പുൽപള്ളി: വിസ്മൃതിയിലായ പുരാതന നെല്ലിനം ‘കൃഷ്ണകൗമോദി’ന് വയനാടൻ മണ്ണിൽ പുനർജനി. നൂറ്റാണ്ടുകൾക്കു മുമ്പ് രാജാക്കന്മാരും മറ്റും ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്ന നെല്ലിനമാണത്രേ ബസുമതി കൃഷ്ണകൗമോദ്. ഇത് വയനാടൻ മണ്ണിലും നൂറുമേനി വിളയുമെന്ന് തെളിയിക്കുകയാണ് സുൽത്താൻ ബത്തേരി സ്വദേശിയായ തയ്യിൽ പ്രസീത്കുമാർ.
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ കേരള, കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ ഈ നെല്ലിനം പേരിനുപോലും കാണാനില്ല. ഗുജറാത്തിലും ഒഡിഷയിലും ഇത് ഉണ്ടെങ്കിലും അപൂർവമാണ്. ഗുജറാത്തിൽനിന്ന് അഞ്ചു വർഷം മുമ്പ് ഒരു കിലോ നെൽവിത്ത് കൊണ്ടുവന്നാണ് പരീക്ഷണാടിസ്ഥാനത്തിൽ പ്രസീത് കൃഷിയാരംഭിച്ചത്. അര ഏക്കറിലായിരുന്നു തുടക്കം. അഞ്ചുവർഷംകൊണ്ട് മൂന്നര ഏക്കറിൽ കൃഷി വ്യാപിപ്പിച്ചു. ബത്തേരിക്കടുത്ത് നമ്പിക്കൊല്ലിയിലെ മൂന്നേക്കറിലും പുൽപള്ളിയിൽ അര ഏക്കറോളം സ്ഥലത്തുമാണ് കൃഷി.
നല്ല രുചിയും മണവുമുള്ള നെല്ലിനമാണിത്. ഗന്ധകശാല ഇനത്തോട് സാദൃശ്യമുണ്ട്. വണ്ണംകുറഞ്ഞ് നീളം കൂടിയതും നേർത്തതും വയലറ്റ് നിറമുള്ളതുമാണ് നെൽകതിർ. മൂപ്പെത്തുന്നതോടെ കറുപ്പുനിറമാകും. എളുപ്പത്തിൽ പാചകംചെയ്യാനും കഴിയും. സംസ്ഥാനത്ത് ഈ നെല്ലിനം വേറെയിടത്ത് ഇല്ലെന്ന് കൃഷി ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. ഉന്നത ഉദ്യോഗസ്ഥരടക്കം കൃഷിയിടം സന്ദർശിച്ചു. വിവിധ സംസ്ഥാനങ്ങളിൽ കൊയ്ത്തിന് യന്ത്രവുമായി പോകുന്ന തമിഴ്നാട് സ്വദേശികളും ഇത്തരമൊരു നെല്ലിനം മറ്റിടങ്ങളിൽ കണ്ടിട്ടില്ലെന്ന് പറയുന്നു.
കൃഷിയോടുള്ള താൽപര്യമാണ് പ്രസീതിനെ നെൽകൃഷിയിലേക്ക് അടുപ്പിച്ചത്. ജില്ലയിൽ പരമ്പരാഗത നെല്ലിനങ്ങൾ പലതും അന്യംനിൽക്കുമ്പോഴാണ് ഈ കർഷകൻ പഴയകാല നെൽവിത്ത് സംരക്ഷകനാകുന്നത്. നെൽവിത്ത് മറ്റു കർഷകർക്കും നൽകാൻ പ്രസീത് തയാറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.