തായ്പേയ്: അടുത്ത മാസത്തോടെ ഇന്ത്യയിൽ നിന്ന് പതിനായിരക്കണക്കിന് തൊഴിലാളികളെ തായ്വാനിലേക്ക് അയക്കാൻ തീരുമാനം. തായ്‍വാനുമേൽ ആധിപത്യം പ്രഖ്യാപിക്കുന്ന ചൈനയെ പ്രകോപിപ്പിക്കുന്ന തീരുമാനമാണിത്. തായ്‍വാൻ സ്വന്തം മേഖലയാണെന്നാണ് ചൈന അവകാശപ്പെടുന്നത്. നിലവിൽ ചൈനയുമായി അതിർത്തി തർക്കമുൾപ്പെടെ നിലവിലുണ്ട്.
ഫാക്ടറികൾ, ആശുപത്രികൾ, പാടങ്ങൾ എന്നിവിടങ്ങളിൽ പണിയെടുക്കാനായി ഒരു ലക്ഷം ഇന്ത്യൻ തൊഴിലാളികളാണ് തായ്‍വാനിലെത്തുക. ഇതുസംബന്ധിച്ച കരാറിൽ ഇരുരാജ്യങ്ങളും ഡിസംബർ ആദ്യവാരം ഒപ്പുവെക്കും. തായ്‍വാനിലെ ജനസംഖ്യയിൽ ഭൂരിഭാഗവും പ്രായം ചെന്നവരാണ്. ഇന്ത്യയിൽ ഓരോ വർഷവും യുവാക്കളുടെ എണ്ണം വർധിക്കുകയാണ്. ഇവർക്ക് ആവശ്യമായ തൊഴിലവസരം ഒരുക്കാൻ കഴിയുന്നുമില്ല. 2025ഓടെ തായ്‍വാനിലെ ജനസംഖ്യയുടെ പകുതിയിൽ കൂടുതലും വൃദ്ധരാകും.
തായ്‌വാനിൽ, തൊഴിലില്ലായ്മ നിരക്ക് 2000 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നിരുന്നു. 790 ബില്യൺ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥ നിലനിർത്താൻ സർക്കാരിന് തൊഴിലാളികളെ ആവശ്യമുണ്ട് താനും. മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യൻ തൊഴിലാളികൾക്ക് തദ്ദേശീയർക്ക് തുല്യമായ ശമ്പളവും ഇൻഷുറൻസ് പോളിസികളും തായ്‌വാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് തൊഴിലാളികളെ ആകർഷിക്കുന്ന ഘടകമാണ്.
അതേസമയം, ജനസംഖ്യയുടെ കാര്യത്തിൽ ഉടൻ തന്നെ ഇന്ത്യ ചൈനയെ മറികടക്കും. പ്രായമായവർ കൂടുതലുള്ള വികസിത രാജ്യങ്ങളുമായുള്ള തൊഴിൽ കരാറിനെയാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. ജപ്പാൻ, ഫ്രാൻസ്, യു.കെ തുടങ്ങി ഏതാണ്ട് 13 രാജ്യങ്ങളുമായി ഇന്ത്യ കരാർ ഒപ്പുവെച്ചു കഴിഞ്ഞു. ഡെൻമാർക്, സ്വിറ്റ്സർലൻഡ്, ഗ്രീസ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളുമായി ഇക്കാര്യം ചർച്ചയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.