ദോഹ: പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിൽ വിദഗ്ധ തൊഴിൽ വിഭാഗമായ എൻജിനീയറിങ് ഉൾപ്പെടെ സ്വദേശി ജീവനക്കാരുടെ എണ്ണം 280 ശതമാനമായി വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ഏഴു വർഷത്തിനിടെ ഖത്തരി ജീവനക്കാരുടെ എണ്ണം 1293 ആയാണ് ഉയർന്നത്. സ്വദേശി ജീവനക്കാരുടെയും എൻജിനീയർമാരുടെയും എണ്ണത്തിൽ 280 ശതമാനമാണ് വർധന. ഇക്കാലയളവിൽ എൻജിനീയർമാർ അല്ലാത്ത ഖത്തരി ജീവനക്കാരുടെ എണ്ണത്തിൽ 250 ശതമാനം വർധനയും എൻജിനീയർമാരുടെ എണ്ണത്തിൽ 370 ശതമാനത്തിലധികവും വർധനയുണ്ടായതായും അഷ്ഗാൽ മാനവശേഷി വിഭാഗം മാനേജർ റാഷിദ് സഈദ് അൽ ഹാജിരി പറഞ്ഞു. ഖത്തറിലെ അടിസ്ഥാനസൗകര്യ വികസനങ്ങളുടെയും നിർമാണ പ്രവർത്തനങ്ങളുടെയും ചുമതല വഹിക്കുന്ന അഷ്ഗാലിൽ നിലവിൽ 593 ഖത്തരി എൻജിനീയർമാരാണുള്ളത്.
സ്വദേശികളല്ലാത്ത 493 എൻജിനീയർമാരുമുണ്ട്. ഖത്തർ ദേശീയ വിഷൻ 2030ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ സ്വദേശിവത്കരണത്തിന്റെയും സ്കോളർഷിപ് പദ്ധതികൾ നടപ്പാക്കുന്നതിന്റെയും ഫലമാണ് ഖത്തരി ജീവനക്കാരുടെ എണ്ണത്തിലുണ്ടായ വർധനക്ക് കാരണം.എൻജിനീയർമാരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി അഷ്ഗാൽ കണക്കാക്കപ്പെടുന്നതിനാൽ പ്രത്യേക ജോലികളുടെ സ്വദേശിവത്കരണത്തിലൂടെ ജീവനക്കാരിൽ ഖത്തരികളുടെ എണ്ണം ഉയർത്താനുള്ള ശ്രമത്തിലാണ് അതോറിറ്റി. അഷ്ഗാലിന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ജീവനക്കാരിൽ സ്വദേശികളെ നിയമിക്കുന്നതിന്റെ ശതമാനം വർധിപ്പിക്കുകയെന്ന് റാഷിദ് സഈദ് അൽ ഹാജിരി പറഞ്ഞു.
പദ്ധതിക്കനുസൃതമായി ഈ വർഷത്തേക്കാവശ്യമായ ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെല്ലുവിളികളെ നേരിടുന്നതിന് കഴിവും പ്രാപ്തിയുമുള്ള ഖത്തരികളെ ഉപയോഗിച്ച് തൊഴിലവസരങ്ങൾ സ്വദേശിവത്കരിക്കുന്ന പ്രക്രിയ തുടരുമെന്നും റാഷിദ് സഈദ് അൽ ഹാജിരി കൂട്ടിച്ചേർത്തു. പുതിയ അഡ്മിനിസ്ട്രേറ്റിവ് പരിശീലന-വികസന പരിപാടികളിലൂടെ ജീവനക്കാരുടെയും എൻജിനീയർമാരുടെയും കഴിവും പ്രാപ്തിയും വികസിപ്പിക്കുന്നതിനുള്ള പരിപാടികളും പദ്ധതികളും നൽകാൻ ലക്ഷ്യമിടുന്നതായും അൽ ഹാജിരി വ്യക്തമാക്കി. സൂപ്പർവൈസറി സ്ഥാനങ്ങളിലെത്തുന്നവർക്കായി നേതൃത്വ വികസന പരിപാടി, പുതുതായി ബിരുദം നേടിയ ഖത്തരി എൻജിനീയർമാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായുള്ള പ്രോജക്ട് മാനേജ്മെന്റ് പ്രോഗ്രാം, ജോബ് സക്സഷൻ പ്രോഗ്രാം തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.