ഇന്ത്യയിൽ ഇപ്പോൾ ഒരു കാറുവാങ്ങണമെങ്കിൽ കുറച്ചേറെ നേരം ആലോചിക്കണം. ഭാവിയുടെ വാഗ്ദാനമായ ഇലക്ട്രിക് കാർ വാങ്ങാമെന്നുവെച്ചാൽ ബാറ്ററിക്ക് വേണ്ടത്ര പക്വത വന്നിട്ടില്ല. പാരമ്പര്യം മുറുകെപിടിക്കാൻ പോയാൽ പെട്രോളും ഡീസലുമടിച്ച് പാരമ്പര്യ സ്വത്തുവരെ തീർന്നുപോകും. കുറച്ചു ദൂരം ഇന്ധനത്തിലും ബാക്കി ഇലക്ട്രിക്കിലും പോകാമെന്നുവെച്ചാൽ അത്തരം വണ്ടികൾക്ക് 30 ലക്ഷത്തിൽ കൂടുതൽ വില നൽകണം.
ഇക്ട്രിക് കാറുവാങ്ങി ഡിക്കിയിൽ ജനറേറ്റർ വെച്ചുനോക്കിയാലോ എന്ന ആലോചനയും സജീവമാണ്. ഈ പശ്ചാത്തലത്തിലാണ് സിറ്റി ഹൈബ്രിഡ് സെഡാനുമായി ഹോണ്ട എത്തിയിരിക്കുന്നത്.
രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ചേർത്തുവെച്ച 1.5 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ് സിറ്റി ഹൈബ്രിഡിന്.
എൻജിൻ 98 ബി.എച്ച്.പി കരുത്തും 127 എൻ.എം ടോർക്കും തരും. ഇലക്ട്രിക് മോട്ടോറിന് 109 ബി.എച്ച്.പി കരുത്തും 253 എൻ.എം ടോർക്കുമുണ്ട്. 14.5 കിലോഗ്രാം ഭാരമുള്ള 0.734 kWh ലിഥിയം അയൺ ബാറ്ററിയാണ് ഇതിലുള്ളത്. വി, ഇസഡ്എക്സ് എന്നിങ്ങനെ രണ്ട് വേരിയന്‍റുകളുണ്ട്. ഇക്ക് യഥാക്രമം 1636 കിലോഗ്രാം, 1655 കിലോഗ്രാം എന്നിങ്ങനെയാണ് ഭാരം. സാധാരണ സിറ്റിയേക്കാൾ ഏതാണ്ട് 110 കിലോഗ്രാം ഭാരം കൂടുതലാണ്. സാധാരണ മോഡലിന് സമാനമായി സിറ്റി ഹൈബ്രിഡിന് 4549 എം.എം നീളവും 1748 എം.എം വീതിയും 1489 എം.എം ഉയരവുമുണ്ട്. 40 ലിറ്റർ പെട്രോൾ അടിച്ചാൽ ടാങ്ക് നിറയും. അതുകൊണ്ട് ഏകദേശം 1,000 കിലോമീറ്റർ വണ്ടി ഓടിക്കാം.
എൻജിൻ ഡ്രൈവ് (പെട്രോൾ എൻജിനിൽ മാത്രം), ഇവി ഡ്രൈവ് (ഇലക്‌ട്രിക് മോട്ടോറുകളിൽ മാത്രം), ഹൈബ്രിഡ് ഡ്രൈവ് (രണ്ടും ഒന്നിച്ച്) എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളുണ്ട്. ഈ സാങ്കേതിക വിദ്യകൊണ്ട് 27 കിലോമീറ്ററിലധികം മൈലേജ് കിട്ടുമെന്ന് കമ്പനിപറയുന്നു. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിലൊന്നായിരിക്കും സിറ്റി ഹൈബ്രിഡ്. 22 ലക്ഷം മുതൽ വില തുടങ്ങും. ആധുനിക കാറുകളിലുള്ള സകലമാന ആഢംബരങ്ങളുമുണ്ടെന്ന് പ്രത്യേകം പറയേണ്ടല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.