
ബൈഡൻ 238, ട്രംപ് 213; വിസ്കോൻസിനിലും മിഷിഗണിലും ബൈഡന് ലീഡ്
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അന്തിമഫലം വൈകുന്നു. പ്രവചനങ്ങളെ അപ്രസക്തമാക്കി വിധിനിർണയം നിയമ യുദ്ധത്തിലേക്ക് കടക്കുമെന്നും സൂചനയുണ്ട്. തെരഞ്ഞെടുപ്പിൽ വലിയ തട്ടിപ്പ് നടന്നുവെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുമ്പേ ട്രംപ് സ്വയം വിജയം പ്രഖ്യാപിക്കുകയും ചെയ്തു. ട്രംപിന് മറുപടിയായി ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനും രംഗത്തെത്തി. വോട്ടെണ്ണൽ തടയാനുള്ള ശ്രമത്തെ പരാജയപ്പെടുത്തുമെന്നും നിയമസംഘം തയാറായിക്കഴിഞ്ഞുവെന്നും ബൈഡൻ പറഞ്ഞു.
538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 238 നേടി ബൈഡൻ ലീഡ് ചെയ്യുകയാണ്. 213 വോട്ട് നേടിയ ട്രംപ് വലിയ തിരിച്ചുവരവാണ് കാഴ്ചവെച്ചത്. പ്രസിഡന്റ് പദത്തിലേറാൻ 270 ഇലക്ടറൽ വോട്ടാണ് വേണ്ടത്.
ഡോണൾഡ് ട്രംപിന്റെ വിജയസാധ്യത ഇങ്ങനെ
ഇതുവരെ ലഭിച്ചത് 213 ഇലക്ടറൽ വോട്ടുകൾ. ഇനി എണ്ണാനുള്ള െപൻസൽവേനിയയിലാണ് പ്രധാന പ്രതീക്ഷ. ഇവിടെ 20 ഇലക്ടറൽ വോട്ടുകളുണ്ട്. ഇതിന് പുറമെ മറ്റു മൂന്ന് സംസ്ഥാനങ്ങൾകൂടി അനുകൂലമായാൽ 270 എന്ന മാജിക് നമ്പർ നേടാനാവും. പെൻസൽവേനിയ കിട്ടിയില്ലെങ്കിൽ അഞ്ചു സംസ്ഥാനങ്ങളിലെ ഇലക്ടറൽ വോട്ട് പൂർണമായി ലഭിേക്കണ്ടിവരും.
ജോ ബൈഡന്റെ വിജയസാധ്യത ഇങ്ങനെ
270 ഇലക്ടറൽ വോട്ടിലേക്കെത്താൻ 32 എണ്ണം കൂടെ ഇനി ലഭിക്കണം. പെൻസൽവേനിയയും മിഷിഗണും തുണച്ചാൽ 36 ഇലക്ടറൽ വോട്ട് നേടി ജയം. പെൻസൽവേനിയ നഷ്ടപ്പെട്ടാൽ മിഷിഗൺ, വിസ്കോൺസൻ, െനവാഡ എന്നീ സംസ്ഥാനങ്ങളിൽ ജയിക്കണം. ഇവിടങ്ങളിൽ നേരിയ ലീഡുണ്ട്്. നോർത്ത് കരോലൈനയും ജോർജിയയും പിടിക്കാനായാൽ വിജയമുറപ്പിക്കാനാവും.
പത്ത് ശതമാനത്തിൽ താഴെ മാത്രം വോട്ട് എണ്ണാൻ ബാക്കിയുള്ളത് നാല് സംസ്ഥാനങ്ങളിലാണ്. വിസ്കോൺസിൻ, ജോർജിയ, നോർത്ത് കരോലിന, മിഷിഗൺ എന്നിവയാണിത്. ജോർജിയയിലും നോർത്ത് കരോലിനയിലും ട്രംപിന് വ്യക്തമായ ലീഡുണ്ട്. വിസ്കോൻസിനിലും മിഷിഗണിലും ബൈഡന് ലീഡുണ്ട്.
അരിസോണ, കാലിഫോണിയ, വാഷിങ്ടൺ, ന്യൂയോർക്, ഇല്ലിനോയ്, മെയ്ൻ, മിനിസോട്ട, ഹവായ് എന്നീ സംസ്ഥാനങ്ങളിൽ ബൈഡൻ വിജയിപ്പോൾ, ഫ്ളോറിഡ, ഒഹയോ, മിസോറി, ടെക്സാസ്, അയോവ, മൊണ്ടാന, യൂട്ടാ എന്നീ സംസ്ഥാനങ്ങൾ ട്രംപ് നേടി.
വിശ്വാസം നിലനിർത്തുന്നുവെന്നും ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പോകുന്നുവെന്നും ജോ ബൈഡൻ പ്രതികരിച്ചിരുന്നു. എല്ലായിടത്തും നല്ലതുമാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ ജനപ്രതിനിധി സഭയായ കോൺഗ്രസിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. 188 സീറ്റ് നേടിയ ഡെമോക്രാറ്റിക് പാർട്ടി ലീഡ് ചെയ്യുന്നു. 181 സീറ്റുകളാണ് റിപ്പബ്ലിക്കൻ പാർട്ടി നേടിയത്.
