മരങ്ങളായും, ചെടികളായും
മരങ്ങളും
ചെടികളും
ചില മനുഷ്യരെക്കുറിച്ചോർത്ത്
വിഷാദിച്ച് ഒരേ നിൽപാണ്.
വാതിലുകളും
ജാലകങ്ങളുമടച്ച്
വീടിന്നകമേയവർ
ഓരോ തുരുത്താവുന്നതിനെപ്പറ്റി
ആലോചിച്ചിട്ടാവാമത്!
ഏറെ സങ്കടപ്പെടുമ്പോൾ
മരം ഒരു ഇലയോ
ചെടികളൊരു പൂവോ
മണ്ണിലേക്കിടുന്നു.
മഞ്ഞും വെയിലുംകൊണ്ട്
തളർന്നുപോവാതെയും
കാറ്റിലും മഴയിലും
വീണുപോവാതെയുമവ
എത്ര കാലമായ് പിടിച്ചുനിൽക്കുന്നു?
ഒരൊറ്റ ഇടിമിന്നൽ മതി
മനുഷ്യൻ വീണുപോകാൻ.
വീടുറങ്ങുന്ന നേരത്ത്,
എല്ലാ വെളിച്ചവും കെട്ടാൽ
മരങ്ങളും ചെടികളും
നടക്കാനിറങ്ങുന്നുണ്ടാവണം.
പൂവുകൾ ഗന്ധംകൊണ്ട്
ഭൂമിയിൽ പരവതാനി വിരിക്കും.
അടുത്ത വീട്ടിലെ ചെടികളോട്
അതിർത്തിയിലെ മരങ്ങളോട്
സുഖദുഃഖങ്ങൾ ചോദിച്ചറിയും.
കായ്ക്കാത്ത മരങ്ങളുടെ കണ്ണിൽ
പ്രണയത്തോടെ ഉമ്മവെയ്ക്കും.
പൂക്കാത്ത ചെടികളുടെ
തോളിൽ തട്ടി ആശ്വസിപ്പിക്കും.
അവ പ്രണയിച്ചതിലേറെ
ഒരു മനുഷ്യനും പ്രണയിച്ചിട്ടുണ്ടാവില്ല.
വഴിയിൽ വെെച്ചങ്ങാനും
മനുഷ്യരെ കണ്ടാൽ
എത്ര വൈദഗ്ധ്യമായിട്ടാണവ
കാട്ടിലേക്ക് ഒളിച്ചു കടക്കുന്നത്...
നേരം പുലർന്ന്
വെളിച്ചം പരക്കുന്നതിൻ മുമ്പ്
അവ മുറ്റത്തും തൊടികളിലും
വന്നിരിക്കുന്നുണ്ടാവും.
ചിലപ്പോൾ ആകെ പൂത്ത്
മറ്റു ചിലപ്പോൾ തളിർത്ത്.
മരങ്ങളെ പോലെയും
ചെടികളെ പോലെയും
മനുഷ്യനെന്നാണ് നിവർന്നുനിൽക്കുക?