ജീപ്പ് ജൂനിയറിന്റെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ യൂറോപ്പിലെ വമ്പനായ സ്കോഡ, കുശക് മിനി എസ്.യു.വി ഇന്ത്യയിൽ അവതരിപ്പിച്ചു. വാഹനത്തിെന്റ ആഗോള അവതരണമാണ് ഇന്ത്യയിൽ നടന്നത്. നേരത്തേ കുശകിന്റെ ഇന്റീരിയറും എഞ്ചിനുകളുമെല്ലാം വെളിപ്പെടുത്തിയിരുന്നെങ്കിലും നിർമാണം പൂർത്തിയായ വാഹനം ഇപ്പോഴാണ് അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യ 2.0 ഉൽപ്പന്ന കാമ്പെയിന്റെ ഭാഗമായി സ്കോഡ, ഫോക്സ്വാഗൺ ബ്രാൻഡുകളിൽ നിന്നുള്ള നാല് പുതിയ മോഡലുകളിൽ രാജ്യത്ത് അവതരിപ്പിക്കുന്നുണ്ട്. അതിൽ ആദ്യത്തേതാണ് കുശക്. യൂറോപ്യൻ ഫിറ്റും ഫിനിഷുമാണ് കുശകിന്റെ പ്രത്യേകത.
ലോകത്തിനായി ഇന്ത്യയിൽ നിർമിക്കുന്ന കാർ എന്നാണ് കുശകിനെ സ്കോഡ വിശേഷിപ്പിക്കുന്നത്. കുശക് എന്നാൽ ചക്രവർത്തി എന്നാണ് അർഥമെന്നും സ്കോഡ പറയുന്നു. സംസ്കൃതത്തിലാണീ വാക്കിന്റെ വേരുകൾ കിടക്കുന്നത്. പേരും വിശേഷണങ്ങളും എന്തായാലും വർധിച്ച ആത്മവിശ്വാസത്തിലാണ് സ്കോഡ തങ്ങളുടെ ചെറു എസ്.യു.വി മോഡൽ വിപണിയിൽ ഇറക്കുന്നത്. 2020 ഡൽഹി ഓട്ടോ എക്സ്പോയിൽ ഏറെപ്പേരെ ആകർഷിച്ച സ്കോഡ വിഷൻ ഇൻ കൺസെപ്റ്റ് മോഡലാണ് കുശക് എന്ന പേരിൽ എത്തുന്നത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നീ അതികായന്മാരോടാണ് കുശക് വിപണിയിൽ മത്സരിക്കുന്നത്.
രൂപം
നേരത്തേ അവതരിപ്പിച്ച വിഷൻ ഇൻ കൺസപ്റ്റുമായി കാഴ്ചയിൽ വളരെ സാമ്യമുള്ളതാണ് കുശകിന്റെ പ്രൊഡക്ഷൻ-സ്പെക് പതിപ്പ്. മുൻവശത്ത്, സ്കോഡ സിഗ്നേച്ചർ-സ്റ്റൈൽ ക്രോം-ഫിനിഷ്ഡ് ഗ്രിൽ ഉണ്ട്. അത് സ്പ്ലിറ്റ് ഹെഡ്ലൈറ്റും എൽഇഡി ഡിആർഎല്ലുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. സ്പോർട്ടി 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഡ്യുവൽ-ടോൺ ബമ്പറുകൾ, ടെയിൽഗേറ്റിൽ സ്കോഡ എഴുത്ത് എന്നിവയും ഇതിലുണ്ട്. എൽഇഡി ടെയിൽലൈറ്റുകൾക്ക് പ്രിസം ഘടകങ്ങൾ ലഭിക്കുന്നു. എസ്യുവിയുടെ ലോവർ, മിഡ് വേരിയന്റുകൾക്ക് യഥാക്രമം 16 ഇഞ്ച് സ്റ്റീൽ റിംസും 16 ഇഞ്ച് അലോയ്കളും ലഭിക്കും.
