കേരള മെഡിക്കൽ, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി പ്രഫഷനൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് (കീം 2024) ഓൺലൈനായി അപേക്ഷാ സമർപ്പണം തുടങ്ങി. ഒറ്റ അപേക്ഷ മതി. ഫീസ് അടക്കം ഏപ്രിൽ 17 വൈകീട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. വിജ്ഞാപനവും പ്രോസ്പെക്ടസും www.cee.kerala.gov.inൽ നിന്ന് ഡൗൺലോഡ് ചെയ്ത് വ്യവസ്ഥകളും മാർഗനിർദേശങ്ങളും മനസ്സിലാക്കി വേണം അപേക്ഷിക്കേണ്ടത്.
അപേക്ഷയുടെ പ്രിന്റൗട്ടോ രേഖകളോ പ്രവേശന പരീക്ഷാ കമീഷണർക്ക് അയക്കേണ്ട. അപേക്ഷ അക്നോളഡ്ജ്മെന്റ് പേജ് റഫറൻസിനായി സൂക്ഷിക്കാം.
ശ്രദ്ധിക്കേണ്ടവ: എൻജിനീയറിങ്, ബി.ഫാം, എം.ബി.ബി.എസ്, ബി.ഡി.എസ് അടക്കം ഏതെങ്കിലും കോഴ്സുകളിൽ പ്രവേശനമാഗ്രഹിക്കുന്നവർ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ ഓൺലൈനായി ഒറ്റ അപേക്ഷ നൽകിയാൽ മതി. അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ അധികാരപ്പെട്ട ഉദ്യോഗസ്ഥർ നൽകിയതാവണം. ഒപ്പും സീലും വേണം. അപേക്ഷാർഥിയുടെ ഫോട്ടോ, ഒപ്പ് ശരിയായ രീതിയിൽ അപ്ലോഡ് ചെയ്തിരിക്കണം.ചേരാൻ ആഗ്രഹിക്കുന്ന കോഴ്സുകൾ ഓൺലൈൻ അപേക്ഷാ സമർപ്പണങ്ങ വേളയിൽ തെരഞ്ഞെടുക്കാം. അപേക്ഷാ സമർപ്പണത്തിന് ഉപയോഗിക്കുന്ന പാസ്വേഡ് അലോട്ട്മെന്റ് പ്രക്രിയ അവസാനിക്കുംവരെ രഹസ്യമായി സൂക്ഷിക്കണം.
കീം 2024 കാൻഡിഡേറ്റ് പോർട്ടൽ വഴി ഓൺലൈൻ അപേക്ഷയിലെ അപാകതകൾ യഥാസമയം പരിഹരിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി ഒഴികെയുള്ളവർ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഫീസ് ആനുകൂല്യം, സ്കോളർഷിപ് ലഭിക്കുന്നതിന് വരുമാന സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ മറക്കരുത്. അലോട്ട്മെന്റിന്റെ ഓരോ ഘട്ടത്തിനും മുമ്പായി ഓൺലൈൻ ഓപ്ഷൻ കൺഫെർമേഷൻ നിർബന്ധമായും നൽകണം.
അപേക്ഷ അഞ്ചു ഘട്ടങ്ങളായി
കീം 2024 അപേക്ഷ സമർപ്പണത്തിന് അഞ്ചു ഘട്ടങ്ങളുണ്ട്
ഘട്ടം 1 രജിസ്ട്രേഷൻ: www.cee.kerala.gov.in ൽ സാധുവായ ഇ.മെയിൽ ഐ.ഡി, മൊബൈൽ ഫോൺ നമ്പർ (അപേക്ഷകന്റെ/രക്ഷിതാവിന്റെ മാത്രം) ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. അപേക്ഷാർഥിയുടെ പേര്, ജനനതീയതി, പാസ്വേഡ്, അക്സസ് കോഡ് എന്നിവ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കണം. റീഫണ്ട് ആവശ്യങ്ങൾക്കായി ബാങ്ക് അക്കൗണ്ട് വിവരവും നൽകാം. രജിസ്ട്രേഷൻ പൂർത്തിയാവുമ്പോൾ ലഭ്യമാകുന്ന അപേക്ഷ നമ്പർ പിന്നീടുള്ള ആവശ്യങ്ങൾക്കായി കുറിച്ചുവെക്കേണ്ടതാണ്.
ഘട്ടം 2 വിവരം നൽകൽ: അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ കൃത്യമായി നൽകണം. സംവരണ വിഭാഗത്തിൽപെടുന്നവർ ആയത് നിശ്ചിത സ്ഥാനത്ത് രേഖപ്പെടുത്തണം. നൽകിയ വിവരങ്ങൾ കൃത്യവും പൂർണവുമാണെങ്കിൽ ഫൈനൽ സബ്മിഷൻ നടത്താം.
