ​വ​സാ​ന​ത്തെ കു​ന്നും ക​യ​റു​ക

ഓ​ര്‍ക്കൂ മോ​നേ, ഇ​വി​ടെ​യാ​ണ് യു​ദ്ധ​ത്തി​ന്റെ

കോ​വ​ര്‍ക​ഴു​ത​പ്പു​റ​ത്തുനി​ന്ന്

അം​ഗ​ര​ക്ഷ​ക​ര്‍ വീ​ണു മ​രി​ച്ച​ത്

അ​തു​കൊ​ണ്ട്, എ​ന്നെ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ക,

നാം ​മ​ട​ങ്ങി​പ്പോ​വു​ക​ത​ന്നെ ചെ​യ്യും.

-എ​പ്പോ​ള്‍, അ​ച്ഛാ?

-നാ​ളെ. അ​ല്ലെ​ങ്കി​ല്‍ ര​ണ്ടു ദി​വ​സ​ത്തി​ന്ന​കം, മോ​നേ!

നി​രാ​ര്‍ദ്ര​മാ​യ ഒ​രു നാ​ളെ,

നീ​ണ്ട ഹേ​മ​ന്ത​രാ​ത്രി​ക​ളി​ലൂ​ടെ,

അ​വ​ര്‍ക്ക് പി​റ​കി​ലെ കാ​റ്റി​നെ

ക​ര​ണ്ട് തി​ന്നു​കൊ​ണ്ടി​രു​ന്നു

യെ​ഹോ​ഷ്വാ ബെ​ന്‍ ന​ണ്ണി​ന്റെ പ​ട്ടാ​ള​ക്കാ​ര്‍

അ​വ​രു​ടെ വീ​ടി​ന്റെ ക​ല്ലു​ക​ള്‍കൊ​ണ്ട് കോ​ട്ട പ​ണി​തു.

കാ​നാ​യി​ലേ​ക്കുള്ള വ​ഴി​യി​ല്‍ അ​വ​ര്‍ക്ക് ശാ​സം മു​ട്ടി

ഇ​വി​ടെ യേ​ശു ഒ​രുദി​വ​സം ക​ഴി​ച്ചുകൂ​ട്ടി​യി​രു​ന്നു,

ഇ​വി​ടെ​യാ​ണ് അ​വ​ന്‍ വെ​ള്ളം വീ​ഞ്ഞാ​ക്കി​യ​ത്, എ​ന്നി​ട്ട്

സ്നേ​ഹ​ത്തെ​ക്കു​റി​ച്ച് അ​വ​ന്‍ പ​ല​തും പ​റ​ഞ്ഞു.

മോ​നേ, നാ​ളെ​യെ ഓ​ര്‍ക്കു​ക. പ​ട്ടാ​ള​ക്കാ​ര്‍

പി​രി​യു​മ്പോ​ള്‍ ഏ​പ്രി​ല്‍ മാ​സ​ത്തി​ലെ ക​ള​ക​ള്‍

തി​ന്നുതീ​ര്‍ക്കു​ന്ന കു​രി​ശു​യു​ദ്ധ​ക്കാ​രു​ടെ

കൊ​ത്ത​ള​ങ്ങ​ള്‍ ഓ​ര്‍ക്കു​ക...

 

6.എ​ത്ര ത​വ​ണ അ​ത് അ​വ​സാ​നി​ക്കും...

അ​യാ​ള്‍ സി​ഗ​ര​റ്റ് പു​ക​യി​ലി​രു​ന്നു ത​ന്റെ

നാ​ളു​ക​ളെ​ക്കു​റി​ച്ചാ​ലോ​ചി​ക്കു​ക​യാ​ണ്

പി​ന്നെ പോ​ക്ക​റ്റ് വാ​ച്ച് നോ​ക്കു​ന്നു

എ​നി​ക്ക് ക​ഴി​യു​മെ​ങ്കി​ല്‍ ഞാ​ന്‍ അ​തി​ന്റെ മി​ടി​പ്പ്

പ​തു​ക്കെ​യാ​ക്കും, ബാ​ര്‍ലി വി​ള​യു​ന്ന​ത് വൈ​കി​ക്കാ​ന്‍!

