പശുക്കൾ നമ്മുക്ക് എന്തുതരും എന്നത് പ്രൈമറി ക്ലാസുകളിലെ പൊതുവായ ചോദ്യമാണ്. സാധാരണക്കാർ പാല് തരും ചാണകം തരും മാംസംതരും എന്നെല്ലാം ഉത്തരം പറയും. എന്നാൽ ചിലർ ഒാക്സിജൻ തരും ഗോമൂത്രം തരും എന്നും പറയാറുണ്ട്. യഥാർഥത്തിൽ പശു നമ്മുക്ക് തരുന്ന ഒന്നിനെപറ്റി ആരും പറയാറില്ല. അതാണ് മീഥേൻ എന്ന വാതകം. പശു ഒാക്സിജൻ തരുമെന്ന് കേൾക്കുേമ്പാൾ ചിരിക്കുന്നവർക്കും മീഥേൻ പുറത്തുവിടുന്നവരാണ് ഇൗ നിഷ്കളങ്ക ജീവികളെന്ന് അറിയില്ല. പശു പാവമാണെങ്കിലും മീഥേൻ അത്ര പാവം വാതകമല്ല. ഭൂമി അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രതിസന്ധികളിലൊന്നായ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന വാതകമാണ് മീഥേൻ.
പശുവും മീഥേനും തമ്മിൽ
പശുക്കൾ നിത്യവും പുറന്തള്ളുന്ന വാതകമാണ് മീഥേൻ. കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 25 മടങ്ങ് വീര്യമുള്ളതാണിത്. അതിനാൽ മീഥേൻ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കുന്നത് ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ ഉപകരിക്കും. കൃഷിയും കന്നുകാലി വളർത്തലുമാണ് മീഥേനിന്റെ 40 ശതമാനവും ഉത്പ്പാദനത്തിന് കാരണം. ഫോസിൽ ഇന്ധന വ്യവസായമാണ് ബാക്കിയുള്ള മീഥേൻ പുറന്തള്ളുന്നത്. പശുക്കളിലെ ദഹനപ്രക്രിയയാണ് മീഥേനിന്റെ ഭൂരിഭാഗവും ഉൽപ്പാദിപ്പിക്കുന്നത്. പശുക്കൾ ഉത്പാദിപ്പിക്കുന്ന മീഥേനിന്റെ 95 ശതമാനവും അവയുടെ വായിൽ നിന്നോ മൂക്കിൽ നിന്നോ ആണ് വരുന്നത്.
പരിഹാരം
ലോകമെമ്പാടും കോടിക്കണക്കിന് പശുക്കൾ ഉണ്ട്. അനുദിനം ഇവ പുറത്തു വിടുന്ന മീഥേന്റെ അളവ് നമുക്ക് എങ്ങനെ നിയന്ത്രിക്കാനാകും?ലോകത്ത് കാര്യമായി നടക്കുന്ന ഗവേഷണ വിഷയമാണിത്. അമേരിക്കയിലെ ഏറ്റവും വലിയ കാർഷിക ഉത്പാദന കോർപ്പറേഷനായ 'കാർഗിൽ' ബ്രിട്ടീഷ് സ്റ്റാർട്ടപ്പായ സീറോ എമിഷൻസ് ലൈവ്‌സ്റ്റോക്ക് പ്രോജക്റ്റുമായി സഹകരിച്ച് പശുക്കളുടെ മൂക്കുകൾ മറയ്ക്കുന്ന ഒരു മാസ്‌ക് വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ഈ മാസ്‌ക് മീഥേനെ അരിച്ചെടുക്കുകയും കാർബൺ ഡൈ ഓക്സൈഡായി രൂപാന്തരപ്പെടുത്തുകയും ചെയ്യും.
ഫിൽറ്റർ ചെയ്യുന്ന ഈ തന്മാത്ര ആഗോളതാപനത്തിന്റെ പ്രത്യാഘാതം കുറയ്ക്കുമെന്ന് കാർഗിൽ അനിമൽ ന്യൂട്രീഷൻ ടീമിന്റെ തലവൻ ഗിസ്ലെയ്ൻ ബൗച്ചർ പറഞ്ഞു. മാസ്‌ക് ഉപയോഗിച്ചതോടെ മീഥേൻ പുറന്തള്ളൽ പകുതിയായി കുറഞ്ഞു. എന്നിരുന്നാലും മാസ്‌ക് വിപണനത്തിന് എത്തിക്കുന്നതിനുമുൻപ് വീണ്ടും പരീക്ഷിച്ച് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടൽപ്പായൽ
പശുക്കളുടെ തീറ്റയിൽ ചുവന്ന കടൽപ്പായൽ ചേർക്കുന്നത് മീഥേെൻറ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കും. കടൽപ്പായൽ തീറ്റയായി നൽകുന്നത് മീഥേൻ പുറന്തള്ളൽ 80 ശതമാനത്തിലധികം കുറയ്ക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഇങ്ങനെയൊക്കെ ചെയ്താലും മീഥേൻ പ്രശ്നം ഒരു പരിധി വരെയേ കുറയ്ക്കാൻ കഴിയുകയുള്ളൂ. മീഥേൻ ഉദ്‌വമനം പരിഹരിക്കുന്നതിന് സ്വീകരിക്കാൻ കഴിയുന്ന സാങ്കേതിക മാർഗങ്ങൾക്ക് പരിമിതിയുണ്ട്. കന്നുകാലി പരിപാലനം മെച്ചപ്പെടുത്തി, സസ്യാഹാരം അല്ലെങ്കിൽ കുറഞ്ഞ മാംസവും പാലുൽപ്പന്നങ്ങളും ശീലമാക്കിയാൽ അടുത്ത ഏതാനും ദശകങ്ങളിൽ പ്രതിവർഷം 65-80 ദശലക്ഷം ടൺ മീഥേൻ ഉദ്‌വമനം കുറയ്ക്കാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.
പശുവും ഒാക്സിജനും തമ്മിൽ
ഇനിയാണാ സുപ്രധാന ചോദ്യംവരുന്നത്. പശു ഒാക്സിജൻ പുറന്തള്ളുമോ എന്നതാണത്. മൃഗങ്ങളിലെ ശ്വസനവ്യവസ്ഥയുടെ അടിസ്ഥാനകാര്യങ്ങൾ വിശദീകരിച്ച ഡൽഹി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ സോമ എം. റായി പറയുന്നത് ഇതാണ്. 'നമ്മൾ ശ്വസിക്കുന്ന 21 ശതമാനം ഓക്‌സിജനിൽ 4-5 ശതമാനം ഓക്‌സിജൻ മാത്രമാണ് ശരീരം ഉപയോഗിക്കുന്നത്. ബാക്കി പുറത്തുവിടുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം കാർബൺ ഡൈ ഓക്‌സൈഡും മറ്റും പുറന്തള്ളുകയും ചെയ്യും. പശു ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങൾക്കും ഈ പ്രക്രിയ ഒരുപോലെയാണ്.അല്ലാതെ പശുവിന് മാത്രമായി പ്രത്യേക കഴിവൊന്നും ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.