ഘട്ടം 3 അപേക്ഷാ ഫീസ് ഒടുക്കൽ: നിർദിഷ്ട ഫീസ് ഓൺലൈനായി അടക്കണം.
ഘട്ടം 4 ഫോട്ടോ, ഒപ്പ്, രേഖകൾ അപ്ലോഡ് ചെയ്യൽ: അപേക്ഷാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, jpg/jpeg ഫോർമാറ്റിലുള്ളതാവണം. രേഖകൾ നിർദേശാനുസരണം അപ്ലോഡ് ചെയ്യണം.
ഘട്ടം 5 പ്രിന്റൗട്ട് എടുക്കൽ: എസ്.എസ്.എൽ.സി/തത്തുല്യ സർട്ടിഫിക്കറ്റും നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖകളും ജനനതീയതി തെളിയിക്കുന്ന രേഖയും നിർബന്ധമായും അപ്ലോഡ് ചെയ്ത് അപേക്ഷാ സമർപ്പണം പൂർത്തിയാക്കിയശേഷം അപേക്ഷ അക്നോളഡ്ജ്മെന്റ് പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
സാമുദായിക സംവരണവും ആവശ്യമായ സർട്ടിഫിക്കറ്റുകളും:
- സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന (എസ്.ഇ.ബി.സി) വിഭാഗക്കാർ നിശ്ചിത മാതൃകയിലുള്ള നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസറിൽനിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം. കേന്ദ്രസർക്കാർ ആവശ്യങ്ങൾക്കുള്ളതോ ജോലി ആവശ്യങ്ങൾക്കുള്ളതോ ആയ സർട്ടിഫിക്കറ്റ് സ്വീകാര്യമല്ല.
- എസ്.സി/എസ്.ടി വിഭാഗക്കാർ ജാതി സർട്ടിഫിക്കറ്റ് തഹസിൽദാരിൽനിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം.
- മറ്റർഹ സമുദായത്തിൽപെട്ട (ഒ.ഇ.സി) വിദ്യാർഥികൾ കേരള സർക്കാറിന്റെ പഠനാവശ്യങ്ങൾക്കായി നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫിസിൽനിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം.
- നോൺ ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടാത്ത ഒ.ബി.സി അപേക്ഷകർ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കുവേണ്ടി വില്ലേജ് ഓഫിസർ നൽകുന്ന സമുദായ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതുണ്ട്. എസ്.എസ്.എൽ.സി/വിദ്യാഭ്യാസ രേഖയിൽ ജാതി/സമുദായം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് നൽകിയാൽ മതി. വില്ലേജ് ഓഫിസർ നൽകുന്ന സമുദായ സർട്ടിഫിക്കറ്റ് പകരമായി പരിഗണിക്കും.
- പ്രോസ്പെക്ടസ് അനുബന്ധം Y(a)ൽ ഉൾപ്പെടുത്തിയിട്ടുള്ള സമുദായങ്ങളിലുള്ള വിദ്യാർഥികൾ വിദ്യാഭ്യാസാനുകൂല്യങ്ങൾ ലഭിക്കുന്നതിന് കമ്യൂണിറ്റി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും വില്ലേജ് ഓഫിസറിൽനിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം. എസ്.എസ്.എൽ.സി/വിദ്യാഭ്യാസ രേഖയിൽ ജാതി/സമുദായം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് പരിഗണിക്കും.
- ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ കോളജുകളിൽ ന്യൂനപക്ഷ വിദ്യാർഥികൾക്കായി സംവരണം ചെയ്ത മൈനോറിറ്റി ക്വോട്ട സീറ്റുകളിലേക്ക് പ്രവേശനമാഗ്രഹിക്കുന്ന വിദ്യാർഥികൾ (ക്രിസ്ത്യൻ/മുസ്ലിം) വില്ലേജ് ഓഫിസിൽനിന്നുള്ള കമ്യൂണിറ്റി/മൈനോറിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ്.എസ്.എൽ.സി/വിദ്യാഭ്യാസ രേഖയിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് അപ്ലോഡ് ചെയ്യണം.
- നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവർ കമ്യൂണിറ്റി/മൈനോറിറ്റി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതില്ല.
