ന്യൂഡൽഹി: സംവരണ തസ്തികകളിൽ അർഹരായ ഉദ്യോഗാർഥികളില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ഒഴിവുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. എസ്.സി, എസ്.ടി, ഒ.ബി.സി സംവരണ തസ്തികകൾ സംവരണേതരമാക്കാമെന്ന യു.ജി.സിയുടെ കരട് മാർഗനിർദേശം വിവാദമായതിനെ തുടർന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഞായറാഴ്ചയായിരുന്നു ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം അറിയിക്കാനുള്ള അവസാന ദിനം.
2019ലെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപന (അധ്യാപക കേഡറിലെ സംവരണം) നിയമം അനുസരിച്ച് നേരിട്ടുള്ള നിയമനത്തിലെ എല്ലാ തസ്തികകൾക്കും സംവരണം ബാധകമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സമൂഹ മാധ്യമമായ ‘എക്സിൽ’ കുറിച്ചു.
ഈ നിയമം പ്രാബല്യത്തിൽ വന്ന ശേഷം സംവരണ തസ്തിക സംവരണേതര തസ്തികയാക്കാനാകില്ല. 2019 നിയമം അനുസരിച്ച് ഒഴിവുകൾ നികത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കുറിപ്പിൽ പറയുന്നു.
കരട് മാർഗനിർദേശങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം അവസാനിപ്പിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. യു.ജി.സി ചെയർമാൻ എം. ജഗദീഷ് കുമാറിന്റെ കോലം ജെ.എൻ.യു സ്റ്റുഡന്റ്സ് യൂനിയൻ കത്തിക്കുകയും ചെയ്തു. മുൻകാലങ്ങളിലെ സംവരണം തുടരുമെന്ന് യു.ജി.സി ചെയർമാനും അറിയിച്ചു.
സാധാരണയായി, സംവരണ തസ്തികകൾ സംവരണമില്ലാത്ത വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് നല്കാനാകില്ല. എന്നാൽ, പൊതുതാൽപര്യം കണക്കിലെടുത്ത് ഗ്രൂപ് എ തസ്തികകൾക്കായി സംവരണം ഒഴിവാക്കാനുള്ള നിർദേശം സർവകലാശാലക്ക് തയാറാക്കാൻ കഴിയുമെന്ന് കരട് മാർഗനിർദേശത്തിലുണ്ട്. സ്ഥാനക്കയറ്റത്തിന്റെ കാര്യത്തിലും ഇതേ നയം തുടരാമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. ഗ്രൂപ് സി, ഡി തസ്തികകളിൽ സർവകലാശാല ഭരണസമിതിക്കുതന്നെ സംവരണം ഒഴിവാക്കാവുന്നതാണ്. അതേസമയം, ഗ്രൂപ് എ തസ്തികകളിലേക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന് നിർദേശം സമർപ്പിക്കണമെന്നാണ് കരടിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.