തിരുവനന്തപുരം: മെഡിക്കൽ പി.ജി, യു.ജി കൗൺസലിങ് ഷെഡ്യൂൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് (ഡി.ജി.എച്ച്.എസ്). ഡയറക്ടറേറ്റിന് കീഴിലെ മെഡിക്കൽ കൗൺസലിങ് കമ്മിറ്റിക്കാണ് (എം.സി.സി) അഖിലേന്ത്യ ക്വോട്ട സീറ്റുകളിലെ കൗൺസലിങ് ചുമതല. അവധി ദിവസങ്ങൾ ഉൾപ്പെടെ ഉപയോഗപ്പെടുത്തി ശനിയാഴ്ചയോ ഞായറാഴ്ചയോ ഷെഡ്യൂൾ പ്രസിദ്ധീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സുപ്രീംകോടതിയിലെ കേസ് കാരണം കൗൺസലിങ് നടപടികൾ വൈകിയതിനാൽ പി.ജി, യു.ജി കൗൺസലിങ് ഒരുമിച്ച് നടത്താനും സാധ്യതയുണ്ട്.
അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്കുള്ള കൗൺസലിങ് ഷെഡ്യൂളിന് അനുസൃതമായാകും സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള ഷെഡ്യൂൾ പ്രവേശന പരീക്ഷ കമീഷണറേറ്റ് തയാറാക്കുക. അഖിലേന്ത്യ ക്വോട്ടയിലെ ഒരു റൗണ്ട് അലോട്ട്മെന്റ് പൂർത്തിയാകുമ്പോൾ സംസ്ഥാനത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്ന രീതിയിലാകും ഷെഡ്യൂൾ തയാറാക്കുക. സുപ്രീംകോടതി ഉത്തരവ് പ്രകാരം അഖിലേന്ത്യ ക്വോട്ട സീറ്റുകൾ നികത്താൻ ഈ വർഷം നാല് റൗണ്ട് കൗൺസലിങ് നടത്തും. കഴിഞ്ഞവർഷംവരെ രണ്ട് റൗണ്ട് കൗൺസലിങ്ങിന് ശേഷം അവശേഷിക്കുന്ന സീറ്റുകൾ ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് തിരികെ നൽകുകയും അവ സംസ്ഥാന ക്വോട്ടയിൽ നികത്തുകയുമായിരുന്നു. ഇനി അഖിലേന്ത്യ ക്വോട്ടയിൽനിന്ന് സീറ്റുകൾ സംസ്ഥാനങ്ങൾക്ക് തിരികെ നൽകില്ല. രണ്ട് പ്രധാന റൗണ്ട് കൗൺസിലിങ്ങും അവശേഷിക്കുന്ന സീറ്റുകളിലേക്ക് മോപ് അപ് റൗണ്ടും സ്ട്രേ വേക്കൻസി ഫില്ലിങ്ങുമാണ് എം.സി.സി നടത്തുക.
വെള്ളിയാഴ്ചയിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ പി.ജി, യു.ജി കോഴ്സുകളിലെ സംവരണ സീറ്റ് വിഹിതവും ഡി.ജി.എച്ച്.എസ് വിജ്ഞാപനമായി പുറപ്പെടുവിച്ചു. എസ്.സി-15 ശതമാനം, എസ്.ടി-7.5 ശതമാനം, ഒ.ബി.സി (നോൺക്രീമിലെയർ-കേന്ദ്ര ഒ.ബി.സി പട്ടിക പ്രകാരം) -27ശതമാനം, ഇ.ഡബ്ല്യു.എസ് (കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം) -10 ശതമാനം, ഭിന്നശേഷി വിഭാഗങ്ങൾ -ഹൊറിസോണ്ടൽ (നാഷനൽ മെഡിക്കൽ കമീഷൻ മാനദണ്ഡപ്രകാരം) -അഞ്ച് ശതമാനം എന്നിങ്ങനെയാകും ഈ വർഷത്തെ സംവരണ വിഹിതം. സംസ്ഥാനത്ത് പ്രവേശന പരീക്ഷ കമീഷണറേറ്റ് മെഡിക്കൽ പ്രവേശനത്തിനുള്ള മുന്നൊരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. നീറ്റ് റാങ്ക് പട്ടിക അടിസ്ഥാനപ്പെടുത്തിയുള്ള കേരള റാങ്ക് പട്ടിക ഡിസംബർ 14ന് പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകർ സമർപ്പിച്ച രേഖകൾ പ്രകാരമുള്ള സംവരണ അർഹരുടെ കാറ്റഗറി പട്ടികയും പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.