ജി.എന്‍. സായിബാബയുടെ കവിതകള്‍

ഇന്ത്യൻ ഭരണകൂടത്തിന്റെ നിഷ്ഠുരതകൾക്ക് രക്തസാക്ഷിയാണ് തൊണ്ണൂറു ശതമാനം ശാരീരിക വൈകല്യം നേരിട്ട പ്രഫ. ജി.എൻ. സായിബാബ. മാവോവാദി ബന്ധമാരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം വലിയ പാഠപുസ്തകമാണ്. ഒക്ടോബർ 12ന് വിടവാങ്ങിയ അദ്ദേഹത്തിന്റെ കവിതകൾ മൊഴിമാറ്റുന്നു. 1. സ്നേഹത്തിന്റെ കൊത്തളത്തില്‍ പ്രവേശിക്കൂ എന്റെ സഹയാത്രികേ,എന്റെ പ്രിയപങ്കാളീ, ഒരു സംശയവും വേണ്ടാ, ഇത് വ്യക്തമായും സ്നേഹവും വെറുപ്പും തമ്മിലുള്ള യുദ്ധമാണ്, സ്നേഹത്തിന്റെ ഭാഗത്ത് നിലയുറപ്പിച്ചിട്ടും, കയ്യില്‍ സ്നേഹത്തിന്റെ ഖഡ്ഗം ഏന്താന്‍ നീയെന്താണ് മടിച്ചുനില്‍ക്കുന്നത്? സ്നേഹത്തിന്റെ...
Your Subscription Supports Independent Journalism
View Plansഇന്ത്യൻ ഭരണകൂടത്തിന്റെ നിഷ്ഠുരതകൾക്ക് രക്തസാക്ഷിയാണ് തൊണ്ണൂറു ശതമാനം ശാരീരിക വൈകല്യം നേരിട്ട പ്രഫ. ജി.എൻ. സായിബാബ. മാവോവാദി ബന്ധമാരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അദ്ദേഹത്തിന്റെ ജീവിതം വലിയ പാഠപുസ്തകമാണ്. ഒക്ടോബർ 12ന് വിടവാങ്ങിയ അദ്ദേഹത്തിന്റെ കവിതകൾ മൊഴിമാറ്റുന്നു.
1. സ്നേഹത്തിന്റെ കൊത്തളത്തില്‍ പ്രവേശിക്കൂ
എന്റെ സഹയാത്രികേ,
എന്റെ പ്രിയപങ്കാളീ,
ഒരു സംശയവും വേണ്ടാ,
ഇത് വ്യക്തമായും സ്നേഹവും
വെറുപ്പും തമ്മിലുള്ള യുദ്ധമാണ്,
സ്നേഹത്തിന്റെ ഭാഗത്ത്
നിലയുറപ്പിച്ചിട്ടും, കയ്യില്‍
സ്നേഹത്തിന്റെ ഖഡ്ഗം ഏന്താന്‍
നീയെന്താണ് മടിച്ചുനില്‍ക്കുന്നത്?
സ്നേഹത്തിന്റെ പടയാളി ആയിരുന്ന
കബീര്‍ പറയുന്നു, വരൂ,
ഞാന്‍ നിങ്ങളെ സ്നേഹത്തിന്റെ
വഴികള്‍ പഠിപ്പിക്കാം.
സ്നേഹത്തിന്റെ നഗരത്തിന്റെ
കൊത്തളത്തില്‍ പ്രവേശിക്കാന്‍
നിങ്ങള്‍ക്ക് ഒരുപക്ഷേ ശിരസ്സ്
നല്‍കേണ്ടി വന്നേക്കാം
എന്നിട്ടും, ഒരു യഥാർഥപങ്കാളിയായ നീ,
പ്രിയ സ്നേഹിതേ,
എന്തിനാണ് അതോര്‍ത്തു കരയുന്നത്?
( 2019 ആഗസ്റ്റ് 8, റിവേരക്ക് എഴുതിയത്)
2. കളയൂ, ഈ അഹങ്കാരം
സ്നേഹിതരേ, എന്റെ
സ്വപ്നം പങ്കിടുന്നവരേ,
നിങ്ങള്‍ സ്നേഹത്തിനായി
എല്ലാം ഉപേക്ഷിച്ചു.
