ശുദ്ധമദ്ദളം
ചുരം കേറിവന്നൊരു കാറ്റു കണക്കെ ചൂളം വിളിച്ച് വേഗത്തിലാണവൾ വന്നത് കരിമ്പനകൾ തലയാട്ടിനിന്നതും പൂവരശ്ശ് കാറ്റിൽ ചുരുണ്ട പൂക്കൾ തൂവിയതുമപ്പോഴാണ്... അച്ഛന്റെ കൈപിടിച്ച് ഉമ്മറപ്പടി കേറിയപ്പോൾ അവളച്ഛന്റെ പെണ്ണാണെന്നാണോർത്തത് അന്തിയിലമ്മൂമ്മയാണെന്റെ കാതിൽ പിറുപിറുത്തത് നിനക്കുള്ളതാണാ ഒറ്റപ്പൊറാട്ടുകാരിയെന്ന് നീയിങ്ങനെ തനിച്ചെത്രനാൾ എന്നൊരു വാക്ക് തിരിച്ചുനടന്നതും മുഖംതിരിച്ചോരു ഭയം വാതിൽ കൊട്ടിയടച്ചതും തുകൽഗന്ധമുള്ളൊരു മുറിയിൽ ഒറ്റയ്ക്കിരുന്നതും പാതിയാക്കിയ മദ്ദളത്തിന്റെ പെരുമ്പലവാറ് അഴിച്ചെടുത്തതും ഉത്തരത്തിൽ കുടുക്കിട്ടതും ഒരുപാളി...
Your Subscription Supports Independent Journalism
View Plansചുരം കേറിവന്നൊരു
കാറ്റു കണക്കെ ചൂളം വിളിച്ച്
വേഗത്തിലാണവൾ വന്നത്
കരിമ്പനകൾ തലയാട്ടിനിന്നതും
പൂവരശ്ശ് കാറ്റിൽ ചുരുണ്ട പൂക്കൾ
തൂവിയതുമപ്പോഴാണ്...
അച്ഛന്റെ കൈപിടിച്ച്
ഉമ്മറപ്പടി കേറിയപ്പോൾ അവളച്ഛന്റെ
പെണ്ണാണെന്നാണോർത്തത്
അന്തിയിലമ്മൂമ്മയാണെന്റെ കാതിൽ പിറുപിറുത്തത്
നിനക്കുള്ളതാണാ ഒറ്റപ്പൊറാട്ടുകാരിയെന്ന്
നീയിങ്ങനെ തനിച്ചെത്രനാൾ
എന്നൊരു വാക്ക് തിരിച്ചുനടന്നതും
മുഖംതിരിച്ചോരു ഭയം
വാതിൽ കൊട്ടിയടച്ചതും
തുകൽഗന്ധമുള്ളൊരു
മുറിയിൽ ഒറ്റയ്ക്കിരുന്നതും
പാതിയാക്കിയ മദ്ദളത്തിന്റെ
പെരുമ്പലവാറ് അഴിച്ചെടുത്തതും
ഉത്തരത്തിൽ കുടുക്കിട്ടതും
ഒരുപാളി വെട്ടമായവൾ കടന്നുവന്നതും
ചിലതിനെയൊക്കെ മാറ്റാനായിരുന്നിരിക്കാം...
ഇഷ്ടമില്ലാതെ മുഖം തിരിച്ചും
നോട്ടം വാക്കുചിരികൊണ്ട്
പെട്ടുപോവാതിരിക്കാൻ പാടുപെട്ടും..,
എന്നാലോ,
നളരൂപധ്യാനത്തിൽ കാമപരവശയായ
ദമയന്തിയെപ്പോൽ
സ്വപ്നാടനം ചെയ്തവൾ
പാതിരാവിൽ തെക്കേമുറ്റത്തു നിന്നുവെങ്കിലും
പൂവരശിൻ കൊമ്പിൽ ചന്ദ്രൻ വന്നതുമില്ല
നിലാവ് ചുരന്നതുമില്ല.
മൗനം കനത്തൊരിടനാഴിയിൽ
ദ്രുതമതിദ്രുതമിടമട്ടു മാതിരി
വീടിന്റെ താളമായവൾ പകർന്നാടി.
കത്തിപ്പാച്ചിലില്ലാത്ത പൊത്തിൻതോൽ ഉണക്കി
വയറു പോളയിൽനിന്ന് വലന്തലയും
ഇടന്തലയും വരച്ചെടുത്ത്
താളത്തിൽ വാറു വെട്ടി വലിച്ചുകെട്ടി തല്ലി
നിവർത്തി കുതിർത്ത് തോർത്തി
ആകാശഭൂതത്തെ നിറച്ച മദ്ദളകുറ്റിയിൽ
തോൽവട്ടങ്ങളിൽ പതിനേഴുകണ്ണി വാറുവലിച്ച്
ഇടുപ്പിൽ കച്ചകെട്ടി ബലപ്പെടുത്തുമ്പോൾ
അവൾ അരികിലുണ്ടായിരുന്നു.
കവുങ്ങോലകരിച്ച് ചോറരച്ചു
വലന്തലയിലവൾ മഷിയിടുമ്പോൾ
തോൽവട്ടങ്ങളിൽ മുദ്രകുത്തി
അവളുടെ വയറിലും കഴുത്തിലും തകാരവും ഓംകാരവും
തിരയുകയായിരുന്നു ഞാനും.
അപ്പോഴൊന്നും
പൂവരശിൻ കൊമ്പിൽ ചന്ദ്രൻ ഉദിച്ചതുമില്ല
നിലാവ് ചൊരിഞ്ഞതുമില്ല.
നാൽപത് കഴിഞ്ഞവൾ,
കാവ് പച്ചയെ ഉള്ളിലൊളിപ്പിച്ചവൾ,
ചുണ്ടപ്പൂമിഴിയിൽ ശലഭത്തെ പറപ്പിച്ചവൾ,
ചെങ്കനൽ മുഖവുമായി
മുന്നിൽ തിളങ്ങുമ്പോൾ
ആലിലകൾ കേളി തുടങ്ങിയിരിക്കുന്നു
‘‘ഹരിണാക്ഷിജന മൗലിമണേ
നീ അരികിൽ വരിക മാലിനീ...’’
കുറുംകത്തി വേഷത്തിൽ
ആട്ടപ്രകാരം ചൊല്ലിയ കീചകനോടൊപ്പം...
നിലാവ് തെളിച്ച ചൂട്ട് വെട്ടത്തിൽ
ഇരു നിഴലുകളൊന്നായി മാറുമ്പോൾ...
പ്രതിപദമൊരു
പോത്തിൻതല തെറിച്ചുരുണ്ടതും
മരച്ചില്ലമേൽ തൊലിയുരിഞ്ഞ മാംസങ്ങൾ
തൂങ്ങിയാടിയതും
മദ്ദളശ്രുതി പിഴച്ചതും
കാമയാനതൻ കലാശകൊട്ടിൽ
തുകല് മണക്കുന്ന ഞാനും എന്റെ മദ്ദളവും
ചുട്ടിയും ഉടുത്തുകെട്ടുമില്ലാതെ നഗ്നരായി
അരങ്ങിലൊന്നായി കൊട്ടിത്തീർന്നതുമതേ
കാറ്റുവേഗത്തിലാണ്.