പഹാഡി ഒരു രാഗം മാത്രമല്ല
(ഡൽഹിയിൽ എെന്റ ഓഫിസ് ൈഡ്രവർ ആയിരുന്ന ശ്യാം സിങ് ചൗഹാന്)

താങ്കളുടെ മലഞ്ചെരിവിലെ ചെറിയ വീട്ടിൽ നിന്നാൽ
കാണാം വലിയ ഹിമാലയം
അതിന് അൽപം മുകളിൽ
മേഘാവൃതമായ സ്വർഗത്തിലിരുന്ന്
അവിടത്തെ മഞ്ഞുവീഴുന്ന
അനന്തമായ ഒഴിവുകാലത്തെക്കുറിച്ച്
താങ്കൾ എഴുതുന്ന കവിതയിൽ
ഞാൻ ഉണ്ടാകുമോ, ഡൽഹിയിലെ,
കവിതയും ഹിന്ദിയും കൈമാറിയുള്ള
നമ്മുടെ വേഗം കൂടിയ യാത്രകളും?
ഓർക്കുന്നുണ്ടോ
എനിക്ക് വേണ്ടിയുള്ള
നീണ്ട കാത്തിരിപ്പുകൾക്കിടയിൽ
പഴുത്ത ഇലകളെയും കൂടുതേടുന്ന പക്ഷികളെയും
തണുത്തു വിറക്കുന്ന ആകാശത്തെയും നോക്കി
താങ്കൾ കുത്തിക്കുറിച്ചിരുന്ന കവിതകൾ?
അവയെല്ലാം ഒരർഥത്തിൽ
കാത്തിരിപ്പിനെക്കുറിച്ചായിരുന്നു,
ശിശിരത്തിൽ വസന്തത്തിനു വേണ്ടിയുള്ള
മരങ്ങളുടെ കാത്തിരിപ്പ്, ഗ്രീഷ്മ കാഠിന്യത്തിൽ
ജലത്തിന് വേണ്ടിയുള്ള മൃഗങ്ങളുടെ കാത്തിരിപ്പ്,
സ്നേഹത്തിനു വേണ്ടിയുള്ള ഏകാകികളുടെ
കാത്തിരിപ്പ്. ഒടുവിൽ ഒരു ദിവസം
താങ്കളുടെ ആദ്യത്തെ, അവസാനത്തെയും,
കവിതകളുടെ പുസ്തകം പുറത്തുവന്നു
ഞാനുണ്ടായിരുന്നു, താങ്കളിലെ കവിയെ
ആദ്യം തിരിച്ചറിഞ്ഞ പ്രിയകവി മംഗളേഷ് ദബ്രാലും.
താങ്കൾ ആദ്യം പോയി, പിന്നെ മംഗളേഷും.
സ്വർഗത്തിന്റെ ഭാഷ അങ്ങനെ പഹാഡി ആയി,
പഹാഡി ഒരു രാഗം മാത്രമല്ലെന്ന്
ഞാൻ ആദ്യം അറിഞ്ഞത് താങ്കളിൽ നിന്നാണ്,
അത് കൈലാസത്തോളം പഴക്കമുള്ള
മലകളിലെ സംസ്കാരമാണെന്ന്.
മഞ്ഞിന് താങ്കളുടെ ഭാഷയിൽ
ഇരുപതു വാക്കുകൾ ഉണ്ടെന്ന്.
അവയിൽ ഏതു മഞ്ഞാണ് താങ്കളുടെ
ഹൃദയം പിടിച്ചുനിർത്തിയത്?
നമ്മുടെ കരാർ താങ്കൾ മറന്നുവോ?
ജോലിയിൽനിന്ന് പിരിഞ്ഞാൽ എന്നെയും കൊണ്ട്
ഇന്ത്യ ചുറ്റാമെന്ന്? പക്ഷേ,
അതിനു സമയം കിട്ടും മുമ്പേ
താങ്കൾ ദൈവത്തിന്റെ ൈഡ്രവറായി.
ഇന്നലെക്കൂടി ഞാൻ മഴവില്ലിലൂടെ കണ്ടു,
ആ പകിട്ടുള്ള നക്ഷത്രവാഹനം, താങ്കൾ പഴയപോലെ
വെളുത്ത ഷർട്ടിൽ മുന്നിൽ,
മരിച്ചെന്ന ഭാവമേ ഇല്ലാതെ,
പിന്നിൽ ഞാൻ ആണെന്ന പോലെ.
ഞാനും താമസിയാതെ വരും,
പഹാഡി പഠിക്കും,
ദൈവത്തിെന്റ വാഹനത്തിൽ
ഒരു സീറ്റ് എനിക്കും വെക്കണേ!