അ​യാ​ള്‍ നി​ശ്ചി​ന്ത​നാ​യി, ത​ള​ര്‍ന്നു, യാ​ത്ര​യാ​കു​ന്നു:

വി​ള​വെ​ടു​പ്പി​നു സ​മ​യ​മാ​യി

ധാ​ന്യ​മ​ണി​ക​ള്‍ക്ക് ക​നംവെ​ച്ചു,

അ​രി​വാ​ളു​ക​ള്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടു

നാ​ട് അ​തി​ന്റെ പ്ര​വാ​ച​ക​ ക​വാ​ട​ത്തി​ല്‍നി​ന്ന്

പി​ന്‍വ​ലി​യു​ക​യാ​ണ്

ല​ബ​നാനിലെ ഗ്രീ​ഷ്മം തെ​ക്കു​ള്ള എ​ന്റെ

മു​ന്തി​രി​യെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ന്നു,

അ​തെ​ന്നോ​ട് ആ​ധ്യാ​ത്മി​ക​ത​യെ​ക്കു​റി​ച്ചു പ​റ​യു​ന്നു

പ​ക്ഷേ ദൈ​വ​ത്തി​ലേ​ക്കു​ള്ള എ​ന്റെ വ​ഴി തു​ട​ങ്ങു​ന്ന​ത്

ഒ​രു തെ​ക്ക​ന്‍ ന​ക്ഷ​ത്ര​ത്തി​ല്‍നി​ന്നാ​ണ്.

-എ​ന്നോ​ടാ​ണോ അ​ച്ഛാ, സം​സാ​രി​ക്കു​ന്ന​ത്?

- അ​വ​ര്‍ റോ​ഡൈ​ല​ണ്ടി​ല്‍ ഒ​രു സ​ന്ധി ഒ​പ്പി​ട്ടു, മോ​നേ

-അ​പ്പോ​ള്‍ ന​മ്മു​ടെ കാ​ര്യ​മോ,

ന​മ്മു​ടെ കാ​ര്യ​മോ, അ​ച്ഛാ?

- അ​വ​സാ​നി​ച്ചു...

- ഇ​നി​യും എ​ത്ര ത​വ​ണ അ​ത് അ​വ​സാ​നി​ക്കും?

-അ​ത് അ​വ​സാ​നി​ച്ചു, അ​വ​ര്‍ ക​ട​മ ചെ​യ്തു:

അ​വ​ര്‍ ശ​ത്രു​ക്ക​ളു​ടെ വി​മാ​ന​ങ്ങ​ളോ​ട്

ഒ​ടി​ഞ്ഞ തോ​ക്കു​ക​ള്‍കൊ​ണ്ട് യു​ദ്ധംചെ​യ്തു

നാം ​ന​മ്മു​ടെ ക​ട​മ ചെ​യ്തു, നാം ​ആ​രി​വേ​പ്പു​മ​ര​ത്തി​ന്റെ

അ​രി​കി​ല്‍നി​ന്ന് പി​ന്‍വാ​ങ്ങി, സൈ​ന്യ​ത്ത​ല​വ​ന്റെ

തൊ​പ്പി​ക്കു ചു​ളി​വു വീ​ഴാ​തി​രി​ക്കാ​ന്‍.

ന​മ്മ​ള്‍ വീ​ട്ടു​കാ​രി​ക​ളു​ടെ മോ​തി​ര​ങ്ങ​ള്‍ വി​റ്റു, മോ​നേ,

അ​വ​ര്‍ക്ക് പ​ക്ഷി​ക​ളെ വേ​ട്ട​യാ​ടാ​ന്‍.

