കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ, തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ ഐക്യ പ്രക്ഷോഭപരിപാടികൾക്ക് രൂപംനൽകിയും എൽ.ഡി.എഫ് സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താനുള്ള ബി.ജെ.പി, യു.ഡി.എഫ് ശ്രമങ്ങളെ ചെറുക്കാനും ആഹ്വാനംചെയ്ത് മൂന്നുനാൾ നീണ്ട സി.ഐ.ടി.യു സംസ്ഥാനസമ്മേളനം തിങ്കളാഴ്ച സമാപിക്കും.
ലക്ഷം പേർ പങ്കെടുക്കുന്ന റാലിയോടെയാണ് സമാപനം. ശനിയാഴ്ച അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി അവതരിപ്പിച്ച റിപ്പോർട്ടിന്മേലുള്ള ചർച്ച പൂർത്തിയായി. അഖിലേന്ത്യ പ്രസിഡന്റ് ഡോ. കെ. ഹേമലത, ജനറൽ സെക്രട്ടറി തപൻ സെൻ, കേരള കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറി പനോളി വത്സൻ എന്നിവർ സംസാരിച്ചു.
ചർച്ചകൾക്ക് എളമരം കരീം തിങ്കളാഴ്ച മറുപടി പറയും. തുടർന്ന് സമ്മേളനം പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും അഖിലേന്ത്യ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. ആയിരത്തിലധികം സംഘടനകളെ പ്രതിനിധാനംചെയ്ത് വിവിധ ജില്ലകളിൽനിന്നായി 604 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. വൈകീട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമാപനറാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സി.ഐ.ടി.യു അഖിലേന്ത്യ പ്രസിഡന്റ് ഡോ. കെ. ഹേമലത, ജനറൽ സെക്രട്ടറി തപൻ സെൻ, എളമരം കരീം എം.പി എന്നിവർ സംസാരിക്കും.സമ്മേളന പ്രതിനിധികൾ ടാഗോർ ഹാളിൽനിന്ന് പ്രകടനമായാണ് പൊതുസമ്മേളന നഗരിയിലെത്തുക. പ്രകടനമില്ലെങ്കിലും പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.