57 ലക്ഷത്തിന്റെ സ്കോളർഷിപ്പുമായി ഫാത്തിമ സെഹ്ബ ലണ്ടനിൽ

പ്രതിസന്ധികളെ കഠിനപ്രയത്നവും അർപ്പണബോധവും കരുത്താക്കി നേരിട്ട എം.പി. ഫാത്തിമ സെഹ്ബ നേടിയത് 57 ലക്ഷത്തിന്റെ കോമൺവെൽത്ത് സ്‌പ്ലിറ്റ്-സൈറ്റ് പിഎച്ച്‌.ഡി സ്‌കോളർഷിപ്. ‘അർബൻ പ്ലാനിങ്ങിന്റെ പരിധിയിലുള്ള ‘ജെൻഡേർഡ് മൊബിലിറ്റി’ വിഷയത്തിൽ നടത്തിയ ഗവേഷണത്തിനാണ് ബ്രിട്ടനിൽ ഒരു വർഷം തുടർപഠനം നടത്താൻ കോഴിക്കോട് എൻ.ഐ.ടി ആർക്കിടെക്‌ചർ ആൻഡ് പ്ലാനിങ്ങിലെ ഗവേഷണ വിദ്യാർഥിനി സെഹ്ബക്ക് സ്കോളർഷിപ് ലഭിച്ചത്. വാസ്തുവിദ്യയുടെ ക്യു.എസ് ലോക റാങ്കിങ്ങിൽ മികച്ച സ്ഥാനത്തുള്ള ലണ്ടനിലെ യൂനിവേഴ്‌സിറ്റി കോളജിലെ ബാർട്ട്‌ലെറ്റ് സ്‌കൂൾ ഓഫ് ആർക്കിടെക്‌ചറിലാണ് തുടർപഠനം. യാത്രാ ചെലവ്, മുഴുവൻ ട്യൂഷൻ ഫീസ്, ഗവേഷണ ഗ്രാന്റ്, പഠന യാത്ര ഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പൻറ്, അലവൻസ് എന്നിവ സ്കോളർഷിപിൽ ഉൾപ്പെടും.

കോഴിക്കോട് എൻ.ഐ.ടിയിൽനിന്ന് അർബൻ പ്ലാനിങ്ങിൽ ബിരുദാനന്തര ബിരുദവും കൊല്ലം ടി.കെ.എം കോളജിൽനിന്ന് ആർക്കിടെക്ചറിൽ ബിരുദവും നേടിയ സെഹ്ബ പ്രശസ്ത പ്രസാധകരായ ടെയ്‌ലർ, ഫ്രാൻസിസ്, സ്പ്രിംഗർ എന്നിവരോടൊപ്പം പ്രബന്ധവും രണ്ട് പുസ്തക അധ്യായങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ആറുമാസം മുമ്പ് ബെൽജിയത്തിലെ അന്താരാഷ്ട്ര സമ്മേളനത്തിലും പങ്കെടുത്തു. മലപ്പുറം മഞ്ചേരി മാഞ്ചേരി പുതുശ്ശേരി പരേതനായ എം.പി.എ. അബ്ദുൽ അസീസ് കുരിക്കളുടെയും പി.കെ. സൗദത്തിന്റെയും മകളാണ്. പ്രസവാനന്തര വിശ്രമത്തിന് അവധി നൽകിയാണ് എൻ.ഐ.ടിയിൽ അധ്യയനം നടത്തിയതും മികച്ച വിജയം നേടിയതും. എൻ.ഐ.ടിയിൽ ഡോ. സി. മുഹമ്മദ് ഫിറോസിന്റെ മാർഗനിർദേശ പ്രകാരമായിരുന്നു പഠനം. ഭർത്താവ് ഷബിൽ പറമ്പൻ. മക്കൾ: സീഷാൻ, അരീം.

57 ലക്ഷത്തിന്റെ സ്കോളർഷിപ്പുമായി ഫാത്തിമ സെഹ്ബ ലണ്ടനിൽ

ബ്രിട്ടീഷ് കൗൺസിൽ വഴി യു.കെയിലെ ഫോറിൻ കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫിസാണ് (എഫ്‌.സി‌.ഡി‌.ഒ) ധനസഹായം നൽകുക. ഇത്തവണ രാജ്യത്ത് മൂന്ന് പേർക്കാണ് ഈ സ്കോളർഷിപ് ലഭിച്ചത്. ഒന്നാം വർഷം കഴിഞ്ഞ് പിഎച്ച്.ഡി ചെയ്യുന്നവർക്ക് പല തീമിലും അപേക്ഷിക്കാം.

മെറിറ്റ്, ഗവേഷണ പ്രപ്പോസലിന്റെ മികവ്, ലോകസാമ്പത്തിക വ്യവസ്ഥക്ക് എങ്ങനെ ഉപകാരപ്പെടുന്നു തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കും. വിശദ വിവരങ്ങൾ ലിങ്കിൽ ലഭിക്കും. https://cscuk.fcdo.gov.uk/scholarships/commonwealth-split-site-scholarships-for-low-and-middle-income-countries/

Tags:    
News Summary - Fatima Sehba in London with scholarship of 57 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.