കറുത്ത പൊന്നേ നിന്നെ
കാണാഞ്ഞിട്ടൊരുനാളുണ്ടേ...

നോക്കത്തൊ ദൂരത്തോളം വരി തെറ്റാതെ നില്‍ ക്കുന്ന കുരുമുളകു കൊടികള്‍. ഇടവിളയായ കാപ്പിച്ചെടികള്‍ വിളഞ്ഞ് കനംതൂങ്ങി കുനിഞ്ഞുനില്‍ക്കുന്നു. സില്‍വര്‍ ഓക്കിന്‍െറ താങ്ങുകാലുകളില്‍ 15 മീറ്ററിലേറെ പൊക്കത്തില്‍ ആലിംഗനം ചെയ്തു നില്‍ക്കുന്ന കുരുമുളകു വള്ളികള്‍. കുരുമുളകിന്‍െറ സങ്കര ഇനപ്പിറവിക്ക് നാന്ദികുറിച്ച പന്നിയൂര്‍-ഒന്ന് ഇനമാണ് മുഴുവന്‍. ഹൃദയാകൃതിയിലുള്ള ഇലകള്‍ തോരണം തൂക്കിയ ചെടികളില്‍ കരിമ്പച്ചയില്‍ പുതച്ച നിറമണികളുമായി നിറയെ കുരുമുളകുതിരികള്‍. വലിപ്പച്ചെറുപ്പങ്ങളില്ലാത്ത·5000 കൊടികള്‍ ഇവിടെ ഒറ്റയടിക്കെണ്ണാം. ഏഷ്യയിലെ മികച്ച കുരുമുളക് തോട്ടമെന്ന ഖ്യാതിക്ക് കോട്ടംതട്ടാതെ ഈ കുരുമുളക് കോട്ട കാക്കുന്നത് 78കാരനായ
എസ്.ബി. ജയരാജ്. കുടകിലെ സോംവാര്‍പേട് മദാപൂര്‍ ജമ്പൂരില്‍ 45 ഏക്കര്‍ വിസ്തൃതിയുള്ള മുരുകരാജേന്ദ്ര എസ്റ്റേറ്റിലാണീ കണ്ണഞ്ചും കാഴ്ച. 6-8 കിലോ ഗ്രാം ഉണങ്ങിയ മുളകാണ് ഓരോ കൊടിയില്‍നിന്നുമുള്ള വിളവ്.
കുരുമുളക് ചെടികള്‍ക്ക് പത്താണ്ട് മാത്രം പ്രായം. ഈ കൃഷിയിടത്തിന്‍െറ അഴകളവിന് ഒന്നര പതിറ്റാണ്ടിന്‍െറ പ്രായമേയുള്ളൂ.

