ഇന്ത്യയിലെ 22 ദേശീയ നിയമ സർവകലാശാലകളുടെ അടുത്തവർഷത്തെ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്-2024) ഈ വർഷം ഡിസംബർ മൂന്ന് ഞായറാഴ്ച ഉച്ചക്ക് രണ്ടു മുതൽ നാലുമണി വരെ നടത്തും. കൺസോർട്യം ഓഫ് നാഷനൽ ലോ യൂനിവേഴ്സിറ്റീസിന്റെ ആഭിമുഖ്യത്തിലാണ് പരീക്ഷ.
ക്ലാറ്റ്-2024ൽ പങ്കെടുക്കാൻ ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി. അപേക്ഷ ഫീസ് 4000 രൂപ. എസ്.സി/എസ്.ടി/ബി.പി.എൽ വിഭാഗങ്ങളിൽപെടുന്നവർക്ക് 3500 രൂപ മതി. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.consortiumofnlus.ac.inൽ ലഭ്യമാണ്. നിർദേശാനുസരണം ഓൺലൈനായി നവംബർ മൂന്നുവരെ അപേക്ഷിക്കാം.
യോഗ്യത: പഞ്ചവത്സര ഇന്റഗ്രേറ്റഡ് നിയമബിരുദ കോഴ്സുകൾക്ക് (BA LLB/ BSc LLB/ BBA LLB/ Bcom LLB/BSW LLB ഓണേഴ്സ്) പ്ലസ്ടു/ ഹയർ സെക്കൻഡറി/ തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. പട്ടികജാതി/വർഗ വിഭാഗങ്ങളിൽപെടുന്നവർക്ക് 40 ശതമാനം മാർക്ക് മതി. 2024 മാർച്ച്/ ഏപ്രിലിൽ ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
ഏകവർഷ എൽ.എൽ.എം കോഴ്സിന് 50 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത നിയമബിരുദമാണ് യോഗ്യത. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 45 ശതമാനം മാർക്ക് മതി. 2024 ഏപ്രിൽ /മേയിൽ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
പരീക്ഷ: നിയമബിരുദ കോഴ്സുകളിലേക്കുള്ള ‘ക്ലാറ്റ്-2024 യു.ജി’പരീക്ഷയിൽ ഇക്കുറി 120 ചോദ്യങ്ങളാണുണ്ടാവുക. ഇംഗ്ലീഷ് ലാംഗ്വേജ്, കറന്റ് അഫയേഴ്സ് (പൊതുവിജ്ഞാനം ഉൾപ്പെടെ) ലീഗൽ റീസണിങ്, ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റിവ് ടെക്നിക്സ് എന്നിവയിൽ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കും.
ക്ലാറ്റ്-2024 പരീക്ഷ ഘടനയും സിലബസും ദേശീയ നിയമ സർവകലാശാലകളും കോഴ്സുകളും പ്രവേശന യോഗ്യതയും നടപടികളും അടക്കം സമഗ്രവിവരങ്ങൾ www.consortiumofnlus.ac.inൽ ലഭിക്കും.നിയമ സർവകലാശാലകൾ: ക്ലാറ്റ്-2024 (യു.ജി/പി.ജി) റാങ്ക് അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന 22 ദേശീയ നിയമ സർവകലാശാലകളാണുള്ളത്. ദി നാഷനൽ യൂനിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (ന്യുവാൽസ്) കൊച്ചിയാണ് കേരളത്തിലെ ഏക സ്ഥാപനം. ഇവിടെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് BA LLB ഓണേഴ്സ്, ഏകവർഷ LLM കോഴ്സുകളിലാണ് അഡ്മിഷൻ. BA LLB ഓണേഴ്സ് കോഴ്സിൽ 120 സീറ്റുകളുണ്ട്. LLMന് 60 സീറ്റുകൾ. മറ്റു ദേശീയ നിയമസർവകലാശാലകൾ ബംഗളൂരു, ഹൈദരാബാദ്, ഭോപാൽ, കൊൽക്കത്ത, ജോധ്പുർ, റായ്പുർ, ഗാന്ധിനഗർ, ലഖ്നോ, പഞ്ചാബ്, പട്ന, ഒഡിഷ, റാഞ്ചി, അസം, വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുർ, ഔറംഗാബാദ്, ഷിംല, ജബൽപുർ, ഹരിയാന, അഗർത്തല എന്നിവിടങ്ങളിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.