സാറും മാഡവും വേണ്ട; അധ്യാപകരെ ടീച്ചർ എന്ന് അഭിസംബോധന ചെയ്യണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ ‘ടീച്ചർ’എന്ന്​ അഭിസംബോധന ചെയ്യണമെന്ന് ബാലാവകാശ കമീഷൻ ശിപാർശ. അധ്യാപകരെ ആദരസൂചകമായി അഭിസംബോധന ചെയ്യാൻ അനുയോജ്യമായ പദം ‘ടീച്ചറാ’ണ്. ഈ നിർദേശം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും നൽകാനാവശ്യമായ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കമീഷൻ ഉത്തരവ്​ നൽകി. ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ, അംഗം സി. വിജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നവസമൂഹനിർമിതിക്ക് നേതൃത്വം നൽകുന്നവരും നന്മയുള്ള ലോകത്തെ സൃഷ്ടിക്കുന്നവരുമാണ് ടീച്ചർമാർ. അതിനാൽ സർ, മാഡം തുടങ്ങിയ ഒരു പദവും ‘ടീച്ചർ’പദത്തിനോ അതിന്റെ സങ്കൽപത്തിനോ തുല്യമാകുന്നില്ല. ‘ടീച്ചർ’ എന്ന പദം ഉപയോഗിക്കുന്നതിലൂടെ തുല്യത നിലനിർത്താനും കുട്ടികളോടുള്ള അടുപ്പം കൂട്ടാനും സ്‌നേഹാർദ്രമായ സുരക്ഷിതത്വം കുട്ടികൾക്ക് അനുഭവിക്കാനും കഴിയും.

കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും സ്‌നേഹപൂർണമായ ഇടപെടലിലൂടെ ഉയരങ്ങൾ കീഴടക്കുന്നതിന്​ പ്രചോദനം നൽകാനും എല്ലാ ടീച്ചർമാരും സേവനസന്നദ്ധരാകണം. ബാലാവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള ആക്റ്റിലെ 15ാം വകുപ്പ് പ്രകാരമാണ് കമീഷൻ ശിപാർശ പുറപ്പെടുവിച്ചത്. ശിപാർശയിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് രണ്ടുമാസത്തിനകം ലഭ്യമാക്കണമെന്നും കമീഷൻ നിർദേശിച്ചു.

Tags:    
News Summary - Child Rights Commission order on teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.