ഒന്നാം വിവാഹവാർഷികം കഴിഞ്ഞ് അധികനാൾ കഴിയും മുമ്പേ എല്ലാവരെയും ആനന്ദിപ്പിച്ചുകൊണ്ട് ഞങ്ങളുടെ ആദ്യത്തെ കൺമണി വരുകയും ചെയ്തു. ഐശ്വര്യ ലക്ഷ്മി സകല സിദ്ധാന്തങ്ങളും മറന്ന് ഭാര്യത്വത്തിലും മാതൃത്വത്തിലും മുഴുകി. പേരിടലും നൂലുകെട്ടും കുഞ്ഞൂണും ആഘോഷിച്ചു കഴിഞ്ഞ് സംതൃപ്തരായിരിക്കുമ്പോൾ ജീവിതത്തിൽ മാറ്റങ്ങൾ വരാൻ തുടങ്ങി.
ചിത്രീകരണം: അമൃത കേളകം
ഇന്നലെയാണ് ഒരു അസാധാരണ പദം എന്റെ ബോധത്തിലേക്ക് കടന്നുവന്നത്. ആ മുഹൂർത്തത്തിൽ ഞാൻ നടുങ്ങുകയും ചെയ്തു. ആ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
തുടക്കം മുതൽ പറഞ്ഞാലേ ശരിയാവൂ. പ്രത്യേകിച്ച് പ്രാധാന്യമൊന്നുമില്ലാത്ത എന്റെ സാധാരണ ജീവിതത്തിന്റെ ഒരു ഭാഗം.
ഞാൻ ഗിരിധരൻ നായർ. ആൽത്തറയും അമ്പലവും ആമ്പൽക്കുളവും കൃഷി അന്യംനിന്നിട്ടില്ലാത്ത നെൽപ്പാടങ്ങളും തുമ്പയും കറുകയും ബാക്കിനിൽക്കുന്ന ഒരു കേരളീയ ഗ്രാമത്തിൽ വളർന്നവൻ. ഗ്രാമീണൻ. കുറച്ചകലെയുള്ള സ്കൂളിലും കോളേജിലും ചേരാനും നല്ല മാർക്കോടെ പാസാവാനും കഴിഞ്ഞു. ജോലിക്കായുള്ള മത്സരപ്പരീക്ഷകൾ എഴുതിക്കൊണ്ടിരിക്കവേ, അച്ഛനെ കൃഷിയിൽ സഹായിക്കാൻ നിൽക്കാതെ ടൗണിലെ പാരലൽ കോളേജിൽ പഠിപ്പിക്കുകയുമുണ്ടായി. ആ കാലഘട്ടത്തിലാണ് പ്രതീക്ഷിക്കാതെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ പേര് വന്നതും അതിശയപ്പെടുത്തിക്കൊണ്ട് സർക്കാറുദ്യോഗം കിട്ടുകയും ചെയ്തത്.
കല്യാണം കഴിക്കണമെന്ന് എനിക്ക് അശേഷം താൽപര്യമില്ലായിരുന്നു. പക്ഷേ, ബന്ധുവും മാര്യേജ് ബ്യൂറോ നടത്തുന്ന സമർഥനുമായ ശിവൻകുട്ടി നായർ എന്റെ അറിവോ സമ്മതമോ ഇല്ലാതെ എനിക്കുവേണ്ടി പെണ്ണന്വേഷിച്ചു തുടങ്ങി. സ്ഥിരോത്സാഹിയായ അയാൾ കൊണ്ടുവന്ന ആലോചനകളിൽ ഒടുവിലത്തേത് പരിഗണിച്ചേ പറ്റൂ എന്നായി അമ്മ.
‘‘നീ ഒന്ന് കണ്ടുനോക്ക്, കണ്ടിട്ട് വേണ്ടെങ്കിൽ വേണ്ട... ശിവൻകുട്ടി എത്രയായി കയറിയിറങ്ങുന്നു ഇവിടെ.’’
എന്റെ അച്ഛൻ, വിരമിച്ച, കർക്കശക്കാരനായ ഒരു ഹൈസ്കൂൾ ഹെഡ്മാസ്റ്ററാണെങ്കിലും അതിലേറെ കൃഷി ഒരു പാഷൻ ആയി ജീവിതകാലം മുഴുവൻ കൊണ്ടുനടന്ന നാളികേര പാകത്തിലുള്ള നാടനായിരുന്നുവെന്ന് പെൺവീട്ടുകാർ മനസ്സിലാക്കി. അച്ഛന് പൈതൃകമായി കുറെ പറമ്പും പുരയിടവും കൃഷിയിടങ്ങളും ഉണ്ടെന്നതും അമ്മ പഞ്ചപാവമാണെന്നതും ഞാൻ ഏക പുത്രനാണെന്നതും ആകർഷകമായ വസ്തുതകളായിരുന്നു. രണ്ടു പെങ്ങന്മാർ. മര്യാദക്കാരികളും വിവാഹിതരും സ്വന്തംനിലയ്ക്ക് നല്ല ജോലിയുള്ളവരുമായിരുന്നു. ഒരാൾ ന്യൂസിലാൻഡിൽ, മറ്റെയാൾ കാനഡയിൽ.
