തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലെ മൂന്നിൽ രണ്ട് തസ്തികയിലേക്കും നേരിട്ട് നിയമനം നടത്തണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല സമിതി. സർക്കാർ ജീവനക്കാർക്ക് നൽകിയിരുന്ന മൂന്നിൽ രണ്ടുഭാഗം മൂന്നിലൊന്നായി പരിമിതപ്പെടുത്താനാണ് ശിപാർശ. അടുത്ത പി.എസ്.സി നിയമനം മുതൽ ഇത് ബാധകമാക്കണമെന്നും നിർദേശിച്ചു. നേരിട്ട് നിയമനത്തിന് സംവരണം ബാധകമാക്കാൻ നിർദേശിച്ച സമിതി സർക്കാർ ജീവനക്കാരുടെ ക്വോട്ടയുടെ കാര്യത്തിൽ ഇക്കാര്യം പറഞ്ഞിട്ടില്ല.
നിലവിൽ നേരിട്ടും (പുതിയ നിയമനം) ഗസറ്റഡ് ജീവനക്കാരിൽനിന്നും നോൺ ഗസറ്റഡ് ജീവനക്കാരിൽനിന്നും മൂന്നിലൊന്നു വീതമാണ് നിയമനം. ശമ്പള കമീഷൻ ശിപാർശപോലെ മൂന്നിൽ രണ്ട് തസ്തികയിലേക്ക് നേരിട്ട് നിയമനവും സംവരണ വ്യവസ്ഥയും നടപ്പാക്കണമെന്ന് സമിതി നിർദേശിച്ചു. സംസ്ഥാന ഭരണനടപടികൾ പ്രാഗല്ഭ്യത്തോടെ കൈകാര്യം ചെയ്യാൻ പ്രാപ്തരായ മധ്യതല ഉദ്യോഗസ്ഥരാണ് കെ.എ.എസിൽ വേണ്ടത്. മെറിറ്റ് അടിസ്ഥാനത്തിൽ പരീക്ഷ വഴി ഭൂരിപക്ഷം തസ്തികകളും നികത്തുന്നതാണ് അഭികാമ്യം. ഇപ്പോൾ മൂന്നിൽ രണ്ടുഭാഗം തസ്തികകളിലും സ്ഥാനക്കയറ്റത്തിലൂടെയാണ് നിയമനം. ഇത് കെ.എ.എസ് ലക്ഷ്യത്തെ പരാജയപ്പെടുത്തും. ഐ.എ.എസിന്‍റെ ഫീഡർ തസ്തികയായി കെ.എ.എസ് വിഭാവനം ചെയ്തിട്ടുണ്ട്. ഓൾ ഇന്ത്യ സർവിസിൽ മൂന്നിൽ രണ്ട് തസ്തിക നേരിട്ടുള്ള പരീക്ഷ വഴിയും മൂന്നിലൊന്ന് സ്ഥാനക്കയറ്റം വഴിയുമാണ് നികത്തുന്നതെന്നും സമിതി ചൂണ്ടിക്കാട്ടി.
ബാക്കി മൂന്നിലൊന്ന് ഗസറ്റഡോ നോൺ ഗസറ്റഡോ ആയ ജീവനക്കാരിൽനിന്ന് നേരിട്ട് നിയമനത്തിന്‍റേതിൽനിന്ന് വ്യത്യസ്തമായ പരീക്ഷയിലൂടെ നിയമിക്കണമെന്ന് ശമ്പള കമീഷൻ നിർദേശിച്ചിരുന്നു. വ്യത്യസ്തമായ പരീക്ഷ എന്ന നിർദേശത്തോട് സമിതി വിയോജിച്ചു. നേരിട്ട് നിയമനത്തിനുള്ള പരീക്ഷക്ക് സമാനമായ പരീക്ഷ സർക്കാർ ജീവനക്കാർക്കും ബാധകമാക്കണമെന്നാണ് സമിതി നിർദേശം. സർക്കാർ ജീവനക്കാർക്കുള്ള ക്വോട്ട അഞ്ചു വർഷത്തിനുശേഷം നിർത്തണമെന്ന ശമ്പള കമീഷൻ ശിപാർശ സമിതി തള്ളി. കെ.എ.എസിലേക്ക് മാറ്റിയ തസ്തികകൾ ജീവനക്കാരുടെ പ്രമോഷൻ തസ്തികകളാണ്.
കെ.എ.എസിന്‍റെ മെറിറ്റ് നഷ്ടപ്പെടാതെതന്നെ ഒരുഭാഗം കെ.എ.എസ് തസ്തികകൾ സർക്കാർ ജീവനക്കാർക്കായി മാറ്റിവെക്കണം. അവരുടെ പ്രോത്സാഹനത്തിനും കരിയർ വികസനത്തിനും ഇത് ആവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്. ചീഫ് സെക്രട്ടറി ചെയർമാനായ സമിതിയിൽ ധന, ഭരണ നവീകരണ അഡീഷനൽ ചീഫ് സെക്രട്ടറിമാർ, പൊതുഭരണം, ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവർ അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.