കറിവേപ്പിലയിലെ കീടങ്ങളെ തുരത്താം; ഈയൊരു പൊടിക്കൈ മാത്രം പ്രയോഗിച്ചാൽ മതി

കീടനാശിനിയുടെ അളവ് മാരകമായ രീതിയിലടങ്ങിയിരിക്കുന്ന ഒന്നാണ് ഇന്ന് വിപണിയിൽ ലഭിക്കുന്ന കറിവേപ്പില. ഇലയില്‍ പറ്റിപ്പിടിച്ച് നീരൂറ്റിക്കുടിക്കുന്ന കറുത്തനിറത്തിലുള്ള അരക്കിന്റെ ആക്രമണമാണ് ഇതിന് കാരണം. കറിവേപ്പിലയുടെ വളര്‍ച്ചയെ തന്നെ മുരടിപ്പിക്കുന്നതാണ് അരക്ക്. വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യുന്ന കറിവേപ്പിലകൃഷിയില്‍ അരക്കിനെ തുരത്താന്‍ മാരക കീടനാശിനിതന്നെയാണ് പ്രയോഗിക്കുന്നത്.

അടുക്കളമുറ്റത്തെ കറിവേപ്പിലയെയും അരക്ക് വെറുതെ വിടാറില്ല. വളർച്ച മുരടിക്കുന്ന ഇലകളെടുത്ത് പരിശോധിച്ചാൽ അരക്ക് കാണാനാകും. അരക്കിനെ പ്രതിരോധിക്കാൻ ഏറ്റവും മികച്ച മാർഗമാണ് കഞ്ഞിവെള്ളം പ്രയോഗിക്കൽ. ആക്രമണത്തിന്റെ ആരംഭത്തില്‍തന്നെ കഞ്ഞിവെള്ളം ഇരട്ടി വെള്ളംകൂട്ടി നേര്‍പ്പിച്ച് ഇലകളില്‍ തളിച്ചാല്‍ അരക്കിനെ തുരത്താം.




ഇവിടെ സഹായകമാകുന്നത് കഞ്ഞിവെള്ളത്തിന്റെ പശഗുണമാണ്. കഞ്ഞിപ്പശ ഉണങ്ങിയ പാടപോലെ അരക്കിനെയും പിടിച്ചുമാറ്റും. ആഴ്ചയിലൊരിക്കല്‍ കഞ്ഞിവെള്ളം സ്‌പ്രേ ചെയ്യുന്നത് കറിവേപ്പിലയുടെ വളര്‍ച്ച കൂട്ടും. ഒപ്പം ചാണകപ്പൊടിയും മേല്‍മണ്ണും തുല്യ അളവില്‍ കൂട്ടിക്കലര്‍ത്തി തടംകോരുകയും വേനല്‍ക്കാലത്ത് നനയ്ക്കുകയും വേണമെന്നുമാത്രം.

കഞ്ഞിവെള്ളം നിസ്സാരക്കാരനല്ല

പയറിനും കഞ്ഞിവെള്ളം അനുഗ്രഹമാണ്. നാലില പരുവം മുതല്‍ കായ വിരിയുന്നതുവരെ ഏത് സമയത്തും കറുത്ത പേനിന്റെ ആക്രമണം പയറില്‍ പ്രതീക്ഷിക്കാം. പയറിന്റെ വളര്‍ച്ച മുരടിപ്പിക്കുന്ന പേനിനെ പിടിക്കാന്‍ ഏറ്റവും നല്ലത് കഞ്ഞിവെള്ളമാണ്. പുളിക്കാത്ത കഞ്ഞിവെള്ളം രാവിലെ 11 മണിയോടെ പയറില്‍ തളിക്കാം. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും പയറില്‍ കഞ്ഞിവെള്ളം സ്‌പ്രേ ചെയ്യുന്നതാണ് നല്ലത്. തക്കാളിയിലെ ചിത്രകീടത്തെ തുരത്താന്‍ അതിരാവിലെ കഞ്ഞിവെള്ളം തളിക്കാം.

വെള്ളരിവര്‍ഗ വിളകളിലെ പ്രധാന പ്രശ്‌നമായ കായീച്ചയെ തുരത്താന്‍ കഞ്ഞിവെള്ളക്കെണിയാണ് നല്ലത്. ഉറി കെട്ടിത്തൂക്കാന്‍ പറ്റുന്ന, ജനാലകള്‍ തയ്യാറാക്കിയ പെറ്റ് ജാറിലോ ചിരട്ടയിലോ കാല്‍ഭാഗം പുളിച്ച കഞ്ഞിവെള്ളവും പത്ത് ഗ്രാം ശര്‍ക്കരപൊടിയും അരഗ്രാം രാസകീടനാശിനിയും ചേര്‍ത്ത് ഇളക്കുക. കെണിയില്‍ ആകര്‍ഷിക്കപ്പെടുന്ന കായീച്ചകള്‍ വിഷലിപ്തമായ കഞ്ഞിവെള്ളം ആര്‍ത്തിയോടെ കുടിച്ച് ചാവും.

Tags:    
News Summary - Can repel pests on curry leaves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.