ഈ ആലോചനയിൽ എന്നല്ല, ഒരാലോചനയിലും താൽപര്യമില്ലാത്ത ന്യൂജെൻ മനോഗതക്കാരിയായിരുന്നു ഐശ്വര്യ ലക്ഷ്മി. സെറ്റ്, നെറ്റ്, സിവിൽ സർവീസ് തുടങ്ങി ഏതെങ്കിലും പരീക്ഷയിൽ ജയിച്ച് ജോലിയായതിനുശേഷം നല്ലബന്ധം ഒത്തുവരുന്നെങ്കിൽ മാത്രം മതി വിവാഹം എന്ന് ശാഠ്യംപിടിച്ചു നിൽക്കുന്നവൾ. ചുരുക്കത്തിൽ ഐശ്വര്യ ലക്ഷ്മിയും മറ്റുള്ളവരുടെ ഇംഗിതത്തിനു വഴങ്ങിയാണ് പെണ്ണുകാണൽ ചടങ്ങിന് സമ്മതിച്ചത്. ചായത്തട്ടുംകൊണ്ട് ലജ്ജാവതിയായി അവൾ പ്രത്യക്ഷപ്പെട്ടില്ല. അവളുടെ അമ്മയും അച്ഛമ്മയും കൂടിയാണ് ഞങ്ങളുടെ സംഘത്തിന് തിന്നാനും കുടിക്കാനും കൊണ്ടുവന്നത്. പരിചയപ്പെടാനും സംസാരിക്കാനും ഞങ്ങളെ തനിച്ചാക്കി എല്ലാവരും മാറിയപ്പോഴാണ് ഞങ്ങൾ പരസ്പരം ശരിക്കും കണ്ടത്. ഓരോ തലയിലെഴുത്ത്! എടുത്ത തീരുമാനങ്ങൾ എന്താണെന്ന് രണ്ടുപേരും മറന്നു. സായ്പ് പറഞ്ഞിട്ടുള്ള ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ സംഭവിച്ചു. അടുത്ത ശുഭമുഹൂർത്തത്തിൽ ഞങ്ങൾ വിവാഹിതരായി എന്നുപറഞ്ഞാൽ മതിയല്ലോ.
ഒന്നാം വിവാഹവാർഷികം കഴിഞ്ഞ് അധികനാൾ കഴിയും മുമ്പേ എല്ലാവരെയും ആനന്ദിപ്പിച്ചുകൊണ്ട് ഞങ്ങളുടെ ആദ്യത്തെ കൺമണി വരുകയും ചെയ്തു. ഐശ്വര്യ ലക്ഷ്മി സകല സിദ്ധാന്തങ്ങളും മറന്ന് ഭാര്യത്വത്തിലും മാതൃത്വത്തിലും മുഴുകി. പേരിടലും നൂലുകെട്ടും കുഞ്ഞൂണും ആഘോഷിച്ചു കഴിഞ്ഞ് സംതൃപ്തരായിരിക്കുമ്പോൾ ജീവിതത്തിൽ മാറ്റങ്ങൾ വരാൻ തുടങ്ങി.
അമ്മക്കും അച്ഛനും കാനഡയിലെ സഹോദരിയുടെ അടുത്ത് പോയേപറ്റൂ എന്ന നിലവന്നു. അവൾ മൂന്നാമതും അമ്മയാവുകയാണ്. നാട്ടിലേക്കു വരാൻ പറ്റാത്ത വിധത്തിൽ ഗർഭക്ലേശങ്ങളും. ഐശ്വര്യ ലക്ഷ്മിയുടെ അമ്മയാകട്ടെ, സ്േട്രാക്ക് വന്ന് ഭർത്താവിന്റെ താങ്ങിലും തണലിലുമായി. എനിക്ക് സ്ഥലംമാറ്റവും വന്നു. അങ്ങനെ ഞാൻ ജോലിസ്ഥലത്തുനിന്ന് കുറച്ചകലെ, ഏതാണ്ട് പട്ടണത്തിലേക്ക് പരിണമിച്ചുകൊണ്ടിരുന്ന ഒരു ഗ്രാമപ്രദേശത്ത് വീട് വാടകക്കെടുത്തു. വിദേശവാസികളായിത്തീർന്ന ഒരു കുടുംബത്തിന്റെ ഒഴിഞ്ഞുകിടന്ന ഫുള്ളി ഫർണിഷ്ഡ് ആയ വീട്.
