മഴത്തുള്ളികളുടെ യാത്ര
ഉച്ചമയക്കത്തിനിടെ
ജനലഴികളിലൂടെ പുറത്തേക്ക്
ഒഴുകുന്നു ഞാൻ.
തെളിഞ്ഞ ആകാശത്തേക്ക് കുതിക്കുന്നു.
നിറയെ ജലകണങ്ങൾ
തുളുമ്പുന്ന
ഒറ്റ മഴമേഘം
എനിക്കായി കാത്തിരിക്കുന്നു.
ഞാനെന്റെ വലത്തേ
കൈകൊണ്ട്
ഓരോ ജലകണവും അടർത്തിയെടുത്ത്
ഇടത്തെ
കയ്യിലേക്ക് നിറയ്ക്കുന്നു. ആകാശത്തുനിന്നും
ഊർന്നിറങ്ങി കിണറ്റിലേക്ക്
ജലമിറ്റുന്നു.
കിണർ
നിറഞ്ഞു തുളുമ്പുന്നു.
പുറത്തേക്കൊഴുകുന്ന ജലം
അടുക്കളയും
ഡൈനിങ്ങ് റൂമും നിറയ്ക്കുന്നു.
ജലം
കിടപ്പറയിലേക്ക് കുതിക്കുന്നു.
വരാന്തയിലൂടെ വയലിലേക്കൊഴുകുന്നു.
വയലിൽ
നീന്തുന്ന മീൻ
എന്നെ കണ്ട്
കൊതിച്ചു ചാടുന്നു.
എന്റെ
കണ്ണുകളിലേക്ക്
ജലം തെറിക്കുന്നു.
ഇറുക്കെ
കണ്ണുകൾ
അടച്ച് തുറക്കുമ്പോൾ
ജനലിലൂടെ രണ്ടു മഴത്തുള്ളി
എന്റെ മുഖത്തേക്ക് വീഴുന്നു.