പക്ഷേ വേണ്ടെന്നു വെച്ചതിനെച്ചൊല്ലി
നിങ്ങള്‍ കരയുന്നതെന്തിന്?
നിങ്ങള്‍ വീടും കുടുംബവും വിട്ടു,
പ്രിയപ്പെട്ട എല്ലാവരെയും,
സ്നേഹത്തിന്റെ നഗരത്തിനു
വിജയം നേടാന്‍.
പിന്നെയും എന്തിനാണ് ഈ ദീര്‍ഘയാത്രയില്‍
നഷ്ടപ്പെടുന്ന കൊച്ചു കാര്യങ്ങളെച്ചൊല്ലി
ഇത്ര ഉത്കണ്ഠപ്പെടുന്നത്?
പ്രിയ സുഹൃത്തുക്കളേ, നിങ്ങളുടെ ആഹ്നതയും...
സങ്കുചിതത്വവും വലിച്ചെറിയൂ.
കബീര്‍ സ്നേഹത്തെക്കുറിച്ച് പറയുന്നു.
സ്നേഹത്തിന്റെ നഗരത്തിലെത്താന്‍
ആഗ്രഹിക്കുന്നവര്‍
ഈ യാത്ര തുടങ്ങും മുമ്പേ
അഹന്തയും ഹുങ്കും കൈവെടിയണം എന്ന്.
(2019 ഡിസംബര്‍ 12)
3. ബോംബുകള്‍ ഉന്നം തെറ്റി പായുന്നു
ചിത്രത്തിലുള്ള അനാഥബാലന്
ഒരു ചോദ്യമുണ്ട്: നിങ്ങള്‍ എന്തിനാണ്
എന്റെ അച്ഛനെയും അമ്മയെയും
ബോംബിട്ടു കൊന്നത്?
എന്റെ ജയില്‍മുറിയില്‍
മരവിപ്പിക്കുന്ന ഭീതി പടര്‍ന്നു
ഒരു പാറമേല്‍ ഈ ചോദ്യം കോറുന്ന
ചിത്രമുള്ള പേപ്പര്‍ വന്ന ദിവസം
പീഡിപ്പിക്കുന്ന ദുഃസ്വപ്നം നിറഞ്ഞ
രാത്രി മുഴുവന്‍ എനിക്കുറക്കം വന്നില്ല.
മിടുക്കന്‍ നഗരത്തിന്റെ പൊടിപിടിച്ച തെരുവുകളില്‍
ബോംബുകള്‍ പലപ്പോഴും
തെണ്ടിനായ്ക്കളെപ്പോലെ വഴി തെറ്റിപ്പോകുന്നു
കുട്ടി സിറിയയില്‍നിന്നോ
സോമാലിയയില്‍നിന്നോ ആകാം.
അതില്‍ എന്ത് കാര്യം?
ബോംബുകൊണ്ട് കൊല്ലപ്പെടുന്ന
ഓരോ കുടുംബവും
നിങ്ങളെയും എന്നെയും പോലെ
മാനുഷികമായ ഒരു സ്വപ്നഭൂമിയാണ്
ബോംബുകള്‍ വഴിതെറ്റിപ്പോകുന്നു.
കൃത്യതയുള്ള ബോംബുകള്‍
കൃത്യമായി വഴിതെറ്റുന്നു,
സാമൂഹ്യമാധ്യമങ്ങളുടെ നടുവഴികളില്‍
ശമ്പളം പറ്റുന്ന ഇലക്ഷന്‍ ട്രോളുകള്‍
കുരയ്ക്കുംപോലെ.
ഹൈ-ടെക് യുദ്ധങ്ങളുടെ
ശീലങ്ങള്‍ പെട്ടെന്നു മരിക്കാറില്ല.
ആകാശത്തുനിന്നു വീഴുന്ന ബോംബുകള്‍
വഴിതെറ്റി എവിടെയും ആരുടെ തലയിലും വീഴാം.