- ഭിന്നശേഷി സംവരണം: അർഹതയുള്ളവർ പ്രസ്തുത വിവരം അപേക്ഷയിൽ സൂചിപ്പിക്കേണ്ടതും പ്രവേശന പരീക്ഷ കമീഷണർ നടത്തുന്ന സംസ്ഥാനതല മെഡിക്കൽ ബോർഡിൽ ഹാജരാകേണ്ടതുമാണ്.
- മിശ്രവിവാഹിതരുടെ മക്കൾക്കുള്ള ആനുകൂല്യങ്ങൾക്കും എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർ ഒഴികെ ഫീസാനുകൂല്യം, സ്കോളർഷിപ് എന്നിവ ആവശ്യമുള്ളവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാർക്കുള്ള (ഇ.ഡബ്ല്യു.എസ്) ആനുകൂല്യത്തിനും ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങൾ പ്രോസ്പെക്ടസിലുണ്ട്. സർട്ടിഫിക്കറ്റുകളുടെ മാതൃകയും ഉണ്ട്.
- വെയിറ്റേജ്/സംവരണത്തിന് കോഴ്സ് സർട്ടിഫിക്കറ്റ്: ആയുർവേദ കോഴ്സിന് വെയിറ്റേജ് മാർക്ക് ലഭിക്കുന്നതിന് സംസ്കൃതം രണ്ടാം ഭാഷയായി പഠിക്കുന്ന അവസാനവർഷ പ്ലസ് ടു വിദ്യാർഥികൾ സ്ഥാപനമേധാവി നൽകുന്ന നിശ്ചിത ഫോറത്തിനുള്ള കോഴ്സ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. പ്ലസ് ടു കോഴ്സ് പൂർത്തിയാക്കിയവർ മാർക്ക് ലിസ്റ്റ് അപ്ലോഡ് ചെയ്താൽ മതി.
- വി.എച്ച്.എസ്.ഇ അഗ്രികൾച്ചർ, ലൈവ്സ്റ്റോക്ക് മാനേജ്മെന്റ്, ഡെയറി ഫാർമർ എന്റർപ്രണർ, പൗൾട്രി ഫാർമർ മുതലായ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥിക്കുള്ള സംവരണ സീറ്റുകളിലേക്ക് പരിഗണിക്കുന്നതിന് സ്ഥാപനമേധാവി നിശ്ചിത ഫോർമാറ്റിൽ നൽകുന്ന കോഴ്സ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതാണ്.
- ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിക്കാത്ത സർട്ടിഫിക്കറ്റുകൾ/രേഖകൾ നേരിട്ടോ തപാൽ/ഇമെയിൽ മുഖേനയോ സ്വീകരിക്കുന്നതല്ല.
അപേക്ഷാ ഫീസ്: എൻജിനീയറിങ്/ഫാർമസി- ജനറൽ 875 രൂപ, എസ്.സി 375 രൂപ, ആർക്കിടെക്ചർ/മെഡിക്കൽ/അനുബന്ധ കോഴ്സുകൾ 625 രൂപ, എസ്.സി 250 രൂപ. എല്ലാ കോഴ്സുകൾക്കും ജനറൽ 1125 രൂപ, എസ്.സി 500 രൂപ, പട്ടികവർഗക്കാർക്ക് ഫീസില്ല.
പ്രവേശന യോഗ്യതകൾ
- കേരളീയർക്കും കേരളീയേതര വിഭാഗങ്ങളിൽപെടുന്നവർക്കും അപേക്ഷിക്കാം. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകൾക്ക് ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി /ബയോ ടെക്നോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെയും ഇംഗ്ലീഷ് ഉൾപ്പെടെ ഈ വിഷയങ്ങൾ ഓരോന്നിനും മിനിമം പാസ് മാർക്കും നേടി വിജയിച്ചിരിക്കണം.
- ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ് കോഴ്സുകൾക്ക് പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ പാസാകണം. ഇംഗ്ലീഷ് ഉൾപ്പെടെ ഓരോ വിഷയവും പ്രത്യേകം പാസാകണം.
- ബി.എസ്.എം.എസ് കോഴ്സിന് 10/12 ക്ലാസിൽ തമിഴ് ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കിൽ പ്രവേശനം ലഭിച്ച് ആദ്യ വർഷത്തിനുള്ളിൽ തമിഴ് ലാംഗ്വേജ് കോഴ്സ് പഠിക്കണം.
- ബി.യു.എം.എസ് കോഴ്സിന് 10/12 ക്ലാസിൽ ഉറുദു/അറബിക്/പേർഷ്യൻ പഠിച്ച് വിജയിച്ചവരോ അല്ലെങ്കിൽ പ്രവേശനം നേടി കഴിഞ്ഞതിനുശേഷം ആവശ്യമായ വിഷയം പഠിക്കുകയോ വേണം.
