അറയ്ക്കലില്‍ വിളകളുടെ ആറാട്ട്

നാടന്‍ ചീര മുതല്‍ ലോങ് കുക്കുമ്പര്‍ വരെ വിളയിച്ച് ജൈവകൃഷിയില്‍ മാതൃകയൊരുക്കുകയാണ് മത്തേലയിലെ കര്‍ഷക ദമ്പതിമാര്‍. മത്തേല അറയ്ക്കല്‍ അബ്ദുല്‍ ഖാദറും ഭാര്യ ജമീലയുമാണ് കൃഷിയില്‍ നൂറുമേനി കൊയ്യുന്നത്. ഫിഷറീസ് വകുപ്പിലെ ഉദ്യോഗം വിട്ട് കാല്‍നൂറ്റാണ്ടിലേറെ പ്രവാസ ജീവിതം നയിച്ചു. വിശ്രമജീവിതത്തിന് നാട്ടിലത്തെിയപ്പോള്‍ മാടിവിളിച്ചത് പച്ചമണ്ണ്. ഇട്ട വിത്തെല്ലാം തുള്ളിക്കൊരുകുടം എന്ന കണക്കില്‍ തിരിച്ചുനല്‍കിയപ്പോള്‍ ഒരേക്കറോളം വരുന്ന വീട്ടുവളപ്പിലും ഒന്നര ഏക്കറോളം വരുന്ന കൃഷിയിടത്തിലും വിളകളുടെ ആറാട്ടായി. അതിനിടെ ഈ ദമ്പതിമാര്‍ കൃഷിയിടത്തില്‍ ഒരു വ്യാഴവട്ടം പിന്നിട്ടു.
പാവല്‍, പടവലം, വെണ്ട, ചീര, തക്കാളി, പയര്‍, ഇഞ്ചി, മഞ്ഞള്‍, കാച്ചില്‍, ചേന, ഇരുപതോളം പച്ചമുളകിനങ്ങള്‍, വിവിധയിനം വാഴകള്‍, മത്തന്‍, കുമ്പളം, ചുരയ്ക്ക, ജാതി, പാഷന്‍ഫ്രൂട്ട്, റംബൂട്ടാന്‍, പൈനാപ്പ്ള്‍, കക്കിരി, നോനി, ലോങ് കുക്കുമ്പര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഇനങ്ങളാണിവിടെ വിളയിക്കുന്നത്.
കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 2006ല്‍ ആരംഭിച്ച അഗ്രികള്‍ച്ചറല്‍ മാനേജ്മെന്‍റ് ടെക്നോളജി(ആത്മ)യുടെ പ്രഥമ ക്ളാസ് ഇവരുടെ കൃഷിയിടത്തിലാണ് നടന്നത്. 2016ല്‍ ഫെബ്രുവരി -മാര്‍ച്ചിലെ ക്ളാസും ഇവിടെതന്നെയാണ് സംഘടിപ്പിച്ചത്. കൃഷിക്കാവശ്യമായ ജൈവവളവും ജൈവകീടനാശിനിയും സ്വന്തമായാണ് ഉണ്ടാക്കുന്നത്. മത്തേലയിലെ മികച്ച കര്‍ഷക ദമ്പതിമാര്‍ക്കുള്ള അവാര്‍ഡ് മൂന്നുതവണ ഇവരെ തേടിയത്തെി. മത്തേല കൃഷി ഓഫിസര്‍ ഷബ്നാസ് പടിയത്ത് ഇവര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായവുമായി ഒപ്പമുണ്ട്. മക്കള്‍ രണ്ടുപേരും വിദേശത്താണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.