തൃക്കരിപ്പൂർ: വർധിച്ചുവരുന്ന ഉഷ്ണതരംഗത്തെ നേരിടാൻ മൃഗസംരക്ഷണ വകുപ്പും സജ്ജമായി. ജില്ല വെറ്ററിനറി കേന്ദ്രം കേന്ദ്രമായി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. വേനൽക്കാലം ക്ഷീരകർഷകരെ സംബന്ധിച്ചിടത്തോളം ദുരിതകാലമാണ്.. ഈ സമയങ്ങളിൽ പശുക്കൾക്ക് നേരിടേണ്ടിവരുന്ന താപ സമ്മർദമാണ് ഈ ദുരിതത്തിന്റെ അടിസ്ഥാന കാരണം. ജില്ലയിൽ നിലവിൽ നല്ലൊരു ശതമാനവും സങ്കരയിനത്തിൽപെട്ട ജേഴ്സി, ഹോൾസ്റ്റീൻ ഫ്രീഷ്യൻ പശുക്കളാണ്.
അത്യുല്പാദനശേഷിയുള്ള ഇത്തരം പശുക്കൾക്ക് നാടൻപശുക്കളെ അപേക്ഷിച്ച് ഉയർന്ന ചൂടും അന്തരീക്ഷ ആർദ്രതയും താങ്ങാനുള്ള ശേഷി കുറവാണ്. വേനൽക്കാലങ്ങളിൽ താപനില ഉയരുന്നതിനനുസരിച്ച് പശുക്കളിൽ വ്യത്യസ്ത ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. വർധിച്ച ശ്വസനം, വായ് തുറന്ന ശ്വസനം, ഉമിനീരൊലിപ്പ്, കിതപ്പ് എന്നിവയാണ്. തുടർന്ന് ചൂടിന്റെ കാഠിന്യം കൂടിവരുമ്പോൾ വിറയൽ, ശരീരത്തിന്റെ ഏകോപനം നഷ്ടപ്പെട്ട അവസ്ഥ എന്നിവയിലേക്ക് നയിക്കും.
- കടുത്തവേനലില്‍ പശുക്കൾക്കും സൂര്യാതപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെ. പകൽ 10നും നാലിനും ഇടയിലുള്ളസമയത്ത് പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും കെട്ടിയിടുന്നതും പാടില്ല. ഷീറ്റ് മേഞ്ഞ, ഉയരവും വായുസഞ്ചാരവും കുറഞ്ഞ തൊഴുത്തിൽ പാർപ്പിക്കുന്നതും ഒഴിവാക്കണം. ചൂട് കൂടുതലുള്ള സമയങ്ങളിൽ പശുക്കളെ തൊഴുത്തിൽനിന്നിറക്കി പുറത്തുള്ള തണലുള്ള സ്ഥലങ്ങളിൽ പാർപ്പിക്കണം.
പശുക്കളെ വാഹനത്തിൽ കയറ്റിയുള്ള ദീർഘയാത്രകള് രാവിലെയും വൈകീട്ടുമായി ക്രമീകരിക്കണം. ഉഷ്ണസമ്മര്‍ദം ഒഴിവാക്കാന്‍ തൊഴുത്തില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. കഴിയുമെങ്കിൽ മുഴുവൻസമയവും ഫാനുകൾ പ്രവർത്തിപ്പിച്ചുനൽകണം. മേൽക്കൂരയിൽ ഫാനുകൾ സ്ഥാപിക്കുന്നതിനേക്കാൾ നല്ലത് പശുക്കളുടെ തലയിൽ അല്ലെങ്കിൽ നെറ്റിയിൽ കാറ്റ് പതിക്കും വിധം തൂണിൽ സ്ഥാപിച്ചതോ അല്ലങ്കിൽ പെഡസ്റ്റൽ ഫാനുകളോ ആണ്.
- തൊഴുത്തിന്റെ മേല്‍ക്കൂരക്ക് കീഴെ പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ്, ടാര്‍പോളിന്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് അടിക്കൂര (സീലിങ്) ഒരുക്കുന്നതും തൊഴുത്തിനുള്ളിലെ ചൂട് കുറക്കും. തൊഴുത്തിൽ പശുക്കളെ ഇടക്കിടെ കുളിപ്പിക്കുന്നതിന് പകരം തൊഴുത്തിന് മുകളില്‍ സ്പ്രിംഗ്ലര്‍ ഒരുക്കി മേൽക്കൂര നനച്ച് നൽകാം.. ചണച്ചാക്ക് കീറി തണുത്ത വെള്ളത്തിൽ നനച്ച് പശുക്കളുടെ കഴുത്തിൽ തൂക്കിയിടുന്നതും ഉഷ്ണസമ്മർദം കുറക്കാൻ സഹായിക്കും.