- ബി.എസ്സി (ഓണേഴ്സ്) അഗ്രികൾച്ചർ, ഫോറസ്ട്രി, കോഓപറേഷൻ ആൻഡ് ബാങ്കിങ് ബി.എഫ്.എസ്സി, ബി.ടെക് ബയോടെക്നോളജി കോഴ്സുകൾക്ക് ഹയർ സെക്കൻഡറി/ പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്ക് നേടി വിജയിച്ചിരിക്കണം.
- ബി.എസ്സി (ഓണേഴ്സ്) ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ് പ്രവേശനത്തിന് ഹയർ സെക്കൻഡറി/പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്ക് നേടി വിജയിച്ചിരിക്കണം. കൂടാതെ ഹയർ സെക്കൻഡറിതലത്തിൽ ഗണിതം വിഷയമായി പഠിച്ചിരിക്കണം.
- ബി.വി.എസ്സി ആൻഡ് എ.എച്ച് കോഴ്സ് പ്രവേശനത്തിന് പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ നേടണം.
- എൻജിനീയറിങ്/ബി.ടെക് കോഴ്സുകൾക്ക് ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, മാത്തമാറ്റിക്സ് നിർബന്ധ വിഷയങ്ങളായും കെമിസ്ട്രി ഓപ്ഷണൽ വിഷയമായും പഠിച്ച് ഈ വിഷയങ്ങൾക്ക് മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം. കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവർ കമ്പ്യൂട്ടർ സയൻസ്/ബയോടെക്നോളജി/ബയോളി വിഷയങ്ങൾ പഠിച്ചിട്ടുള്ള പക്ഷം അപേക്ഷിക്കാം.
- ആർക്കിടെക്ചർ/ബി.ആർക് കോഴ്സിന് ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. ത്രിവത്സര ഡിപ്ലോമക്കാരെയും പരിഗണിക്കും. കണക്ക് നിർബന്ധിത വിഷയമായി മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.
- ഫാർമസി/ബി.ഫാം കോഴ്സ് പ്രവേശനത്തിന് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി വിഷയങ്ങൾ പഠിച്ച് പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.
- ഫൈനൽ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി/എസ്.ഇ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് യോഗ്യതാ പരീക്ഷയിൽ മാർക്കിളവുണ്ട്.
- അപേക്ഷകർക്ക് 31.12.2024 ൽ 17 വയസ്സ് തികഞ്ഞിരിക്കണം.
- എൻജിനീയറിങ്/ഫാർമസി ബിരുദ കോഴ്സുകൾക്കാണ് പ്രവേശന പരീക്ഷാ കമീഷണർ എൻട്രൻസ് പരീക്ഷ നടത്തുന്നത്. മെഡിക്കൽ/അനുബന്ധ കോഴ്സുകളിലേക്ക് നീറ്റ്- യു.ജി 2024ൽ യോഗ്യത നേടുന്നവരിൽനിന്ന് റാങ്ക് അടിസ്ഥാനത്തിൽ പ്രത്യേക മെറിറ്റ് ലിസ്റ്റ് തയാറാക്കി പ്രോസ്പെക്ടസിലെ വ്യവസ്ഥകൾ പാലിച്ച് പ്രവേശനം നൽകും. ബി.ആർക് പ്രവേശനം നാറ്റ -2024 സ്കോർ അടിസ്ഥാനത്തിലാണ്.
- ബി.എസ്സി ഫോറസ്ട്രി പ്രവേശനത്തിന് പുരുഷന്മാർക്ക് 163 സെന്റീമീറ്ററിൽ കുറയാതെ ഉയരവും 79-84 സെ.മീറ്റർ നെഞ്ചളവും ഉണ്ടാകണം. വനിതകൾക്ക് ഉയരം 150 സെ.മീറ്ററും 74-79 സെ.മീറ്റർ നെഞ്ചളവും മതി.
എൻ.ആർ.ഐ ക്വോട്ട പ്രവേശനം
അപേക്ഷകർ വിദേശത്ത് ജോലി ചെയ്യുന്ന അച്ഛൻ/അമ്മ/സഹോദരൻ/സഹോദരി/ഭർത്താവ്/ഭാര്യ/അച്ഛന്റെയോ അമ്മയുടെയോ സഹോദരി/ സഹോദരന്മാർ/അച്ഛന്റെ/അമ്മയുടെ മാതാപിതാക്കളുടെ സഹോദരി സഹോദരരുടെ മകൻ-മകൾ/ അർധ സഹോദരൻ-സഹോദരി/ ദത്തെടുത്ത അച്ഛൻ-അമ്മയുടെ ആശ്രിതരായിരിക്കണം.