ആകെ പുതിയ സാഹചര്യങ്ങൾ, നൂറുകൂട്ടം കാര്യങ്ങൾ. അടഞ്ഞുകിടന്ന എന്റെ വീട്ടിലും ഇടയ്ക്ക് പോയി വൃത്തിയാക്കി വരണം. ജോലി തുടങ്ങിയപ്പോൾതന്നെ ബാങ്കിൽനിന്ന് ലോണെടുത്ത് കാറു വാങ്ങി ഓടിക്കാൻ പഠിച്ചതുകൊണ്ട് ഓട്ടപ്പാച്ചിലുകളെല്ലാം ഒരുവിധം കൈകാര്യം ചെയ്യാനായി. പുതിയ വീട്ടിൽ സെറ്റിലായി. പുതിയ സംവിധാനങ്ങളുമായി പൊരുത്തപ്പെട്ട് അങ്ങനെ ജീവിതനദി ഒരുവിധം ശാന്തമായി ഒഴുകാൻ തുടങ്ങി.
ഒരു വർഷത്തിലേറെ എന്റെ അച്ഛനും അമ്മയുമൊത്ത് കഴിഞ്ഞപ്പോഴേക്ക് ‘പാട്രിയാർക്കൽ’ സമൂഹത്തെ മാറ്റിമറിക്കാൻ തന്റേതായ സംഭാവനകൾ നൽകണമെന്ന ചിന്ത, എന്റെ ഭാര്യ മറന്നിരുന്നു. പക്ഷേ, പകൽ മുഴുവൻ തനിച്ച് കുഞ്ഞിനെ നോക്കലും ഗൃഹഭരണവുമായി ബുദ്ധിമുട്ടിത്തുടങ്ങിയതുകൊണ്ടാവും അവളിലെ ‘ഫെമിനിസ്റ്റ്’ ഉണരാൻ തുടങ്ങി... ഞാൻ ചെയ്തുകൊടുക്കുന്ന ചില്ലറ സഹായങ്ങൾക്ക് വിലയില്ല. മുറ്റം തൂക്കാനും വീടു വൃത്തിയാക്കാനും നാട്ടുകാരിയായ ഒരു വൃദ്ധയെ കിട്ടിയിരുന്നു. അതും അഗണ്യം. അവർ പെട്ടെന്ന് പണി പൂർത്തിയാക്കി ചായയും കുടിച്ച് സ്ഥലം വിടും. അങ്ങനെ അസംതൃപ്തിയുടെ ആരംഭകാലത്താണ് ഐശ്വര്യ ലക്ഷ്മിക്ക്, എന്നോ എഴുതിയ ഒരു മത്സരപരീക്ഷയുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ കാർഡ് വന്നത്.
‘‘ഇന്റർവ്യൂവിന് പോകുന്നുണ്ടോ?’’ – ഞാൻ അന്വേഷിച്ചു.
ഇതെന്തു ചോദ്യം എന്ന ഭാവത്തിൽ അവളെന്നെ ഒരു നോക്കു നോക്കി.
‘‘ജോലി കിട്ടിയാൽ കുഞ്ഞ്...’’ – ഞാൻ ചോദിച്ചു.
‘‘മോനെ നോക്കാൻ ആളെ അന്വേഷിക്കാം. ഒന്നര വയസ്സായില്ലേ... കുപ്പിപ്പാൽ കുടിക്കുന്നുണ്ടല്ലോ?’’
പലവഴിക്ക് ജോലിക്കാരിയെ അന്വേഷിക്കലായി. തൃപ്തി തോന്നിയ ആരെയും കിട്ടിയില്ല. ഐശ്വര്യ ലക്ഷ്മി ജോലിക്കു ചേർന്ന ആദ്യനാളുകളിൽ ഞാൻ ലീവെടുത്ത് കുഞ്ഞിനെ നോക്കി.
കൗമാരത്തിൽ കേരളത്തിൽ വേരുറച്ച ഒരു തമിഴന്റെ വധുവായി വന്ന വളർമതിയുടെ രംഗപ്രവേശം അപ്പോഴായിരുന്നു. വളർമതി എന്ന പേരിനു യോജിക്കാത്ത നിറം. എങ്കിലും കരിങ്കല്ലിൽ കൊത്തിയെടുത്ത സുന്ദരമായ ദേവീപ്രതിമ പോലെ വടിവൊത്തവൾ. പക്ഷേ, വളർമതി പേരിനനുസരിച്ച് പൂർണചന്ദ്രികയായിരുന്നു – പെരുമാറ്റത്തിലും സഹകരണത്തിലും.
