പെരിഞ്ഞനത്തെ ‘കൃത്യതാ കൃഷി’ക്ക് നൂറുമേനി

കയ്പമംഗലം മണ്ഡലത്തില്‍ ആദ്യമായി ‘കൃത്യതാ കൃഷി’ പരീക്ഷിച്ച പെരിഞ്ഞനത്തെ കര്‍ഷകര്‍ക്ക് നൂറുമേനി വിളവ്. ഓണപ്പറമ്പിന് വടക്ക് പ്രവാസിയായ വലിയപറമ്പില്‍ സുകൃതന്‍, സുഹൃത്ത് വലിയപറമ്പില്‍ സജീഷ് എന്നിവരാണ് സുകൃതന്‍്റെ നാലര ഏക്കര്‍ ഭൂമിയില്‍ കൃഷി പരീക്ഷിച്ചത്. വെണ്ട, പൊട്ടുവെള്ളരി, പയര്‍, പച്ചമുളക് എന്നിവയാണ് തികച്ചും ജൈവ രീതിയില്‍ കൃഷി ചെയ്തിരിക്കുന്നത്. തുള്ളിനന (ഡ്രിപ് ഇറിഗേഷന്‍) സംവിധാനം വഴി കൃഷിക്ക് ആവശ്യമായത്ര വെള്ളവും വളവും വേണ്ട സമയത്ത് കൃത്യമായി എത്തിക്കുന്നതായതിനാല്‍ ഇതിന് കൃത്യതാ കൃഷി എന്നാണ് പേര്. കൃഷി വകുപ്പ് ആവിഷ്കരിച്ച ഈ പദ്ധതി പ്രകാരം അരയേക്കറിന് 30,000  നിരക്കില്‍ കര്‍ഷകന് സാമ്പത്തിക സഹായം ലഭിക്കും. കള ശല്യം കുറക്കുന്നതിനും വെള്ളം, വളം എന്നിവ നഷ്ടപ്പെടാതിരിക്കാനും പോളിത്തീന്‍ ഷീറ്റുകൊണ്ട് മണ്ണില്‍ പുതയിട്ട്, അതിനകത്തു കൂടി അരയിഞ്ച് ഹോസ് കടത്തി വിടും. 40 സെന്‍്റീമീറ്റര്‍ അകലത്തില്‍ ഈ ഹോസിന് ചെറു സുഷിരങ്ങള്‍ ഉണ്ടായിരിക്കും. ഫെര്‍ട്ടിലൈസര്‍ പമ്പ് ഉപയോഗിച്ച് ഈ ഹോസിലൂടെയാണ് വെള്ളവും വളവും കടത്തിവിടുക. പോളിത്തീന്‍ പുതയുടെ മുകളില്‍ ഉണ്ടാക്കിയ ദ്വാരങ്ങളിലൂടെയാണ് ചെടികള്‍ നടുന്നത്. തുടക്കത്തില്‍ വരുന്ന ചെലവു കഴിഞ്ഞാല്‍ കള പറിക്കല്‍, വളം ചേര്‍ക്കല്‍, ജലസേചനം എന്നിവക്ക് കര്‍ഷകന് വലിയ ചെലവുകള്‍ വരില്ല എന്നതും മികച്ച വിളവ് ലഭിക്കും എന്നതും ഈ കൃഷി രീതിയുടെ മെച്ചങ്ങളാണ്. ഇത്തരം കൃഷിക്ക് താരതമ്യനേ കീട ശല്യങ്ങളും കുറവാണ്. പെരിഞ്ഞനത്തെ കൃഷി ഓഫീസര്‍ ജ്യോതി പി.ബിന്ദുവാണ് കൃഷിക്ക് ആവശ്യമായ സാങ്കതേിക സഹായങ്ങള്‍ നല്‍കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.