കൈഗർ കോമ്പാക്ട് എസ്.യു.വിയുടെ വില പ്രഖ്യാപിച്ച് റെനോ. ഏറ്റവും കുറഞ്ഞ ആർ.എക്സ്.ഇ വേരിയന്‍റിന് 5.45 ലക്ഷമാണ് വില. കൈഗറിന് എ.എം.ടി, ടർബോ, സി.വി.ടി വേരിയന്‍റുകളുണ്ട്. ഏറ്റവും ഉയർന്ന എക്സ് ട്രോണിക്സ് സി.വി.ടി മോഡലിന് 9.55ലക്ഷം വിലവരും. ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കപ്പെടുന്ന കോമ്പാക്ട് എസ്.യു.വിയായ മാരുതി വിറ്റാര ബ്രെസ്സയുടെ കുറഞ്ഞ വില 7.44 ലക്ഷമാണ്. ഏറെ അഗ്രസീവായ വില നിർണയമാണ് കമ്പനി നടത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ. നേരത്തേ കൈഗറിന്‍റെ പ്രൊഡക്ഷൻ സ്‌പെക് വെർഷൻ റെനോ അനാച്ഛാദനം ചെയ്തിരുന്നു.
റെനോയും നിസ്സാനും ചേർന്ന് വികസിപ്പിച്ചെടുത്ത സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്‌ഫോമിലാണ് കൈഗറും നിർമിച്ചിരിക്കുന്നത്. റെനോ ട്രൈബർ നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമാണിത്. കൺസപ്റ്റ് മോഡലുമായി താരതമ്യെപ്പടുത്തിയാൽ 80 ശതമാനം രൂപവും നിലനിർത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കായി രൂപകൽപ്പന ചെയ്ത വാഹനമാണിതെന്ന് റെനോ പറയുന്നു. സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ മുതൽ ബോൾഡ് ഗ്രിൽ വരെ പരിഗണിച്ചാൽ ഗാംഭീര്യമുള്ള മുൻവശമാണ് കൈഗറിന്. വേരിയന്‍റ് അനുസരിച്ച് 16 ഇഞ്ച് സ്റ്റീൽ, ഡയമണ്ട് കട്ട് അലോയ് വീലുകൾ നൽകിയിട്ടുണ്ട്. സി ആകൃതിയിലുള്ള എൽഇഡി ടൈൽലൈറ്റുകൾ കിഡ് പ്ലേറ്റ്, റൂഫ് റെയിലുകൾ, മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയ്‌ലർ എന്നിവ വാഹനത്തിന് സ്പോർട്ടി രൂപം നൽകുന്നുണ്ട്. 205 മില്ലിമീറ്ററിൽ ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കും.
ഉൾവശം സമ്പന്നം
ലളിതവും സവിശേഷതകൾ ഉള്ളതുമായ ലേഔട്ടാണ് വാഹനത്തിനുള്ളിൽ. എട്ട് ഇഞ്ച് ഫ്ലോട്ടിങ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് കൺസോൾ, ക്ലൈമറ്റ് കൺട്രോൾ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, സ്റ്റിയറിങ് മൗണ്ട്ഡ് കൺട്രോളുകൾ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. 12 വോൾട്ട് ചാർജിങ് സ്ലോട്ടുള്ള ആർക്കമെയ്‌സ് 3 ഡി സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിങ്, ഇലക്ട്രിക് സൺറൂഫ്, റിയർ എസി വെന്‍റുകൾ എന്നിവയുമുണ്ട്. 405 ലിറ്ററാണ് ബൂട്ട് ശേഷി, ക്യാബിനിൽ 29 ലിറ്ററിലധികം സ്റ്റോറേജുണ്ട്. വാഹനത്തിനായി അഞ്ച് ആക്സസറി പായ്ക്കുകളും റെനോ അവതരിപ്പിച്ചിട്ടുണ്ട്.
എഞ്ചിൻ മാഗ്നൈറ്റിലേത്
രണ്ട് പെട്രോൾ എഞ്ചിനുകളാണ് വാഹനത്തിന്. ഒന്നാമത്തേത് 98 ബിഎച്ച്പി കരുത്തും 160 എൻഎം ടോർക്കുമുള്ള 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്. മറ്റൊന്ന് 1.0 ലിറ്റർ ത്രീ സിലിണ്ടർ 71 ബിഎച്ച്പി 96 എൻഎം ടോർക്കുമുള്ള നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളാണ്. നിസാൻ മാഗ്നൈറ്റിലും ഇതേ എഞ്ചിനുകളാണുള്ളത്. 5 സ്പീഡ് ഗിയർബോക്സുമായാണ് ഇരു എഞ്ചിനുകളും ചേരുന്നത്. ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ എഎംടിയും സിവിടിയും ഉൾപ്പെടും. ഇക്കോ, നോർമൽ, സ്പോർട്ട് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകളും പുതിയ കൈഗറിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.