ന്യൂഡൽഹിയിലെ ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോഓപറേറ്റിവ് (ഇഫ്കോ) ലിമിറ്റഡ് അതിന്റെ വിവിധ സ്ഥാപനങ്ങളിലേക്ക് ഭാവി പ്രോജക്ടുകളിലേക്കും അഗ്രികൾചർ ഗ്രാജ്വേറ്റ് ട്രെയിനികളെ (AGT) തിരഞ്ഞെടുക്കുന്നു.
നാലുവർഷത്തെ ഫുൾടൈം റെഗുലർ ബി.എസ്.സി അഗ്രികൾചർ 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചവർക്കും ഫൈനൽ സെമസ്റ്റർ പരീക്ഷാഫലം 2023 നവംബറിൽ പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. പട്ടികജാതി-വർഗ വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക്/തത്തുല്യ CGPA മതിയാകും. യു.ജി.സി അംഗീകൃത സ്ഥാപനങ്ങളിൽ പഠിച്ച് 2020 വർഷമോ അതിനുശേഷമോ യോഗ്യത നേടിയിരിക്കണം. പ്രായപരിധി 1.8.2023ൽ 30. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ചു വർഷവും ഒ.ബി.സി/നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷവും ഇളവുണ്ട്.
ഇന്ത്യയൊട്ടാകെയുള്ള ഫീൽഡ് ഓഫിസുകളിലേക്കാണ് നിയമനം. അതത് സംസ്ഥാനത്തെ പ്രാദേശിക ഭാഷാപരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും കഴിയണം. ഹിന്ദിഭാഷയിലുള്ള അറിവ് അഭിലഷണീയം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://agt.iffco.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം ഓൺലൈനായി ഒക്ടോബർ ഏഴുവരെ അപേക്ഷ സമർപ്പിക്കാം.
കമ്പ്യൂട്ടർ അധിഷ്ഠിത പ്രിലിമിനറി, ഫൈനൽ ടെസ്റ്റ്, വ്യക്തിഗത അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. കേരളത്തിൽ കൊച്ചിയാണ് പരീക്ഷാകേന്ദ്രം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷത്തെ പരിശീലനം നൽകും. പ്രതിമാസം 33,300 രൂപയാണ് സ്റ്റൈപന്റ്. പരിശീലനം പൂർത്തിയാക്കുന്നവരെ 37,000-70,000 രൂപ ശമ്പളനിരക്കിൽ അഗ്രികൾചർ ഓഫിസറായി സ്ഥിരപ്പെടുത്തും. നിലവിലുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും https://agt.iffco.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.