പട്ന: അഞ്ചു രാജ്യങ്ങളിലെ ആളുകളെ എന്തുവിളിക്കുമെന്നാണ് കിഷാൻഗഞ്ച് ജില്ലയിലെ ഏഴാം ക്ലാസ് പരീക്ഷ പേപ്പറിലെ ഒരു ചോദ്യം. നേപ്പാൾ, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവക്കൊപ്പം കശ്മീരിന്റെ പേരുകൂടി രാജ്യമായി ചേർത്താണ് ബിഹാർ വിദ്യാഭ്യാസ ബോർഡ് ഞെട്ടിച്ചിരിക്കുന്നത്.
താഴെ പറയുന്ന രാജ്യങ്ങളുടെ ആളുകളെ എന്തുപേരാണ് വിളിക്കുക എന്ന ചോദ്യത്തിനു താഴെയാണ് മറ്റ് രാജ്യങ്ങളുടെ കൂട്ടത്തിൽ കശ്മീരിന്റെ പേര് നൽകിയത്. ദ പീപ്ൾ ഓഫ് കശ്മീർ ആർ കോൾഡ്? എന്നായിരുന്നു ചോദ്യം.
ബിഹാർ എജ്യൂക്കേഷൻ പ്രൊജക്ട് കൗൺസിൽ ആണ് പരീക്ഷ നടത്തിയത്. സംഭവം വിവാദമായതോടെ കൗൺസിലിനെതിരെ വലിയ വിമർശനമുയർന്നിരിക്കയാണ്.
ചോദ്യം തയാറാക്കുന്നതിലുണ്ടായ പിഴവാണിതെന്ന് ബിഹാർ വിദ്യാഭ്യാസ ബോർഡ് പ്രതികരിച്ചു. ബിഹാറിൽ തന്നെ 2017ൽ നടത്തിയ ഏഴാം ക്ലാസ് പരീക്ഷയുടെ ചോദ്യ പേപ്പറിലും സമാന ചോദ്യം കടന്നുകൂടിയിരുന്നു.
സംഭവം വിവാദമായതോടെ ട്വിറ്ററിൽ നിരവധി പേരാണ് ബിഹാർ സർക്കാരിനെതിരെ പരിഹാസവുമായി എത്തിയത്. സ്കൂളിലെ പ്രധാന അധ്യാപിക\അധ്യാപകനെ പുറത്താക്കണം. അതുമാത്രം മതി എന്നായിരുന്നു ഒരാൾ പ്രതികരിച്ചത്. അതേസമയം, ഇത് ബോധപൂർവമുണ്ടാക്കിയ ചോദ്യമാണെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. എന്തുകൊണ്ട് മുംബൈ,ഡൽഹി സംസ്ഥാനങ്ങളെ കുറിച്ച് ചോദിച്ചില്ല, കശ്മീരിനെ കുറിച്ച് ചോദിച്ചിരിക്കുന്നു. ആരാണ് ചോദ്യ പേപ്പർ തയാറാക്കിയതെന്ന് പരിശോധിക്കണം-എന്നായിരുന്നു കമന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.