കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കോളജ്, സർവകലാശാല വിദ്യാർഥികൾക്കായി 2023-24 വർഷം ഏർപ്പെടുത്തിയിട്ടുള്ള സെൻട്രൽ സെക്ടർ സ്കീം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 82,000 സ്കോളർഷിപ്പുകളാണുള്ളത്. പ്രഫഷനൽ കോഴ്സുകൾ ഉൾപ്പെടെ ബിരുദ, ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന റെഗുലർ വിദ്യാർഥികൾക്കാണ് അവസരം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികളെ സഹായിക്കുകയാണ് ലക്ഷ്യം. ജനസംഖ്യാടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കായി സ്കോളർഷിപ് വിഭജിച്ച് നൽകും. 50 ശതമാനം സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കുള്ളതാണ്.
യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ 80 ശതമാനം കുറയാതെ വിജയിച്ചവർക്ക് അപേക്ഷിക്കാം. അംഗീകൃത സ്ഥാപനങ്ങളിലെ റെഗുലർ വിദ്യാർഥികളാവണം. വാർഷിക കുടുംബവരുമാനം നാലരലക്ഷം രൂപയിൽ കവിയരുത്.സെൻട്രൽ സെക്ടർ സ്കീം സ്കോളർഷിപ്പിന്റെ വിശദവിവരങ്ങൾ http://scholarships.gov.inൽ ലഭിക്കും. പുതിയ അപേക്ഷ ഓൺലൈനായി ഡിസംബർ 31നകം സമർപ്പിക്കണം.
മുൻവർഷങ്ങളിലെ സ്കോളർഷിപ് പുതുക്കാനും അപേക്ഷിക്കാം. പഠിക്കുന്ന സ്ഥാപനത്തിലെ നോഡൽ ഓഫിസർ അപേക്ഷകൾ യഥാസമയം പരിശോധന നടത്തിയിരിക്കണം.സ്കോളർഷിപ് തുക: ബിരുദ വിദ്യാർഥികൾക്ക് 12000 രൂപയും ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് 20000 രൂപയുമാണ് വാർഷിക സ്കോളർഷിപ്പായി ലഭിക്കുക.
പഞ്ചവത്സര ഇന്റഗ്രേറ്റഡ് കോഴ്സുകളിൽ നാല്, അഞ്ച് വർഷങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 20,000 രൂപ വീതം ലഭിക്കും. ബി.ഇ/ബി.ടെക് വിദ്യാർഥികൾക്ക് മൂന്നുവർഷം വരെ 12000 രൂപ വീതവും നാലാം വർഷം 20,000 രൂപയും സ്കോളർഷിപ്പായി ലഭിക്കും. വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി തുക നേരിട്ട് നൽകും.കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.