ഗ്രോബാഗിൽ ഇങ്ങനെ വളമിടാം

എല്ലാവർക്കും അടുക്കളത്തോട്ടത്തിന്​ ആവശ്യത്തിന്​ സ്ഥലമുണ്ടാവണമെന്നില്ല. അതു​കൊണ്ട്​ ഗ്രോബാഗിലാകും കൃഷി. വെറും നിലത്ത്​ നടുന്നപോലെയല്ല ഗ്രോബാഗിലെ കൃഷി. അതിനു​ ശ്രദ്ധയും പരിചരണവും ആവശ്യമാണ്​.

വളപ്രയോഗത്തിലും ശ്രദ്ധിക്കണം. ഇല്ലെങ്കിൽ നട്ടത്​ അപ്പാടെ നശിച്ചുപോകും. ടെറസിലാണ്​ ഗ്രോബാഗ്​ വെച്ചിരിക്കുന്നതെങ്കിൽ രാസവളമിട്ടാൽ ​െടറസിനും കേടുവരും. അതുകൊണ്ട്​ രാസവളവും കീടനാശിനിയും ടെറസ്​, ഗ്രോബാഗ്​ കൃഷിയിൽ പൂർണമായി ഒഴിവാക്കണം. കൃഷി തുടങ്ങി ആദ്യ രണ്ടാഴ്ച (വിത്ത് മുളച്ചു തൈ ആകുന്ന സമയം) വളപ്രയോഗം വേണ്ട. ഈ സമയം കൃത്യമായി നനച്ച്​ ആരോഗ്യത്തോടെ വളരാന്‍ അവസരം ഉണ്ടാക്കുക. വേണമെങ്കില്‍ ഈ സമയം ആഴ്ചയില്‍ ഒരു തവണ സ്യുഡോമോണസ് ലായനി ഒഴിച്ചുകൊടുക്കാം (സ്യുഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍).ഗ്രോബാഗില്‍ നടീല്‍ മിശ്രിതം നിറക്കുമ്പോള്‍ കരിയിലകൂടി ചേർക്കുന്നത് നല്ലതാണ്. കരിയില സാവധാനം പൊടിഞ്ഞ്​ മണ്ണോടുചേര്‍ന്ന് ചെടിക്ക് വളമാകും. കൂടാതെ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്​ഠം, കുറച്ച്​ എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് ഇവകൂടി ചേര്‍ക്കാം. ഇവയൊക്കെ ചേര്‍ത്താല്‍ അത്യാവശ്യം നല്ല വളമായി. പിന്നെ ഇടക്കിടെ ചെടിയുടെ വളര്‍ച്ചാഘട്ടങ്ങളില്‍ വേണ്ട വളം നല്‍കാം.


ഫിഷ്‌ അമിനോ ആസിഡ് പോലെ ദ്രവരൂപത്തിലുള്ള വളങ്ങള്‍ ആഴ്ചയില്‍ ഒരുതവണ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചും ഇലകളില്‍ തളിച്ചും കൊടുക്കാം. വീട്ടില്‍ വാങ്ങുന്ന മത്തിയുടെ മാലിന്യം ഉപയോഗിച്ച്​ എളുപ്പം ഫിഷ്‌ അമിനോ ആസിഡ് തയാറാക്കാം. ഒരു കിലോ മത്തി ചെറിയ കഷണങ്ങളാക്കുക. ഒരു കിലോ ശർക്കര പൊടിച്ചെടുക്കുക. വായു കടക്കാത്ത അടപ്പുള്ള പാത്രത്തിൽ ആദ്യം ഒരുപിടി ശർക്കര ഇടുക. അതിനുമുകളിൽ 250 ഗ്രാം മത്തി ഇടുക. വീണ്ടും ശർക്കര ഇടുക. അതിനു മുകളിൽ വീണ്ടും മത്തി ഇടുക. അങ്ങനെ അഞ്ച്​ അടുക്ക്​ ശർക്കരയും നാല്​ അടുക്ക്​ മത്തിയും ഇടുക. 30 ദിവസം കഴിഞ്ഞ് ഇത് ഉപയോഗിക്കാം. ഇടുമ്പോള്‍ 20 മുതല്‍ 40 ശതമാനം വരെ ഇരട്ടി വെള്ളം ചേര്‍ത്തു വേണം ഒഴിക്കാന്‍.

ചെടികള്‍ക്ക് ആവശ്യമായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് (എന്‍.പി.കെ) എന്നിവ ധാരാളം അടങ്ങിയവയാണ് കടലപ്പിണ്ണാക്ക്. ഒരു ചെടിക്ക് 25-50 ഗ്രാം ഒരു തവണ കൊടുക്കാം. വെറുതെ ഇടരുത്. ഉറുമ്പ് കൊണ്ടുപോകും. കുറച്ചു വേപ്പിന്‍ പിണ്ണാക്കുകൂടി ചേര്‍ത്തുപൊടിച്ച്​ അൽപം മണ്ണ് മാറ്റി ഇടാം. മണ്ണിട്ടു മൂടാം. ഇങ്ങനെ രണ്ടാഴ്ച, മൂന്നാഴ്ച കൂടുമ്പോള്‍ കൊടുത്താല്‍ ചെടികള്‍ ആരോഗ്യത്തോടെ വളരും.


കടലപ്പിണ്ണാക്ക് വെള്ളത്തിലിട്ട്​ 2-3 ദിവസം വെക്കുക. ഇതി​െൻറ തെളി എടുത്തു നേര്‍പ്പിച്ചു ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കാം. ഇതുപോലെ വേപ്പിന്‍ പിണ്ണാക്ക് രണ്ടുപിടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 2-3 ദിവസം ഇട്ട്​ ഊറ്റി നേര്‍പ്പിച്ചു ചെടികളില്‍ ഒഴിക്കാം. കീടബാധക്കെതിരെ നല്ലതാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.