ജീവിക്കാന്‍ കൊള്ളാവുന്ന ഏതു സ്ഥലവും
യുദ്ധഭൂമിയാകാം
കുട്ടി ലിബിയയിലോ ലബനാനിലോ നിന്നാകാം
ഓരോ കുട്ടിയും മനുഷ്യരുടെ
ഒരാവാസഭൂമിയാണ്,
യുദ്ധമാണ് ഏറ്റവും ലാഭമുള്ള ബിസിനസ്.
ബോംബിടുന്നവര്‍ക്ക് പിന്നില്‍നിന്ന്
യുദ്ധം ചെയ്യിക്കാനും താഴെ
രഹസ്യസൈന്യങ്ങളെ വിന്യസിക്കാനും ഇഷ്ടമാണ്.
യുദ്ധങ്ങളും പരോക്ഷയുദ്ധങ്ങളും
എന്നും ഒന്ന് മറ്റൊന്നിലേക്കു തുറക്കുന്നു.
ചിത്രത്തിലെ ഒളിഞ്ഞിരിക്കുന്ന കണ്ണുകളില്‍
ഭയത്തിന്റെ കണ്ണീര്‍ ഒന്നും കാണുന്നില്ല
അവ രാക്ഷസനെ അത്രയേറെ തവണ
കാണുന്നതു കൊണ്ടാവാം.
കുട്ടി ചെച്നിയയില്‍നിന്നോ നൈജീരിയയില്‍
നിന്നോ ആകാം. രാക്ഷസന്‍ പല്ലു കാട്ടി
മുരളുന്നു, കയ്യില്‍ ദൂരെ നിന്ന് ബോംബുകള്‍
പൊട്ടിക്കുന്ന സ്വിച്ചുകളുമായി, പിന്നെ
തോന്നിയപോലെ ആക്രമണം നടത്തുന്നു
ബോംബുകള്‍ ആകാശത്തു നിന്ന്
പക്ഷിക്കാഷ്ഠം പോലെ വീഴുന്നു.
കുട്ടി ഫലസ്തീനില്‍നിന്നോ പാകിസ്താനില്‍
നിന്നോ ആകാം, ഗാന്ധിയുടെ സമാധാനവും
അഹിംസയും, അഥവാ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ
ദയാമയമായ വാക്കുകള്‍ ആയുധമാക്കിയ
നമ്മെപ്പോലെ, യുദ്ധഭൂമിയിലെ കുട്ടിക്ക്
കരഞ്ഞും നിലവിളിച്ചും ആര്‍ഭാടം കാണിക്കാന്‍
നേരമില്ല. നമ്മള്‍ മേശയ്ക്കിരുവശവുമിരുന്ന്
ശാന്തിയുടെ കാപ്പി ആസ്വദിച്ചു കുടിക്കുമ്പോള്‍,
അഥവാ, നമ്മുടെ പതുപതുത്ത തലയിണകളില്‍
ശിരസ്സുവെച്ചുറങ്ങുമ്പോള്‍, ബോംബുകള്‍
നൂറും ആയിരവുമായി വര്‍ഷിക്കുന്നു
നാം വിസ്മയാനന്ദങ്ങളോടെ
വര്‍ണശബളമായ സ്മാര്‍ട്ട് ടി.വി സ്ക്രീനില്‍
അതെല്ലാം കണ്ടു യുദ്ധത്തെയും
ഹിംസയെയും പഴിക്കുന്നു
എന്റെ കോഴിമുട്ട പോലുള്ള ജയിലറയില്‍
ഉറക്കം വരാത്ത രാത്രിയില്‍
എന്റെ സമാധാനപ്രിയമായ കണ്ണുകള്‍ക്ക്
പുറം തിരിഞ്ഞ് ആ കുട്ടി നില്‍ക്കുമ്പോള്‍
അവളുടെ കണ്ണുകള്‍ വായിച്ചെടുക്കാന്‍
എനിക്ക് കഴിയുന്നില്ല
കുട്ടി കശ്മീരില്‍നിന്നോ
യമനില്‍നിന്നോ ആകാം,
പ്രതികാരമാണ് അനന്തമായ
യുദ്ധഗാനത്തിന്റെ പല്ലവി.