-അ​പ്പോ​ള്‍ ന​മ്മ​ള്‍ ഇ​വി​ടെ​ത്ത​ന്നെ തു​ട​രു​മോ, അ​ച്ഛാ,

കാ​റ്റി​ന്റെ ചൂ​ള​മ​ര​ങ്ങ​ള്‍ക്ക് കീ​ഴി​ല്‍,

ആ​കാ​ശ​ത്തി​നും സ​മു​ദ്ര​ത്തി​നു​മി​ട​യി​ല്‍?

-മോ​നേ, ഇ​വി​ടെ​യു​ള്ള​തെ​ല്ലാം അ​വി​ടെ

മ​റ്റെ​ന്തോപോ​ലെ തോ​ന്നി​ക്കും

രാ​ത്രി നാം ​ന​മ്മെ​പ്പോ​ലെ ത​ന്നെ തോ​ന്നി​ക്കും

അ​ന​ന്ത​മാ​യ സാ​മ്യ​തി​ന്റെ ന​ക്ഷ​ത്രം

ന​മ്മെ വി​ഴു​ങ്ങും, മോ​നേ!

-അ​ച്ഛാ, എ​ന്നോ​ട് സം​സാ​രി​ക്കു​മ്പോ​ള്‍

ക​ഠി​ന​പ​ദ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​രു​തേ!

-ഞാ​ന്‍ പ്രാ​വു​ക​ളു​ടെ കു​റു​ക​ലി​ന്നാ​യി

ജ​ന​ലു​ക​ള്‍ തു​റ​ന്നി​ട്ടു

ഞാ​ന്‍ എ​ന്റെ മു​ഖം കി​ണ​റ്റു​വ​ക്കി​ല്‍ മ​റ​ന്നുവെ​ച്ചു

ഞാ​ന്‍ എ​ന്റെ വാ​ക്കു​ക​ളെ അ​വ​രു​ടെ കു​ളി​മു​റി​യി​ല്‍

കെ​ട്ടി​യ ച​ര​ടി​ല്‍ സം​സാ​രി​ക്കാ​ന്‍ വി​ട്ടു

ഞാ​ന്‍ ഇ​രു​ട്ടി​നെ എ​ന്റെ കാ​ത്തി​രി​പ്പി​ന്റെ

ക​മ്പി​ളി​യി​ല്‍ പൊ​തി​ഞ്ഞ്

അ​തി​ന്റെ രാ​ത്രി​ക്ക് കൊ​ടു​ത്തു

ഞാ​ന്‍ എ​ന്റെ മേ​ഘ​ങ്ങ​ളു​ടെ ഉ​ടു​പ്പു​ക​ള്‍

അ​വ​രു​ടെ അ​ത്തി​മ​ര​ങ്ങ​ളി​ല്‍​ വിരി​ച്ചി​ട്ടു

ഞാ​ന്‍ എ​ന്റെ സ്വ​പ്ന​ത്തെ അ​തു​കൊ​ണ്ടു ത​ന്നെ

സ്വ​യം പു​തു​ക്കാ​ന്‍ വി​ട്ടു

ഞാ​ന്‍ സ​മാ​ധാ​ന​ത്തെ അ​വി​ടെ,

ഭൂ​മി​യി​ല്‍ ഒ​റ്റ​ക്ക് വി​ട്ടു...

-ഞാ​ന്‍ ഉ​ണ​ര്‍ന്നു കി​ട​ക്കു​മ്പോ​ള്‍

അ​ച്ഛ​ന്‍ സ്വ​പ്നം കാ​ണു​ക​യാ​യി​രു​ന്നോ അ​ച്ഛാ?

-ഉ​ണ​രൂ, മോ​നേ, നാം ​തി​രി​ച്ചുപോ​വു​ക​യാ​ണ്.

 

7. എ​ന്റെ അ​വ​സാ​നം വ​രെ​യും അ​തി​ന്റെ അ​വ​സാ​നം വ​രെ​യും

-ന​ട​ന്നു​ ന​ട​ന്നു ക്ഷീ​ണി​ച്ചോ, മോ​നേ?

ശ​രി​ക്കും ക്ഷീ​ണി​ച്ചോ?

