പാവപ്പെട്ടവരുടെ ബെൻസ് എന്ന് ഒരുകാലത്ത് പ്രശസ്തമായിരുന്ന ഒക്ടാവിയയുടെ നാലാം തലമുറ വാഹനം അവതരിപ്പിച്ച് സ്കോഡ. രണ്ട് വേരിയൻറുകളാണ് വാഹനത്തിനുള്ളത്. അടിസ്ഥാന വേരിയൻറിന് 25.99 ലക്ഷമാണ് എക്സ്ഷോറും വില. ഉയർന്ന മോഡൽ സ്വന്തമാക്കാൻ 28.99 ലക്ഷം മുടക്കണം. 2019 ലാണ് മൂന്നാം തലമുറ ഒക്ടാവിയ അവതരിപ്പിക്കുന്നത്. കോവിഡ് -19 പ്രതിസന്ധി നാലാം തലമുറ വാഹനം നിരത്തിലെത്തിക്കാനുള്ള സ്കോഡയുടെ പദ്ധതികളെ വൈകിപ്പിച്ചിരുന്നു.
'20 വർഷം മുമ്പ് ആദ്യമായി അവതരിപ്പിച്ച ഒക്ടാവിയ എക്സിക്യൂട്ടീവ് സെഡാൻ സെഗ്മെന്റിെൻറ ചലനാത്മകതയെ മാറ്റിമറിച്ചു. ഗണ്യമായ വളർച്ചാ സാധ്യതകൾ തുടർന്നും ഞങ്ങൾ കാണുന്നുണ്ട്. ആഡംബരത്തിനൊപ്പം ശരിയായ മൂല്യനിർണ്ണയം. ഡിസൈൻ, സുരക്ഷ, സാങ്കേതികവിദ്യ, പ്രകടനം, ഇടം, സുഖസൗകര്യങ്ങൾ എന്നിവയുടെ സവിശേഷതകൾ നിലനിർത്തിക്കൊണ്ടാണ് പുതിയ വാഹനം എത്തുന്നത്. സ്കോഡ ഓട്ടോയുടെ വിജയത്തെ ഒക്ടാവിയ ഇന്ത്യൻ വിപണിയിൽ തുടർന്നും പ്രതിനിധുകരിക്കും'-സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ സാക് ഹോളിസ് പറഞ്ഞു.
മുൻ തലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, 2021 ഒക്ടാവിയ വലുപ്പത്തിൽ വളർന്നിട്ടുണ്ട്. യാത്രക്കാർക്ക് കൂടുതൽ ഇടം നൽകുമെന്ന വാഗ്ദാനം കമ്പനി പാലിച്ചിട്ടുമുണ്ട്. 4,689 മില്ലീമീറ്റർ നീളവും 1,469 മില്ലീമീറ്റർ ഉയരവും 2,003 മില്ലീമീറ്റർ വീതിയുമാണ് വാഹനത്തിനുള്ളത്. വിശാലമായ ബോഡിയും നീളവും പിന്നിലെ യാത്രക്കാർക്ക് 78 മില്ലീമീറ്റർ അധിക ലെഗ്സ്പേസ് നൽകുന്നു. 2,680 മില്ലീമീറ്റർ ആണ് വീൽബേസ്. 17 ഇഞ്ച് അലോയ് വീലുകളും വലുപ്പമുള്ളതാണ്. രണ്ട് വേരിയന്റുകൾക്ക് വ്യത്യസ്ത അലോയ് ഡിസൈനുകളും ഉണ്ടാകും.
രൂപം
പുതിയ ഒക്ടാവിയയുടെ ഗ്രിൽ രൂപത്തിൽ ഏതാണ്ട് പഴയതാണ്. എന്നാൽ കൂടുതൽ പ്രീമിയം ആക്കുന്നതിന് ക്രോം ഫിനിഷ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരട്ട എൽഇഡി ഹെഡ്ലൈറ്റുകളാണ്. ഫോഗ് ലാമ്പ് കേസിങിനെ ക്രോം സ്ട്രിപ്പ് ബന്ധിപ്പിച്ചിരിക്കുന്നു. പിൻഭാഗത്ത് പുതിയ സ്കോഡ ബാഡ്ജിങ് നൽകിയിട്ടുണ്ട്. ടെയിൽ ലൈറ്റുകൾ മുമ്പത്തേതിനേക്കാൾ മെലിഞ്ഞതാണ്. ടെയിൽഗേറ്റും അപ്‌ഗ്രേഡുചെയ്‌തു. പവേർഡ് ടെയിൽഗേറ്റുകൾ കാൽ ഉപയോഗിച്ച് തുറക്കാനാകും. പുതിയ ഒക്ടാവിയയിൽ ഞെട്ടിക്കുന്ന വളർച്ച കൈവരിച്ചിരിക്കുന്നത് ബൂട്ട് സ്പേയ്സാണ്. 600 ലിറ്റർ ബൂട്ട് സ്പേസ് ഏത് സാഹചര്യത്തിലും ഉദാരമാണെന്ന് പറയേണ്ടിവരും.
