ബി.എസ് ആറിലേക്ക് പരിഷ്കരിച്ച ജാസ് ഹോണ്ട പുറത്തിറക്കി. ഡീസൽ എഞ്ചിൻ പൂർണമായും ഒഴിവാക്കിയാണ് പുതിയ വാഹനം എത്തുന്നത്. 7.50 ലക്ഷം രൂപ മുതൽ വിലവരും. വി, വിഎക്സ്, ഇസഡ് എക്സ് എന്നിങ്ങനെ മൂന്ന് വേരിയൻറുകളിൽ ജാസ് ലഭിക്കും.ബിഎസ് നാല് പെട്രോൾ മോഡലിനെ അപേക്ഷിച്ച് എൻട്രി ലെവൽ ജാസ് മാനുവലിന് 5,000 രൂപ വില കൂടിയിട്ടുണ്ട്.
എന്നാൽ ഓട്ടോമാറ്റിക് വേരിയൻറിന് 15,000 രൂപ കുറഞ്ഞത് എടുത്തുപറയേണ്ടതാണ്. 1.2 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതിയ ജാസിന് കരുത്ത്പകരുന്നത്. 90 എച്ച്.പിയും 110 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണിത്. അഞ്ച് സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്.
മാനുവലിന് 16.6 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കും. ഓട്ടോമാറ്റികിന് 17.1 കിലോമീറ്ററാണ് മൈലേജ്. ജാസ് വാങ്ങുന്നവരിൽ 70 ശതമാനവും ഓട്ടോമാറ്റിക് പതിപ്പ് തിരഞ്ഞെടുക്കുന്നുവെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. എൽ.ഇ.ഡി ഹെഡ്ലൈറ്റുകൾ, പുതിയ അലോയ് വീൽ, മുന്നിലും പിന്നിലും പുതുക്കിയ ബമ്പറുകളും ജാസിലുണ്ട്. വി എക്സ് വേരിയൻറുമുതൽ ഡാഷ്ബോർഡിെൻറ പാസഞ്ചർ ഭാഗത്ത് പുതിയ ഫാബ്രിക് അപ്ഹോൾസറി, സോഫ്റ്റ്-ടച്ച് മെറ്റീരിയൽ എന്നിവ ശ്രദ്ധേയമായ മാറ്റങ്ങളാണ്.
റേഡിയൻറ് റെഡ് മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, മോഡേൺ സ്റ്റീൽ മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ വാഹനം ലഭ്യമാണ്. ഉയർന്ന മോഡലിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പിൻ കാമറ, കീലെസ് എൻട്രി ആൻഡ് ഗോ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ സൈഡ് മിററുകൾ എൽ.ഇ.ഡി ഹെഡ്ലൈറ്റുകളും ടെയിൽ ലൈറ്റുകളും, സൺറൂഫ്, പാഡിൽഷിഫ്റ്ററുകൾ എന്നിവ നൽകിയിട്ടുണ്ട്.
ക്രൂയിസ് കൺട്രോൾ, ഇരട്ട എയർബാഗുകൾ, ഇ.ബി.ഡിയോടുകൂടിയ എ.ബി.എസ് റിയർ പാർകിംഗ് സെൻസറുകൾ എന്നിവ എല്ലാ വേരിയൻറിലുമുണ്ട്. ഹ്യൂണ്ടായ് ഐ 20, ടാറ്റ ആൾട്രോസ്, മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ തുടങ്ങിയയാണ് പ്രധാന എതിരാളികൾ. ഹോണ്ട ഡീലർഷിപ്പുകളിൽ 21,000 രൂപയ്ക്ക് ജാസ് ബുക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.