യുദ്ധം പ്രഖ്യാപനത്തോടെ വരാം,
പ്രഖ്യാപിക്കാതെയും വരാം
അത് പരസ്യമാകാം, രഹസ്യമാകാം,
പരിശുദ്ധയുദ്ധവുമാകാം
ബോംബുകള്‍ക്ക് എണ്ണം ഉണ്ടാകാം,
ഉണ്ടാകാതെയുമിരിക്കാം
താഴെ പട്ടാളം ഉണ്ടാകാം,
അല്ലെങ്കില്‍ വലിയ സഖ്യങ്ങള്‍ ഉണ്ടാകാം.
പൗരരുടെ നഷ്ടം എണ്ണുകയേ വേണ്ടാ
സ്വതന്ത്ര ജനാധിപത്യങ്ങള്‍
ഏറ്റവും രൂക്ഷമായ യുദ്ധങ്ങള്‍ നടത്തുന്നു
സുന്ദരരായ ഏകാധിപതികളെ സൃഷ്ടിക്കുന്നു,
അവരുടെ ഓരോ വാക്കും
പുരാശേഖരത്തില്‍ സൂക്ഷിച്ചുവെയ്ക്കപ്പെടുന്നു
നമ്മുടെ സമാധാനം തിങ്ങിവിങ്ങുന്ന,
ശാന്തിമന്ത്രങ്ങളും യോഗവും
ആയിരം തരം ധ്യാനങ്ങളും നിറഞ്ഞുകവിയുന്ന,
അതിഥിമുറികളിലെ പരന്ന സ്ക്രീനുകളില്‍
അവരുടെ മുഖങ്ങള്‍ സുന്ദരമായി കൊള്ളുന്നു.
വസുധൈക കുടുംബകം!
ശാന്തി! ശാന്തി! ശാന്തി!
സമാധാനത്തിന്റെ എല്ലാ ബിസിനസുകളിലും വെച്ചു
ഏറ്റവും സുസ്ഥിരമായത് യുദ്ധമാണ്.
ചിത്രത്തിലെ അനാഥക്കുട്ടിക്കു ഒരു ചോദ്യമുണ്ട്:
നിങ്ങള്‍ എന്തിനാണ്
എന്റെ അമ്മയെയും അച്ഛനെയും
ബോംബിട്ടു കൊന്നത്?
ബോംബുകള്‍ വഴിതെറ്റി
എന്റെ ഇരുട്ടറയിലും വന്നുവീഴുന്നു,
എന്റെ തടവറയിലെ രാത്രികളിലേക്ക്
ഉറക്കം കടന്നുവരുന്നതേയില്ല.
(2019 ജൂണ്‍ 22)
4. എന്റെ കൂടിനു മുന്നില്‍ ഒരു പക്ഷി
(കവിയുടെ സഹോദരന്റെ മകന്‍, ഒമ്പതു വയസ്സുകാരന്‍ ചന്തുവിന് എഴുതിയത്)
എന്റെ കൂടിനു മുന്നില്‍
മേല്‍ക്കൂരയിലെ ഇരുമ്പുകമ്പികളിലെ കൂട്ടില്‍
ഒരു പക്ഷിക്ക് അസുഖം വന്നു
രാജ്യത്തെ ഒരു വിചിത്രരോഗത്തില്‍
അവന്റെ ചിറകിലെ തൂവലുകള്‍ മുറിച്ചുകളഞ്ഞു
അവന്‍ ശ്വാസത്തിനുവേണ്ടി പിടഞ്ഞു,
തന്റെ ചിറകില്‍ തൂവലുകള്‍ ഇല്ലെന്നു മറന്ന്,
തന്റെ തടവില്‍നിന്ന് ദൂരെ പറന്നു പോകാനും.