-ഉ​വ്വ​ച്ഛാ, നി​ങ്ങ​ളു​ടെ രാ​ത്രി വ​ഴി​യി​ല്‍ നീ​ണ്ടു വ​ള​ര്‍ന്നു,

നി​ങ്ങ​ളു​ടെ ഹൃ​ദ​യം രാ​ത്രി​യു​ടെ

ഭൂ​മി​ക്കു മു​ക​ളി​ല്‍ ഒ​ഴു​കി​പ്പ​ര​ന്നു

-നി​ന​ക്ക് ഇ​പ്പോ​ഴും ഒ​രു പൂ​ച്ച​യു​ടെ ഭാ​ര​മേ​യു​ള്ളൂ

അ​തു​കൊ​ണ്ട്, എ​ന്റെ തോ​ളി​ല്‍ ക​യ​റി​ക്കോ​ളൂ

ഇ​ത്തി​രി നേ​രംകൊ​ണ്ട് നാം

​സൈ​പ്ര​സ് മ​ര​ങ്ങ​ളു​ടെ​യും

ഓ​ക്കു​മ​ര​ങ്ങ​ളു​ടെ​യും കാ​ട് പി​ന്നി​ടും

ഇ​ത് വ​ട​ക്ക​ന്‍ ഗ​ലീ​ലി​യാ​ണ്

ല​ബ​നാ​ന്‍ നാം ​പി​ന്നി​ട്ടു ക​ഴി​ഞ്ഞു

ഡ​മസ്ക​സ് മു​ത​ല്‍ സു​ന്ദ​ര​മാ​യ ആ​ക്രെ​ക്കൊ​ട്ട വ​രെ

ആ​കാ​ശം ന​മ്മു​ടേ​താ​ണ്‌

-പി​ന്നെ?

-നാം ​വീ​ട്ടി​ലേ​ക്കു മ​ട​ങ്ങും,

നി​ന​ക്കു വ​ഴി​യ​റി​യാ​മോ, മോ​നേ?

-അ​റി​യാം, അ​ച്ഛാ.

ക​രോ​ബ് മ​ര​ത്തി​നു കി​ഴ​ക്കു പ്ര​ധാ​ന​ വ​ഴി​യി​ല്‍

അ​ത് തു​റ​ക്കു​ന്നി​ട​ത്ത് മു​ള്‍ച്ചെ​ടി​ക​ള്‍

നി​റ​ഞ്ഞ ഒ​രു പാ​ത​യു​ണ്ട്

പി​ന്നെ അ​തി​നു കി​ണ​ര്‍ എ​ത്തുംവ​രെ

വീ​തി കൂ​ടി​ക്കൂ​ടി വ​രും,

അ​വി​ടെ നി​ന്നാ​ല്‍ പു​ക​യി​ല​യും

മി​ഠാ​യി​യും വി​ല്‍ക്കു​ന്ന

ജ​ലീ​ല്‍ മാ​മ​ന്റെ തോ​ട്ടം കാ​ണാം,

പി​​െന്ന അ​ത് ചോ​ളം മെ​തി​ക്കു​ന്ന

മൈ​താ​ന​ത്ത് അ​പ്ര​ത്യ​ക്ഷ​മാ​കും

പി​ന്നെ അ​ത് നി​വ​ര്‍ന്നു ത​ത്ത​യു​ടെ

ആ​കൃ​തി​യു​ള്ള ഒ​രു വീ​ട്ടി​ല്‍ ചെ​ന്നു നി​ല്‍ക്കും

-നി​ന​ക്കു വീ​ട​റി​യാ​മോ, മോ​നേ?

