പ്ലസ് ടു കഴിഞ്ഞാലുള്ള തിരഞ്ഞെടുപ്പുകള്‍ എങ്ങനെ ആകണം? ഏതാണ് പ്രസക്തവും പ്രധാനവുമായ കോഴ്സുകള്‍? ഇപ്പോഴത്തെ പ്രവണത എന്താണ്? ഇങ്ങനെ ഒട്ടേറെ ആശങ്കനിറഞ്ഞ ചോദ്യങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. ചെയ്യാവുന്ന ഏറ്റവും യുക്തമായ നടപടികളിലൊന്ന് സ്വന്തം അഭിരുചിയും കഴിവും കണ്ടെത്താന്‍ ശ്രമിക്കുക എന്നതാണ്. രണ്ടാമത്തേത് കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതിന് ഒരു തന്ത്രം ഉണ്ടാവുക എന്നതാണ്.
പ്ലസ് ടു സയൻസ് കഴിഞ്ഞവർക്ക് ചേരാവുന്ന കോഴ്സുകൾ ഏതെല്ലാമാണെന്ന് നമുക്കൊന്ന് വിശകലനം ചെയ്യാം.
തിരഞ്ഞെടുപ്പ് കൂടുതല്‍ സൗകര്യപ്രദമാക്കാൻ കോഴ്സുകളെ നമുക്ക് പ്രത്യേക രീതിയില്‍ ക്രമീകരിക്കാം.
എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുര്‍വേദ, ഹോമിയോ, യുനാനി, സിദ്ധ, നാചുറോപ്പതി എന്നിവ ഈ ഗണത്തില്‍പെടുന്നു. ഉപരിപഠന സംബന്ധമായോ കരിയര്‍ വികസന സംബന്ധമായോ കൃത്യമായ ധാരണകള്‍ ഉണ്ടെങ്കിലേ ഈ കോഴ്സുകള്‍ എടുക്കാന്‍ പാടുള്ളൂ. ഏകദേശം അഞ്ച് വര്‍ഷം കഴിയുമ്പോഴേക്കും കേരളത്തില്‍ മാത്രം 15,000ത്തിലധികം എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ പുതുതായി ഉണ്ടാകും.
കരിയര്‍ സാധ്യതകളെ കൃത്യമായി വിലയിരുത്തി, വളരെ ശക്തമായ അഭിനിവേശം ഉണ്ടെങ്കില്‍ മാത്രം തിരഞ്ഞെടുക്കുക. ഓരോ വര്‍ഷവും ഒന്നോ രണ്ടോ ലക്ഷം വീതം കൂടുതല്‍ വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷയെ അഭിമുഖീകരിക്കുന്നുണ്ട് (കഴിഞ്ഞ വര്‍ഷം 20 ലക്ഷം ആയിരുന്നത് ഈ വര്‍ഷം 24 ലക്ഷം ആയി)എന്നതും എം.ബി.ബി.എസ് സീറ്റ് കിട്ടാനുള്ള സാധ്യത ഒന്ന്-ഒന്നര ശതമാനം മാത്രമാണ് എന്നതും മത്സരം കടുത്തതാക്കുന്നു.
ബി.ഡി.എസ്, ആയുര്‍വേദ എന്നിവയുടെ ക്ലിനിക്കല്‍ പ്രാക്ടിസ് സാധ്യതകള്‍ ഏകദേശം പൂര്‍ത്തിയായ നിലയിലാണ്. പുതിയ വഴികളും സാധ്യതകളും ക്ലിനിക്കല്‍ പ്രക്ടിസിനോടുള്ള അഭിനിവേശവുംകൊണ്ട് മാത്രമേ പിടിച്ചു നില്‍ക്കാനാകൂ എന്നതും ഉൾക്കൊണ്ട് കോഴ്സ് തിരഞ്ഞെടുക്കുക. ഹോമിയോ, സിദ്ധ, യൂനാനി, നാചുറോപ്പതി എന്നിവ സ്വന്തം നിലക്ക് ഒരു കരിയര്‍ ആസൂത്രണം നടത്തി മാത്രം തിരഞ്ഞെടുക്കുക.
ബയോമെഡിക്കല്‍ എൻജിനീയറിങ്, ജനറ്റിക്സ്, ബയോടെക്നോളജി, ഫോറന്‍സിക് സയന്‍സ്, ഇമ്യൂണോളജി, വൈറോളജി, പാരാസൈറ്റോളജി, പബ്ലിക്ഹെല്‍ത്ത്, മെഡിക്കല്‍ റോബോട്ടിക്സ്, മെഡിസിനല്‍ പ്ലാന്റ്സ് മുതലായ ഉപരിപഠന-അനുബന്ധ പഠനസാധ്യതകളെ കൂട്ടിച്ചേര്‍ത്ത് ഈ കോഴ്സുകളുടെ സാധ്യതകളെ കൂടുതല്‍ വൈവിധ്യപൂര്‍ണമാക്കാം. എം.ബി.ബി.എസിന് അപ്പുറം സാധ്യതകള്‍ ധാരാളമുള്ള കോഴ്സുകള്‍ വേറെയുമുണ്ട്.
