വിദേശ തൊഴിൽസാധ്യതകൾ ഏറുകയാണ് കോവിഡാനന്തരം. ദീന കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിൽ അകപ്പെട്ടവരിൽ പലരും തൊഴിൽ വൈദഗ്ധ്യം ഏറെ ഉള്ളവരുമാണ്. അതുപോലെ, ഏറെക്കാലം പ്രവാസികളായവർ വിദേശത്ത് തൊഴിൽസാധ്യതയുള്ള കോഴ്സുകൾ തങ്ങളുടെ മക്കളെ പഠിപ്പിക്കുകയും ചെയ്തതാണ്.
ഇതിന്റെയൊക്കെ ഭാഗമായി എല്ലാ മേഖലകളിലും ഏറെ വൈദഗ്ധ്യമുള്ള ആളുകളുടെ നാടാണ് നമ്മുടെ രാജ്യം. ഈ സാഹചര്യത്തിൽ, സർക്കാർ സംവിധാനങ്ങളിലൂടെ സുരക്ഷിതവും ചെലവില്ലാത്തതും നിയമപരിരക്ഷയോടുകൂടിയുള്ളതും മാന്യമായ ശമ്പളം ഉറപ്പുവരുത്തുന്നതുമായ റിക്രൂട്ട്മെന്റ് അവസരങ്ങൾ അറിയാം.
നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിനു കീഴിലെ അന്താരാഷ്ട്ര വിഭാഗവും നാഷനൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷനും ഡയറക്ടർ ജനറൽ ഓഫ് ട്രെയ്നിങ്ങും വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് വിദേശത്ത് തൊഴിലിനായും സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കൽ, പരിശീലനപരിപാടികളുടെ അക്രഡിറ്റേഷൻ തുടങ്ങിയ കാര്യങ്ങൾക്കായി 30 രാജ്യങ്ങളുമായി വിവിധ ഉഭയകക്ഷി ധാരണപത്രങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
ഖത്തർ, യു.എ.ഇ, ആസ്‌ട്രേലിയ, ഡെന്മാർക്, ഫ്രാൻസ്, ജർമനി, ജപ്പാൻ, യു.കെ തുടങ്ങിയ രാജ്യങ്ങളുമായി നൈപുണ്യ വികസനത്തിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനത്തിനും ജി.ടു.ജി ധാരണപത്രങ്ങൾ ഒപ്പുവെച്ചു.
നാഷനൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ സൗദി അറേബ്യ, യു.എ.ഇ, ജപ്പാൻ, ആസ്‌ട്രേലിയ, ജർമനി, യു.എ.ഇ, മലേഷ്യ, കാനഡ എന്നീ രാജ്യങ്ങളുമായി റിക്രൂട്ട്മെന്റ്, കുടിയേറ്റം,പരിശീലന പരിപാടികൾ എന്നിവക്കായി ധാരണപത്രവും ഒപ്പുവെച്ചിട്ടുണ്ട്.
ഈ ധാരണപ്രകാരം ജി.സി.സി രാജ്യങ്ങളിലേക്ക് ഹോസ്പിറ്റാലിറ്റി, എം.ഇ.പി മേഖലകളിലേക്കും ആസ്ട്രേലിയയിലേക്ക് ട്രക്ക് ഡ്രൈവർമാർ, ഡ്രിൽ ഫിറ്റർ, ഷെഫ്, മെക്കാനിക് എന്നീ തസ്തികകളിലേക്കും കനേഡിയൻ ജോബുകൾക്കും അവസരമുണ്ടായിരിക്കും. ഇതിനു പുറമെ വിവിധ രാജ്യങ്ങളുമായി പ്രത്യേക ധാരണപത്രങ്ങളും ഒപ്പിട്ടുണ്ട്.
രാജ്യത്ത് മൊത്തം 30 സ്കിൽ ഇന്ത്യ ഇന്റർനാഷനൽ കേന്ദ്രങ്ങൾ പ്രവർത്തിപ്പിച്ച് വിദേശ ജോലിക്കായുള്ള പരിശീലനം നൽകുന്നതിനായുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞതായി കേന്ദ്ര സർക്കാർ അറിയിക്കുന്നു. നിലവിൽ വാരാണസിയിലാണ് ഇത്തരം കേന്ദ്രം ഫലപ്രദമായി പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാർ കണക്കനുസരിച്ച് അടുത്ത അഞ്ചു വർഷത്തേക്ക് 3.7 മില്യൺ ഇന്ത്യക്കാർക്ക് വിദേശത്ത് അവസരമുള്ളതായി കണക്കാക്കുന്നു.
വിദേശത്ത് ജോലി അന്വേഷിക്കുന്നവർക്കായി നോർക്ക വകുപ്പ്, ഒഡെപെക് എന്നിവയുടെ കീഴിൽ ധാരാളം റിക്രൂട്ട്മെന്റുകൾ, ഏറെയും സൗജന്യമായി നടക്കുന്നു. എന്നാൽ, ഇന്നും ഇത്തരം മാർഗങ്ങൾ സ്വീകരിക്കാതെ വൻ തുക നൽകി വിസ സംഘടിപ്പിക്കാൻ ശ്രമിക്കുകയാണ് പലരും.
