ഒരു തരം സെന്‍സര്‍ഷിപ്പും 'മാധ്യമ'ത്തില്‍നിന്ന് ഞാന്‍ നേരിട്ടിട്ടില്ല; സച്ചിദാനന്ദൻ നിലപാട് വ്യക്തമാക്കുന്നു
മാധ്യമം ആഴ്ചപ്പതിപ്പിൽ ആദ്യകാലം മുതൽ തുടർച്ചയായി പരിസ്ഥിതി, ജനപക്ഷ സമരങ്ങൾ എന്നിവയെപറ്റി സി.ആർ. നീലകണ്ഠൻ എഴുതിയിരുന്നു. 'മാധ്യമ'ത്തിനൊപ്പമുള്ള തന്‍റെ എഴുത്ത്-പോരാട്ട വഴികളെക്കുറിച്ച് ഓർമിക്കുകയാണ് ഇവിടെ അദ്ദേഹം.
ആദ്യം മുതൽക്കേ മാധ്യമം ആഴ്ചപ്പതിപ്പുമായി സഹകരിക്കുകയും 'കവിതക്കൊരു വീട്' പംക്തിയടക്കം നിരവധി രചനകൾ ആഴ്ചപ്പതിപ്പിന് നൽകുകയുംചെയ്ത കവി തന്‍റെ അനുഭവവും വിലയിരുത്തലും എഴുതുന്നു. മാധ്യമം രജതജൂബിലി പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചത്.
ഞാന്‍ പതിറ്റാണ്ടുകളായി പലതരം പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നയാളാണ്. മലയാളത്തിലെ ഏറ്റവും ചെറിയ ഇന്‍ലന്‍ഡ്- ഓണ്‍ലൈന്‍ മാസികകള്‍ മുതല്‍ ഒരുലക്ഷമോ അതിനടുത്തോ പ്രചാരമുള്ള വാരികകള്‍ വരെ. എന്നാല്‍, മുമ്പൊരിക്കലും താങ്കള്‍ എന്തുകൊണ്ട് ആ ആനുകാലികത്തില്‍ അഥവാ ഈ ആനുകാലികത്തില്‍ എഴുതുന്നു എന്ന് ആരും ചോദിച്ചിട്ടില്ല. എന്നാല്‍ 'മാധ്യമം' ആഴ്ചപ്പതിപ്പില്‍ ഇടക്കിടക്ക് കവിതകള്‍, കഥകള്‍, ലേഖനങ്ങള്‍, കുറച്ചു കാലമായി പ്രധാനമായും ഇതര ഭാഷാകവികളെയോ കവിതയിലെ പ്രവണതകളെയോ അവതരിപ്പിക്കുന്ന ഒരു പംക്തി -ഇവയൊക്കെ എഴുതാനാരംഭിച്ചപ്പോള്‍മുതല്‍തന്നെ ഒരു ചെറിയ വിഭാഗം ആളുകള്‍ എന്തുകൊണ്ട് ഞാന്‍ ഈ വാരികയില്‍ എഴുതുന്നു എന്ന് ചോദിച്ചുകൊണ്ടിരിക്കുന്നു. പലപ്പോഴും നേരിട്ട് ചോദിക്കുകയല്ല അവര്‍ ചെയ്യുന്നത്, അങ്ങിങ്ങായി പ്രഭാഷണങ്ങളിലോ അഭിമുഖങ്ങളിലോ ലേഖനങ്ങളിലോ ഒക്കെ കുത്തിപ്പറയുകയോ തള്ളിപ്പറയുകയോ ഒക്കെയാണ്. എനിക്കറിഞ്ഞുകൂടാ, മലയാളികള്‍ സ്നേഹത്തോടെ വായിക്കുന്ന എത്ര എഴുത്തുകാര്‍ 'മാധ്യമ'ത്തില്‍ എഴുതാതെ ഉണ്ടെന്ന്. അത്തരം കണക്കുകളില്‍ തീരെ താൽപര്യവുമില്ല. എഴുതാത്തവര്‍ എഴുതണ്ട, എഴുതുന്നവര്‍ എഴുതട്ടെ എന്നൊരു സമീപനമേ ഇക്കാര്യത്തില്‍ എനിക്കുള്ളൂ. ഇവരൊക്കെ ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ചു വാചാലരാണ്; പലരും 'മീഡിയവണ്‍' നിരോധനതുല്യമായ ഭീഷണി നേരിട്ടപ്പോള്‍ മൗനംപാലിച്ചവരുമാണ്. അത്രക്കുണ്ട് അവരുടെ 'ജനാധിപത്യ' ബോധം.