ബി.എസ്.സി അഗ്രിക്കള്‍ചര്‍, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി എന്നിവ ഈ ഗണത്തില്‍ പെടുന്നു. അഗ്രിക്കള്‍ചര്‍, വെറ്ററിനറി എന്നിവ കഴിഞ്ഞാല്‍ ഫോറസ്ട്രി സര്‍വിസ് പരീക്ഷ എഴുതാന്‍ സാധിക്കും എന്നതിനാല്‍ ഫോറസ്ട്രി തന്നെ ഡിഗ്രി തലത്തില്‍ ചെയ്യേണ്ടതില്ല. അഗ്രിക്കള്‍ചർ, വെറ്ററിനറി എന്നിവയുടെ സാധ്യതകള്‍ക്ക് ഒപ്പം ഫോറസ്ട്രി മേഖലയിലേക്ക് എത്തിച്ചേരാനാകും എന്ന ബഹുമുഖ സാധ്യതകള്‍ ഇതുവഴി തുറന്നുകിട്ടുകയും ചെയ്യും.
സര്‍ക്കാര്‍തല തൊഴില്‍ സാധ്യതകള്‍ക്കു പുറമേ, സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളെ അന്വേഷിക്കാവുന്നതാണ്. ദേശീയ തലത്തിലെ മികച്ച സ്ഥാപനങ്ങള്‍ പ്ലേസ്മെന്റ് സാധ്യതകള്‍ ഒരുക്കുന്നുണ്ട്, ചിലയിടങ്ങളില്‍ സ്കോളര്‍ഷിപ് സൗകര്യങ്ങളും ഉണ്ട്.
ബയോടെക്നോളജി, ജനറ്റിക്സ്, പ്ലാന്റ് ജനറ്റിക്സ്, അനിമല്‍ ജനറ്റിക്സ്, ഫിഷറീസ് മൈക്രോബയോളജി, മറൈന്‍ ബയോളജി, അഗ്രിബിസിനസ് മാനേജ്മെന്റ്, റൂറല്‍ മാനേജ്മെന്റ്, ഫുഡ് സയന്‍സ്, ബയോമെഡിക്കല്‍ എൻജിനീയറിങ്, ബയോമെഡിക്കല്‍ സയന്‍സ്, ഫര്‍മക്കോളജി, ലൈഫ്സയന്‍സ്, ന്യൂറോസയന്‍സ്, ടോക്സിക്കോളജി, വൈല്‍ഡ്‌ലൈഫ് സയന്‍സ്, ഇക്കോളജി, എന്‍വയണ്‍മെന്റല്‍ സയന്‍സ് തുടങ്ങി അനവധി വൈവിധ്യങ്ങളിലേക്ക് വഴിതുറക്കുന്നു എന്നതാണ് ഈ ഒരു ഗ്രൂപ് കോഴ്സുകളുടെ പ്രത്യേകത.
നഴ്സിങ് (മെഡിക്കല്‍ എന്ന ഗണത്തില്‍ വരുന്ന കോഴ്സ് അല്ല നഴ്സിങ്. എങ്കിലും വര്‍ഗീകരിക്കുമ്പോള്‍ ഉള്ള സൗകര്യത്തിനുവേണ്ടി ഇവിടെ ഉൾപ്പെടുത്തുന്നു), മെഡിക്കല്‍ ലാബ് ടെക്നോളജി അല്ലെങ്കില്‍ എം.എല്‍.ടി, മെഡിക്കല്‍ ഇമേജിങ് ടെക്നോളജി അല്ലെങ്കില്‍ റേഡിയോളജി, ഫാര്‍മസി-ബി.ഫാം/ഫാം.ഡി ഉള്‍പ്പെടെ- എന്നിവ ചേര്‍ന്ന ഡെവലപ്പിങ് കരിയര്‍ എന്ന് പറയാവുന്ന ഒരു ഗ്രൂപ്പും ഒപ്ടോമെട്രി, ഡയാലിസിസ്, ബ്ലഡ് ബാങ്കിങ്, അനസ്തേഷ്യ ആന്‍ഡ് ഓപറേഷന്‍ തിയറ്റര്‍ ടെക്നോളജി, കാര്‍ഡിയാക് വാസ്കുലര്‍ ടെക്നോളജി മുതലായവ ചേര്‍ന്ന ടെര്‍മിനല്‍ കരിയര്‍ ഗണത്തില്‍പെടുത്താന്‍ മാറ്റുന്ന രണ്ടാമത് ഒരു ഗ്രൂപ്പും ഈ ഗണത്തില്‍പെടുന്നു. പറയാനും മനസ്സിലാക്കാനും സൗകര്യത്തിനായി മാത്രമാണ് ഇങ്ങനെ ഒരു വര്‍ഗീകരണം.
