????????? ??????????????

ദിവാകരേട്ടന്‍ കൃഷിയിടത്തില്‍ തിരക്കിലാണ്

നെല്ല്, പച്ചക്കറി,  കരിമ്പ്, അപൂര്‍വ ജനുസ്സുകളായ കന്നുകാലി പരിപാലനം, മത്സ്യകൃഷി, ഒൗഷധ സസ്യ പരിപാലനം, കാവു സംരക്ഷണം...പ്രായം എണ്‍പതിനോടടുത്തെങ്കിലും  ദിവാകരേട്ടന് കൃഷിയിടത്തിലിറങ്ങുമ്പോള്‍ പതിനെട്ടിന്‍െറ ചെറുപ്പം. ഉന്നത ജോലിയുമായി വലിയ നഗരങ്ങളില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ദിവാകരേട്ടന് ഇഷ്ടം നാട്ടില്‍ ഒരു കര്‍ഷകനായി ജീവിക്കാനാണ്.
വയനാട്ടിലെ പൊഴുതനയിലെ ആനോത്ത് ദിവാകരേട്ടന് ഇന്ന് കൃഷി മാത്രമാണ് ജീവിതം. 1970 ല്‍ പൊന്നാനിയില്‍ നിന്നാണ് അദ്ദേഹം വയനാട്ടില്‍ എത്തുന്നത്. ഇതിനിടക്ക് റെയില്‍വേയിലും പിന്നീട് സെന്‍ട്രല്‍ വെയര്‍ഹൗസിലും ജോലിചെയ്തു. ഡെല്‍ഹിയിലും ബംഗളുരുവിലുമായിരുന്നു ജോലി. അപ്പോഴും വയനാട്ടിലെ തന്‍്റെ കൃഷി നന്നാക്കിയെടുക്കണമെന്ന് മാത്രമായിരുന്നു ചിന്ത. 1992 ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചതോടെ സ്വന്തം കൃഷിയിടത്തിലത്തെി പുതിയ ജീവിതത്തിന് തുടക്കമിടുകയായിരുന്നു. ജൈവകൃഷിയുടെയും ചെലവ് കുറഞ്ഞ കൃഷിയുടെയും പ്രചാരകന്‍ കൂടിയാണ്. സുഭാഷ് പാലേക്കറുടെ സീറോ ബജറ്റ് ഫാമിംഗ് നാട്ടുകാരെ പരിചയപ്പെടുത്തിക്കൊടുക്കുന്നുമുണ്ട്. നെല്ലും പച്ചക്കറികളും കരിമ്പുമെല്ലാം ഇപ്പോഴും കൃഷി ചെയ്യുന്നു. കൂടെ പാരമ്പര്യ നെല്‍വിത്തിനങ്ങളെയും സംരക്ഷിക്കുന്നു. കാസര്‍കോഡ് കുള്ളനെയും വെച്ചൂര്‍ പശുവിനെയും വളര്‍ത്തുന്നു. വയനാട്ടിലെ ഏറ്റവും പുതുമയുള്ള കാഴ്ചക്കുല തോട്ടവും ഒന്നാന്തരം മത്സ്യക്കുളവും ദിവാകരന്‍്റെ തോട്ടത്തിലുണ്ട്.
ജലനഷ്ടം പരമാവധി കുറക്കാന്‍ കണികാജലസേചനവും നിശ്ചിത അളവില്‍ ആവശ്യാനുസരണമായി സൂക്ഷ്മമൂലകങ്ങള്‍ ഉള്‍പ്പെടെയുള്ള രാസവളങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്ന കൃത്യതാ കൃഷിയിലൂടെയാണ് പച്ചക്കറി കൃഷിയിറക്കിയത്. ഇതിലൂടെ  തക്കാളി,വെണ്ട, കാബേജ്, ബീന്‍സ്, കാപ്സിക്കം, പച്ചമുളക് ഇവയെല്ലാം നല്ല രീതിയില്‍ വിളയിച്ചെടുക്കുന്നു. നാടന്‍ കോഴിഫാമും ഇതിനോടൊപ്പമുണ്ട്. വയനാടന്‍ കുരുമുളക് തോട്ടവും മറ്റൊരു പ്രത്യേകതയാണ്. ഫലവര്‍ഗകൃഷിയും തോട്ടത്തോടൊപ്പം തന്നെയുണ്ട്. കൃഷിയിടത്തിന്‍്റെ ഒരു ഭാഗത്തുള്ള വലിയ കുളത്തില്‍ നല്ല വരുമാനം തരുന്ന മത്സ്യകൃഷിയും അതില്‍ നടത്തുന്നു. കൃഷിയിടത്തിന്‍്റെ കാല്‍ ഏക്കറോളം ജൈവവൈവിധ്യമുള്ള കാവുകളെയും ഒൗഷധ സസ്യങ്ങളെയും അദ്ദേഹം പരിപാലിക്കുന്നുണ്ട്.
പത്തോളം ഇനം മുളങ്കാടുകളും ദിവാകരന്‍റെ കൃഷിയിടത്തിലുണ്ട്. കൃഷിയിടം സന്ദര്‍ശിക്കാന്‍ ഹരിതവിപ്ളവത്തിന്‍്റെ പിതാവായ എം. എസ് സ്വാമിനാഥന്‍ ഒരിക്കല്‍ അതിഥിയായി എത്തിയത് ദിവാകരന്‍ ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നു. കല്‍പ്പറ്റ പുത്തൂര്‍ വയലിലുള്ള സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനുമായി സഹകരിക്കുന്നുണ്ട് ദിവാകരന്‍. പൊഴുതന പഞ്ചായത്തിന്‍്റെ ജൈവ വൈവിധ്യ രജിസ്റ്റര്‍ ഉണ്ടാക്കുന്നതിലും ഈ പ്രകൃതി സ്നേഹിയുടെ പങ്കാളിത്തമുണ്ടായി. ആരോഗ്യവും മനസ്സും ഉള്ളിടത്തോളം കാലം നല്ല കൃഷി ചെയ്ത് കൃഷിയുടെ പ്രചാരകനായി ജീവിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് ദിവാകരന്‍ പറയുന്നു.  

 

 

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.