ഈ ആളുകളുമായി അർഥപൂർണമായ ഒരു സംവാദം പ്രയാസമാണ്. അവര്‍ ആവര്‍ത്തിച്ചുപറയുന്നത് ഒരു സമവാക്യമാണ്. മാധ്യമം= ജമാഅത്തെ ഇസ്‍ലാമി; ജമാഅത്തെ ഇസ്‍ലാമി= മൗദൂദിസവും ഇസ്‍ലാം രാഷ്ട്രവാദവും: അതിനാല്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതുന്നവര്‍, ഏതു മതവിഭാഗത്തില്‍പെട്ടവരായാലും, മൗദൂദിസ്റ്റുകള്‍. ഈ മൗദൂദിയെ കണ്ടുപിടിക്കാന്‍ ഞാന്‍ 'ആഴ്ചപ്പതിപ്പി'ന്റെ താളുകള്‍ പലതവണ പരതിയിട്ടുണ്ട്, എവിടെയെങ്കിലും കക്ഷി അറിയാതെ ഒളിച്ചിരിക്കുന്നുണ്ടെങ്കിലോ? പക്ഷേ കാണുന്നതെല്ലാം സകാരണമായ ജനകീയസമരങ്ങളുടെയും പ്രതിരോധങ്ങളുടെയും റിപ്പോര്‍ട്ടുകള്‍, പല വിഷയങ്ങളെയും പറ്റി കാമ്പുള്ള ലേഖനങ്ങള്‍, ഭേദപ്പെട്ട കഥകള്‍, കവിതകള്‍, വിവര്‍ത്തനങ്ങള്‍, ഇതിനകം വളരെ പ്രസിദ്ധമായിക്കഴിഞ്ഞ ചില നോവലുകള്‍, പൊതുവെ കീഴാള -അനുകൂലമായ സമീപനം: ഇതിലൊക്കെ എവിടെയാണ് മൗദൂദി? അപ്പോള്‍ അവര്‍ പറയും, അതെല്ലാം അടവുകളല്ലേ, അവസാനം മൗദൂദി പുറത്തുവരും. ഒരു വാരിക, അഥവാ പത്രം, അതിന്റെ ഉള്ളടക്കംതന്നെയാണ് എന്ന് വിചാരിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് ഈ വാദം മനസ്സിലായിട്ടില്ലെന്നു ഖേദപൂർവം സമ്മതിക്കട്ടെ.
വാസ്തവത്തില്‍ എന്നെ 'മാധ്യമം' ആഴ്ചപ്പതിപ്പിലേക്ക് ആകര്‍ഷിച്ചതു തന്നെ അതിന്റെ ജനകീയസമരങ്ങളോടുള്ള, കക്ഷികള്‍ക്കതീതമായ, ആഭിമുഖ്യവും അനുഭാവവുമാണ്. ഒപ്പം പൊതുവെ അത് പുലര്‍ത്തുന്ന നിലവാരവും. അത് വര്‍ഗീയതയെ പ്രീണിപ്പിക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്ന ഒന്നും പ്രസിദ്ധീകരിച്ചു ഞാന്‍ കണ്ടിട്ടില്ല. അത് ഒരു 'മുസ്‍ലിം പ്രസിദ്ധീകരണ'മായും തോന്നിയിട്ടില്ല- അങ്ങനെയൊന്ന് ഉണ്ടാകുന്നതില്‍ ഒരു തെറ്റുമില്ലെങ്കിലും. എങ്കില്‍ അത് അധിക കാലവും മുസ്‍ലിംകളല്ലാത്ത എഡിറ്റര്‍മാരുടെ കീഴില്‍ - സി. രാധാകൃഷ്ണനും കമല്‍ റാം സജീവും ബിജുരാജും ഉള്‍പ്പെടെ- പ്രവര്‍ത്തിക്കാനിടയില്ല. അത് മതം നോക്കി സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും എനിക്കറിയില്ല. ആദിവാസികള്‍, ദലിതര്‍, ദരിദ്രര്‍ എന്നിവരോടൊപ്പം ന്യൂനപക്ഷവും ഇന്ന് ഇന്ത്യയില്‍ പീഡിതരാണ് എന്നതുകൊണ്ട് സ്വാഭാവികമായും ന്യൂനപക്ഷപ്രശ്നങ്ങളും ഉയര്‍ന്നുവരാം. ഇന്ന് ഇന്ത്യയിലെ അന്തസ്സുള്ള ഏതു പൊതുബുദ്ധിജീവിയോ സ്വതന്ത്രമായ ഏതു മാധ്യമമോ ആണ് ന്യൂനപക്ഷത്തിന്റെ സഹനത്തെയും അവര്‍ക്കെതിരായ പലതരം അക്രമങ്ങളെയും കരിനിയമങ്ങളെയും തല്ലിക്കൊലകളെയും ഒരു ജനാധിപത്യപ്രശ്നമായി കാണാത്തത്? ഇവയൊക്കെ എന്റെയും പ്രശ്നങ്ങളാണ്, അഥവാ ഭരണഘടനയില്‍ വിശ്വസിക്കുന്ന, ഗാന്ധിയന്‍ സർവമതസഹഭാവത്തില്‍ വിശ്വസിക്കുന്ന, ലിബറല്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന, അഥവാ ഇടതുപക്ഷ മതേതരത്വത്തില്‍ വിശ്വസിക്കുന്ന, എല്ലാ പൗരന്മാരുടെയും പ്രശ്നം. എത്രയോ കാലം ഇന്ത്യയുടെ വലിയൊരു ഭാഗം ഭരിച്ച വിവിധ വംശങ്ങളില്‍പെട്ട മുസ്‍ലിം ഭരണാധികാരികള്‍ക്ക് ഒറ്റ നിയമംകൊണ്ട് ഇന്ത്യക്കാരെ മുസ്‍ലിംകളാക്കാമായിരുന്നു എന്നിരിക്കെ, ഇന്ന് ഒരു ചെറിയ സംഘടന അതിനുവേണ്ടി കീഴാളസഹഭാവം -ഇത് വർണാധിപത്യത്തില്‍ വിശ്വസിക്കുന്ന ഹിന്ദുക്കളെ അകറ്റുകയേയുള്ളൂ- പ്രകടിപ്പിക്കുന്നു എന്ന കാഴ്ചപ്പാട് എന്റെ ചെറിയ യുക്തിബോധത്തിനു വഴങ്ങുന്നതല്ല എന്ന് മാത്രം പറയട്ടെ.
'മാധ്യമം' ആഴ്ചപ്പതിപ്പിലെ കാല്‍നൂറ്റാണ്ടില്‍ മാറിമാറി വന്ന പത്രാധിപസമിതിയില്‍ ഉള്ളവരെല്ലാം സ്നേഹബഹുമാനങ്ങളോടെയാണ് എന്നോടു പെരുമാറിയിട്ടുള്ളത്. പി.കെ. പാറക്കടവും കമല്‍ റാമും ബിജുരാജും ഉള്‍പ്പെടെ. ഒ. അബ്ദുറഹ്മാനെപ്പോലെ ഒരാളെ ആദരിക്കാതിരിക്കാന്‍ ഒരു കാരണവും ഞാന്‍ കണ്ടിട്ടില്ല. കേരളത്തിലോ ഗള്‍ഫിലോ 'മാധ്യമം' നടത്തിയ സദസ്സുകളില്‍ പറയാന്‍ തോന്നിയ എന്തെങ്കിലും കാര്യം എനിക്കു പറയാന്‍ പ്രയാസമുണ്ടായിട്ടില്ല. സല്‍മാന്‍ റുഷ്ദിയുടെയും സൗദിയിലെ ചില കവികളുടെയും വിലക്കിനെയും അറബ് വിപ്ലവങ്ങളെയും പറ്റിയൊക്കെ ഞാന്‍ ആ സദസ്സുകളില്‍ സംസാരിക്കുകയോ ലേഖനങ്ങളില്‍ എഴുതുകയോ ചെയ്തിട്ടുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം, അത് ജനാധിപത്യത്തില്‍ സ്വാഭാവികം. പക്ഷേ, അസഹിഷ്ണുത കണ്ടിട്ടില്ല. സുഗതകുമാരിയും ഡോ. ഗംഗാധരനും ഞാനും ഒന്നിച്ചാണ് ദുബൈയില്‍ 'മാധ്യമ'ത്തിന്റെ പുരസ്കാരവേദി പങ്കിട്ടത്.
