കൽപറ്റ: നേന്ത്രപ്പഴത്തിന് പിന്നാലെ ഇഞ്ചിക്കും വിലയില്ലാതായതോടെ കർഷകർ ദുരിതത്തിന്റെ വക്കിൽ. മരച്ചീനി ഉൾപ്പെടെയുള്ള കിഴങ്ങ് വിളകൾക്കും കുരുമുളക്, റബ്ബർ തുടങ്ങിയവക്കും ഏറെക്കാലമായി തുച്ഛമായ വിലയാണ് വിപണിയിൽ ലഭിക്കുന്നത്. ഇതിനുപിന്നാലെയാണ് ഇഞ്ചിവിലയും തകർന്നടിഞ്ഞത്.
കഴിഞ്ഞ വർഷം ഈ സമയത്ത് ഒരുകിലോ ഇഞ്ചിക്ക് 150 -200 രൂപയായിരുന്നു ചില്ലറ വില. ഇപ്പോൾ 30 രൂപയിലേക്ക് തകർന്നടിഞ്ഞു. 60 കിലോ ചാക്കിന് 900 രൂപയാണ് മൊത്തവില. അതായത് കിലോക്ക് 15 രൂപ. നിലവില്‍ മുടക്ക് മുതല്‍ പോലും തിരിച്ചുകിട്ടാത്ത സാഹചര്യമാണുള്ളത്. ഈ വർഷമാദ്യം ചാക്കിന് 1100 ഉണ്ടായിരുന്നു. ജനുവരി അവസാനം 1000 രൂപയായി. ഇതാണ് ഇപ്പോൾ 900 ആയി കുറഞ്ഞത്. അതേസമയം, റമദാനും വിഷുവും ആയതോടെ നേന്ത്രപ്പഴ വിപണിയിൽ നേരിയ ഉണർവ് പ്രകടമായിട്ടുണ്ട്. നേരത്തെ കിലോക്ക് 15 രൂപയായി ഇടിഞ്ഞിരുന്നു. ഇപ്പോഴത് 35 രൂപയായാണ് ഉയർന്നത്. വരും ദിവസങ്ങളിലും ഉയരാൻ സാധ്യതയുണ്ട്.
ഇഞ്ചി വിളവെടുപ്പ് സമയമായപ്പോൾ വാങ്ങുന്നതിന് ആവശ്യക്കാർ ഇല്ലാത്ത അവസ്‌ഥയായിരുന്നു. ഉണക്കി ചുക്കാക്കാനും കച്ചവടക്കാർക്ക് താൽപര്യമില്ല. കോവിഡ് പശ്ചാത്തലത്തിൽ വന്ന നിയന്ത്രണങ്ങളാണ് ഇതിന് പ്രധാന കാരണം. മുമ്പ് വിവിധ ആഘോഷങ്ങളുമായി ബന്ധപ്പെട്ട സദ്യകൾക്ക് ധാരാളമായി ഇഞ്ചി ആവശ്യമായിരുന്നു. കോവിഡിനെ തുടർന്ന് വിവാഹസദ്യകൾ, ഉത്സവങ്ങൾ, പള്ളിപെരുന്നാളുകൾ എന്നിവ ആേഘാഷങ്ങൾ ഒഴിവാക്കി ചടങ്ങായി ഒതുങ്ങി. അയൽ സംസ്ഥാനങ്ങളിൽനിന്നും യാതൊരു പരിശോധനയും കൂടാതെ ഉൽപന്നങ്ങൾ കേരളത്തിലേക്ക് വരുന്നതാണ് കാർഷിക വിളകൾക്ക് വിലയിടിയാനുള്ള മറ്റൊരു കാരണം.
ബാങ്കുകളിൽ നിന്നും മറ്റും കടം എടുത്ത് ഏക്കറുകണക്കിന് കൃഷിയിറക്കിയ കർഷകരാണ് ഏറെ വിഷമിക്കുന്നത്. മലയോര മേഖലയിലും കുടകിലും വൻതോതിൽ കൃഷിയിറക്കിയവരാണ് ഏറെ പ്രതിസന്ധിയിലായത്. കർണാടകയിലെ മൈസൂരു, കെ.ആർ. നഗർ, നഞ്ചങ്കോട്, വീരാജ്പേട്ട മേഖലകളിലെല്ലാം കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ കർഷകർ പാട്ടത്തിന് ഭൂമിയെടുത്ത് കൃഷിചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.