എന്റെ പുതിയ സൗഹൃദങ്ങളിൽ ഒരാളായ തോട്ടുങ്കൽ രാജാമണി വഴിയാണ് വളർമതി എത്തിയത്. തോട്ടുങ്കൽ ബ്രദേഴ്സ് എന്ന പേരിൽ അയാൾക്കും സഹോദരങ്ങൾക്കും പലചരക്കുകടയടക്കം പട്ടണത്തിൽ പല കച്ചവടസ്ഥാപനങ്ങളുമുണ്ട്. ഗ്രാമത്തിൽ തറവാടിനോട് ചേർന്നുതന്നെ കൃഷിയും കളപ്പുരയുമുണ്ട്. അവരുടെ ജോലിക്കാരിൽ ഒരുവളാണ് വളർമതി. ഞങ്ങളുടെ വിഷമം കണ്ട് രാജാമണി സഹായഹസ്തം നീട്ടിയതാണ്. ഞാനും ഐശ്വര്യ ലക്ഷ്മിയും ആ ഉതവിക്കയ്യിൽ മുറുകെപ്പിടിച്ചു.
വളർമതിയുടെ രണ്ടു കുട്ടികളും സ്കൂളിൽ പോകുന്നവരാണ്. അവരെ ഒരുക്കി അയച്ച് ഞങ്ങൾ ഓഫീസിൽ പോകുന്നതിനു മുമ്പ് അവൾ വരുകയും സന്ധ്യക്കു മുമ്പ് തിരിച്ചു പോകുകയും ചെയ്തുവന്നു.
നിരയൊത്ത വെണ്മയാർന്ന പല്ലുകൾ കാണിച്ചുള്ള അവളുടെ പുഞ്ചിരിയും വിനയാന്വിതമായ പെരുമാറ്റവുംകൊണ്ട് ഞങ്ങൾക്ക് വളർമതിയിൽ വിശ്വാസമായി. മാത്രമല്ല, മക്കളെ പെറ്റുവളർത്തിയ അമ്മയായതുകൊണ്ട് കുഞ്ഞിനെ നോക്കാൻ അവൾക്ക് പരിചയമായിരുന്നു. നമ്മുടെ ചില കരുതലുകൾ – കുഞ്ഞിന്റെ ഭക്ഷണകാര്യങ്ങൾ, ദേഹശുദ്ധി എന്നിവ – എന്തെന്നു മനസ്സിലാക്കിക്കൊടുക്കുക മാത്രമേ വേണ്ടിവന്നുള്ളൂ.
കുഞ്ഞിനെ നോക്കുന്നതോടൊപ്പം വീടു വൃത്തിയാക്കാനും പാചകം ചെയ്യാനും വളർമതി സഹായിച്ചു.
മൂന്നുനാലു മാസം കഴിഞ്ഞു. ഒരു രാത്രി മോനെ കട്ടിലിൽ ഞങ്ങളുടെ ഇടയിൽ കിടത്തി തുടയിൽ തട്ടി ഉറക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി. അൽപം കഴിഞ്ഞ് ഉറങ്ങുന്ന കുഞ്ഞിനെ നോക്കി അവൾ ചോദിച്ചു,
‘‘ഗിരിയേട്ടാ, നോക്കൂ മോനൊരു വിളർച്ചയുണ്ടോ?.. അതോ എനിക്കു തോന്നുന്നതാണോ?’’
കുഞ്ഞിനൊരു വാട്ടം ഞാനും ശ്രദ്ധിച്ചു.
ഐശ്വര്യ ലക്ഷ്മി എഴുന്നേറ്റ് ഉറങ്ങിയ കുഞ്ഞിനെ പതുക്കെയെടുത്ത് തൊട്ടിലിൽ കിടത്തി. തിരികെ വന്ന് എന്നോട് ചേർന്നുകിടന്നു...
ഞാൻ അവളെ ചേർത്തുപിടിച്ചു; ‘‘വിഷമിക്കാതെ... കുഞ്ഞിനൊന്നുമുണ്ടാവില്ല...’’
ഒരാഴ്ച കഴിഞ്ഞുകാണും... കുഞ്ഞിന്റെ വാടിയ ഭാവത്തിന് കുറവുകണ്ടില്ല. ഓഫീസുവിട്ട് ഞങ്ങൾ വന്നശേഷം കൊടുക്കുന്ന കുറുക്കും മറ്റും മുഴുവൻ കഴിക്കില്ല... അമ്മയുടെ പാൽ കുടിച്ച് മുഴുവനാക്കാതെ പെട്ടെന്ന് ഉറങ്ങിക്കളയും...