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ /ഡെന്റൽ കോളജുകളിഇ എൻ.ആർ.ഐ ക്വോട്ട സീറ്റുകളിലേക്ക് പ്രവേശനമാഗ്രഹിക്കുന്നവർ പ്രോസ്പെക്ടസിൽ നിർദേശിച്ച രേഖകൾ ഓൺലൈനായി സമർപ്പിക്കണം.
എൻജിനീയറിങ് ഉൾപ്പെടെ സംസ്ഥാനത്തെ പ്രഫഷനൽ കോളജുകളും കോഴ്സുകളും സീറ്റുകളും അടങ്ങിയ പട്ടിക പ്രോസ്പെക്ടസിലുണ്ട്.
മെരിറ്റ്, മാനേജ്മെന്റ് സീറ്റുകൾ ലഭ്യമാണ്. പ്രവേശനം സംബന്ധിച്ച സമഗ്ര വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്.
കോഴ്സുകൾ
വിവിധ പ്രഫഷനൽ കോളജുകളിൽ 2024-25 വർഷത്തെ ഇനിപ്പറയുന്ന കോഴ്സുകളിലാണ് പ്രവേശനം.
മെഡിക്കൽ: എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ് (ഹോമിയോ), ബി.എ.എം.എസ് (ആയുർവേദം), ബി.എസ്.എം.എസ് (സിദ്ധ), ബി.യു.എം.എസ് (യൂനാനി). കോഴ്സ് കാലാവധി നാലരവർഷം ( ഒമ്പത് സെമസ്റ്ററുകൾ). കംപൽസറി റൊട്ടേറ്റിങ് ഇന്റേൺഷിപ് 12 മാസത്തെ പ്രോഗ്രാം.
മെഡിക്കൽ അനുബന്ധ കോഴ്സുകൾ: ബി.എസ്സി (ഓണേഴ്സ്) അഗ്രികൾച്ചർ, ഫോറസ്ട്രി, കോഓപറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്നോളജി (കേരള കാർഷിക സർവകലാശാല). കോഴ്സ് കാലാവധി നാലുവർഷം.
ബി.വി.എസ്.സി ആൻഡ് എ.എച്ച് (വെറ്ററിനറി- കാലാവധി നാലരവർഷം)
ബി.എഫ്.എസ്.സി (ഫിഷറീസ്) കാലാവധി -നാലുവർഷം
എൻജിനീയറിങ്: എം.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ബി.ടെക് കോഴ്സുകൾ, കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ബി.ടെക് അഗ്രികൾച്ചർ എൻജിനീയറിങ്, ഫുഡ് ടെക്നോളജി, കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് വാഴ്സിറ്റിയുടെ ബി.ടെക് ഫുഡ് ടെക്നോളജി. കോഴ്സ് കാലാവധി: നാലുവർഷം (8 സെമസ്റ്റർ).
ആർക്കിടെക്ചർ (ബി.ആർക്): കാലാവധി അഞ്ചുവർഷം (10 സെമസ്റ്ററുകൾ), ഇന്റേൺഷിപ് ആറുമാസം.
ഫാർമസി (ബി.ഫാം): കാലാവധി നാലുവർഷം (എട്ട് സെമസ്റ്ററുകൾ).
എൻജിനീയറിങ് ശാഖകൾ
ബി.ടെക് കോഴ്സിൽ 56 ശാഖകളിലാണ് പഠനാവസരം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, എ.ഐ, എയ്റോനോട്ടിക്കൽ ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ( ബ്ലോക് ചെയൻ), കമ്പ്യൂട്ടർ എൻജിനീയറിങ് ആൻഡ് ആപ്ലിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഡിസൈൻ, സിവിൽ, മെക്കാനിക്കൽ, ഇ.സി, ഇലക്ട്രിക്കൽ ആഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇൻഡസ്ട്രിയൽ എൻജിനീയറിങ്, അഗ്രികൾച്ചറൽ എൻജിനീയറിങ്, ബയോ ടെക്നോളജി, ബയോമെഡിക്കൽ കെമിക്കൽ സൈബർ സെക്യൂരിറ്റി, ഡെയറി ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ഇന്റർനെറ്റ് ഓഫ് തിങ്സ്), ഐ.ടി, മെക്കാട്രോണിക്സ്, മെറ്റലർജി, പോളിമർ പ്രിന്റിങ് ടെക്നോളജി, റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ് അടക്കമുള്ള ശാഖകൾ പഠനത്തിനായി തെരഞ്ഞെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.