- സ്പ്രിംഗ്ലര്‍, ഷവർ, മിസ്റ്റ് എന്നിവയിലേതെങ്കിലും ഒരുക്കി പശുക്കളെ നനക്കുന്നത് ഉഷ്ണസമ്മര്‍ദം കുറക്കാന്‍ ഫലപ്രദമാണ്. ചൂടുകൂടുന്ന സമയങ്ങളില്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ മൂന്ന് മിനിറ്റ് നേരം ഇവ പ്രവർത്തിപ്പിച്ച് തൊഴുത്തിന്റെ അന്തരീക്ഷം തണുപ്പിക്കാം.
നിര്‍ജലീകരണം തടയാനും പാല് ഉൽപാദനനഷ്ടം കുറക്കാനും തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പശുക്കൾക്ക് കുടിക്കാൻ വേണ്ടത്ര വെള്ളം നിറച്ചുവെക്കണം. കുടിവെള്ളം തീരുന്നമുറക്ക് താനേ വന്നുനിറയുന്ന ഓട്ടോമാറ്റിക് വാട്ടര്‍ ബൗൾ സംവിധാനം ഒരുക്കിയാൽ എപ്പോഴും കുടിവെള്ളമുറപ്പാക്കാം.
- കാലിത്തീറ്റയും വൈക്കോലും നൽകുന്നത് ചൂട് കുറഞ്ഞ സമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം. വൈക്കോൽ വെള്ളത്തിൽ കുതിർത്തുവെച്ച് തീറ്റയായി നൽകാം. പകല്‍ ധാരാളം ജലാംശം അടങ്ങിയ നല്ലയിനം തീറ്റപ്പുല്ലും, അസോള, ശീമക്കൊന്ന, അഗത്തി, മുരിങ്ങ, പീലിവാക, മൾബറി, ഈർക്കിൽ മാറ്റിയ തെങ്ങോലപോലുള്ള ഇലത്തീറ്റകളും നല്‍കണം.
- അണപ്പിലൂടെ ഉമിനീർ കൂടുതലായി നഷ്ടപ്പെടുന്നത് കാരണം പശുക്കളുടെ ആമാശയത്തിൽ ഉണ്ടായേക്കാവുന്ന അസിഡിറ്റി ഒഴിവാക്കാൻ സോഡിയം ബൈ കാർബണേറ്റ് (അപ്പക്കാരം), ഒരു കിലോഗ്രാം കാലിത്തീറ്റക്ക് 10 ഗ്രാം നിരക്കിൽ തീറ്റയിൽ ചേർത്തുനല്‍കാം. ഒരു കിലോഗ്രാം സാന്ദ്രീകൃത കാലിത്തീറ്റക്ക് 10 ഗ്രാം എന്ന കണക്കിൽ ധാതു ജീവക മിശ്രിതവും ആകെ തീറ്റയിൽ 10 മുതൽ 25 ഗ്രാംവരെ കല്ലുപ്പും ചേർത്ത് നൽകുന്നതും ഗുണകരമാണ്.
- കടുത്തചൂടുള്ള സമയങ്ങളിൽ കൃത്രിമബീജദാനം നടത്തുന്നത് ഒഴിവാക്കണം.
- രോഗാണുവാഹകരായ പട്ടുണ്ണി പരാദങ്ങള്‍ പെരുകുന്നതിന് ഏറ്റവും അനുകൂലമായ കാലാവസ്ഥയാണ് വേനല്‍. പശുക്കളുടെ മേനി പരിശോധിച്ചാൽ രോമകൂപങ്ങൾക്കിടയിൽ പറ്റിപ്പിടിച്ച് നിന്ന് രക്തം കുടിക്കുന്ന പട്ടുണ്ണികളെ കാണാം. പരാദകീടങ്ങള്‍ പരത്തുന്ന തൈലേറിയോസിസ്, ബബീസിയോസിസ്, അനാപ്ലാസ്മോസിസ് തുടങ്ങിയ രക്താണുരോഗങ്ങള്‍ കേരളത്തില്‍ വേനല്‍ക്കാലത്ത് സാധാരണയാണ്.
ഏതെങ്കിലും അസ്വാഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വെറ്ററിനറി ഡോക്ടറുടെ സേവനം തേടാന്‍ മറക്കരുത്. സൂര്യാഘാതംമൂലം വളർത്തുമൃഗങ്ങൾക്ക് നാശനഷ്ടം നേരിട്ടാൽ അത്തരം സംഭവങ്ങൾ മൃഗസംരക്ഷണ വകുപ്പ് കൺട്രോൾ റൂമിൽ അറിയിക്കേണ്ടതാണെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. പി.കെ. മനോജ്കുമാർ അറിയിച്ചു.ഫോൺ: 04994224624.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.