4,221 മില്ലീമീറ്റർ നീളവും 1,760 മില്ലീമീറ്റർ വീതിയും 1,612 മില്ലീമീറ്റർ ഉയരവുമാണ് വാഹനത്തിന്. വീൽബേസ് 2,651 മില്ലിമീറ്ററാണ്. സെഗ്മെന്റിലെ ഏറ്റവും ദൈർഘ്യമേറിയ വീൽബേസാണിത്. 188 മില്ലീമീറ്റർ ആണ് ഗ്രൗണ്ട് ക്ലിയറൻസ്. കാൻഡി വൈറ്റ്, ബ്രില്യന്റ് സിൽവർ, കാർബൺ സ്റ്റീൽ, ഹണി ഓറഞ്ച്, ടൊർണാഡോ റെഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ വാഹനം ലഭ്യമാണ്.
ഇന്റീരിയർ
ഡാഷ്ബോർഡിന്റെ മധ്യത്തിൽ വലിയ ഫ്രീ-സ്റ്റാൻഡിങ് ഇൻഫോടെയിൻമെന്റ് ഡിസ്പ്ലേ, സ്കോഡ സൂപ്പർബിലേതിന് സമാനമായ സ്റ്റൈലിഷ് ഇരട്ട സ്പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവ ഇന്റീരിയറിൽ കാണാനാകും. ഡ്യുവൽ-ടോൺ കളറാണ് മറ്റൊരു പ്രത്യേകത. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് മിറർലിങ്ക്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പിന്നിൽ എസി വെന്റുകൾ, എംഐഡി ഇൻസ്ട്രുമെന്റ് കൺസോൾ, ക്രൂസ് കൺട്രോൾ, ആംബിയന്റ് ലൈറ്റിങ്, സെവൻ സ്പീക്കർ മ്യൂസിക് സിസ്റ്റം, ടു-സ്പോക് സ്റ്റിയറിംഗ് വീൽ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎമ്മുകൾ, സ്റ്റിയറിംഗ്-മൗണ്ടഡ് നിയന്ത്രണങ്ങൾ, വയർലെസ് ചാർജർ, മൈ സ്കോഡ കണക്റ്റ് എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീനാണ് ക്യാബിന്റെ പ്രധാന ആകർഷണം. വലിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വലിയ എയർ-കോൺ വെുന്റകളും ധാരാളം സ്റ്റോറേജ് സ്പെയ്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 93 ശതമാനവും പ്രാദേശികമായ ഉത്പന്നങ്ങൾ ഉപയോഗിച്ച് നിർമിക്കുന്നതെന്ന പ്രചാരണവുമായാണ് സ്കോഡ കുശക് അവതരിപ്പിക്കുന്നത്.
എഞ്ചിൻ
ഡീസൽ എഞ്ചിൻ ഒഴിവാക്കി രണ്ട് പെട്രോൾ എഞ്ചിനുകളുമായാണ് വാഹനം വിപണിയിലെത്തുക.1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടിഎസ്ഐ, 1.5 ലിറ്റർ നാല് സിലിണ്ടർ ടിഎസ്ഐ എന്നിവയാണവ. ആദ്യത്തേത് 113 ബിഎച്ച്പി കരുത്തുള്ളതാണ്. രണ്ടാമത്തേത് 147 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും (1.0-ലിറ്റർ ടിഎസ്ഐ) 7 സ്പീഡ് ഡിഎസ്ജിയും (1.5 ലിറ്റർ ടിഎസ്ഐ) ഉൾപ്പെടും.
സുരക്ഷ
ആറ് എയർബാഗുകൾ, ഇ.എസ്.സി, ഹിൽ-ഹോൾഡ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഓട്ടോ ഹെഡ്ലാമ്പുകളും വൈപ്പറുകളും, മൾട്ടി-കൂളിക്ക് ബ്രേക്കിംഗ് സിസ്റ്റം, കൂടാതെ നിരവധി സുരക്ഷാ സവിശേഷതകളും എസ്യുവിയിൽ ഉണ്ടാകും. വാഹനത്തിന്റെ വിലവിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.