ദുഃഖവും വ്യഥിതമായ കണ്ണുകളും കൊണ്ട്
ചില ഏകാകികള്‍ നിശ്ശബ്ദമായി നിലവിളിച്ചു
മറ്റുള്ളവര്‍ പിറുപിറുത്തു: വൈകിപ്പോയി
അവന്‍ പാതിയും മരിച്ചിരിക്കുന്നു, ഇനി അൽപം
സമയം മാത്രം. കൂട്ടിലടച്ച എല്ലാ പക്ഷികളും
നിസ്സഹായരായി രോഗിയായ പക്ഷിയോട്
സഹതപിച്ചു
അവന്‍ തങ്ങളുടെ സഹതടവുകാരന്‍
ആണെന്നപോലെ
ശിരസ്സിനു മുകളിലുള്ള പരിചിതമായ
കമ്പികള്‍ വരെ കഴുത്തുനീട്ടി
അവനെ കണ്ണുകള്‍കൊണ്ട് ആശ്ലേഷിച്ചു
വിഷണ്ണമായ അനേകം ഹൃദയങ്ങള്‍ മന്ത്രിച്ചു:
അവന്‍ ഊർജസ്വലനായിരുന്നു,
ദൃഢനിശ്ചയമുള്ളവന്‍,
വരാനിരിക്കുന്ന ക്രൂരമായ കാലം ഓര്‍ക്കാതെ
അൽപം ദിവസം മുമ്പ് ഇണയോടൊപ്പം
കൂടുണ്ടാക്കാന്‍ കൂടും വരെ.
ഇപ്പോള്‍, ചൂടുള്ള ഒരു വേനല്‍ കൊടുങ്കാറ്റ്
അവന്റെ ഇണയെയും
അപ്പോള്‍ പിറന്ന കുഞ്ഞുങ്ങളെയും
പറത്തിക്കൊണ്ടുപോയ ശേഷം
അവന്‍ പകലും രാത്രിയും കണ്ണടച്ച്
തന്റെ തകര്‍ന്ന കൂട്ടില്‍ കിടക്കുന്നു
ആ പൊളിഞ്ഞുപോയ ഏകാന്തമായ കൂട്ടില്‍
അവനിപ്പോള്‍ മരിച്ചുപോയാല്‍
വലിയ സങ്കടമാവും
അവനെ ബലം പ്രയോഗിച്ചു മാറ്റിയാല്‍
അത് ആള്‍ക്കൂട്ടം നടത്തിയ
തല്ലിക്കൊല പോലെയാവും
പക്ഷേ, ഈ നിർദയമായ ലോകത്തില്‍
ആരു ശ്രദ്ധിക്കാനാണ്, ഇവിടെ
ഒരു സെല്ലില്‍നിന്ന് മറ്റൊന്നിലേക്കു
സ്വകാര്യങ്ങള്‍ രഹസ്യമായി
വായില്‍നിന്ന് കാതിലേക്ക് പരക്കുന്നു
എങ്കിലും ചിലര്‍ സംശയിച്ചു:
അവന്‍ ഭീകരവാദികളുടെ ചാരനായിരുന്നു
ഗൂഢാലോചനയുടെ മുട്ടകള്‍
വിരിയിക്കുമ്പോള്‍ പിടികൂടപ്പെട്ടവന്‍.
മറ്റു ചിലര്‍ ഗൂഢാലോചന വെറും
കേട്ടുകേള്‍വിയായി തള്ളിക്കളഞ്ഞു,
അവന്‍ സമാധാനത്തിന്റെയും നീതിയുടെയും
ദൂതനായിരുന്നു എന്ന് ഉറപ്പിച്ചുപറഞ്ഞു.
പക്ഷേ, ചില ജയിൽപ്പക്ഷികള്‍ ശ്രദ്ധയോടെ
പറഞ്ഞു: കേസ് വെറും ഊഹങ്ങള്‍
അടിസ്ഥാനമാക്കി കെട്ടിച്ചമച്ചതാണ്,
അത് കോടതിയില്‍ നിലനില്‍ക്കില്ല,
കേസ് ആണ്ടുകളോ പതിറ്റാണ്ടുകളോ
നീണ്ടുപോയേക്കാമെങ്കിലും.