ഒരുദിവസം ഐശ്വര്യ ലക്ഷ്മി വളർമതിയോടു ചോദിക്കുന്നതു കേട്ടു, ‘‘മോൻ ഈയിടെ വൈകീട്ട് ഒന്നും ശരിക്കു കഴിക്കുന്നില്ല... പകലെങ്ങനെയാണ്?’’
വളർമതിയുടെ ഭാവം ഒന്നു മാറി, മുഖം കടുത്തു.
‘‘എല്ലാം കഴിക്കുന്നുണ്ടല്ലോ ചേച്ചീ...’’, അവൾ പറഞ്ഞു, അവളുടെ സ്വരത്തിനു വന്ന കടുപ്പവും ഭാവമാറ്റവും ഐശ്വര്യ ലക്ഷ്മി അമ്പരപ്പോടെ ശ്രദ്ധിച്ചു. എങ്കിലും അവൾ പറഞ്ഞു,
‘‘ശരിക്കും ശ്രദ്ധിക്കണേ... അവനൊരു ഉന്മേഷക്കുറവ് പോലെയുണ്ട്.’’
വളർമതിയുടെ ഭാവം ഒന്നുകൂടി കടുത്തു. ഇപ്പോൾ അവളുടെ മുഖത്ത് ചെറുത്തുനിൽപ്പിന്റെ തീവ്രതയായിരുന്നു. അൽപം ഉച്ചത്തിൽ അവൾ പറഞ്ഞു,
‘‘എനിക്കൊന്നും കാണാനില്ല. ചേച്ചിക്ക് വെറുതെ തോന്നുന്നതാ...’’
വളർമതിയുടെ ഈ ഭാവമാറ്റം ഐശ്വര്യ ലക്ഷ്മി അന്നു രാത്രി എന്നെ അറിയിച്ചു. അവളുടെ പെരുമാറ്റത്തിൽ രണ്ടുപേർക്കും ആദ്യമായി അമ്പരപ്പും അസ്വസ്ഥതയും തോന്നി.
അടുത്തൊരു ദിവസം കുഞ്ഞ് അമ്മിഞ്ഞപ്പാലു പോലും കുടിക്കാതെ ഉറങ്ങിപ്പോയി. അന്ന് കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയശേഷം ഞങ്ങൾ ഉറക്കം വരാതെ പോയി ഒരു കട്ടനിട്ട് കുടിച്ച് കുറെ നേരം േഡ്രായിങ് റൂമിൽ ഇരുന്നു. എന്തോ ഒരു അസ്വസ്ഥത... ഞങ്ങൾ എന്തെല്ലാമോ വീട്ടുകാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ ഐശ്വര്യ ലക്ഷ്മി ചോദിച്ചു, ‘‘നമുക്കൊന്ന് കുഞ്ഞിന്റെ പീഡിയാട്രീഷ്യനെ കാണാൻ പോയാലോ..?’’
അത് വേണമെന്ന് എനിക്കും തോന്നിത്തുടങ്ങിയിരുന്നു. പിറ്റേന്നുതന്നെ ഞങ്ങൾ കുഞ്ഞിനെ കൊണ്ടുപോയി. അവനെ പരിശോധിച്ച് പീഡിയാട്രീഷ്യൻ പറഞ്ഞു,
‘‘പ്രശ്നമൊന്നും കാണുന്നില്ല. ഡയറ്റ് ശ്രദ്ധിച്ചാൽ മതി... ഒരു ടോണിക് കുറിക്കാം.’’
അൽപമൊന്ന് ആലോചിച്ചിട്ട് അവർ ഉപദേശിച്ചു.
‘‘കുഞ്ഞിന്റെ പകലത്തെ ആക്ടിവിറ്റീസ്, ഉറക്കം... ശ്രദ്ധിക്കാൻ സി.സി.ടി.വി വെച്ചുകൂടേ? കുഞ്ഞിനെ നോക്കുന്ന സ്ത്രീ പറയുന്നതല്ലേ നിങ്ങൾക്കറിയാവൂ. അവർ ശ്രദ്ധിക്കാത്ത വല്ലതുമുണ്ടോ എന്നു നോക്കൂ.’’
