ആലപ്പുഴ: 15,000 തൊഴിൽ അവസരങ്ങളുമായി 'കേരള നോളജ് ഇക്കോണമി മിഷൻ' ജില്ലയിൽ ഈമാസം ആറിന് തൊഴിൽമേള നടക്കുമെന്ന് എച്ച്. സലാം എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, ജില്ല ഡെവലപ്മെന്റ് കമീഷണർ കെ.എസ്. അഞ്ജു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് ആറുവരെ പുന്നപ്ര കാർമൽ കോളജ് ഓഫ് എൻജിനീയറിങ്ങിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. 18നും 56നും ഇടയിൽ പ്രായമുള്ള രജിസ്ട്രേഷൻ നടത്തിയ അഭ്യസ്തവിദ്യർക്ക് പങ്കെടുക്കാം. നിലവിൽ 150 കമ്പനികളിൽ 15,000ലേറെ തൊഴിലവസരങ്ങളുണ്ട്. ഇതുവരെ 7000പേർ മാത്രമാണ് രജിസ്ട്രർ ചെയ്തിരിക്കുന്നത്. ഇനിയും രജിസ്ട്രേഷന് അവസരമുണ്ട്.
ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻറ് സിസ്റ്റം (ഡി.ഡബ്ല്യു.എം.എസ്) എന്ന പ്ലാറ്റ്ഫോം വഴിയാണ് അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കാൻ കേരള നോളജ് ഇക്കോണമി മിഷൻ അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴിൽ ദാതാക്കളെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് സർക്കാർ മേളയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിൽ മേളയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് ജോബ് റെഡിനെസ്, ഇൻറർവ്യൂ സ്കിൽ എന്നിവ മുൻനിർത്തി മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ പരിശീലനവും കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീയുടെ സ്കിൽ വിഭാഗവും ചേർന്ന് ഒരുക്കിയിട്ടുണ്ട്.
ഐ.ടി, എൻജിനീയറിങ്, ടെക്നിക്കൽ ജോബ്സ്, സിവിൽ ആൻഡ് കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽ, മെഡിക്കൽ, ലോജിസ്റ്റിക്സ്, മാനേജ്മെൻറ്, റീടെയ്ൽസ്, ഫിനാൻസ് എജുക്കേഷൻ, വിദ്യാഭ്യസ സ്ഥാപനങ്ങൾ, ബാങ്കിങ്, മാർക്കറ്റിങ്, സെയിൽസ്, മീഡിയ, സ്കിൽ എജുക്കേഷൻ, ഹോസ്പിറ്റാലിറ്റി, ഇൻഷുറൻസ്, ഷിപ്പിങ്, അഡ്മിനിസ്ട്രേഷൻ, ഹോട്ടൽ മാനേജ്മെൻറ്, ടാക്സ് കമ്പനികളിലാണ് ഒഴിവുള്ളത്. ഒരു ഉദ്യോഗാർഥിക്ക് മൂന്ന് ഇന്റർവ്യൂവിൽ പങ്കെടുക്കാം. യോഗ്യതയിൽ ചെറിയ കുറവുകൾ ഉള്ളവർക്ക് കമ്പനികൾ തന്നെ പരിശീലനം നൽകി ജോലിയിൽ പ്രവേശിപ്പിക്കും. തൊഴിൽ അന്വേഷകർക്ക് knowledgemission.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 0471 2737881.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.