നീതിക്ക് ചെലവിടാന്‍ ഒരായുസ്സ് പോരാ
ചിലര്‍ പറഞ്ഞു, അവന്‍ ഒരു
ചാരപ്രാവാണ്, മറ്റു ചിലര്‍ അവന്‍
വെള്ളപ്രാവാണെന്നു കരുതി, പക്ഷേ
ചിലര്‍ അടക്കിപ്പിടിച്ച ശബ്ദത്തില്‍ പറഞ്ഞു,
സൂക്ഷ്മമായ മനസ്സുകള്‍ ചിന്തിച്ചു,
അവന്‍ ചാരപ്രാവുമല്ല, വെള്ളപ്രാവുമല്ല,
ഒരു ശുദ്ധ നാടന്‍ ഫാഖ്താപക്ഷിയാണ്.
ഏതായാലും ഒടുവില്‍ അവര്‍ക്ക് ഒരു
തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല,
അവന്റെ കുറ്റങ്ങളുടെ ആയാലും
വംശത്തിന്റെ ആയാലും.
പരിഷ്കരണങ്ങളുടെ ഒരു നാടുവാഴി
പരിശോധനയ്ക്ക് വരുന്നതിനു ഒരു ദിവസം മുമ്പ്,
പുരാതനമായ ആ പരിസരങ്ങളിലെ
ചേറും ചളിയും കഴുകി വെടിപ്പാക്കാന്‍
ഒരു സംഘത്തെ നിയോഗിച്ചു
തൊഴിലാളികളുടെ കൈകള്‍ക്കു
മൃഗീയമായ തിരക്കോടെ പണി എടുക്കേണ്ടി വന്നു
ഓരോ പൊടിയും തൂത്തു വെടിപ്പാക്കി,
ഒപ്പം ആ തകര്‍ന്ന കൂടും.
പെട്ടെന്നുതന്നെ കരഞ്ഞു അലറിവിളിക്കുന്ന
ഒരു പക്ഷിക്കൂട്ടം കൂടിനു പുറത്തു
വട്ടമിട്ടു പറക്കാന്‍ തുടങ്ങി,
എന്റെ സെല്ലിലെ തളച്ചിടപ്പെട്ട വായു പോലും
ദുഃഖംകൊണ്ട് കനത്തു.
പക്ഷേ, ആ പ്രതാപിയായ സന്ദര്‍ശകനു
ഒഴിവാക്കാനാകാത്ത ഏതോ കാരണങ്ങള്‍മൂലം
സന്ദര്‍ശനം നടത്താന്‍ കഴിഞ്ഞില്ല.
ആളുകള്‍ പറഞ്ഞുകേട്ടത് ആ ഭീകരമായ
സംഭവത്തിന്റെ ഓർമകള്‍ ഒഴിവാക്കാനാണ്
അയാള്‍ വരാതിരുന്നതെന്നാണ്.
ആ വിലപിക്കുന്ന വായു എന്റെ
അടഞ്ഞ കൂട്ടില്‍ രോഗംപോലെ പരന്നു.
(2019 മേയ് 7)
5. ഹേ, സിന്‍ഡറെല്ല
(എന്‍. വേണുഗോപാലിന്, ജനാധിപത്യത്തെക്കുറിച്ച് ഒരു ലേഖനം ആവശ്യപ്പെട്ടപ്പോള്‍ പകരം എഴുതിയത്)
ഹേ, സമ്മതിദായകാ,
നീ കസാന്ദ്രയെപ്പോലെയാണ്,
പ്രവചനശേഷിയുള്ളവന്‍,
പക്ഷേ പ്രവചനം എല്ലാം
തെറ്റാന്‍ ശപിക്കപ്പെട്ടവന്‍
നീ ചുമലില്‍ പാറയുമേറ്റി നടക്കുന്നു,
കുന്നിന്മുകളിലേയ്ക്ക്
വീണ്ടും വീണ്ടും,
ഒടുവില്‍ അത് താഴെ
കുഴിയുടെ അടിത്തട്ടിലേയ്ക്ക്
ഉരുണ്ടുവീഴുന്നത് കാണാന്‍മാത്രം.
