തിരുവനന്തപുരം: കെ.എ.എസിെൻറ മുഖ്യപരീക്ഷക്കായി മൂന്ന് സ്ട്രീമിലേക്കും എത്രപേരെ തെരഞ്ഞെടുക്കണമെന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ചേരുന്ന പി.എസ്.സി കമീഷൻ അന്തിമ തീരുമാനമെടുക്കും. തുടർന്ന്, പ്രാഥമിക പരീക്ഷയുടെ ഒന്ന്, രണ്ട് സ്ട്രീമുകളുടെ ഫലം ആഗസ്റ്റ് 26ന് പ്രസിദ്ധീകരിക്കും.
ഹയര്‍സെക്കൻഡറി സീനിയര്‍ അധ്യാപകരെ മൂന്നാം സ്ട്രീമിലേക്ക് പരിഗണിക്കണമെന്ന ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ മൂന്നാം സ്ട്രീമിെൻറ ഫലപ്രഖ്യാപനം തൽക്കാലം ഉണ്ടാകില്ല.
അതേസമയം ഉദ്യോഗാർഥികൾക്ക് പരീക്ഷ സെൻറർ മാറ്റിനൽകാമെന്ന് തെറ്റിദ്ധരിപ്പിക്കുകയും അത് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തതിന് പേരാമ്പ്ര എരവട്ടൂർ, തളത്തറയിൽ എം.ജെ. ഹാരിസിനെയും തിരുവനന്തപുരം, പൊഴിയൂർ, തെക്കുതായി വീട്ടിൽ ഹെവിൻ ഡി. ദാസിനെയും മൂന്നുവർഷത്തേക്ക് വിവിധ തെരഞ്ഞെടുപ്പു നടപടികളിൽ പങ്കെടുക്കുന്നതിൽനിന്ന് പി.എസ്.സി വിലക്കേർപ്പെടുത്തി.
കായികക്ഷമതാ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കൊല്ലം സ്വദേശി എം. ശരത്തിനെ വിവിധ തെരഞ്ഞെടുപ്പു നടപടികളിൽ പങ്കെടുക്കുന്നതിൽനിന്ന് സ്ഥിരമായി വിലക്കേർപ്പെടുത്താനും ഇന്നലെ ചേർന്ന കമീഷൻ തീരുമാനിച്ചു.
വിവിധ ഒ.എം.ആർ പരീക്ഷകളിൽ യോഗ്യരായ ഭിന്നശേഷി വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്ക് പകർപ്പെഴുത്തുകാരനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷ തീയതിക്ക് 10 ദിവസം മുമ്പ് അഡ്മിഷൻ ടിക്കറ്റ്, നിർദിഷ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ബന്ധപ്പെട്ട ആസ്ഥാന/ജില്ല ഓഫിസുകളിൽ അപേക്ഷ നൽകണമെന്ന് പി.എസ്.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.