പുള്ളിപ്പാവാടയ്ക്കൊപ്പംപുള്ളിത്തട്ടവുമിട്ട പുത്തൻ പറമ്പിലെ പുതുപെണ്ണിനെ കാണാൻ നല്ല ചേലാണ്. ചേലുള്ള പെണ്ണുങ്ങളൊന്നും പടിപ്പുര കടക്കരുതെന്ന് പുതിയാപ്ലയുടെ വല്യുപ്പാന്റെ പുത്തൻ നിയമമാണ്. പുഞ്ചവയൽപ്പാടത്തെ - യിളംകാറ്റു വന്നു വിളിക്കുമ്പോൾ പുതുപെണ്ണിൻ ഖൽബിലിരുന്നൊരു ജിന്നു പിടയ്ക്കും. പിടയ്ക്കുന്ന ഖൽബുമായ് പുസ്തകക്കെട്ടുകളുമെടുത്ത് പുരവാതിൽക്കലേക്ക് നിലവിളിച്ചോണ്ടോട്ടമാണ്. ജിന്നൊഴിപ്പിക്കാൻ പുയ്യാപ്ല...
പുള്ളിപ്പാവാടയ്ക്കൊപ്പം
പുള്ളിത്തട്ടവുമിട്ട
പുത്തൻ പറമ്പിലെ
പുതുപെണ്ണിനെ
കാണാൻ നല്ല ചേലാണ്.
ചേലുള്ള പെണ്ണുങ്ങളൊന്നും
പടിപ്പുര കടക്കരുതെന്ന്
പുതിയാപ്ലയുടെ വല്യുപ്പാന്റെ
പുത്തൻ നിയമമാണ്.
പുഞ്ചവയൽപ്പാടത്തെ -
യിളംകാറ്റു വന്നു വിളിക്കുമ്പോൾ
പുതുപെണ്ണിൻ ഖൽബിലിരുന്നൊരു
ജിന്നു പിടയ്ക്കും.
പിടയ്ക്കുന്ന ഖൽബുമായ്
പുസ്തകക്കെട്ടുകളുമെടുത്ത്
പുരവാതിൽക്കലേക്ക്
നിലവിളിച്ചോണ്ടോട്ടമാണ്.
ജിന്നൊഴിപ്പിക്കാൻ
പുയ്യാപ്ല വിളിച്ച
പുരുഷ കേസരികളെല്ലാം
അടിച്ചു കഴിയുമ്പോൾ
ബോധം കെട്ടുറക്കമാണ്.
പുതുനാരികളെല്ലാം
പുത്തനരിച്ചോറും കഴിച്ച്
പുരയ്ക്കകത്ത്
കുത്തിയിരുന്നാൽ പോരേന്ന്
പുയ്യാപ്ലയുടെ വല്യുപ്പാപ്പ.
പുക്കാറുണ്ടാക്കാതെ ങ്ങള്
മാറിനിക്കീന്നും പറഞ്ഞ്
പുസ്തകങ്ങളുമെടുത്ത്
പുത്തൻ പറമ്പിന്റെ
പടിപ്പുര കടന്നവൾ.
കാലം കഴിഞ്ഞപ്പോൾ
പുരാതന തറവാട്
പുരാവസ്തുവാക്കാമെന്ന്
പുതുതലമുറ.
കയ്യിലൊരു കടലാസുമേന്തി
പടിപ്പുര കടന്ന
‘പഴയ’ നാരിയെക്കണ്ട്
വല്യുപ്പാപ്പ കണ്ണുമിഴിച്ചു.
പുത്തൻ പറമ്പെന്നും
പുത്തനായിരിക്കട്ടെയെന്ന്
പുയ്യാപ്ലയുടെ നേരെ
കടലാസു നീട്ടിക്കൊണ്ടവൾ.
പുത്തൻപറമ്പിലെ
പടിപ്പുരയും കടന്ന്
വീശിയടിച്ചയിളം
കാറ്റിനോടിപ്പോൾ
പുയ്യാപ്ലയുടെ വല്യുപ്പാക്കും
പെരുത്തിഷ്ടമാണ്!
l
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.