ഇൻറീരിയർ
പുതിയ ഒക്ടാവിയയുടെ ക്യാബിനും നവീകരിച്ചു. ലെതർ ബീജ് അപ്ഹോൾസറി മികച്ച ദൃശ്യഭംഗിനൽകും. ഡ്യുവൽ-ടോൺ ഇൻറീരിയർ ഇപ്പോൾ കൂടുതൽ പ്രീമിയമാണ്. ഡാഷ്‌ബോർഡ് രൂപകൽപ്പനയിൽ പുതിയ ഗ്രില്ലിനോട് സാമ്യമുള്ള ഘടകങ്ങളുണ്ട്. 10.25 ഇഞ്ച് വെർച്വൽ കോക്ക്പിറ്റും 10 ഇഞ്ച് ഇൻഫോടെയ്ൻമെൻറ് സിസ്റ്റവും നൽകിയിട്ടുണ്ട്. ഇരട്ട സ്പോക് സ്റ്റിയറിങ് വീൽ പുതുമയും ആഡംബരവും തോന്നിക്കുന്നതാണ്. ആംബിയൻറ് ലൈറ്റിങ്, ടു-സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഫ്രണ്ട് സീറ്റുകൾക്കുള്ള മെമ്മറി ഫംഗ്ഷൻ, ടച്ച് ബേസ്ഡ് റീഡിംഗ് ലൈറ്റുകൾ, വയർലെസ് സ്മാർട്ട്ഫോൺ ചാർജിങ് എന്നിവ പുതിയ സവിശേഷതകളായി ലഭ്യമാണ്.
എഞ്ചിൻ
ഒക്ടാവിയയുടെ ഹൃദയഭാഗത്ത് 2.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനാണുള്ളത്. 188 ബിഎച്ച്പി കരുത്തും, 320 എൻഎം ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കും. പാഡിൽ ഷിഫ്റ്ററുകളുള്ള ഏഴ് സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്‌സ് മികച്ചതാണ്. ഡിഎസ്‌ജി ഗിയർബോക്‌സിനായി പരമ്പരാഗത ഗിയർ ലിവർ മാറ്റിസ്ഥാപിച്ച സ്‌കോഡ 2021 ഒക്ടാവിയയിൽ ആദ്യമായി പുതിയ ഷിഫ്റ്റ്-ബൈ-വയർ ഗിയർ സെലക്ടറും അവതരിപ്പിച്ചിട്ടുണ്ട്. ഗിയർ ഷിഫ്റ്റിങ് ലിവറും ട്രാൻസ്മിഷനും തമ്മിൽ യാന്ത്രിക ബന്ധമില്ലാതെ ഇലക്ട്രോണിക് നിയന്ത്രണങ്ങളിലൂടെ ഗിയറുകൾ മാറ്റുന്ന ഒരു സംവിധാനമാണ് ഷിഫ്റ്റ്-ബൈ-വയർ സെലക്ടർ. ഒരു ചെറിയ സ്വിച്ച് ഉപയോഗിച്ച് ഇപ്പോൾ നമ്മുക്ക് ഗിയർ പൊസിഷൻ തിരഞ്ഞെടുക്കാനാവും.
15.81 കിലോമീറ്റർ ഇന്ധനക്ഷമതയാണ് സ്കോഡ ഒക്ടാവിയക്ക് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വ്യത്യസ്ത വർണ ഓപ്ഷനുകൾ വാഹനം വാഗ്ദാനം ചെയ്യും. ലാവ ബ്ലൂ, മാജിക് ബ്ലാക്ക്, കാൻഡി വൈറ്റ്, ബ്രില്യൻറ് സിൽവർ, മാപ്പിൾ ബ്രൗൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അവസാന രണ്ട് കളർ ഓപ്ഷനുകൾ ടോപ്പ്-സ്പെക് ലോറിൻ & ക്ലെമെൻറ് വേരിയൻറിന് മാത്രമുള്ളതാണ്. 2021 സ്കോഡ ഒക്ടാവിയ ഉടൻ ഷോറൂമുകളിൽ എത്തും. ഡെലിവറികൾ മാസാവസാനം അല്ലെങ്കിൽ ജൂലൈ ആദ്യം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.