-ഉ​വ്വ്, വ​ഴി​പോ​ലെ ത​ന്നെ ന​ന്നാ​യ​റി​യാം

ഒ​രു ഇ​രു​മ്പു​ഗേ​റ്റി​ല്‍ മു​ല്ല​വ​ള്ളി ചു​റ്റി​പ്പ​ട​രു​ന്നു

ക​ല്‍പ്പ​ട​വു​ക​ളി​ല്‍ വെ​ളി​ച്ച​ത്തി​ന്റെ കാ​ല​ടി​ക​ള്‍

ആ ​സ്ഥ​ല​ത്തി​നു പി​റ​കി​ലു​ള്ള​തി​ലേക്ക്

സൂ​ര്യ​കാ​ന്തി​ക​ള്‍ തു​റി​ച്ചുനോ​ക്കു​ന്നു

തേ​നീ​ച്ച​ക​ള്‍ ഒ​രു മു​ള​ന്ത​ളി​ക​യി​ല്‍

മു​ത്ത​ച്ഛ​നു​ള്ള പ്രാ​ത​ലൊ​രു​ക്കു​ന്നു

മു​റ്റ​ത്ത് ഒ​രു കി​ണ​റും ചൂ​ള​മ​ര​വും കു​തി​ര​യു​മു​ണ്ട്

വേ​ലി​ക്കു പി​റ​കി​ല്‍ ക​ട​ലാ​സു​ക​ള്‍

മ​റി​ച്ചു​മ​റി​ച്ചു​നോ​ക്കു​ന്ന ഒ​രു നാ​ളെ​യും...

-അ​ച്ഛാ, അ​ച്ഛ​ന് ക്ഷീ​ണ​മു​ണ്ടോ?

ക​ണ്ണി​ല്‍ കാ​ണു​ന്ന​ത് വി​യ​ര്‍പ്പാ​ണോ?

-മോ​നേ, ഞാ​ന്‍ ത​ള​ര്‍ന്നു...

എ​ന്നെ എ​ടു​ത്തു കൊ​ണ്ടു​പോ​കാ​മോ?

-അ​ച്ഛ​ന്‍ എ​ന്നെ കൊ​ണ്ടു​പോ​കാ​റു​ള്ള​തു പോ​ലെ

ഞാ​ന്‍ വ​ഹി​ക്കും, എ​ന്റെ തു​ട​ക്ക​ത്തി​നും

അ​തി​ന്റെ തു​ട​ക്ക​ത്തി​നും വേ​ണ്ടി​യു​ള്ള

ഈ ​മോ​ഹം

ഞാ​ന്‍ ഈ ​വ​ഴി പി​ന്തു​ട​രും,

എ​ന്റെ അ​വ​സാ​നം വ​രെ...

അ​തി​ന്റെ അ​വ​സാ​നം വ​രെ.

8.ഇ​ഷ്മാ​യേ​ലി​ന്റെ തം​ബു​രു

ഒ​രു പെ​ണ്‍കു​തി​ര ര​ണ്ടു ച​ര​ടു​ക​ളി​ല്‍

നൃ​ത്തം ചെ​യ്യു​ന്നു –അ​ങ്ങനെ​യാ​ണ്

ഇ​ഷ്മാ​യേ​ലി​ന്റെ വി​ര​ലു​ക​ള്‍

ത​ന്റെ ര​ക്ത​ത്തെ കേ​ള്‍ക്കു​ന്ന​ത്. നാ​ട്ടി​ന്‍പു​റ​ങ്ങ​ള്‍

ആ ​താ​ള​ത്തി​ല്‍ പോ​പ്പി​പ്പൂ​ക്ക​ളെ​പ്പോ​ലെ

ചി​ത​റി​പ്പോ​കു​ന്നു.

അ​വി​ടെ രാ​ത്രി​യി​ല്ല, പ​ക​ലു​മി​ല്ല. ദൈ​വി​ക​മാ​യ

ആ​ഹ്ലാ​ദം ന​മ്മെ സ്പ​ര്‍ശി​ക്കു​ന്നു.