ആദ്യത്തെ ഗ്രൂപ്പിലെ കോഴ്സുകളുടെ പ്രത്യേകത നിലവില്‍ തൊഴില്‍ സാധ്യത ധാരാളം ഉള്ളതും വൈവിധ്യമുള്ള ഉപരിപഠന സാധ്യത തുറക്കുന്നതുമാണ് എന്നതാണ്. അതേസമയം രണ്ടാമത്തെ ഗ്രൂപ്പ് കോഴ്സുകള്‍ തൊഴില്‍സാധ്യത ഉണ്ടെങ്കിലും ഉപരിപഠന സാധ്യതകള്‍ വളരെ കുറവാണ്. രണ്ടാമത്തെ ഗ്രൂപ്പിലെ അധിക കോഴ്സുകളും നഴ്സിങ് പോലുള്ളവയുടെ അനുബന്ധ തൊഴില്‍ മേഖലകള്‍ ആയിരുന്നു. പിന്നീട് സൗകര്യാർഥം പുതിയ ഘടനയിലേക്ക് മാറ്റി കോഴ്സുകളായി ക്രമീകരിച്ചതാണ്.
ഈ ഗ്രൂപ്പിലെ ഒട്ടുമിക്ക കോഴ്സുകളും നഴ്സിങ് ബിരുദം കഴിഞ്ഞാലുള്ള അനുബന്ധ ഉപരിപഠന മേഖലയായി തിരഞ്ഞെടുക്കാവുന്നതാണ്. ആദ്യത്തെ ഗ്രൂപ് കോഴ്സുകള്‍ കഴിഞ്ഞാല്‍ ബയോമെഡിക്കല്‍ എൻജിനീയറിങ്, ബയോമെഡിക്കല്‍ സയന്‍സ്, ഫര്‍മക്കോളജി, ലൈഫ്സയന്‍സ്, ന്യൂറോസയന്‍സ്, ടോക്സിക്കോളജി, ജനറ്റിക്സ്, ബയോടെക്നോളജി, ഫോറന്‍സിക് സയന്‍സ്, ഇമ്യൂണോളജി, വൈറോളജി, പാരാസൈറ്റോളജി തുടങ്ങി ഒട്ടേറെ വ്യത്യസ്തമായ മേഖലകളിലേക്ക് മാറാവുന്നതാണ്.
ബി.പി.ടി - ഫിസിയോതെറപ്പി, ബി.എ.എസ്.എല്‍.പി - ഓഡിയോളജി ആന്‍ഡ് സ്പീച് ലാംഗ്വേജ് പാതോളജി, ബി.ഒ.ടി - ഒക്യുപേഷനല്‍ തെറപ്പി, ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്ററ്റിക്സ്, സൈക്കോളജി എന്നിവ ഈ വിഭാഗത്തില്‍ പെടുത്താവുന്നതാണ്.
പെട്ടെന്നൊരു ജോലി ആവില്ല എങ്കിലും നിരന്തരമായ പ്രാക്ടിസും കോഴ്സ് ഡെവലപ്പ്മെന്റും കോഴ്സിന്‍റെ തൊഴില്‍സാധ്യതകളെ വർധിപ്പിക്കും. ഒരുപാട് വ്യത്യസ്തമായ ഉപരിപഠന സാധ്യതകള്‍ ഈ കോഴ്സുകള്‍ക്ക് ഇല്ല. ഇതില്‍ത്തന്നെ ഫോക്കസ് ചെയ്യാന്‍ താൽപര്യം ഉള്ളവര്‍ മാത്രം ഈ കോഴ്സ് എടുക്കുന്നതാണ് നല്ലത്.
മേല്‍പറഞ്ഞ എല്ലാ പരാമര്‍ശങ്ങളും വീണ്ടും വളരെയധികം വിശദീകരണങ്ങള്‍ ആവശ്യമുള്ളവയാണ്. കോഴ്സിന്‍റെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കും മുമ്പ് പരിചയ സമ്പന്നരായ കരിയര്‍ കൗണ്‍സലര്‍മാര്‍ക്കൊപ്പം ഇരുന്ന് വ്യക്തിഗത കൗൺസലിങ് കൂടുതല്‍ കൃത്യത ഉണ്ടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.