'മാധ്യമ'ത്തിനു കവിതകള്‍ നല്‍കാന്‍ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളില്‍ ഒന്ന് അത് കവിതക്ക് നല്‍കുന്ന പ്രാധാന്യമാണ്. പല വാരികകളും കവിതയെ മൂലകളില്‍ ഒതുക്കുന്ന കാലത്തും കവിതയെ പലപ്പോഴും ആദ്യ പേജുകളില്‍തന്നെ നല്ല ചിത്രീകരണത്തോടെ പ്രകാശിപ്പിക്കാന്‍ 'മാധ്യമം' ധൈര്യം കാണിച്ചു. ഇത് പിന്നെ പല ആനുകാലികങ്ങള്‍ക്കും മാതൃകയായി. ഒരു തരം സെന്‍സര്‍ഷിപ്പും 'മാധ്യമ'ത്തില്‍നിന്ന് ഞാന്‍ നേരിട്ടിട്ടില്ല. അതിന്റെ വിശേഷാല്‍ പ്രതികള്‍ ഏറെ എന്തെങ്കിലും രചനയില്ലാതെ അധികമൊന്നും ഇറങ്ങിയിട്ടില്ല. എന്റെ പല നല്ല അഭിമുഖങ്ങളും പ്രധാന ലേഖനങ്ങളും 'മാധ്യമ'ത്തിലാണ് വന്നത്. എനിക്ക് അമ്പതു വയസ്സായിരുന്നു 'മാധ്യമം' വാരിക ആരംഭിക്കുമ്പോള്‍. ഈ 24 വര്‍ഷവും ഞാന്‍ ഡല്‍ഹിയില്‍ ആയിരുന്നു. സാധാരണ പത്രമോഫിസുകളില്‍ പോവുക എന്റെ പതിവല്ലാത്തതിനാല്‍ മാധ്യമം ഓഫിസിലും ഞാന്‍ പോയിട്ടില്ല, 'ഗള്‍ഫ് മാധ്യമ'ത്തില്‍ ഒരു സ്വീകരണത്തിനായി പോകേണ്ടിവന്നതൊഴികെ. പക്ഷേ, ഒരു എഴുത്തുകാരന്‍ എന്നനിലയില്‍ 'മാധ്യമ'വുമായി എന്റെ ബന്ധം സൗഹൃദപൂർണമായിരുന്നിട്ടുണ്ട്. ഒരു വായനക്കാരനെന്ന നിലയിലും പല സാമൂഹികപ്രശ്നങ്ങളെയും ചെറുത്തുനില്‍പ്പുകളെയും അടുത്തറിയാനും നിലപാടെടുക്കാനും അതിലെ ലേഖനങ്ങളും റിപ്പോർട്ടുകളും എന്നെ സഹായിച്ചിട്ടുണ്ട്. 'മീഡിയവണി'നെ നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്ന ക്ഷുദ്രശക്തികള്‍ ക്രമേണ പ്രതിരോധ പ്രധാനമായ ആനുകാലികങ്ങള്‍ക്കെതിരെയും തിരിഞ്ഞുകൂടെന്നില്ല, എന്നാല്‍ കേരളത്തിലെ ശരിയായി ചിന്തിക്കുന്ന എഴുത്തുകാര്‍ ആഴ്ചപ്പതിപ്പിന്റെ കൂടെയുണ്ടാകും.
(മാധ്യമം ആഴ്ചപ്പതിപ്പ് രജതജൂബിലി പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചത്)