എ​ല്ലാ ബി​ന്ദു​ക്ക​ളും

ഉ​റ​വ​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്നു

ഹ​ല്ലേ​ലു​യ്യാ

ഹ​ല്ലേ​ലു​യ്യാ

എ​ല്ലാം ഇ​നി പു​തു​താ​യി തു​ട​ങ്ങും

ആ ​പ​ഴ​യ തം​ബു​രു​വി​ന്റെ ഉ​ട​മ

ഞ​ങ്ങ​ളു​ടെ അ​യ​ല്‍ക്കാ​ര​നാ​ണ്,

ഓ​ക്കു​മ​ര​ങ്ങ​ളു​ടെ കാ​ട്ടി​ല്‍ ജീ​വി​ക്കു​ന്ന​വ​ന്‍.

പാ​ടു​ന്ന ഭ്രാ​ന്ത​ന്റെ വേ​ഷ​ത്തി​ല്‍

സ്വ​ന്തം സ​മ​യം ഒ​ളി​ച്ചു കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​ന്‍.

യു​ദ്ധം ക​ഴി​ഞ്ഞി​രു​ന്നു. ഞ​ങ്ങ​ളു​ടെ നാ​ടി​ന്റെ ചാ​രം

ഒ​രു ക​റു​ത്ത മേ​ഘ​ത്തി​ല്‍ അ​പ്ര​ത്യ​ക്ഷ​മാ​യി, ഞ​ങ്ങ​ള്‍

പ്ര​തീ​ക്ഷി​ച്ചപോ​ലെ ഫീ​നി​ക്സ് പ​ക്ഷി

അ​തി​ന്മേ​ല്‍ പി​റ​വി കൊ​ണ്ടി​രു​ന്നി​ല്ല, മ​രി​ച്ചുപോ​യ

ഞ​ങ്ങ​ളു​ടെ ആ​ളു​ക​ളു​ടെ കു​പ്പാ​യ​ത്തി​ല്‍

രാ​ത്രി​യു​ടെ ചോ​ര ഉ​ണ​ങ്ങി​യി​രു​ന്നി​ല്ല. മ​റ​വി

പ്ര​തീ​ക്ഷി​ച്ചി​രു​ന്നപോ​ലെ

പ​ട്ടാ​ള​ക്കാ​രു​ടെ തൊ​പ്പി​ക​ളി​ന്മേ​ല്‍

ചെ​ടി​ക​ള്‍ മു​ള​ച്ചി​രു​ന്നി​ല്ല

ഹ​ല്ലേ​ലു​യ്യാ

ഹ​ല്ലേ​ലു​യ്യാ

എ​ല്ലാം ഇ​നി പു​തു​താ​യി തു​ട​ങ്ങും

മ​രു​ഭൂ​മി​യു​ടെ ബാ​ക്കിപോ​ലെ കാ​ലം

സ്ഥ​ല​ത്തി​ല്‍നി​ന്ന് പി​ന്‍വാ​ങ്ങു​ന്നു, ക​വി​ത​യെ

പൊ​ട്ടി​ത്തെ​റി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്ന ദൂ​ര​ത്തി​ലേ​ക്ക്.

ഇ​ഷ്മായേല്‍ രാ​ത്രി ഞ​ങ്ങ​ളു​ടെ ത​ല​ക്കു മു​ക​ളി​ല്‍

ഇ​റ​ങ്ങി​വ​ന്ന് പാ​ടു​ന്നു: ഹേ, ​അ​പ​രി​ചി​താ, നീ

​എ​ന്നി​ല്‍നി​ന്ന് വ​ന്ന​വ​നാ​ണ് അ​പ​രി​ചി​താ.

