പൂച്ചാക്കൽ: ഊർജസ്വലതയുള്ള കർഷകയായി മാറിയ കഥയാണ് പാണാവള്ളി പഞ്ചായത്ത് പത്താംവാർഡ് തൈവീട്ടിൽ ഇസ്മത്തിന് പറയാനുള്ളത്. അഞ്ചുവർഷം മുമ്പ് വരെ ആട്, കോഴി, താറാവ് പോലുള്ള ജീവികളോട് വെറുപ്പായിരുന്നെങ്കിൽ ഇന്ന് ഇവകൾ ഉൾക്കൊള്ളുന്ന ഫാമിന്റെ നടത്തിപ്പുകാരിയാണ്.
മൃഗങ്ങളോടും പക്ഷികളോടുമുള്ള ഭർത്താവ് ഫസലിന്റെ സ്നേഹമാണ് ഇസ്മത്തിനെയും അടുപ്പിച്ചത്. ഫസൽ ആദ്യം താറാവ് കൃഷിയിൽ തുടങ്ങി പിന്നീട് കോഴിയും പശുവും ആടുമൊക്കെ വളർത്താൻ തുടങ്ങുകയായിരുന്നു. ഇന്ന് അത് വികസിച്ച് താറാവ്, കോഴി, ആടുകളുടെയെല്ലാം ഒരു ചെറിയ ഫാമുകളായി വളർന്നു. ഇതിന്റെയെല്ലാം മേൽനോട്ടക്കാരിയാണിന്ന് ഇസ്മത്ത്. ഇവകളിൽനിന്ന് ലഭിക്കുന്ന വളമുപയോഗിച്ച് വീട്ടിലും പരിസരത്തുമായുള്ള ഒരേക്കറിലധികം വരുന്ന സ്ഥലത്ത് കൃഷിയുമുണ്ട്.
ഏത് കാലാവസ്ഥയിലും ഏതെങ്കിലും രീതിയിലുള്ള കൃഷിയുമായി ഇസ്മത്ത് തിരക്കിലാണ്. തക്കാളി, മുളക്, മുരിങ്ങ, ചീര, വെണ്ട, പാവൽ, പയർ, പീച്ചിങ്ങ, പടവലം, പൊട്ടുവെള്ളരി, ക്വാളിഫ്ലവർ തുടങ്ങി ഒട്ടുമിക്കവയും കൃഷിത്തോട്ടത്തിലുണ്ട്.
കെട്ടുകണക്കിന് ചീരയാണ് ദിനേന വിറ്റഴിക്കുന്നത്. സുന്ദരിച്ചീരയെന്ന കുടുതൽ ഇതളുകളും ഇലകളുമുള്ള പച്ചനിറത്തിലുള്ള ചീരയും തോട്ടത്തിലുണ്ട്. നനക്കുന്നതിനായി ഡ്രിപ് ഇറിഗേഷൻ സംവിധാനം ഒരുക്കുകയാണ്. വീട്ടിലും പരിസരത്തും പാട്ടത്തിനെടുത്തും ഒരേക്കറിലധികം സ്ഥലത്താണ് കൃഷി. കഴിച്ചാൽ ഒരുമണിക്കൂറോളം വായിൽ മധുരംനിൽക്കുന്ന മിറാക്കിൽ ഫ്രൂട്സ്, സപ്പോർട്ടക്ക, അബിയു, പ്ലാവ്, മാവ് തുടങ്ങിയവ ഉൾപ്പെടെ ഫലവർഗങ്ങളും മട്ടുപ്പാവിലുണ്ട്.
ഒന്നുംചെയ്യാതെ മടിച്ചിരുന്ന ഇസ്മത്തിന് ഇന്ന് ദിവസം തികയാറില്ല. മക്കളായ ആറാം ക്ലാസുകാരി ഫായിസയും മൂന്നാം ക്ലാസുകാരൻ സാബിത്തും മാതാവിനോടൊപ്പം കൃഷിയിലും സജീവമാണ്. സമയം കിട്ടുമ്പോഴെല്ലാം ഭർതൃപിതാവും പലചരക്ക് വ്യാപാരിയുമായ ഹമീദും ഭാര്യ ലൈലയും കൃഷിയിൽ സഹായിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.