സാങ്കേതിക സർവകലാശാലയിൽ ഇനി താൽക്കാലിക നിയമനം പരമാവധി എട്ടു വർഷം

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരുടെ പരമാവധി കാലാവധി എട്ട് വർഷമാക്കി നിജപ്പെടുത്തി. കഴിഞ്ഞദിവസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. എട്ട് വർഷം പൂർത്തിയാക്കുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടും.

വിവിധ സർക്കാർ സ്ഥാപനങ്ങളിലും സർവകലാശാലകളിലും പത്ത് വർഷം പൂർത്തിയാക്കുന്ന താൽക്കാലിക ജീവനക്കാർ സ്ഥിരപ്പെടുത്തലിന് അവകാശവാദമുന്നയിക്കുകയും നിയമ നടപടിയിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സിൻഡിക്കേറ്റ് തീരുമാനം. എട്ട് വർഷം പൂർത്തിയാക്കിയ ഒരു ജീവനക്കാരിയാണ് നിലവിൽ സർവകലാശാലയിലുള്ളത്.

സിൻഡിക്കേറ്റ് തീരുമാനത്തോടെ ഇവരുടെ സേവനം അവസാനിപ്പിക്കേണ്ടിവരും. അഞ്ച് വർഷത്തിലധികമായി തുടരുന്ന 13 താൽക്കാലിക ജീവനക്കാരുമുണ്ട്.

താൽക്കാലിക ജീവനക്കാർക്ക് നിലവിൽ ആറ് മാസത്തേക്ക് നിയമനം നൽകുകയും പിന്നീട് പുതുക്കി നൽകുകയും ചെയ്യുന്നതാണ് രീതി. നിലവിൽ 78 താൽക്കാലിക ജീവനക്കാരാണ് സാങ്കേതിക സർവകലാശാലയിലുള്ളത്. സമീപകാലത്ത് നടത്തിയ താൽക്കാലിക നിയമനങ്ങൾ ഏറെ വിവാദമായിരുന്നു. സി.പി.എം സിൻഡിക്കേറ്റംഗങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ വരെ നിയമിക്കപ്പെട്ടിരുന്നു.

അതേസമയം, സർവകലാശാലയുടെ കീഴിൽ പഠന വിഭാഗങ്ങൾ അടങ്ങുന്ന വിവിധ സ്കൂളുകൾ സ്ഥാപിക്കുന്നതിന് പ്രത്യേകം ഡയറക്ടറെ നിയമിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. പ്രഫസർ റാങ്കിൽ 15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉൾപ്പെടെയുള്ള യോഗ്യതകൾ നിശ്ചയിച്ചാണ് ഡയറക്ടർ നിയമനം നടത്തുക. സർവകലാശാലക്കായി തിരുവനന്തപുരം വിളപ്പിൽശാലയിൽ ഏറ്റെടുത്ത ഭൂമിയിലാണ് പഠനവിഭാഗങ്ങൾ തുടങ്ങാൻ ലക്ഷ്യമിടുന്നത്.

ഭൂമി ഏറ്റെടുക്കൽ പൂർത്തിയായിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ചുറ്റുമതിൽ പോലും കെട്ടാനായിട്ടില്ല. അവിടെയാണ് പഠനവിഭാഗം സ്ഥാപിക്കാൻ ഡയറക്ടറെ നിയമിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്. ഡയറക്ടറെ മുൻകൂട്ടി നിശ്ചയിച്ചുള്ള നിയമന നീക്കമാണ് നടത്തുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. 

Tags:    
News Summary - The maximum temporary appointment in the Technical University is eight years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.