തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുറയുന്നതുമൂലം ഇല്ലാതാകുന്ന തസ്തികയിൽ ജോലി ചെയ്യുന്ന അധ്യാപകരെ മറ്റ് എയ്ഡഡ് സ്കൂളുകളിൽ നിയമിക്കണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട്. ഇതു സാധ്യമാകുന്ന രീതിയിൽ വിദ്യാഭ്യാസ ചട്ടങ്ങൾ ഭേദഗതി ചെയ്യണം. നിലവിൽ തസ്തിക നഷ്ടപ്പെടുന്ന സംരക്ഷിത അധ്യാപകരെ മാത്രമാണ് 1979നു ശേഷം നിലവിൽ വന്ന പുതിയ സ്കൂളുകളിൽ രണ്ടു തസ്തികയുണ്ടായാൽ ഒന്ന് മാനേജ്മെന്റിനും ഒന്ന് സർക്കാറിനും എന്ന നിലയിൽ (1:1 അനുപാതം) മാറ്റിനിയമിക്കുന്നത്.
മാനേജർമാർ നിയമനം നടത്തുന്ന നിലവിലുള്ള രീതി തുടരുന്നിടത്തോളം കാലം തസ്തിക നഷ്ടപ്പെടുന്നവരെ മറ്റ് സ്കൂളുകളിൽ നിയമിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ നിർദേശിച്ച കാര്യം അംഗീകരിക്കുകയാണെങ്കിൽ എല്ലാ വർഷവും പുതിയ തസ്തികയുണ്ടാകുന്ന ഇന്നത്തെ അവസ്ഥക്ക് മാറ്റം വരും.
ഒരു ഭാഗത്ത് തസ്തിക നഷ്ടപ്പെടുന്നതുമൂലം അധ്യാപകർ സംരക്ഷിതരാവുകയും മറുഭാഗത്ത് പുതിയ തസ്തികകൾ ഉണ്ടാവുകയും ചെയ്യുന്ന അനഭിലഷണീയമായ സ്ഥിതി ഒഴിവാക്കാനും അതുവഴി സർക്കാറിന് ഭീമമായ സാമ്പത്തിക ഭാരത്തിന് കാരണമാകുന്ന അവസ്ഥ ഇല്ലാതാക്കാനും കഴിയുമെന്നും റിപ്പോർട്ട് അഭിപ്രായപ്പെടുന്നു.
ന്യൂനപക്ഷ മേഖലയിൽ കേന്ദ്രസർക്കാറിന്റെ പദ്ധതി പ്രകാരം അനുവദിച്ച എ.ഐ.പി സ്കൂളുകളെ പുതിയ സ്കൂൾ ഗണത്തിൽപ്പെടുത്തി ഇവിടെ പുതുതായുണ്ടാകുന്ന തസ്തികകളിലേക്ക് സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ അധികമാകുന്ന അധ്യാപകരെ നിയമിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
തസ്തികക്കുവേണ്ടി അകലങ്ങളിൽനിന്നുപോലും കുട്ടികളെ കൊണ്ടുവരുന്ന പ്രവണത വർധിച്ചതായും ഇത് മറികടക്കാൻ അയൽപക്ക വിദ്യാലയങ്ങൾ എന്ന കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുകയും വേണം.
ചില വിദ്യാലയങ്ങൾ പ്രചാരണങ്ങളിലൂടെ കുട്ടികളെ ആകർഷിച്ച് അധികം വലുതാകുമ്പോൾ, ഒട്ടേറെ സ്കൂളുകൾ കുട്ടികളില്ലാതെ ശുഷ്കമാകുന്ന അക്കാദമിക പ്രതിസന്ധിയുണ്ടാക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. സ്കൂളുകൾ അനിയന്ത്രിതമായി വളരുന്നത് ഒഴിവാക്കാൻ എൽ.പി സ്കൂളിൽ/വിഭാഗത്തിൽ പരമാവധി 250 വരെയും യു.പി വിഭാഗത്തിൽ 300 വരെയും എട്ടു മുതൽ 10 വരെയുള്ള വിഭാഗത്തിൽ 500 വരെയും കുട്ടികളുമാകാം. 11 - 12 വിഭാഗത്തിൽ ഇത് പരമാവധി 450 വിദ്യാർഥികളാകാം.
മറ്റു നിർദേശങ്ങൾ:
• ഗവേഷണബിരുദം നേടിയ സ്കൂൾ അധ്യാപകർക്ക് ചുരുങ്ങിയത് മൂന്ന് ഇൻക്രിമെന്റുകളെങ്കിലും നൽകണം
• അധ്യാപക സംഘടനകളുടെ അംഗീകാരത്തിന് റഫറണ്ടം വേണം. അഞ്ച് - ആറ് വർഷത്തിലൊരിക്കൽ റഫറണ്ടം ആവർത്തിക്കണം.
• അധ്യാപകർ സർവിസിൽ പ്രവേശിക്കുന്നതിനു മുമ്പോ സർവിസിൽ പ്രവേശിച്ച് മൂന്നു മാസത്തിനുള്ളിലോ ഡയറ്റുകളുടെ നേതൃത്വത്തിൽ ഇൻഡക്ഷൻ പരിശീലനം നിർബന്ധമാക്കണം.
• മഹാന്മാരുടെ ജന്മദിനങ്ങൾക്ക് സ്കൂൾ അവധി നൽകുന്നതിന് പകരം അവരുടെ സേവനങ്ങൾ അനുസ്മരിക്കാനും ചർച്ച ചെയ്യാനും വിനിയോഗിക്കണം.
• എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ ഏപ്രിലിൽ നടത്തുന്നത് ആലോചിക്കണം.
• സ്കൂൾ പാഠപുസ്തകം ലൈബ്രറിയുടെ ഭാഗമാക്കി കുട്ടികൾക്ക് വിതരണം ചെയ്യുകയും വർഷാവസാനം മടക്കിവാങ്ങുകയും ചെയ്യണം.
• എട്ടാം ക്ലാസ് വരെയുള്ളവർക്ക് മാത്രം ഉച്ചഭക്ഷണം നൽകുന്നതിന് പകരം ഹയർസെക്കൻഡറിതലം വരെയുള്ളവരെ പദ്ധതിയിൽ ഉൾപ്പെടുത്തണം.
• 60 വയസ്സ് കഴിഞ്ഞ സ്കൂൾ പാചകത്തൊഴിലാളികളെ പിരിഞ്ഞുപോകാൻ അനുവദിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.