നോർക്ക വഴി ഗൾഫ്നാടുകളിലെ ആരോഗ്യം, വിദ്യാഭ്യാസ മേഖലകൾ, സാങ്കേതികവും അല്ലാത്തതുമായ മേഖലകളിലേക്ക് ധാരാളം റിക്രൂട്ട്മെൻറുകൾ നടക്കുന്നുണ്ട്. കോവിഡ് കാരണം നാട്ടിൽ ജോലി നഷ്ടപ്പെട്ടവർക്കടക്കം സാധ്യതയുണ്ട്.ഈ റിക്രൂട്ട്മെന്റുകൾ വിദേശ സർക്കാർ, കോർപറേറ്റ്, സ്വകാര്യ മേഖലകളിലേക്ക് നടക്കുന്നു.
വിദേശ കമ്പനികളും വിദേശ സർക്കാർ നിയോഗിച്ച പ്രതിനിധികളും ചേർന്ന് നടത്തുന്ന ഇത്തരം തെരഞ്ഞെടുപ്പുകൾ സുതാര്യവും കഴിവിനെ മാത്രം ആസ്പദമാക്കിയുമാണ്. ബയോഡേറ്റകൾ ഒരിക്കൽ സമർപ്പിച്ചു കഴിഞ്ഞാൽ യോഗ്യതക്കനുസരിച്ച തൊഴിൽ വരുമ്പോൾ ഉദ്യോഗാർഥിയെ അറിയിക്കും.
ജർമനിയിലേക്ക് ഈ പദ്ധതിപ്രകാരം 10,000 നഴ്സുമാർക്ക് അവസരമൊരുക്കുകയാണ്. ഒരു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ് സി നഴ്സിങ്/ജനറൽ നഴ്സിങ് കഴിഞ്ഞ 39 വയസ്സു വരെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമൻ ഭാഷ സൗജന്യമായി പഠിക്കാനുള്ള അവസരവും നൽകും.
ബി വൺ ലെവൽ പരീക്ഷ പാസായാൽ ജർമനിയിലേക്കു പോയി ബി2 പരീക്ഷ പരിശീലനവും കെയർടേക്കർ ജോലിയും ലഭിക്കും. ബി 2 പരീക്ഷ പാസാവുന്നതോടെ, ലൈസൻസ് ലഭിക്കാനുള്ള കാര്യങ്ങളും ശരിയാക്കി ലൈസൻസ് ലഭിക്കുന്നതോടെ നഴ്സിങ് ജോലിയിൽ പ്രവേശിക്കുകയും പൗരത്വം അടക്കമുള്ളവ നേടാനും സാധിക്കും. https://norkaroots.org/
ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംേപ്ലായ്മെന്റ് കൺസൽട്ടന്റ്സ് ലിമിറ്റസ് എന്ന സർക്കാർ സ്ഥാപനം പ്രവർത്തനമാരംഭിച്ചിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി. സമീപകാലത്ത് പ്രതിവർഷം ആയിരത്തിലധികം പേരെയാണ് ഈ സ്ഥാപനം വഴി റിക്രൂട്ട്മെന്റ് ചെയ്യുന്നത്. ഗൾഫ്, യൂറോപ്പ്, ജപ്പാൻ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലേക്ക് സുതാര്യ റിക്രൂട്ട്മെന്റ് നടക്കുന്നു.
ഒരിക്കൽ ബയോഡേറ്റ അപ് ലോഡ് ചെയ്താൽ രണ്ടു വർഷം വരെ കാലാവധിയുണ്ടാവും. ഇക്കാലയളവിൽ വരുന്ന അനുയോജ്യ ഒഴിവുകൾ ഉദ്യോഗാർഥികളെ അറിയിക്കുകയും രണ്ടു വർഷത്തിനുശേഷം ആവശ്യമെങ്കിൽ പുതിയ ബയോഡേറ്റ അപ്‌ലോഡ് ചെയ്യാനും സാധിക്കും. https://odepc.kerala.gov.in/
മാറിവരുന്ന തൊഴിൽ ഇടനാഴികൾക്ക് അനുസൃതമായി വിദേശ ഭാഷകൾ ഫലപ്രദമായും കുറഞ്ഞ ചെലവിലും പഠിക്കാനായി അടുത്തിടെ തുടങ്ങിയതാണ് ഈ സ്ഥാപനം. തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഒ.ഇ.ടി, ഐ.ഇ.എൽ.ടി.എസ്, ജർമൻ ഭാഷ, മറ്റു വിദേശ ഭാഷകൾ എന്നിവയിൽ പരിശീലനം നൽകിവരുന്നു. https://nifl.norkaroots.org/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.