യു.എസ്. കോൺഗ്രസിൽ ഭൂരിപക്ഷം കിട്ടാൻ 218 സീറ്റ് വേണം. ഉപരിസഭയായ സെനറ്റിൽ 47 വീതം സീറ്റുകളാണ് ഇരു പാർട്ടികളും നേടിയത്. 100 അംഗ സെനറ്റിൽ 51 സീറ്റ് വേണം ഭൂരിപക്ഷം ലഭിക്കാൻ.
ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് പ്രതിനിധി രാജ കൃഷ്ണമൂർത്തി വീണ്ടും യു.എസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇത് തുടർച്ചയായ മൂന്നാം തവണയാണ് 47കാരനായ രാജ കൃഷ്ണമൂർത്തി ഇല്ലിനോയിസിൽ നിന്നും വിജയിക്കുന്നത്. രാജ കൃഷ്ണമൂർത്തിയുടെ രക്ഷിതാക്കൾ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. 2016ലാണ് അദ്ദേഹം ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്.
ഇന്ത്യൻ വംശജരായ അമി ബേര കാലിഫോർണിയയിൽ നിന്നും അഞ്ചാം തവണയും റോ ഖന്ന മൂന്നാം തവണയും ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കുന്നുണ്ട്.കോൺഗ്രസ് അംഗം പ്രമിള ജയ്പാൽ വാഷിങ്ടണിൽ നിന്ന് മൂന്നാം തവണയും ഡോ. ഹിരൽ തിപിർനേനി അരിസോണയിലും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി ശ്രീ കുൽകർനി ടെക്സസിലും മത്സര രംഗത്തുണ്ട്.
ഡെമോക്രാറ്റ് അംഗം ഇലാൻ ഉമർ രണ്ടാം തവണയും യു.എസ് ജനപ്രതിനിധി സഭയിലേക്ക് വിജയിച്ചു. മിനിസോട്ടയിലെ ഫിഫ്ത്ത് ഡിസ്ട്രിക്റ്റിൽനിന്ന് 2018ലാണ് ആദ്യം ഇലാൻ ജനപ്രതിനിധി സഭയിലെത്തുന്നത്. ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യ സൊമാലി -അമേരിക്കൻ വംശജ കൂടിയാണ് ഇവർ.
അമേരിക്കയിൽ വിവാദമായ 'ക്യുഅനോൺ' ഗൂഢാലോചന സിദ്ധാന്തത്തെ പിന്തുണക്കുന്ന മാർജോറി ടെയ്ലർ ഗ്രീൻ യു.എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായിരുന്ന ഗ്രീൻ ജോർജിയയിലെ 14മത് ജില്ലയിൽ നിന്നാണ് വിജയിച്ചത്. ഗ്രീന്റെ എതിരാളി ഡെമോക്രാറ്റിക് സ്ഥാനാർഥി മൽസരത്തിൽ നിന്ന് സെപ്റ്റംബറിൽ പിന്മാറിയിരുന്നു.
ഡെമോക്രാറ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ മിഷിഗൻ സംസ്ഥാനത്തെ 13ാം ജില്ലയിൽ നിന്ന് ജനവിധി തേടുന്ന മുസ് ലിം-അമേരിക്കൻ സ്ഥാനാർഥിയായ റാഷിദ തലൈബ് ലീഡ് ചെയ്യുന്നു. 64.34 ശതമാനം വോട്ട് എണ്ണിയപ്പോൾ 66.5 ശതമാനം വോട്ട് നേടി ഡെമോക്രാറ്റിക് സ്ഥാനാർഥി റാഷിദ ലീഡ് ചെയ്യുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിലെ ഡേവിഡ് ഡുഡെഹോഫർ 29.4 ശതമാവും സാം ജോൺസൺ 2.5 ശതമാനവും വോട്ട് നേടി.
അമേരിക്കൻ വംശജരല്ലാത്തവരും കറുത്ത വർഗക്കരായ അമേരിക്കക്കാരും ബൈഡന് വോട്ട് ചെയ്തെന്നാണ് അഭിപ്രായ സർവേകൾ സുചിപ്പിക്കുന്നത്. സ്ത്രീ വോട്ടർമാർക്കിടയിലും വെള്ളക്കാരല്ലാത്ത വോട്ടർമാർക്കിടയിലും ബൈഡനാണ് സ്വാധീനം. അതേസമയം, അമേരിക്കൻ വംശജർ, 65 വയസിനു മുകളിൽ പ്രായമുള്ളവർ, ബിരുദമില്ലാത്തവർ എന്നീ വിഭാഗങ്ങൾക്കിടയിൽ ട്രംപിന് അനുകൂലമായി നിലപാട് സ്വീകരിച്ചെന്നാണ് റിപ്പോർട്ട്.
