കോഴിക്കോട്: സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം എം.ബി.ബി.എസ് പഠനം പാതിവഴിയിൽ മുടങ്ങേണ്ടിയിരുന്ന വിദ്യാർഥിനിയെ സഹായിച്ച ആലപ്പുഴ ജില്ല കലക്ടർ കൃഷ്ണതേജയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ കെ.സി വേണുഗോപാൽ. കാരക്കോണം മെഡിക്കല്‍ കോളജ് വിദ്യാർഥി ആദിത്യലക്ഷ്മിയുടെ പഠനം മുടങ്ങുമെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെ.സി വേണുഗോപാലാണ് കലക്ടർ കൃഷ്ണതേജയെ ഈ വിവരം അറിയിച്ചത്. സുഹൃത്തും രാമചന്ദ്ര ടെക്സ്റ്റൈൽസ് സി.ഇ.ഒയുമായ മനോജിനോട് ആദിത്യലക്ഷ്മിയെ കുറിച്ച് സംസാരിച്ച കലക്ടറിന് അഞ്ച് വർഷത്തെ പഠനച്ചെലവ് ഏറ്റെടുക്കാമെന്ന ഉറപ്പു ലഭിക്കുകയും ചെയ്തു. പഠനച്ചെലവ് വഹിക്കാൻ സന്നദ്ധത അറിയിച്ച വ്യവസായി മനോജിനെയും വേണുഗോപാൽ എഫ്.ബി കുറിപ്പിൽ അഭിനന്ദിച്ചു.
ഏറെ സന്തോഷത്തോടെയാണ് ഇന്ന് ആലപ്പുഴ ജില്ലാ കലക്ടർ കൃഷ്ണ തേജയുമായി ഫോണിൽ ബന്ധപ്പെടുന്നത്. കരിഞ്ഞു പോകുമെന്ന് കരുതിയ ഒരു സ്വപ്നത്തിന് ചിറക് മുളപ്പിച്ചതിന് കലക്ടറെ എത്രകണ്ട് അഭിനന്ദിച്ചാലും മതിയാകില്ല.
പത്രത്തിൽ വന്ന ഒരു വാർത്തയിൽ നിന്നാണ് കലക്ടർ ആദിത്യലക്ഷ്മിയെന്ന കൊച്ചുമിടുക്കിയെ കണ്ടെത്തുന്നത്. ആലപ്പുഴ തോട്ടപ്പള്ളി ഓമനക്കുട്ടന്‍, കൈരളി ദമ്പതികളുടെ മകളായ ആദിത്യ ലക്ഷ്മി പഠിക്കാൻ മിടുക്കിയായിരുന്നു.
ഡോക്ടറാകണമെന്ന ആഗ്രഹവുമായി ആദിത്യ പഠിച്ചുനേടിയത് പത്തിലും പ്ലസ്ടുവിലും ഫുള്‍ എ പ്ലസ്. ശേഷം നീറ്റ് പരീക്ഷയിൽ റാങ്കോടെ കാരക്കോണം മെഡിക്കല്‍ കോളജില്‍ മെറിറ്റില്‍ സീറ്റും. ഹൃദയ സംബന്ധമായ അസുഖമുള്ളതിനാൽ ഓമനക്കുട്ടന് ജോലിക്ക് പോകാൻ കഴിയില്ല. അടുത്തുള്ള ചെമ്മീന്‍ പീലിങ് ഷെഡില്‍ ജോലിക്ക് പോകുന്ന അമ്മക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ആ കുടുംബത്തിന്റെ ആകെ വരുമാനം. ചിലവേറിയ മെഡിക്കല്‍ പഠനം പൂർത്തിയാക്കുന്നതിൽ പണം കരിനിഴൽ വീഴ്ത്തിത്തുടങ്ങുന്ന ഘട്ടത്തിലാണ് ആലപ്പുഴ ജില്ലാ കലക്ടർ കൃഷ്ണതേജ ആദിത്യയെ കൈപിടിച്ചുയർത്തുന്നത്.
വാർത്ത വായിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ തന്റെ സുഹൃത്ത് കൂടിയായ രാമചന്ദ്ര ടെക്സ്റ്റൈൽസ് സി.ഇ.ഒയായ മനോജുമായി ബന്ധപ്പെടുകയായിരുന്നു കലക്ടർ. അഞ്ചു വർഷത്തേക്കുള്ള പഠനച്ചെലവ് മുഴുവൻ ഏറ്റെടുക്കാമെന്ന് മനോജ് ഉറപ്പുനൽകിയെന്ന വാർത്ത കലക്ടർ ആദിത്യയെ അറിയിക്കുമ്പോൾ വിവരിക്കാൻ കഴിയാത്തത്ര സന്തോഷം ആ കുട്ടിയിൽ ഉണ്ടായിരുന്നിരിക്കണം.
ജീവിത പ്രതിസന്ധികളെ മനകരുത്ത് കൊണ്ട് അതിജീവിച്ച് വിജയിച്ചതിന്റെ ഫലമാണ് കൃഷ്ണതേജക്ക് സമാന അവസ്ഥ കൺമുന്നിൽ കണ്ടപ്പോൾ ചേർത്തുപിടിക്കാൻ തോന്നിയത്. വീണുടഞ്ഞ് പോകുമായിരുന്ന ആദിത്യലക്ഷ്മിയുടെ സ്വപ്‌നങ്ങള്‍ തുന്നിചേര്‍ത്ത ആലപ്പുഴ കലക്ടര്‍ കൃഷ്ണതേജയും അവളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുത്ത പ്രമുഖ വ്യവസായി മനോജും ഈ സമൂഹത്തില്‍ ആര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വങ്ങളാണ്. ഇരുവരേയും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.