നീ ഒരു സിസിഫസ്സാണ്,
നാറാണത്തു ഭ്രാന്തന്‍,
നിന്റെ തെരഞ്ഞെടുപ്പ് ഹോബ്സന്റെ
തിരഞ്ഞെടുപ്പ് മാത്രം,
ഒരു തിന്മയും മറ്റൊരു തിന്മയും തമ്മില്‍.
ഹേ, വോട്ടര്‍, നീ മുഖമില്ലാത്ത ജന്തുവാണ്
ഓര്‍ക്കുക,
നീ ചങ്ങല പൊട്ടിച്ചു സ്വതന്ത്രയാകുന്ന
ഒരു സിന്‍ഡറെല്ലയാണ്,
പക്ഷേ, ഒരു രാജകുമാരനും നിന്നെ
രക്ഷിക്കാന്‍ വരുന്നില്ല
നീ ലോകം സ്വന്തം ൈകയില്‍
എടുത്തേ തീരൂ.
( 2018 സെപ്റ്റംബര്‍ 25)
ജി.എന്‍. സായിബാബ (1967-2024)
ആന്ധ്രയില്‍ അമലാപുരത്ത് ഒരു കര്‍ഷക കുടുംബത്തില്‍ ജനനം. അഞ്ചാം വയസ്സില്‍ പോളിയോ പിടിപെട്ട് വീല്‍ ചെയറിലായി. സമർഥനായ വിദ്യാര്‍ഥിയായിരുന്നു. എം.എ ഇംഗ്ലീഷ് കഴിഞ്ഞ് ‘ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യവും രാഷ്ട്രനിർമാണവും’ എന്ന വിഷയത്തില്‍ ഗവേഷണ ബിരുദം. ഡല്‍ഹി രാംലാല്‍ ആനന്ദ് കോളജില്‍ അധ്യാപകനായിരുന്നു. അനേകം ലേഖനങ്ങള്‍, ‘സൃജന’ എന്ന പ്രസിദ്ധീകരണത്തില്‍ കവിതകള്‍. ഒരു കവിതാസമാഹാരം -“Why Do You Fear My Way So Much?” 2017ല്‍ മാവോവാദി ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബെഞ്ച് വെറുതെ വിട്ടു. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയി, വിധി നടത്തുന്നത് നീട്ടിവെപ്പിച്ചു.

പക്ഷേ വിധി, നീതിയുടെ പരാജയമാണെന്നും തെളിവില്ലെന്നും കാണിച്ച് ഹൈകോടതി വീണ്ടും വെറുതെ വിട്ടു. തടവില്‍ തന്നെ ദ്രോഹിച്ചിരുന്നതായി സായിബാബയുടെ മൊഴിയുണ്ട്. സര്‍ക്കാര്‍ വീണ്ടും അപ്പീല്‍ പോയി. അതിനിടെ, 2024 ഒക്ടോബര്‍ 12ന് പിത്താശയക്കല്ലുകള്‍ മാറ്റാനുള്ള ശസ്ത്രക്രിയയില്‍ പ്രശ്നങ്ങളുണ്ടായി മരണമടഞ്ഞു. ഗുരജാഡാ അപ്പാ റാവു, ശ്രീ ശ്രീ, എൻഗൂഗി വാ തിയോൻഗോ എന്നിവരാണ് തന്നെ ആഴത്തില്‍ സ്വാധീനിച്ചതെന്ന് സായിബാബ പറഞ്ഞിട്ടുണ്ട്. ദലിത്-ആദിവാസി രചനകളുടെ വക്താവായിരുന്നു. പത്നി വസന്തകുമാരി, മകള്‍ മഞ്ജീര.
മാധ്യമം ബുക്സ് ഉടനെ പ്രസിദ്ധീകരിക്കുന്ന, ജി.എൻ. സായിബാബയുടെ കവിതകളുടെയും എഴുത്തുകളുടെയും സമാഹാരമായ ‘എന്റെ വഴികളെ നിങ്ങൾ എന്തിനാണ് ഇത്ര ഭയക്കുന്നത്’ എന്ന പുസ്തകത്തിൽ ഇൗ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.