ഇനിയും നഗരമായിട്ടില്ലാത്ത ഞങ്ങളുടെ സ്ഥലത്ത് ആരും സി.സി.ടി.വിയുടെ കാര്യം ചിന്തിച്ചു തുടങ്ങിയിട്ടില്ല. ഡോക്ടർ പറഞ്ഞതുകൊണ്ട് സി.സി.ടി.വി വെക്കാൻ ഏതായാലും തീരുമാനമായി. വളർമതി അറിയേണ്ട. അവളിൽ വിശ്വാസമില്ല എന്നു കരുതിയാലോ. സഹകരണ മനോഭാവവും കുഞ്ഞിനോടു സ്നേഹവുമുള്ള ജോലിക്കാരി പിണങ്ങിപ്പോയാലോ...
ഒരു കുടുംബസന്ദർശനത്തിന്റെ ഒഴികഴിവു പറഞ്ഞ് ഞങ്ങൾ പിറ്റേന്നു തന്നെ വളർമതിക്ക് അവധി കൊടുത്തു, മൂന്നുദിവസത്തേക്ക്. കുഞ്ഞ് കൂടുതൽ സമയം ചെലവാക്കുന്ന ഹാളിലും ഞങ്ങളുടെ കിടപ്പുമുറിയിൽ അവന്റെ തൊട്ടിലിന്റെ വശത്തും ഒളികാമറ വെച്ചു.
ആദ്യ ദിവസങ്ങളിൽ കുഴപ്പമൊന്നും കണ്ടില്ല. മുമ്പത്തേക്കാൾ പകലുറക്കം അവന് കൂടുതലാണെന്ന് മനസ്സിലായി. ഉറക്കക്കൂടുതൽ കൊണ്ടുതന്നെ വേണ്ടത്ര ഭക്ഷണം ചെല്ലുന്നില്ല. ഉണർന്നിരിക്കുമ്പോൾ കഴിപ്പിക്കാൻ വലിയ ശ്രമം വളർമതി നടത്തുന്നുമില്ല. എങ്കിലും മുഷിപ്പിക്കേണ്ട എന്നുകരുതി നയത്തിലാണ് ഐശ്വര്യ ലക്ഷ്മി വളർമതിയോട് അടുത്തദിവസം സംസാരിച്ചത്. കുഞ്ഞിനെ നോക്കുന്നതിൽ ശ്രദ്ധ കുറയുന്നു എന്ന സൂചന വന്നു.
‘‘കുഞ്ഞിന് വിളർച്ചയുണ്ട്, ഭക്ഷണം നിർബന്ധിച്ച് കഴിപ്പിക്കണം...’’
പെട്ടെന്ന് വളർമതിയിൽ ഭാവമാറ്റമുണ്ടായി. മുമ്പ് ഉണ്ടായതിനേക്കാൾ അപരിചിതമായ വികാരസാന്ദ്രതയോടെ അവൾ ചോദിച്ചു, ‘‘എന്താ എന്നെ വിശ്വാസമില്ലേ?’’ അവളുടെ ശബ്ദത്തിന് അവിശ്വസനീയമായ ഒരു മുറുക്കം അനുഭവപ്പെട്ടു.
‘‘അങ്ങനെയല്ലാ. ഞങ്ങൾ പതിവ് ചെക്കപ്പിനു പോയപ്പോൾ ഡോക്ടർ പറഞ്ഞതാണ്...’’, ഐശ്വര്യ ലക്ഷ്മി നയത്തിൽ പറഞ്ഞു.
പാമ്പിന്റെ പത്തി താഴുന്നതു പോലെയാണ് വളർമതി അടങ്ങിയതെന്ന് ഐശ്വര്യ ലക്ഷ്മി ശ്രദ്ധിച്ചു.
കുഞ്ഞിന്റെ ഭക്ഷണകാര്യത്തിൽ വളർമതി കുറച്ചുകൂടി ശ്രദ്ധിക്കാൻ തുടങ്ങിയതായി കണ്ടു. രണ്ടുദിവസം കഴിഞ്ഞ് ഞാൻ അന്നത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. കുഞ്ഞിന് രാവിലെ പത്തരക്ക് പാലു കൊടുക്കുന്നു... കുടിച്ച് പാതിയാവുമ്പോഴേക്ക് കുഞ്ഞ് ഉറങ്ങാൻ തുടങ്ങുന്നു... കുട്ടിയെ തൊട്ടിലിൽ കൊണ്ടു കിടത്തുന്നു... അരമണിക്കൂർ കഴിഞ്ഞ് വളർമതി ചെന്ന് ഹാളിന്റെ വാതിൽ തുറക്കുന്നു... ഒരു പുരുഷൻ അകത്ത് വരുന്നു. ഒരു നിമിഷത്തേക്ക് ഞാൻ വല്ലാതെ പകച്ചു. പിന്നെ അക്ഷരാർഥത്തിൽ ഞെട്ടി. തോട്ടുങ്കൽ രാജാമണി!