മ​രു​ഭൂ​മി അ​വ​ന്റെ വാ​ക്കു​ക​ളി​ല്‍ വി​ട പ​റ​യു​ന്നു

അ​വ​ന്റെ വാ​ക്കു​ക​ള്‍ വ​സ്തു​ക്ക​ളു​ടെ ശ​ക്തി​യെ

അ​വ​ഗ​ണി​ക്കു​ന്നു: ഓ, ​തം​ബു​രൂ, ന​ഷ്ട​പ്പെ​ട്ട​ത്

തി​രി​ച്ചുകൊ​ണ്ടു​വ​രൂ,

എ​ന്നെ അ​തി​ല്‍ ബ​ലി കൊ​ടു​ക്കൂ

ഒ​രു ദൂ​രം മു​ത​ല്‍ മ​റ്റൊ​രു ദൂ​രം വ​രെ

ഹ​ല്ലേ​ലു​യ്യാ

ഹ​ല്ലേ​ലു​യ്യാ

എ​ല്ലാം ഇ​നി പു​തു​താ​യി തു​ട​ങ്ങും

അ​ർഥം ഞ​ങ്ങ​ളെ സ്ഥാ​നം തെ​റ്റി​ക്കു​ന്നു... ഞ​ങ്ങ​ള്‍

ഒ​രു വെ​ണ്ണ​ക്ക​ല്‍മ​ല​യു​ടെ അ​ടി​വാ​ര​ത്തുനി​ന്ന്

മ​റ്റൊ​ന്നി​ലേ​ക്ക് പ​റ​ക്കു​ന്നു. ഞ​ങ്ങ​ള്‍ ര​ണ്ടു

അ​ഗാ​ധ​ത​ക​ള്‍ക്കി​ട​യി​ല്‍ ഓ​ടിന​ട​ക്കു​ന്നു

ഞ​ങ്ങ​ളു​ടെ സ്വ​പ്‌​ന​ങ്ങ​ള്‍ ഉ​ണ​രു​ന്നി​ല്ല, സ്ഥ​ല​ത്തെ

കാ​വ​ല്‍ക്കാ​രും ഇ​ഷ്മായേലി​ന്റെ സ്ഥ​ല​ത്തു​നി​ന്നു

വി​ട്ടു​പോ​കു​ന്നി​ല്ല. അ​വി​ടെ ഭൂ​മി​യി​ല്ല, ആ​കാ​ശ​വു​മി​ല്ല

ഒ​ന്നി​ച്ചു​ള്ള ഒ​രാ​ന​ന്ദം ഞ​ങ്ങ​ളെ സ്പ​ര്‍ശി​ക്കു​ന്നു,

ര​ണ്ടു ക​മ്പി​യു​ള്ള ക​ട​ലി​ടു​ക്കി​ലെ​ത്തും മു​മ്പ്.

എ​ല്ലാം സാ​ധ്യ​മാ​കു​വാ​ന്‍, ഉ​ണ്മ​യോ​ട​ടു​ക്കു​വാ​ന്‍,

ഞ​ങ്ങ​ള്‍ക്ക് വേ​ണ്ടി പാ​ടൂ, ഇ​ഷ്മായേല്‍.