Live Updates
- 4 Nov 2020 5:42 PM IST
എട്ട് സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു
വിസ്കോസിൻ, ജോർജിയ, നോർത്ത് കരോലിന, മിഷിഗൻ, നെവാഡ, പെൻസിൽവാനിയ, അലാസ്ക എന്നീ സംസ്ഥാനങ്ങളിലെ ഫലം പ്രഖ്യാപിക്കാനുണ്ട്.
- 4 Nov 2020 5:40 PM IST
ട്രംപിന്റെ കടുത്ത വിമർശക റാഷിദ തലൈബ് യു,എസ്. കോൺഗ്രസിലേക്ക്
യു.എസ്. കോൺഗ്രസിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ മുസ് ലിം-അമേരിക്കൻ സ്ഥാനാർഥിയായ റാഷിദ തലൈബ് വിജയത്തിലേക്ക്. ഡെമോക്രാറ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ മിഷിഗൻ സംസ്ഥാനത്തെ 13ാം ജില്ലയിൽ നിന്നാണ് റാഷിദ ജനവിധി തേടുന്നത്.
- 4 Nov 2020 5:39 PM IST
‘ക്യുഅനോൺ’ സിദ്ധാന്തത്തെ പിന്തുണക്കുന്ന മാർജോറി ടെയ്ലർ ഗ്രീൻ വിജയിച്ചു
അമേരിക്കയിൽ വിവാദമായ 'ക്യുഅനോൺ' ഗൂഢാലോചന സിദ്ധാന്തത്തെ പിന്തുണക്കുന്ന മാർജോറി ടെയ്ലർ ഗ്രീൻ യു.എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായിരുന്ന ഗ്രീൻ ജോർജിയയിലെ 14മത് ജില്ലയിൽ നിന്നാണ് വിജയിച്ചത്. ഗ്രീന്റെ എതിരാളി ഡെമോക്രാറ്റിക് സ്ഥാനാർഥി മൽസരത്തിൽ നിന്ന് സെപ്റ്റംബറിൽ പിന്മാറിയിരുന്നു.
- 4 Nov 2020 5:38 PM IST
ജോ ബൈഡനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കമലക്ക് കഴിഞ്ഞെന്ന് അമ്മാവൻ
ജയിച്ചാലും തോറ്റാലും ന്യൂനപക്ഷങ്ങളിലും യുവാക്കളിലും കമല ഹാരിസ് ഉണ്ടാക്കിയ സ്വാധീനം വളരെക്കാലം നിലനിൽക്കുമെന്ന് അമ്മാവൻ ജി. ബാലചന്ദ്രൻ. യുവാക്കളെ അണിനിരത്താനും ന്യൂനപക്ഷ വിഭാഗങ്ങളെ ഊർജസ്വലതയോടെ മുൻനിരയിലേക്ക് എത്തിക്കാനും കമലക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
- 4 Nov 2020 5:37 PM IST
ചരിത്രമായി ജോ ബൈഡന്റെ അരിസോണയിലെ മിന്നും ജയം
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡന്റെ അരിസോണ സംസ്ഥാനത്ത് നിന്നുള്ള വിജയം അമേരിക്കയുടെ രാഷ്ട്രീയ ചരിത്രമായി. 1996ന് ശേഷം അരിസോണയിൽ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാർഥിയാണ് ബൈഡൻ.
- 4 Nov 2020 5:34 PM IST
ട്രംപ് നേടിയത് എട്ട് സംസ്ഥാനങ്ങൾ
ഫ്ളോറിഡ, ഒഹിയോ, ലോവ, മിസോറി, ടെക്സാസ്, ഇയോവ, മൊന്റാന, ഉതഹ് എന്നീ സംസ്ഥാനങ്ങൾ ട്രംപ് നേടി
- 4 Nov 2020 5:34 PM IST
ട്രംപ് നേടിയത് എട്ട് സംസ്ഥാനങ്ങൾ
ഫ്ളോറിഡ, ഒഹിയോ, ലോവ, മിസോറി, ടെക്സാസ്, ഇയോവ, മൊന്റാന, ഉതഹ് എന്നീ സംസ്ഥാനങ്ങൾ ട്രംപ് നേടി
- 4 Nov 2020 5:30 PM IST
എട്ട് സംസ്ഥാനങ്ങളിൽ ബൈഡൻ വിജയിച്ചു
അരിസോണ, കാലിഫോണിയ, വാഷിങ്ടൺ, ന്യൂയോർക്, ഇല്ലിനോയിസ്, മെയ്ൻ, മിനിസോട്ട, ഹവായ് എന്നീ സംസ്ഥാനങ്ങളിൽ ബൈഡൻ വിജയിച്ചു
- 4 Nov 2020 2:01 PM IST
വോട്ടെടുപ്പ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ട്രംപ്
വോട്ടെടുപ്പ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ട്രംപ്. വിജയം തനിക്കാണെന്നും തെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. അണികളോട് ആഘോഷത്തിന് തയ്യാറാകാനും ട്രംപ് ആഹ്വാനം ചെയ്തു
- 4 Nov 2020 12:01 PM IST
വ്യക്തമായ ഭൂരിപക്ഷം ആർക്കും ഉറപ്പാക്കാനാവത്തതിനാൽ തെരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യതയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.