ഉള്ളിൽ കടന്നതും വളർമതിയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് രാജാമണി തന്നോട് ചേർത്തുപിടിക്കുന്നു. ഹാളിന്റെ വാതിൽ മൽപ്പിടുത്തത്തിലെന്ന പോലെ വളർമതി കുറ്റിയിടുന്നു. രണ്ടുപേരും വീടിന്റെ ഉള്ളിലേക്ക് മറയുന്നു.
ഭാഗ്യം, കിടപ്പുമുറിയിലേക്കല്ല അവർ പോയത്. അതുകൊണ്ട് ഒന്നും കാണേണ്ടി വന്നില്ല. രണ്ടു മണിക്കൂർ കഴിഞ്ഞാണ് അവർ ഹാളിലേക്ക് വരുന്നത്. കുഞ്ഞ് അപ്പോഴും ഉറക്കത്തിലാണ്.
രാജാമണിയും വളർമതിയും വാതിൽക്കൽ എത്തി മുഖാമുഖം നിൽക്കുകയാണ്. അയാൾക്കു പോകണമെന്നില്ല. അവൾക്കും അയാൾ പോകണമെന്നില്ല എന്നുതോന്നി. അവൾ ഇപ്പോൾ അടഞ്ഞ വാതിലിൽ ചാരി തളർന്നു നിൽക്കുകയാണ്. എത്ര നേരമാണ് അവളുടെ ശരീരത്തിന്റെ വടിവുകൾ വിരലുകൾകൊണ്ട് അയാൾ അറിയുന്നത്! ഒടുവിൽ മനസ്സില്ലാമനസ്സോടെ അവർ പിരിയുമ്പോഴും എന്റെ കുഞ്ഞ് ഉറങ്ങുകയാണ്.
അവൻ ഉണർന്നു കരയാതിരിക്കാൻ പാലിൽ മരുന്ന് ചേർത്ത് ഉറക്കുകയാണെന്നു വ്യക്തം. എത്ര നാളായി ഇങ്ങനെ നടന്നുവരുന്നുവോ എന്തോ...
മര്യാദവിട്ടു സംസാരിക്കാൻ പരിചയിച്ചിട്ടില്ലാത്ത ഞാനും ഐശ്വര്യലക്ഷ്മിയും പെട്ടെന്നൊരു സൊല്യൂഷനിലെത്താൻ എന്താണ് വേണ്ടതെന്ന് ആലോചിച്ച് ആ രാത്രി ഉറക്കം കളഞ്ഞു. രാജാമണിയുമായുള്ള പ്രണയരംഗങ്ങൾ കാണിച്ചുകൊടുത്ത് ഇറക്കിവിട്ടാൽ രാജാമണി അറിയും. ശത്രുതയാവും ഫലം.
‘‘ഞാൻ ഇനി ഓഫീസിൽ പോകുന്നില്ല. അമ്മ തിരികെ വരും വരെ’’, ഒടുവിൽ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
പിറ്റേന്ന് ഞങ്ങൾ ലീവെടുത്തു. േബ്രക്ഫാസ്റ്റ് കഴിഞ്ഞ് ഹാളിലിരുന്ന് ടി.വിയിൽ ന്യൂസ് കണ്ടുകൊണ്ടിരിക്കുന്നു. കുഞ്ഞ് കളിപ്പാട്ടങ്ങളുമായി നിലത്തിരിക്കുന്നു. വളർമതി വന്നു ചോദിച്ചു,
‘‘ചോറും കറിയുമായി, ഒരു ചമ്മന്തി അരയ്ക്കണോ?’’
‘‘അരച്ചോളൂ’’, ഐശ്വര്യ ലക്ഷ്മി പറഞ്ഞു. എന്നിട്ട് ചോദിച്ചു,
‘‘ഇന്നലെ ഇവിടെ ആരെങ്കിലും വന്നോ? ഒരു പതിനൊന്നു മണിയോടടുപ്പിച്ച്?’’
വളർമതി സ്തബ്ധയായി നിന്നു.
എന്റെ ഭാര്യ തുടർന്നു, ‘‘ഗിരിയേട്ടന്റെ ഒരു ഫ്രണ്ട് വിളിച്ചിരുന്നു, ഗിരിയേട്ടൻ ഓഫീസിൽ പോയില്ലായിരുന്നോ എന്നുചോദിച്ച്. ഈ വഴിക്ക് പുള്ളി കാറിൽ പോയപ്പോ ആരെയോ കണ്ടു... ഗിരിയേട്ടനാണെന്നാ കരുതിയേ... പുള്ളിക്ക് ഇറങ്ങാൻ സമയമില്ലായിരുന്നു.’’