1994-95ലാണ് കാപ്പി തൈകള്‍ നട്ടത്. എല്ലാം അറബിക്ക ഇനം. അഞ്ചാണ്ടിനുശേഷം കുരുമുളക് കൂടത്തൈകള്‍ നട്ടു. മൂന്നാം വര്‍ഷംമുതല്‍ വിളവെടുപ്പ് തുടങ്ങി. 2004ല്‍ എട്ട് ടണ്‍ വിളവ് കിട്ടി. ഉല്‍പാദനക്ഷമതയുടെ കണക്കെടുപ്പില്‍ മോശം എന്ന ഗണത്തില്‍ പെടുത്താവുന്ന വിളവ്. തൊട്ടുപിന്നാലെയത്തെി ദ്രുതവാട്ടമെന്ന മാറാവ്യാധി. കൂടാതെ തിരി കൊഴിച്ചില്‍, പൊള്ളുവണ്ട്, മഞ്ഞളിപ്പ് ആക്രമണങ്ങള്‍ വേറെ. കുരുമുളകിന്‍െറ വ്യാധികളില്‍ ആധികേറി ജയരാജ് കയറിയിറങ്ങാത്ത· പടികളില്ല. മാനംമുട്ടെ വളരാന്‍ കൊതിച്ച കൊടിത്തലകള്‍ ഒറ്റരാവുകൊണ്ട് മേലു മഞ്ഞളിച്ച് ഉതിര്‍ന്ന് വീണ് കര്‍ഷകന്‍െറ മനം മടുപ്പിച്ചു. 400 കൊടികള്‍ ദിവസങ്ങള്‍ക്കകം നിലംപറ്റി. പലരുപദേശിച്ച പോംവഴികളൊന്നും ചെടികളെ രക്ഷിച്ചില്ല. ആ ഇടക്കാണ് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്‍െറ കീഴില്‍ അപ്പന്‍ഗളയില്‍ പ്രവര്‍ത്തിക്കുന്ന ഏല ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ ഇക്കാര്യമറിഞ്ഞത്. അവരുടെ ശാസ്ത്രീയ ഇടപെടലുകളിലൂടെ കൊടികള്‍ പുതുജന്മമെടുത്തു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനു പകരം വരാതെ നോക്കാന്‍ മാര്‍ഗങ്ങള്‍ തെളിഞ്ഞു. പിന്നീടെല്ലാം ഒരു നാടോടിക്കഥ പോലെ. ഇന്ന് ഇളംതലകളില്‍ രോഗഭീതിയില്ല. വിളവില്‍ മൂന്നിരട്ടിയുടെ മുന്നേറ്റം വേറെ. ശാസ്ത്രീയ കൃഷിരീതി സമയബന്ധിതമായും കൃത്യമായും നടപ്പാക്കിയതാണ് നേട്ടത്തിനു പിന്നിലെ ലളിത സമവാക്യമെന്ന് ജയരാജ്. അഞ്ചടി അകലത്തില്‍ വരിയായും നിരയായും നട്ട കാപ്പിച്ചെടികള്‍ക്കിടയില്‍ 15 x 15 അടി അകലത്തിലാണ് കുരുമുളക് കൂടത്തൈകള്‍ നട്ടത്. വേനലിലെ നനയാണ് പ്രധാന സവിശേഷത. 10 ദിവസത്തിലൊരിക്കല്‍ കൊടിയൊന്നിന് 100 ലിറ്റര്‍ വെള്ളം ചുവട്ടിലൊഴിക്കും. പൈപ്പ് ഉപയോഗിച്ചാണ് നന. ഫെബ്രുവരി മുതല്‍ മഴ തുടങ്ങുംവരെയാണ് നനകാലം. തണല്‍ ക്രമീകരണമാണ് മറ്റൊന്ന്. താങ്ങുകാലുകളില്‍ വള്ളി പടര്‍ന്നു കയറിയതിന്‍െറ 10 അടി വരെ മുകളില്‍ തണല്‍ വളരാന്‍ അനുവദിക്കില്ല. വര്‍ഷത്തില്‍ ഒരു തവണ മഴക്ക് മുമ്പ് ഇവ വെട്ടിമാറ്റും.
ശാസ്ത്രീയ രാസകൃഷിയാണ് പിന്തുടരുന്നത്. വള്ളിയുടെ വലിപ്പമനുസരിച്ച് അര കിലോഗ്രാം എന്‍.പി.കെ മിശ്രിതം വര്‍ഷം രണ്ടു തവണ ചേര്‍ക്കും. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഓരോ കുട്ട കമ്പോസ്റ്റ് ചുവട്ടിലിടും. വേരിന് ക്ഷതം പറ്റാത്തത്ര അകലത്തിലാണ് കൃഷിപ്പണികള്‍. ഒരു ശതമാനം വീര്യമുള്ള കോപ്പര്‍ ഓക്സിക്ളോറൈഡ് ഒഴിക്കുന്നതിന് പുറമെ വര്‍ഷം രണ്ടു തവണ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കും. ജൂണിലും സെപ്റ്റംബറിലുമാണിത്. ഒരു സീസണില്‍ 20 ടണ്‍ വിളവ് കിട്ടിയാല്‍ അടുത്ത തവണ അതിന്‍െറ 70 ശതമാനം വരെ ഉല്‍പാദനനഷ്ടം കുരുമുളക് കൃഷിയില്‍ പുത്തരിയല്ല. ഈ അന്തരം ആദായത്തെ· കാര്യമായി ബാധിക്കും. ശാസ്ത്രീയ രീതി നടപ്പാക്കിയതോടെ ഈ തോത് 30 ശതമാനത്തില്‍ താഴെ നിലനിര്‍ത്താനായെന്ന് ഏലം ഗവേഷണ കേന്ദ്രത്തിലെ ഡോ. എസ്.ജെ. ആങ്കെ ഗൗഡ ചൂണ്ടിക്കാട്ടി.
കാര്യങ്ങള്‍ ഈ വിധം പുരോഗമിച്ചതോടെ വിളവില്‍ മൂന്നിരട്ടിയുടെ വര്‍ധനയുണ്ടായി. ഈ വര്‍ഷം ചുരുങ്ങിയത് 35 ടണ്‍ ഉണക്ക കുരുമുളകാണ് പ്രതീക്ഷ. വിളവെടുക്കുമ്പോള്‍ കിലോക്ക് 500 രൂപ കിട്ടിയാല്‍പോലും ഒന്നേമുക്കാല്‍ കോടി രൂപയുടെ വരുമാനം കുരുമുളകില്‍നിന്ന് മാത്രം കിട്ടും. 25 സ്ഥിരം തൊഴിലാളികളാണിവിടെയുള്ളത്. അഞ്ചുപേര്‍ പുരുഷന്മാര്‍. ജയരാജിന്‍െറ കൃഷിരീതികള്‍ പകര്‍ത്താനും തോട്ടത്തിന്‍െറ സവിശേഷത അടുത്തറിയാനും പലനാടുകളില്‍നിന്നും ആളത്തെുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായ 40ലേറെ കുടുംബങ്ങള്‍ ഈ വഴി തെരഞ്ഞെടുത്തുകഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എസ്.ബി. ജയരാജ് 09945499080

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.