തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയുടെ പേരിൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സുഭിക്ഷ കേരളം പദ്ധതിയിൽ കുടുങ്ങി ആയിരക്കണക്കിന് മത്സ്യ കർഷകർ. തുടർപ്രവർത്തനങ്ങൾ സ്തംഭിച്ചതോടെ ആയിരക്കണക്കിന് ടൺ ശുദ്ധജലമത്സ്യം വിൽക്കാനാകാതെ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നു. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉപഭോഗത്തിനായി മാത്രം പ്രതിദിനം 1.5 ലക്ഷം മെട്രിക് മത്സ്യമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നത്.
കുറഞ്ഞ സ്ഥലത്ത് കൂടുതൽ മത്സ്യം എന്ന പേരിൽ അവതരിപ്പിച്ച 'ബയോഫ്ലോക്ക്' കൃഷിക്കായിരുന്നു ഏറെ ജനകീയത. 1.38 ലക്ഷം ചെലവ് വരുന്ന ഒരു യൂനിറ്റിന് 40 ശതമാനം സബ്സിഡി സർക്കാർ നൽകി. കേന്ദ്ര സർക്കാറിന്റെ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പി.എം.എസ്.എസ്.വൈ) പ്രകാരം 20000 ലിറ്ററിന്റെ ഏഴ് ടാങ്ക് നിർമിക്കാൻ ഏഴരലക്ഷം രൂപയുടെ പദ്ധതിയും അവതരിപ്പിച്ചു. ഇതിൽ 2,80,000 രൂപ സബ്സിഡി നൽകി. വര്‍ഷത്തില്‍ രണ്ട് വിളയില്‍ നിന്നുമായി 1,08,000 രൂപയുടെ ലാഭമാണ് ഒരുടാങ്കിൽ നിന്ന് മാത്രം കർഷകർക്ക് ഫിഷറീസ് വകുപ്പ് വാഗ്ദാനം ചെയ്തിരുന്നത്. സർക്കാർ നൽകിയ ഉറപ്പ് വിശ്വസിച്ച് എണ്ണായിരത്തോളം പേർ പുതുതായി ഈ രംഗത്തേക്കെത്തി.
കോവിഡ് കാലഘട്ടത്തിൽ കൃഷി ആദായകരമായിരുന്നു. എന്നാൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് കോഴി മാലിന്യം തീറ്റ നൽകി വളർത്തിയ മത്സ്യം കുറഞ്ഞ തുകക്ക് എത്തുന്നതും കടൽ മത്സ്യത്തിന്റെ ലഭ്യതയും വെല്ലുവിളിയാണ്. സർക്കാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിഷരഹിത മത്സ്യകൃഷിയെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുന്നതിൽ ഫിഷറീസ് വകുപ്പ് പരാജയപ്പെട്ടതും തിരിച്ചടിയായി. ആറ് മാസം ഉയർന്ന വിലയുള്ള പെല്ലറ്റ് തീറ്റ നൽകി ശുദ്ധജലത്തിൽ വളർത്തിയ മത്സ്യം കർഷകരിൽനിന്ന് സംഭരിക്കാനോ അവക്ക് വിപണി ഉറപ്പാക്കാനോ വകുപ്പും സർക്കാറും തയാറാകാതെ വന്നതോടെ വർഷത്തിൽ ഒരുവിളവെടുപ്പ് പോലും പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഭൂരിഭാഗം പേരും.
ബാങ്കുകളിൽനിന്ന് വായ്പയെടുത്തും സ്വർണം പണയം വെച്ചും ഈ രംഗത്തേക്കിറങ്ങിയ നല്ലൊരു ശതമാനവും ഇന്ന് വൻ കടക്കെണിയിലാണ്. ലോക്ഡൗൺ കാലത്ത് അതിർത്തി വഴി മാരക വിഷാംശം കലർന്ന മത്സ്യങ്ങൾ സംസ്ഥാനത്തെത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ ഓപറേഷൻ സാഗർ റാണിയിൽ ഉപയോഗശൂന്യമായ 2865 കിലോ മത്സ്യം പിടിച്ചെടുത്തിരുന്നു. ഇതേതുടർന്നാണ് മത്സ്യകൃഷി പദ്ധതികൾ ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ചത്. 2021-22 സാമ്പത്തിക വർഷം 98 കോടിയുടെ ഭരണാനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.