വളർമതി അൽപം പതറിയെങ്കിലും മനസ്സാന്നിധ്യം വീണ്ടെടുത്തു.
‘‘ചേച്ചീ, സാറിന്റെ ഫ്രണ്ടിന് വീട് തെറ്റിയതായിരിക്കും. ഇവിടെ ആരും വന്നില്ലല്ലോ...’’
‘‘ആ ഫ്രണ്ടിന് ഈ വീട് നന്നായി അറിയാം’’, ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
‘‘എന്നെ സംശയമാണോ?’’ വളർമതിയിൽ എന്തോ ഒന്ന് വീണ്ടും ഉണർന്നു.
‘‘എന്തു സംശയം, ഞങ്ങളെ കാണാൻ ആരെങ്കിലും വന്നോന്ന് അറിയാനല്ലേ ചോദിച്ചത്?’’
അപരിചിതമായ ഒരു ഊർജംകൊണ്ട് വളർമതിയുടെ നിലതെറ്റി. അവളിൽനിന്ന് വിചിത്രമായ ചില ‘ഹും’കാരങ്ങൾ ഉയർന്നു. വളർമതിയുടെ ശബ്ദം കനത്തു.
‘‘എന്നെ പരീക്ഷിക്കുകയാണല്ലേ... ഞാൻ ആരാണെന്നറിയാമോ... ഞാൻ കലഹമോഹിനി... എന്നെ അപമാനിക്കുന്നോ?..’’
ഐശ്വര്യ ലക്ഷ്മി പെട്ടെന്ന് കുഞ്ഞിനെ എടുത്ത് ഹാൾ വിട്ടുപോയി.
തമിഴിൽ എന്തൊക്കെയോ പുലമ്പി, അപസ്മാരം ബാധിച്ചപോലെ വിറച്ചുതുള്ളി വളർമതി ഒരു പ്രകടനം നടത്തി കുഴഞ്ഞുവീണു.
വളരെനേരം കഴിഞ്ഞ് വളർമതി ഞങ്ങളിരുന്ന വരാന്തയിൽ വന്ന് നിഷ്കളങ്കമായി ചോദിച്ചു,
‘‘ഞാനെപ്പോഴാ ഹാളിൽ വീണത് ചേച്ചീ...’’
‘‘കുറെ നേരമായി... വെള്ളം കുടഞ്ഞ് ഉണർത്താൻ നോക്കി... എഴുന്നേറ്റില്ല. എന്താണിങ്ങനെ?’’ ഐശ്വര്യ ലക്ഷ്മി ചോദിച്ചു.
‘‘എനിക്ക് ചിലപ്പോൾ ഇങ്ങനെ വരും...’’
‘‘എന്നുവെച്ചാൽ..?’’
‘‘എന്റെ മേൽ അവൾ വരും... കലഹമോഹിനി...’’
‘‘കലഹമോഹിനിയോ?’’
വളർമതി ഒന്നും പറയാതെ ജനലിനു പുറത്തേക്ക് നോക്കിനിന്നു...
മാസം തുടങ്ങിയതേയുള്ളൂ. എങ്കിലും വൈകുന്നേരം പതിവുസമയത്ത് വളർമതി പോകാനിറങ്ങിയപ്പോൾ മുഴുവൻ ശമ്പളവും കൈയിൽ കൊടുത്ത് ഞാൻ പറഞ്ഞു,
‘‘ഞങ്ങൾക്ക് വളർമതിയെ വലിയ ഇഷ്ടമാണ്... എന്നാലും വളർമതി ഇനി മോനെ നോക്കാൻ നിൽക്കണ്ട... ഇങ്ങനെ ഇടയ്ക്കുണ്ടായാൽ എങ്ങനെ ശരിയാവും? ബോധം കെട്ടാൽ കുഞ്ഞിനെ എങ്ങനെ നോക്കാൻ പറ്റും?’’
ഒന്നും പറയാതെ അവൾ ഇറങ്ങി.
കലഹമോഹിനി എന്ന വാക്ക് അങ്ങനെയാണ് ഞാൻ ആദ്യമായി കേട്ടത്. എന്തൊരു വാക്കാണത്! എന്താണിതിന്റെ പൊരുൾ? കലഹമോഹിനി ശരിക്കും വന്നുപോയോ? അതോ, വളർമതി രക്ഷാമാർഗമായി ഒരു കഥ രചിച്ചതാണോ? കവി പറഞ്ഞതുപോലെ,
‘‘തിട്ടമതാർക്കറിയാം?..’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.