ജി​ല്ല കൃ​ഷി വി​ജ്​​ഞാ​ൻ കേ​ന്ദ്രം കീ​രം​പാ​റ​യി​ൽ ആ​രം​ഭി​ച്ച റൈ​സ് മി​ല്ല്

ഇനി കർഷകർക്കും അരി ബ്രാൻഡ് ചെയ്ത് വിൽക്കാം; മിനി റൈസ് മില്ലുമായി കൃഷി വിജ്ഞാന കേന്ദ്രം

കോതമംഗലം: നാട്ടിൽ ഉൽപാദിപ്പിക്കുന്ന നെല്ല്, കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ അരിയാക്കി ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കാൻ മിനി റൈസ് മില്ലുമായി ജില്ല കൃഷി വിജ്ഞാന കേന്ദ്രം.നെല്ല് പ്രാദേശികമായി തന്നെ പുഴുങ്ങി ഉണക്കി കുത്തരിയാക്കി മാറ്റാൻ കെ.വി.കെയുടെ നേതൃത്വത്തിൽ കോതമംഗലം കീരംപാറയിൽ പ്രദർശനാടിസ്ഥാനത്തിൽ സ്ഥാപിച്ച മിനി റൈസ് മില്ലിന്‍റെ ഉദ്ഘാടനം ആന്‍റണി ജോൺ എം.എൽ.എ നിർവഹിച്ചു.

ഒരു ബാച്ചിൽ അര ടൺ നെല്ല് പുഴുങ്ങാവുന്ന തരത്തിലുള്ള പാർബോയിലിങ് യൂനിറ്റ്, ഉണങ്ങാനായി ഊർജ ക്ഷമതയേറിയ ഗ്രീൻ ഹൗസ് ഡ്രയർ, തവിട് കളയാതെ നെല്ല് കുത്തുന്ന റബർ റോൾ ഷെല്ലർ, മുൻ നിശ്ചയിച്ച അളവുകളിൽ തവിട് മാറ്റാനായി പോളിഷിങ് മെഷീൻ, അരിയിലെ കല്ല് മാറ്റാനായി ഡീസ്റ്റോണർ എന്നിവ ഉൾപ്പെട്ടതാണ് കെ.വി.കെ പ്രദർശിപ്പിക്കുന്ന മിനി റൈസ് മിൽ.

ജൈവ അരി കൂടുതൽ കാലം സൂക്ഷിച്ചുവെക്കേണ്ട സാഹചര്യങ്ങളിൽ വായുരഹിത പാക്കിങ്ങിനായി വാക്വം പാക്കേജിങ് മെഷീനും സജ്ജമാണ്. നബാർഡ് ഫണ്ടുപയോഗിച്ച് കെ.വി.കെ രജിസ്റ്റർ ചെയ്ത കർഷക കൂട്ടായ്മയായ പെരിയാർ വാലി സ്പൈസ് കർഷക ഉൽപാദക കമ്പനിക്കാണ് മില്ലിന്‍റെ നടത്തിപ്പ് ചുമതല.

കർഷകനും കമ്പനിയുടെ ഭാഗവുമായ ജില്ല പഞ്ചായത്ത് അംഗം കെ.കെ. ദാനിയാണ് മേൽനോട്ടം വഹിക്കുന്നത്. നാട്ടിലുണ്ടാക്കുന്ന അരിക്ക് ആവശ്യക്കാർ ഏറെയുണ്ടെന്നതിനാൽ കർഷകർക്ക് അധിക വരുമാനവും ഗുണമേന്മയുള്ള അരിയും ലഭിക്കും. ഇതിലൂടെ നെൽകൃഷി മേഖലക്ക് പുത്തൻ ഊർജം പകരുകയാണ് ലക്ഷ്യമിടുന്നതെന്ന് കെ.വി.കെ മേധാവി ഡോ. ഷിനോജ് സുബ്രമണ്യൻ പറഞ്ഞു.

സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്‍റെ സഹായത്തോടെ കൃഷി വകുപ്പ് ആരംഭിക്കുന്ന വിപണന ശാലയുടെ ഉദ്ഘാടനവും നടന്നു. കീരംപാറ പഞ്ചായത്ത് പ്രസിഡന്‍റ് മാമച്ചൻ ജോസഫിൽനിന്നും ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ റാണിക്കുട്ടി ജോർജ് ആദ്യവിൽപന ഏറ്റുവാങ്ങി. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിൻസി അബ്രഹാം, കർഷക കമ്പനി മാനേജിങ് ഡയറക്ടർ ടി.കെ. ജോസഫ്, കെ.വി.കെ സബ്ജക്ട് മാറ്റർ സ്‌പെഷലിസ്‌റ്റ് പുഷ്പരാജ് ആഞ്ചലോ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Now farmers can also sell branded rice; Agriculture Knowledge Center with Mini Rice Mill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.