ഹ​ല്ലേ​ലു​യ്യാ

ഹ​ല്ലേ​ലു​യ്യാ

എ​ല്ലാം ഇ​നി പു​തു​താ​യി തു​ട​ങ്ങും

ഇ​ഷ്മായേലി​ന്റെ തം​ബു​രു​വി​ല്‍ സു​മേ​രി​യ​ന്‍ വി​വാ​ഹം

ഉ​യ​ര്‍ന്നുവ​രു​ന്നു, വാ​ളി​ന്‍തു​മ്പു വ​രെ. അ​വി​ടെ

അ​സ്തി​ത്വ​മി​ല്ല, ശൂ​ന്യ​ത​യു​മി​ല്ല. സൃ​ഷ്ടി​ക്കാ​യു​ള്ള

അ​ത്യാ​ഗ്ര​ഹം ന​മ്മെ സ്പ​ര്‍ശി​ക്കു​ന്നു

ഒ​രു ക​മ്പി​യി​ല്‍നി​ന്ന് വെ​ള്ളം ഒ​ഴു​കു​ന്നു,

മ​റു​ക​മ്പി​യി​ല്‍നി​ന്ന് ജ്വാ​ല​ക​ള്‍ വ​രു​ന്നു

മൂ​ന്നാ​മ​ത്തേ​തി​ല്‍നി​ന്ന് സ്ത്രീ, ​ജീ​വ​ന്‍, വെ​ളി​പാ​ട്

തി​ള​ങ്ങി​പ്പ​ര​ക്കു​ന്നു. പാ​ടൂ, ഇ​ഷ്മായേ​ല്‍, അ​ർഥം

ഉ​ണ്ടാ​കുംവ​രെ. അ​പ്പോ​ള്‍ ആ​ത​ന്‍സി​നു​മേ​ല്‍

അ​സ്ത​മ​യ​ത്തി​ന്റെ ര​ണ്ടു ച​രി​ത്ര​ങ്ങ​ള്‍ക്കി​ട​യി​ല്‍

ഒ​രു പ​ക്ഷി പാ​റി ന​ട​ക്കും

വി​രു​ന്നു​ദി​വ​സ​ത്തി​ലെ ഒ​രു ശ്മശാ​ന​ഗീ​തം പാ​ടൂ!

ഹ​ല്ലേ​ലു​യ്യാ

ഹ​ല്ലേ​ലു​യ്യാ

എ​ല്ലാം ഇ​നി പു​തു​താ​യി തു​ട​ങ്ങും

ക​വി​ത​യ്ക്ക​ടി​യി​ല്‍: വി​ദേ​ശ​ക്കു​തി​ര പാ​യു​ന്നു, വ​ണ്ടി​ക​ള്‍

ത​ട​വു​കാ​രു​ടെ ചു​മ​ലു​ക​ള്‍ക്ക് മു​ക​ളി​ലൂ​ടെ

ക​ട​ന്നു​പോ​കു​ന്നു

മ​റ​വി​യും ഹൈ​ക്സോ​സ് വ​ർഗ​ക്കാ​രും അ​വ​രു​ടെ

താ​ഴെ​ക്കൂ​ടി പോ​കു​ന്നു. കാ​ല​ത്തി​ന്റെ യ​ജ​മാ​ന​രും

ത​ത്ത്വ​ചി​ന്ത​ക​രും ക​വി​ക​ളാ​യ ഇ​മ്ര് അ​ല്‍ കേ​മാ​രും

സീ​സ​റി​ന്റെ പ​ടി​ക്ക​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ

ഒ​രു നാ​ളേ​ക്കുവേ​ണ്ടി വി​ല​പി​ച്ചു ക​ട​ന്നു​പോ​കു​ന്നു

സ​മീ​പ​ ഭൂ​ത​കാ​ലം, ടാം​ബ​ര്‍ലൈ​നി​നെ​പ്പോ​ലെ,

അ​തി​നും കീ​ഴെ ക​ട​ന്നുപോ​കു​ന്നു. അ​വ​രെ​ല്ലാം

ക​വി​ത​ക്ക് കീ​ഴെ ക​ട​ന്നു​പോ​കു​ന്നു. അ​തി​ലേ

പ്ര​വാ​ച​ക​രും പോ​കു​ന്നു,

ഇ​ഷ്മായേല്‍ പാ​ടു​ന്ന​ത് കേ​ള്‍ക്കു​ന്നു:

ഹേ, ​അ​പ​രി​ചി​താ, ഞാ​നാ​ണു അ​പ​രി​ചി​ത​ന്‍, നീ​യും

എ​ന്നെ​പ്പോ​ലെ​യാ​ണ്, സ്ഥാ​നം തെ​റ്റി വ​ന്ന​വ​ന്‍,

ഹേ, ​തം​ബു​രൂ, ന​ഷ്ട​മാ​യ​ത് തി​രി​ച്ചു കൊ​ണ്ടു​വ​രൂ..,

എ​ന്നെ ഒ​രു സി​ര മു​ത​ല്‍ മ​റ്റേ സി​ര വ​രെ

ബ​ലി കൊ​ടു​ക്കൂ

ഹ​ല്ലേ​ലു​യ്യാ

ഹ​ല്ലേ​ലു​യ്യാ

എ​ല്ലാം ഇ​നി പു​തു​താ​യി തു​ട​ങ്ങും.

News Summary - weekly literature poem