കോഴിക്കോട്: വിപണിമൂല്യം, വർധിച്ച ആവശ്യകത, നിലവിലെ ഉൽപാദന കമ്മി എന്നിവ മുൻനിർത്തി അത്യുൽപാദന ശേഷിയുള്ള പുതിയ ഇനം കുരുമുളക് വികസിപ്പിച്ച് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം (ഐ.ഐ.എസ്.ആർ) ഗവേഷകർ. ‘ചന്ദ്ര’ എന്നുപേര് നൽകിയ പുതിയ ഇനം മികച്ച ഉൽപാദനക്ഷമതയാണ് കാഴ്ചവെക്കുന്നത്. പൂർണ വളർച്ചയെത്തിയ ഒരു വള്ളിയിൽനിന്നും ഏകദേശം 7.5 കിലോയോളം മുളക് ലഭിക്കും. ഡോ. എം.എസ്. ശിവകുമാർ, ഡോ. ബി. ശശികുമാർ, ഡോ. കെ.വി. സജി, ഡോ. ടി.ഇ. ഷീജ, ഡോ. കെ.എസ്. കൃഷ്ണമൂർത്തി, ഡോ. ആർ. ശിവരഞ്ജനി എന്നിവരടങ്ങുന്ന സംഘമാണ് പുതിയ ഇനത്തിന് പിന്നിൽ പ്രവർത്തിച്ചത്. വർഷങ്ങളുടെ ശ്രമഫലമായാണ് ‘ചന്ദ്ര’ വികസിപ്പിച്ചത്.
സാധാരണയായി രണ്ടിനം കുരുമുളകിൽനിന്നും പുതിയൊരു സങ്കരയിനം വികസിപ്പിക്കുകയാണ് ചെയ്യാറുള്ളതെങ്കിൽ ‘ചന്ദ്ര’ വികസിപ്പിക്കുന്നതിൽ മറ്റൊരു സമീപനമാണ് സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ ചോലമുണ്ടി, തൊമ്മൻകുടി എന്നീ ഇനങ്ങളിൽ നിന്നും ഒരു സങ്കരയിനം ഉൽപാദിപ്പിക്കുകയും പിന്നീട് രണ്ടാംഘട്ടമായി ഈ സങ്കരയിനത്തിനെ മാതൃ സസ്യമായി ഉപയോഗിച്ച് തൊമ്മൻകൊടിയിൽ നിന്നുമുള്ള പൂമ്പൊടി കൊണ്ട് പരാഗണം നടത്തുകയുമായിരുന്നു. നിലവിലുള്ള മിക്ക ഇനങ്ങളെക്കാളും നീളമുള്ള തിരികളാണ് ചന്ദ്രയുടേത്. നിലവിൽ പ്രചാരത്തിലുള്ള കുരുമുളക് ഇനങ്ങൾക്ക് പകരമാകാനുള്ള എല്ലാ സവിശേഷതകളും പുതിയ ഇനത്തിനുണ്ടെന്ന് ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ആർ. ദിനേശ് അറിയിച്ചു.
വർഷം മുഴുവൻ കുരുമുളക് ലഭ്യമാകുന്ന കുറ്റികുരുമുളക് തയാറാക്കാനും ‘ചന്ദ്ര’ അനുയോജ്യമാണ്. ‘ചന്ദ്ര’യുടെ തൈകൾ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതിനുള്ള ലൈസൻസും ഐ.ഐ.എസ്.ആർ നൽകുന്നുണ്ട്. എട്ട് സംരംഭകർക്കുള്ള ലൈസൻസ് സുഗന്ധവിള ഗവേഷണ കേന്ദ്രം ഉടൻ കൈമാറും. വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിലൂടെ പുതിയ ഇനം തൈകൾ ആറുമാസത്തിനുള്ളിൽ കർഷകർക്കെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.