റിയാദ്: 74ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി സൗദി പ്രമുഖർ, വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികൾ, പ്രവാസി പ്രതിനിധികൾ എന്നിവർക്കായി അത്താഴ വിരുന്നൊരുക്കി. റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ ശനിയാഴ്ച രാത്രി നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ സദസ്സിനെ അഭിസംബോധന ചെയ്തു.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യവും ഇരു രാജ്യങ്ങളും തമ്മിലുള്ള വളരുന്ന ബന്ധവും സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. റിയാദ് ഗവർണറേറ്റിലെ അണ്ടർസെക്രട്ടറി ഡോ. ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽസുദൈരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അംബാസഡറും അണ്ടർസെക്രട്ടറിയും ചേർന്ന് കേക്ക് മുറിച്ച് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഇന്തോ-സൗദി ബന്ധം വെളിപ്പെടുത്തുന്ന പെയിൻറിങ് പ്രദർശനം പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.
പത്രപ്രവർത്തകനും ഫോട്ടോഗ്രാഫറും ചിത്രകാരനുമായ കെ.എൻ. വാസിഫിന്റെയും മറ്റു ചിത്രകാരന്മാരുടെയും പെയിൻറിങ്ങുകളാണ് പ്രദർശിപ്പിച്ചത്. ഇന്ത്യൻ കരകൗശലവസ്തുക്കൾ, തുണിത്തരങ്ങൾ, പാചകരീതികൾ, വാണിജ്യസ്ഥാപനങ്ങൾ എന്നിവയെ പ്രതിനിധാനംചെയ്യുന്ന നിരവധി സ്റ്റാളുകളും പരിപാടി നടന്ന ഹാളിൽ അലങ്കരിച്ചിരുന്നു. ഇന്ത്യൻ കലാകാരന്മാർ അവതരിപ്പിച്ച നൃത്തപരിപാടിയും അരങ്ങേറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.